ADVERTISEMENT

വെടിയേറ്റാല്‍ പോലും പോറലേല്‍ക്കാത്ത സ്‌ക്രീനുകളായിരിക്കും വൈകാതെ സ്മാര്‍ട് ഫോണുകള്‍ക്കുണ്ടാവുക. അമേരിക്കന്‍ നാവിക സേനയിലെ ശാസ്ത്രജ്ഞരാണ് അതിശക്തവും ഭാരംകുറഞ്ഞതുമായ ബുള്ളറ്റ്പ്രൂഫ് ചില്ലുകളുടെ നിര്‍മ്മാണത്തിന് പിന്നില്‍. മഗ്നീഷ്യം, അലൂമിനിയം സംയുക്തമായ സ്‌പൈനല്‍ ഉപയോഗിച്ചാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.

 

വാഹനങ്ങളിലും വിമാനങ്ങളുടെ കോക്പിറ്റിലും ബഹിരാകാശ പേടകങ്ങളിലും കൃത്രിമോപഗ്രഹങ്ങളിലുമെല്ലാം ഈ അതിശക്തമായ ചില്ല് ഉപയോഗിക്കാമെന്നാണ് നിര്‍മ്മാതാക്കളുടെ അവകാശവാദം. പ്രതിരോധമേഖലയില്‍ ലേസറുകളിലും ഇന്‍ഫ്രാറെഡ് ക്യാമറകള്‍ അടക്കമുള്ള ഉപകരണങ്ങളിലുമെല്ലാം ഈ സുതാര്യവസ്തുവിനെ ഉപയോഗിക്കാനാകും. 

 

പത്ത് വര്‍ഷത്തോളം നീണ്ട ഗവേഷണങ്ങള്‍ക്കൊടുവിലാണ് ഈ അതിശക്ത ചില്ല് കണ്ടെത്തിയിരിക്കുന്നത്. ഏറ്റവും ശുദ്ധമായ സ്‌പൈനല്‍ ക്രിസ്റ്റല്‍ നിര്‍മ്മിക്കുന്നതിനുള്ള ശ്രമങ്ങളാണ് ഇവയുടെ കണ്ടെത്തലില്‍ എത്തിച്ചത്. നിലവില്‍ ഉപയോഗിക്കുന്ന ബുള്ളറ്റ് പ്രൂഫ് ഗ്ലാസുകളേക്കാള്‍ ഉയര്‍ന്ന നിലവാരത്തിലുള്ളവയാണ് സ്‌പൈനല്‍ കൊണ്ടുണ്ടാക്കുന്നവയെന്നാണ് ഗവേഷണത്തിന് നേതൃത്വം നല്‍കിയ വാഷിംങ്ടണിലെ യുഎസ് നേവല്‍ റിസര്‍ച്ച് ലബോറട്ടറിയിലെ ഡോ. ജാസ് സാങ്‌ഗേര പറയുന്നത്. 

 

അന്യഗ്രഹങ്ങളില്‍ ഇറങ്ങുന്നത് ഉള്‍പ്പടെയുള്ള വെല്ലുവിളികള്‍ നിറഞ്ഞ ദൗത്യങ്ങളില്‍ ഏര്‍പെടുന്ന ബഹിരാകാശ യാനങ്ങളില്‍ ഈ പുത്തന്‍ ചില്ല് ഉപയോഗിക്കാനാകും. വീഴ്ച്ചകളേയും പൊടിയേയുമൊക്കെ ഇവക്ക് അതിജീവിക്കാനാകും. സാധാരണ ബുള്ളറ്റ്പ്രൂഫ് ഗ്ലാസുകളില്‍ പൊട്ടലുകളുണ്ടായാല്‍ അത് കൂടുതല്‍ ആഴത്തിലേക്ക് സഞ്ചരിക്കും. പാളികളായുള്ള ഇത്തരം ഗ്ലാസുകളുടെ സുതാര്യതയെ പൊട്ടലുകള്‍ ബാധിക്കുകയും ചെയ്യും. എന്നാല്‍ സ്‌പൈനല്‍ കൊണ്ട് നിര്‍മ്മിക്കുന്ന സുതാര്യ വസ്തുക്കളില്‍ അങ്ങനെയൊരു പ്രശ്‌നമുണ്ടാകില്ലെന്നതും ഗുണമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com