sections
MORE

വരാനിരിക്കുന്നത് കൊറോണയേക്കാൾ ഭീകരൻ, ശത്രുക്കൾക്ക് ജൈവായുധങ്ങള്‍ നിര്‍മിക്കുക സിംപിൾ!

bio-weapon
SHARE

ലോകത്തെ ഒന്നടങ്കം ഭീതിയിലാഴ്ത്തിയ കൊറോണവൈറസ് എവിടെ നിന്നാണ് വന്നതെന്ന് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ചൈനയിലെ വുഹാനിലാണ് കോവിഡ്–19 ബാധിച്ച രോഗികളെ കണ്ടെത്തിയത്. എന്നാൽ ഈ വൈറസ് ചൈനയിൽ എങ്ങനെ എത്തി എന്നത് സംബന്ധിച്ച് ഇപ്പോഴും ചർച്ചകൾ നടക്കുകയാണ്. പ്രകൃതിയിൽ നിന്ന് വന്നതാണെന്ന് ഒരുവിഭാഗം പറയുമ്പോൾ ചില രാജ്യങ്ങളിലെ ലാബുകളിൽ നിന്ന് അബദ്ധത്തിൽ പുറത്തായ ജൈവായുധമാണ് കൊറോണ വൈറസെന്ന് വാദിക്കുന്നവരും ഉണ്ട്.

അനധികൃത ജൈവായുധമായി ചൈനീസ് കൊറോണ വൈറസിനെ സൃഷ്ടിച്ചതെന്നും രോഗം പൊട്ടിപ്പുറപ്പെട്ട വുഹാനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയാണു വൈറസിനെ പുറത്തുവിട്ടതെന്നും അമേരിക്ക ആരോപിക്കുന്നുണ്ട്. ശത്രുക്കളായി കാണുന്നവർക്കെതിരെ ഉപയോഗിക്കാനായി അവർ തയാറാക്കിയ വൈറസ് മുന്നൊരുക്കമില്ലാതെ, അപ്രതീക്ഷിത സമയത്താണു പുറത്തുവിട്ടത്. യുഎസിലെ ജനങ്ങളാണു പ്രധാനലക്ഷ്യമെങ്കിലും അതിൽമാത്രം ഒതുങ്ങതായിരുന്നില്ല ആക്രമണമെന്നും അവർ ആരോപിക്കുന്നുണ്ട്. എന്നാൽ കൊറോണയേക്കാൾ വലിയ ജൈവായുധങ്ങൾ വിവിധ രാജ്യങ്ങളുടെ ലാബുകളിൽ ഉണ്ടെന്നത് പരസ്യമായ രഹസ്യമാണ്.

ഭീകരര്‍ക്കും ചില രാജ്യങ്ങള്‍ക്കും ജൈവായുധങ്ങള്‍ നിര്‍മിക്കുക വളരെയെളുപ്പമാണെന്ന് നേരത്തെ തന്നെ നിരവധി മുന്നറിയിപ്പ് റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. നിലവില്‍ ജൈവായുധങ്ങളുമായി ബന്ധിപ്പിക്കാനാകുന്ന അപകടകരമായ പരീക്ഷണങ്ങള്‍ യാതൊരു മുന്‍കരുതലുകളോ നിയന്ത്രണങ്ങളോ ഇല്ലാതെ നടക്കുന്നുവെന്നതാണ് അപകടത്തിന് കാരണം. യുഎസ് നാഷണല്‍ അക്കാഡമീസ് ഓഫ് സയന്‍സസ്, എൻജിനീയറിങ് ആന്റ് മെഡിസിൻ ഇത്തരം മുന്നറിയിപ്പ് നേരത്തെ നൽകിയിരുന്നു.

ജൈവായുധങ്ങളായി ഉപയോഗിക്കാന്‍ കഴിയുന്ന വൈറസുകളേയും ബാക്ടീരിയകളേയും കുറിച്ചുള്ള പഠനങ്ങള്‍ക്ക് വേണ്ടത്ര സുരക്ഷാ മുന്നൊരുക്കങ്ങളില്ല. ആവശ്യക്കാരായ സംഘങ്ങള്‍ക്കോ രാജ്യങ്ങള്‍ക്കോ വലിയ ബുദ്ധിമുട്ടില്ലാതെ ജൈവായുധങ്ങള്‍ സ്വന്തമാക്കാനാകും. ഇന്റര്‍നെറ്റില്‍ നിന്നു പോലും ഇതിനാവശ്യമായ വിവരങ്ങള്‍ ലഭിക്കുമെന്നത് അത്യന്തം അപകടകരമായ സ്ഥിതിവിശേഷമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈ മേഖലയിലെ ഗവേഷകര്‍ക്ക് ഇതിന്റെ അപകടാവസ്ഥയെക്കുറിച്ച് വലിയ പിടിപാടില്ലാത്തതും കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുന്നുണ്ടെന്ന് നാഷണല്‍ അക്കാദമിയിലെ വിദഗ്ധർ ആരോപിക്കുന്നു.

ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമായി കണക്കാക്കുന്നത് 2001ല്‍ പടര്‍ന്നു പിടിച്ച ആന്ത്രാക്‌സ് ബാധയാണ്. 22 പേരെ ബാധിച്ച ആന്ത്രാക്‌സ് മൂലം അഞ്ച് പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തിരുന്നു. ആന്ത്രാക്‌സിനെക്കുറിച്ച് പഠിച്ചിരുന്ന ഒരു ഗവേഷകന്‍ ആന്ത്രാക്‌സിന്റെ അണുക്കള്‍ കത്തുവഴി അയച്ചതാണ് ഇതിന് കാരണമായത്.

അപകടകരമായ ജൈവ പരീക്ഷണങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പഠനഫലമെന്ന നിലയില്‍ പരസ്യമാക്കുന്നതിനെതിരെയും വിമര്‍ശനം ഉയരുന്നുണ്ട്. ഗവേഷണഫലമെന്ന നിലയില്‍ ലഭിക്കുന്ന വിവരങ്ങളുപയോഗിച്ച് ജൈവായുധങ്ങള്‍ നിര്‍മിക്കാമെന്നാണ് ആശങ്കയ്ക്ക് പിന്നില്‍. അമേരിക്കയില്‍ നിലവില്‍ 15 അപകടകരമായ രോഗാണുക്കളെക്കുറിച്ചും ജൈവവിഷങ്ങളെക്കുറിച്ചുമുള്ള പഠനങ്ങള്‍ക്ക് കര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അതേസമയം, അമേരിക്കയില്‍ മാത്രമുള്ള ഈ നിയന്ത്രണം കൊണ്ട് കാര്യമായ പ്രയോജനമില്ലെന്നും ആശങ്കയുണ്ട്. CRISPR പോലുള്ള അത്യാധുനിക ജനിതക സാങ്കേതികവിദ്യകള്‍ ഭീഷണി വര്‍ധിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. ജനിതക എൻജിനീയറിങ്ങില്‍ പ്രാഥമിക ധാരണയുള്ളവരെ പോലും ഉപയോഗിച്ച് ഭീകരര്‍ക്ക് ജൈവായുധങ്ങള്‍ നിര്‍മിക്കാനുള്ള സാധ്യതയാണ് ഇത് തുറന്നിടുന്നത്.

കാനഡയിലെ അല്‍ബേര്‍ട്ട സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ വെളിപ്പെടുത്തലും നിര്‍ണ്ണായകമാണ്. ഇന്റര്‍നെറ്റില്‍ നിന്നും ലഭിച്ച ഗവേഷണ വിവരങ്ങളുടെ മാത്രം സഹായത്തില്‍ അപകടകാരിയായ സ്‌മോള്‍പോക്‌സ് വൈറസിനെ ഇവര്‍ നിര്‍മിച്ചെടുത്തു. രോഗ നിര്‍മാര്‍ജനത്തെ തുടര്‍ന്ന് 1970ല്‍ സ്‌മോള്‍പോക്‌സിനുള്ള വാക്‌സിനേഷന്‍ വരെ നമ്മള്‍ അവസാനിപ്പിച്ചതാണ്. അതായത് ഇനിയൊരു സ്‌മോള്‍പോക്‌സ് ബാധയുണ്ടായാല്‍ അതിനെ പ്രതിരോധിക്കാന്‍ നാല്‍പ്പത് വയസില്‍ താഴെയുള്ളവര്‍ക്കാകില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DEFENCE
SHOW MORE
FROM ONMANORAMA