ADVERTISEMENT

ഇന്ത്യ ഫ്രാൻസിൽ നിന്നു വാങ്ങുന്ന റഫാൽ യുദ്ധവിമാനങ്ങൾ ജൂലൈ അവസാനത്തോടെ തന്നെ ഇന്ത്യയിലെത്തും. സെപ്റ്റംബറിൽ കൈമാറ്റം നടന്ന പോർവിമാനങ്ങൾ വൈകാതെ തന്നെ സേനയുടെ ഭാഗമാകും. വിമാനത്തിന്റെ ഡെലിവറി നേരത്തെ നടന്നിരുന്നുവെങ്കിലും ഇന്ത്യയിലെയും ഫ്രാൻസിലെയും കോവിഡ്-19 സ്ഥിതി കണക്കിലെടുത്ത് ഇത് രണ്ട് മാസത്തേക്ക് കൂടി മാറ്റുകയായിരുന്നു.

17 ഗോൾഡൻ ആരോസ് സ്ക്വാഡ്രണിലെ കമാൻഡിങ് ഓഫിസറും ഫ്രഞ്ച് പൈലറ്റും ചേർന്ന് പറത്താനാണ് പദ്ധതി. ഫ്രാൻസിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രയിൽ മിഡിൽ ഈസ്റ്റിൽ ഒരു സ്റ്റോപ്പുണ്ടാകും. യാത്രക്കിടെ ഫ്രഞ്ച് വ്യോമസേന ടാങ്കർ വിമാനം ഉപയോഗിച്ച് വായുവിൽ വച്ചു തന്നെ ഇന്ധനം നിറയ്ക്കും.

മിഡിൽ ഈസ്റ്റ് മുതൽ ഇന്ത്യ വരെയുള്ള യാത്രയ്ക്കിടെ ആകാശത്ത് വച്ച് ഇന്ധനം നിറയ്ക്കുക ഇന്ത്യയുടെ ഐഎൽ -78 ടാങ്കർ ഉപയോഗിച്ചായിരിക്കുമെന്ന് സേനാ വൃത്തങ്ങൾ അറിയിച്ചു. റഫാൽ വിമാനങ്ങൾക്ക് ഫ്രാൻസിൽ നിന്ന് നേരിട്ട് ഇന്ത്യയിലേക്ക് വരാമെങ്കിലും 10 മണിക്കൂർ സമയം വിമാനത്തിലെ ചെറിയ കോക്ക്പിറ്റിനുള്ളിൽ ഇരിക്കുക ബുദ്ധിമുട്ടായേക്കാമെന്ന് വൃത്തങ്ങൾ അറിയിച്ചത്.

ഏഴ് ഇന്ത്യൻ പൈലറ്റുമാരുടെ ആദ്യ ബാച്ചും ഫ്രഞ്ച് എയർബേസിൽ പരിശീലനം പൂർത്തിയാക്കി. ഇരു രാജ്യങ്ങളിലും ലോക്ഡൗൺ നടപടികൾ ഇളവ് ചെയ്തിനു ശേഷമാണ് രണ്ടാം ബാച്ച് ഫ്രാൻസിലേക്ക് പോകുക. കഴിഞ്ഞയാഴ്ച ഡൽഹിയിൽ ചരക്ക് വിമാനം വന്നിറങ്ങിയപ്പോൾ ഫ്രാൻസിൽ നിന്ന് ഇന്ത്യക്ക് ആദ്യമായി പ്രതിരോധ ഉപകരണങ്ങളുടെ കാർഗോ ലഭിച്ചു. സമീപഭാവിയിൽ കൂടുതൽ ഉപകരണങ്ങൾ എത്തുമെന്നാണ് അറിയുന്നത്.

വ്യോമസേനയുടെ അടിയന്തിര ആവശ്യങ്ങൾ നിറവേറ്റുന്നതിനായി 36 റാഫേലുകൾക്കായി 2016 സെപ്റ്റംബറിൽ ഇന്ത്യ ഫ്രാൻസുമായി 60,000 കോടി രൂപയുടെ കരാർ ഒപ്പിട്ടിരുന്നു. ദീർഘദൂര മെറ്റോർ എയർ ടു എയർ മിസൈലുകൾ, എസ്‌സി‌എ‌എൽ‌പി എന്നിവ ഉപയോഗിച്ച് സായുധരായ റഫാൽ വ്യോമാക്രമണത്തിലൂടെ ഇന്ത്യ പാക്കിസ്ഥാനെയും ചൈനയെയും മറികടക്കും.

റഫാൽ യുദ്ധവിമാനങ്ങളുടെ ആദ്യ സ്ക്വാഡ്രൺ ഹരിയാനയിലെ അംബാല വ്യോമത്താവളം ആസ്ഥാനമാകുമെന്നാണ് അറിയുന്നത്. മിസൈലുകളും ആണവ പോർമുനകളും വഹിക്കാനാകുന്ന മധ്യദൂര ബഹുദൗത്യ പോർവിമാനമായ റഫാലിന്റെ ആദ്യബാച്ചിനെ പാക്കിസ്ഥാൻ അതിർത്തിയോടു ചേർന്ന തന്ത്രപ്രധാന വ്യോമതാവളത്തിലാണു വിന്യസിക്കുന്നത്. 150 കിലോമീറ്ററിലേറെ സഞ്ചാര ശേഷിയുള്ള ആകാശ മിസൈലുകൾ വഹിക്കാനാകുന്ന റഫാൽ അംബാല താവളമാക്കുന്നതു നിർണായകമാണ്. റഫാലിനെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ അംബാലയിൽ നേരത്തെ തന്നെ ആരംഭിച്ചിട്ടുണ്ട്.

36 യുദ്ധവിമാനങ്ങളിൽ 18 എണ്ണമാണ് അംബാലയിലെ ‘ഗോൾഡൻ ആരോസ്’ എന്നു പേരിടുന്ന ആദ്യ സ്ക്വാഡ്രണിലുണ്ടാകുക. ബാക്കി 18 എണ്ണത്തിന്റെ സ്ക്വാഡ്രൺ ബംഗാളിലെ ഹാസിമാറ വ്യോമതാവളത്തിലാണു പ്രവർത്തിക്കുക. ഇവിടെയും അടിസ്ഥാന സൗകര്യങ്ങളൊരുക്കാനുള്ള പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.

അംബാലയിൽ 14 ഷെൽട്ടറുകൾ, ഹാങ്ങറുകൾ, അറ്റകുറ്റപ്പണിക്കുള്ള സംവിധാനം എന്നിവ ഒരുക്കുന്നതിനായി 220 കോടി രൂപ സർക്കാർ അനുവദിച്ചിരുന്നു. അടുത്ത 40–50 വർഷത്തെ ആവശ്യങ്ങൾ മുന്നിൽ കണ്ടാണു സൗകര്യങ്ങളൊരുക്കുക. റഫാലിന്റെ നിർമാതാക്കളായ ഡസാൾട്ട് ഏവിയേഷനിൽ നിന്നുള്ള വിവിധ സംഘങ്ങൾ അംബാല സന്ദർശിച്ചു നിർദേശം നൽകിയിരുന്നു. നിലവിൽ ജഗ്വാറിന്റെ രണ്ടു സ്ക്വാഡ്രൺ, മിഗ് –21 ബിസിന്റെ ഒരു സ്ക്വാഡ്രൺ എന്നിവ അംബാലയിലുണ്ട്. ഇതിനു പുറമേയാണു റഫാലിന്റെ ആദ്യ സ്ക്വാഡ്രണും അംബാലയുടെ കരുത്താകുക.

English Summary: Four Rafales to arrive in India by July-end, India to gain edge over Pak, China in air

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com