sections
MORE

ചൈനയെ പ്രതിരോധിക്കാൻ റഷ്യൻ എസ്–400, വേഗം ഇന്ത്യയിലെത്തിക്കാൻ നീക്കം തുടങ്ങി

WW2-ANNIVERSARY-RUSSIA-PARADE
SHARE

ചൈനയ്ക്കെതിരെ സംഘര്‍ഷം തുടരുന്ന സാഹചര്യത്തിൽ വ്യോമപ്രതിരോധം ശക്തമാക്കാൻ റഷ്യയിൽ നിന്നു വാങ്ങുന്ന എസ്–400 അതിവേഗം ഇന്ത്യയില്‍ എത്തിക്കാൻ നീക്കം തുടങ്ങി. പ്രതിരോധ മന്ത്രി രാജ്നാഥ് സിങിന്റെ മൂന്നു ദിവസത്തെ റഷ്യൻ സന്ദർശനത്തിൽ ഇക്കാര്യം ആവശ്യപ്പെട്ടേക്കുമെന്നാണ് അറിയുന്നത്. 2021 ഡിസംബറോടു കൂടി ആദ്യ യൂണിറ്റ് നൽകാനാകുമെന്നാണ് റഷ്യ കരുതുന്നത്. എന്നാൽ, ഇതിനേക്കാൾ മുൻപെ വേണമെന്ന നിലപാടാണ് ഇന്ത്യയ്ക്ക്. അതേസമയം, ഇന്ത്യ വാങ്ങുന്ന എസ്–400 സംവിധാനം നേരത്തെ തന്നെ ചൈന വാങ്ങി വിന്യസിച്ചിട്ടുണ്ട്.

ഇന്ത്യയുടെ പ്രതിരോധ ശക്തിയിൽ ഭൂരിഭാഗവും റഷ്യൻ ടെക്നോളജിയാണ്. മിസൈൽ, പോർവിമാനങ്ങൾ, മിസൈൽ പ്രതിരോധ സംവിധാനങ്ങൾ, കോപ്റ്ററുകൾ എല്ലാം റഷ്യൻ നിർമിത ടെക്നോളജികളിലാണ് പ്രവർത്തിക്കുന്നത്. റഷ്യയിൽ നിന്നു ഇന്ത്യ വാങ്ങുന്ന എസ്-400 ട്രയംഫ് (മിസൈല്‍ പ്രതിരോധ കവചം) ലോക പ്രതിരോധ മേഖലയിലെ പ്രധാന ആയുധമാണ്. അമേരിക്കയ്ക്ക് പോലും പരീക്ഷിക്കാൻ കഴിയാത്ത ടെക്നോളജിയാണ് എസ്-400 ട്രയംഫിൽ റഷ്യ ഉപയോഗിച്ചിരിക്കുന്നത്.

അമേരിക്ക വികസിപ്പിച്ചെടുത്ത പാട്രിയട്ട് അഡ്വാന്‍സ്ഡ് കാപ്പബിലിറ്റി-3 (പിഎസി-3) സംവിധാനത്തേക്കാൾ എത്രയോ മുകളിലാണ് റഷ്യയുടെ എസ്–400 ട്രയംഫ്. അമേരിക്കയുടെ നാല് പാട്രിയട്ട് ഡിഫൻസ് യൂണിറ്റിന് തുല്യമാണ് ഇന്ത്യ വാങ്ങുന്ന ഒരു എസ്–400 ട്രയംഫ്. പാട്രിയറ്റിൽ നിന്ന് ചെരിച്ചാണ് മിസൈലുകൾ വിക്ഷേപിക്കുന്നത്. എന്നാൽ എസ്–400 ൽ നിന്ന് ലംബമായാണ് മിസൈലുകള്‍ തൊടുക്കുന്നത്. ഇതു തന്നെയാണ് എസ്–400 ന്റെ പ്രധാന ശക്തിയും.

ലോകത്തെ വൻ ആയുധശക്തിയായ റഷ്യയിൽ നിന്ന് 36,000 കോടി രൂപയ്ക്കാണ് ഇന്ത്യ എസ്–400 ട്രയംഫ് ടെക്നോളജി വാങ്ങുന്നത്. അഞ്ചു എസ്–400 ട്രയംഫാണ് ഇന്ത്യ വാങ്ങുന്നത്. ഇന്ത്യയുടെ പ്രതിരോധ മേഖല കൂടുതല്‍ സുസജ്ജമാക്കുന്ന ഈ കരാറിനെ പ്രതിരോധരംഗത്തെ വിദഗ്ധര്‍ ഏറെ ജിജ്ഞാസയോടെയാണ് വീക്ഷിക്കുന്നത്. രാജ്യത്തെ അഞ്ചു സ്ഥലങ്ങളിൽ എസ്–400 ട്രയംഫ് സ്ഥാപിച്ചാൽ ചൈന, പാക്കിസ്ഥാൻ ഉൾപ്പെടെ ഇന്ത്യയുടെ ചുറ്റുമുള്ള ഒട്ടുമിക്ക പ്രദേശങ്ങളും ഇതിന്റെ പരിധിയിൽ വരും. അതായത് പാക്കിസ്ഥാനോ, ചൈനയോ ഇന്ത്യയെ ആക്രമിക്കാൻ ശ്രമിച്ചാൽ അവരുടെ രാജ്യത്തുവച്ചു തന്നെ തകർക്കാൻ എസ്–400 ട്രയംഫിനു സാധിക്കും.

ലോകത്തിലെ തന്നെ ഏറ്റവും ആധുനികമായ പ്രതിരോധസംവിധാനങ്ങളില്‍ ഒന്നാണ് എസ്–400 ട്രയംഫ്. യുഎസിന്റെ എഫ്-35 ഫൈറ്റർ ജെറ്റുകളെ പോലും ഇതിനു മുന്നില്‍ നിഷ്പ്രഭമാണ്. മള്‍ട്ടി ബില്ല്യണ്‍ ഡോളര്‍ മതിക്കുന്ന ഈ കരാര്‍ നാറ്റോ രാജ്യങ്ങളുടെ ഉറക്കം കെടുത്തുന്നത് തന്നെയാണ്.

അമേരിക്കയെ കൂടുതല്‍ ജാഗ്രതയുള്ളതാക്കാന്‍ മാത്രം എന്താണ് എസ്–400 ട്രയംഫിനുള്ളത്? അഞ്ചാം തലമുറ യുദ്ധവിമാനങ്ങള്‍ പോലും നശിപ്പിക്കാന്‍ അതിനു സാധിക്കുമെന്നതു തന്നെ. അമേരിക്കയുടെ ഏറ്റവും ആധുനികമായ എഫ്-35 ഫൈറ്റർ ജെറ്റിനു ഭീഷണിയാവാന്‍ ഇതിനു സാധിക്കുമെന്നതാണ് അവരെ അലോസരപ്പെടുത്തുന്നത്. എട്ടു ലോഞ്ചറുകൾ, കൺട്രോൾ സെന്റർ, ശക്തിയേറിയ റഡാർ, റീലോഡ് ചെയ്യാവുന്ന 16 മിസൈലുകൾ എന്നിവയാണ് എസ്–400 ട്രയംഫിന്റെ പ്രധാന സവിശേഷതകള്‍. മൂന്നുതരം മിസൈലുകള്‍ വിക്ഷേപിക്കാൻ ഇതിനു പറ്റും.

അറുനൂറു കിലോമീറ്റര്‍ പരിധിയിലുള്ള മുന്നൂറു ടാര്‍ഗറ്റുകള്‍ ഒരേസമയം തിരിച്ചറിയാനും 400 കിലോമീറ്റര്‍ പരിധിയിലുള്ള ഏകദേശം മൂന്നു ഡസനോളം ടാര്‍ഗറ്റുകളെ നശിപ്പിക്കാനും ഇതിനു സാധിക്കും. രാകേഷ് കൃഷ്ണന്‍ സിന്‍ഹയുടെ 'റഷ്യ ആന്‍ഡ് ഇന്ത്യ റിപ്പോര്‍ട്ട്' ബ്ലോഗ് അനുസരിച്ച് എസ്–400 ട്രയംഫിനു മണിക്കൂറില്‍ 17,000 കിലോമീറ്റർ വേഗതയില്‍ ടാര്‍ഗറ്റിനു മേല്‍ പതിക്കാനാവും. ലോകത്തിലെ ഏതൊരു എയര്‍ക്രാഫ്റ്റിനെക്കാളും ഉയര്‍ന്ന വേഗതയാണ് ഇത്. 'അയണ്‍ ഡോമുകളുടെ ഡാഡി ' എന്നാണ് രാകേഷ് ഇതിനെ വിശേഷിപ്പിക്കുന്നത്. മിസൈലുകളുടെ അന്തകനായാണ് അമേരിക്ക എഫ്-35 ഫൈറ്റർ ജെറ്റ് സൃഷ്ടിച്ചത്. ലോക്ക്ഹീഡ് മാര്‍ട്ടിന്‍ റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് എഫ്-35 നു അതിനെ ലക്ഷ്യം വയ്ക്കുന്ന എന്തിനെയും ജാം ചെയ്യാനാവും. എന്നാല്‍ വേഗതയുടെ കാര്യത്തില്‍ എസ്-400നെ വെല്ലുവിളിക്കാന്‍ എഫ്-35നാവില്ല.

മുന്‍പ് ഉണ്ടായിരുന്ന എസ്-300 സിസ്റ്റത്തിന്റെ അപ്‌ഗ്രേഡ് ചെയ്ത പതിപ്പാണ് എസ്-400. റഷ്യന്‍ പ്രതിരോധ സംവിധാനത്തിന്റെ മാത്രം ഭാഗമായിരുന്നു ഇത്. മുന്‍തലമുറയെക്കാളും രണ്ടര ഇരട്ടി വേഗത കൂടുതലാണ് ഇതിന്. 2007 മുതല്‍ റഷ്യയില്‍ സര്‍വീസിലുള്ള S-400 നിര്‍മിച്ചത് അൽമസ് ആന്റെ ആയിരുന്നു. സിറിയക്കെതിരെ റഷ്യ ഇത് പ്രയോഗിച്ചിരുന്നു.

ഭീകരാക്രമണങ്ങളും നുഴഞ്ഞുകയറ്റങ്ങളും സാധാരണയായ ഇന്ത്യ പോലൊരു രാജ്യത്ത് എസ്–400 ട്രയംഫിനു ഏറെ പ്രസക്തിയുണ്ട്. പാക്കിസ്ഥാനില്‍ നിന്നുമുള്ള ഭീഷണിയെ നേരിടാന്‍ ഇതു പര്യാപ്തവുമാണ്. 36,000 കോടി രൂപയ്ക്കാണ് ഇന്ത്യ ഇതു സ്വന്തമാക്കുന്നത്. പടിഞ്ഞാറു ഭാഗത്ത് മൂന്നും കിഴക്കുഭാഗത്ത് രണ്ടും എസ്-400 സിസ്റ്റങ്ങള്‍ സ്ഥാപിക്കാനാണ് ഇന്ത്യ ആലോചിക്കുന്നത്. പാക്കിസ്ഥാനില്‍ നിന്നും ചൈനയില്‍ നിന്നുമുള്ള ആക്രമണങ്ങള്‍ക്കെതിരെ ഇതു പ്രതിരോധം തീര്‍ക്കും.

എസ്–400 ട്രയംഫ് ആകാശക്കാവൽ

∙ 36,000 കോടി രൂപയുടെ കരാർ

∙ ആകാശമാർഗമുള്ള ആക്രമണങ്ങളെ തടയാനും തകർക്കാനും അത്യാധുനിക വ്യോമപ്രതിരോധ സം‌വിധാനം.

∙ അത്യാധുനിക ബാലിസ്റ്റിക്, ക്രൂസ് മിസൈലുകളെയും പ്രതിരോധിക്കും

ലക്ഷ്യം

∙ പോർവിമാനങ്ങളെയും മിസൈലുകളെയും തകർക്കും.

∙ 400 കിലോമീറ്റർ അകലെയും 30 കിലോമീറ്റർ വരെ ഉയരത്തിലുമുള്ള ആക്രമണങ്ങളെ പ്രതിരോധിക്കും

∙ ശബ്ദാതിവേഗ വിമാനങ്ങളെയും മിസൈലുകളെയും വീഴ്‌ത്തും

വേഗം

∙ ശബ്ദത്തെക്കാൾ എട്ടിരട്ടി വേഗം.

∙ പ്രതിരോധ മിസൈലുകൾ മണിക്കൂറിൽ 10,000 കിലോമീറ്റർ വരെ വേഗത്തിൽ തൊടുക്കും ആയുധങ്ങൾ

∙ 72 മിസൈൽ വിക്ഷേപിണികൾ. 384 മിസൈലുകൾ വരെ കൈകാര്യം ചെയ്യാം സവിശേഷത

∙ അഞ്ചുതരം മിസൈലുകൾ കൈകാര്യം ചെയ്യുന്ന ഏക വ്യോമപ്രതിരോധ സം‌വിധാനം

∙ പൂർണ കംപ്യൂട്ടർവൽ‌ക്കൃത സം‌വിധാനം പ്രതിരോധ മിസൈലുകൾ

∙ 9എം 96ഇ/9 എം96 ഭൂതല–വ്യോമ പ്രതിരോധ മിസൈൽ – 120 കിലോമീറ്റർ ദൂരെനിന്നു ശത്രുമിസൈലുകളെ തകർക്കാം – 30 കിലോമീറ്റർ വരെ ഉയരത്തിലും പ്രതിരോധം

∙ 48എച്ച്6 ഇ/48എച്ച്6ഇ ഭൂതല–വ്യോമ പ്രതിരോധ മിസൈൽ – 200 കിലോമീറ്റർ വരെ അകലെ ശത്രുമിസൈലുകളെ തകർക്കാം – 27 കിലോമീറ്റർ വരെ ഉയരത്തിൽ പ്രതിരോധം.

English Summary: Rajnath Singh’s Russia visit: India to urge Russia to rush delivery of S-400 system

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DEFENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA