ADVERTISEMENT

ചൈനയുമായി ഒരു നീണ്ട യുദ്ധമുണ്ടായാൽ യു‌എസ് നാവികസേനയ്ക്ക് മുങ്ങിപ്പോയതോ കേടായതോ ആയ കപ്പലുകൾ ശരിയാക്കാനോ മാറ്റിസ്ഥാപിക്കാനോ വേണ്ടത്ര വേഗത്തിൽ പ്രവർത്തിക്കാൻ കഴിയില്ലെന്ന് റിപ്പോർട്ട്. കപ്പലുകളുടെ നിർമാണത്തിലും സാങ്കേതിക സംവിധാനങ്ങളുടെ കാര്യത്തിലും ചൈന അമേരിക്കയേക്കാൾ മുന്നിലാണെന്നുമാണ് വിദഗ്ധരുടെ റിപ്പോർട്ട്. അമേരിക്കയിലെ നിലവിലുള്ള സംവിധാനങ്ങളെക്കുറിച്ച് വ്യവസായ ഗ്രൂപ്പുകളും സൈനികവൃത്തങ്ങളും നടത്തിയ മാസങ്ങള്‍ നീണ്ട പഠനത്തില്‍ കണ്ടെത്തിയതാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.

 

അമേരിക്കന്‍ സർക്കാർ കഴിഞ്ഞ പല പതിറ്റാണ്ടുകളായി കപ്പല്‍നിര്‍മാണ കേന്ദ്രങ്ങളോട് അവഗണനയാണ് കാണിച്ചുവന്നിട്ടുള്ളത്. അവയുടെ ഇപ്പോഴത്തെ അവസ്ഥയില്‍, നിലവിലുള്ള കപ്പലുകള്‍ വേണമെങ്കില്‍ കഷ്ടിച്ച് നന്നാക്കിയെടുക്കാന്‍ സാധിച്ചേക്കും. അല്ലെങ്കില്‍ അതുപോലൊരെണ്ണം ഉണ്ടാക്കിയെടുക്കാന്‍ സാധിച്ചേക്കും. എന്നാല്‍, പുതിയ സജ്ജീകരണങ്ങളുമായി ഒരെണ്ണം ഇറക്കണമെന്നു വച്ചാല്‍ ഇപ്പോഴത്തെ നിലയില്‍ അമേരിക്കയ്ക്ക് സാധിക്കില്ലെന്നാണ് പഠനത്തിന്റെ കണ്ടെത്തല്‍. ഇതാകട്ടെ ചൈനയെ പോലെ ഒരു എതിരാളിക്കെതിരെയാണെങ്കില്‍ പറയുകയും വേണ്ട. 

 

ഈ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ വാഷിങ്ടണ്‍ വാസികളുടെ ഹൃദയമിടിപ്പ് അനിയന്ത്രിതമായി വര്‍ധിച്ചുവെന്നും പറയുന്നു. 'ബ്രെയ്ക്കിങ് ഡിഫന്‍സി'ന്റെ റിപ്പോര്‍ട്ടര്‍ പോള്‍ മക്‌ലേറിയാണ് അമേരിക്കന്‍ മറൈന്‍ കോര്‍പ്‌സ് കമാന്‍ഡന്റ് ഡേവിഡ് ബെര്‍ജറുടെ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവിട്ടത്.

 

മിലിറ്ററി രംഗത്ത് മാറ്റങ്ങള്‍ക്കായി വാദിക്കുന്ന ഒരാളാണ് ബെര്‍ജര്‍. അദ്ദേഹം അമേരിക്കയുടെ കപ്പല്‍ നിര്‍മാണ മേഖലയെക്കുറിച്ച് ആഴത്തില്‍ പഠിക്കാനും ശ്രമിച്ചിട്ടുണ്ട്. അടിയന്തര ദൗത്യങ്ങൾക്ക് കൂടുതല്‍ അനായാസമായി നീങ്ങുന്ന കപ്പലുകള്‍ വേണ്ടതിനെക്കുറിച്ചും ചെറിയ ദ്വീപുകളില്‍ കാത്തു കിടന്ന് ചൈനീസ് കപ്പലുകളെ തകര്‍ക്കാനുള്ള ആക്രമണങ്ങള്‍ നടത്തുന്നതിനെക്കുറിച്ചുമൊക്കെ അദ്ദേഹം പറയാറുണ്ട്. അമേരിക്കയും ചൈനയും ഗൗരവമുള്ള, ദീര്‍ഘകാലം നീണ്ടു നില്‍ക്കുന്ന യുദ്ധത്തിലേര്‍പ്പെട്ടാല്‍ ആക്രമണങ്ങളില്‍ അമേരിക്കന്‍ കപ്പലുകള്‍ മുങ്ങുകയോ, കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്യാം. ഇതിനെ തരണം ചെയ്യാന്‍ നിലവിലെ സാഹചര്യത്തില്‍ അമേരിക്കയ്ക്ക് സാധ്യമല്ല. എന്നാല്‍, ചൈനയുടെ സാഹചര്യം അതല്ലെന്നാണ് ബെര്‍ജറുടെ കണ്ടെത്തല്‍.

 

മുക്കിക്കളഞ്ഞ, അല്ലെങ്കില്‍ കേടുപറ്റിയ കപ്പലുകള്‍ക്ക് പകരം പുതിയത് ഉണ്ടാക്കിയെടുക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. അമേരിക്കയില്‍ ഈ വ്യവസായം ശ്രദ്ധ കിട്ടാത്തതിനാല്‍ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. എന്നാല്‍, എതിരാളികള്‍ ഇത് വളര്‍ത്തിയെടുക്കുന്നുമുണ്ട്. സംഘട്ടനത്തില്‍ നഷ്ടപ്പെടുന്ന കപ്പലുകള്‍ ഉണ്ടാക്കിയെടുക്കാനുള്ള ശ്രമത്തില്‍ അമേരിക്ക വിജയിക്കണമെന്നില്ല എന്നാണ് അദ്ദേഹം പറഞ്ഞുവയ്ക്കുന്നത്. രണ്ടാം ലോക മഹായുദ്ധ കാലത്ത് കാലതാമസം നേരിടാതെ പുതിയ കപ്പലുകൾ ഉണ്ടാക്കിയെടുക്കാമായിരുന്നു. എന്നാൽ, ഇപ്പോഴത്തെ സ്ഥിതി അങ്ങനെയല്ല.

 

എന്നാല്‍, ബെര്‍ജറുടെ റിപ്പോര്‍ട്ടില്‍ പുതിയതായി ഒന്നുമില്ലെന്ന് ചൂണ്ടിക്കാണിക്കുന്നവരും ഉണ്ട്. വെര്‍ജീനിയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഡിഫന്‍സ് ഇന്‍ഡസ്ട്രിയല്‍ അസോസിയേഷന്‍ ജനുവരിയില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലും ഇതൊക്കെ തന്നെയാണ് പറയുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. അമേരിക്കയുടെ കപ്പല്‍ വ്യവസായത്തിന് അതിന്റെ ശേഷി ഇരട്ടിയാക്കാനുള്ള കഴിവുണ്ട്. എന്നാല്‍ 100 ശതമാനത്തിലേറെയാക്കണം ശേഷി എന്നു പറഞ്ഞാല്‍ നടക്കില്ലെന്നാണ് ആ റിപ്പോര്‍ട്ട് പറയുന്നത്. ഇതിന് ഉദാഹരണം സമര്‍ഥിക്കാം: നാവിക സേനയ്ക്കായി ഏകദേശം 10 പുതിയ യുദ്ധക്കപ്പലുകളാണ് കപ്പല്‍ വ്യവസായത്തിന് നിര്‍മിച്ചു നല്‍കാനാകുക. എന്നാല്‍, ഇത് പരമാവധി 20 എണ്ണം വരെ വര്‍ധിപ്പിക്കാന്‍ സാധിച്ചേക്കും. അതായത് ഒരു നിശ്ചിത സമയത്തിനുള്ളില്‍ പുതിയ 10 കപ്പലുകള്‍ നീറ്റിലിറക്കാനേ നാവികസേനയ്ക്ക് കഴിയൂ. എന്നാല്‍, ചൈനയോ മറ്റോ ഈ സമയത്തിനുള്ളില്‍ പത്തിലേറെ കപ്പലുകള്‍ മുക്കിയാല്‍ സേനയുടെ ശേഷി കുറയും.

 

എന്നാല്‍, ഇതിനൊക്കെയുള്ള ശേഷി ചൈനയ്ക്കുണ്ടോ? ചൈനയുടെ കൈവശമുള്ള  50ഡിഎഫ്-21ഡി മിസൈല്‍ അമേരിക്കന്‍ പടക്കപ്പലിനെ തകർക്കാനുള്ള ശേഷിയുള്ളതാണ്. ഇത്തരത്തിലുള്ള നൂറുകണക്കിന് മിസൈലുകള്‍ ചൈന ഉണ്ടാക്കിക്കൂട്ടിയിട്ടുണ്ട്. ഇതു കൂടാതെയാണ് ചൈനയുടെ 70തോളം അന്തര്‍വാഹിനികള്‍. ഇവയ്‌ക്കെല്ലാം കൂടെ ആഴ്ചയില്‍ നാല് ടോര്‍പിഡോ മിസൈലുകളെങ്കിലും അമേരിക്കന്‍ പടക്കപ്പലുകള്‍ക്കു നേരെ തൊടുക്കാനാകും. ഇതു കൂടാതെ മറ്റ് അപകട സാധ്യതകളും നിലനില്‍ക്കുന്നു. യുദ്ധം നീണ്ടുപോയാല്‍, കപ്പല്‍ വ്യവസായത്തിനു വേണ്ട സാമഗ്രികള്‍ എത്തിച്ചുകിട്ടുമോ എന്ന ചോദ്യവും ഉയരുന്നു.

 

യുദ്ധകാല സാഹചര്യത്തിന് ഇണങ്ങും വിധമല്ല അമേരിക്കയുടെ ഇപ്പോഴത്തെ പോക്ക് എന്ന കാര്യത്തില്‍ വാദപ്രതിവാദങ്ങള്‍ക്ക് യാതൊരു സാധ്യതയുമില്ല. 1970കള്‍ക്കു ശേഷം കപ്പല്‍ നിര്‍മാണ വ്യവസായത്തിന് വേണ്ടത്ര പ്രോത്സാഹനം ലഭിക്കാത്തത് ഇതിന്റെ ഒരു കാരണമാണ്. പ്രസിഡന്റ് റിച്ചാർഡ് നിക്‌സന്റെ കാലത്ത് അമേരിക്കയില്‍ 22 കൂറ്റൻ കപ്പല്‍ നിര്‍മാണ ശാലകളുണ്ടായിരുന്നു. പ്രസിഡന്റ് റോണള്‍ഡ് റെയ്ഗന്റെ കാലത്ത് ഇതിന്റെ 40 ശതമാനം വെട്ടിക്കുറച്ചു. സബ്‌സിഡികള്‍ കുറച്ചു. ശീത യുദ്ധം അവസാനിച്ചതോടെ, പ്രതിരോധത്തിനുള്ള ഫണ്ടുകള്‍ കുറയ്ക്കുകയായിരുന്നു. അതേസമയം, ജപ്പാന്‍, ദക്ഷിണ കൊറിയ, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ കപ്പല്‍ നിര്‍മാണ വ്യവസായം വളര്‍ന്നു. അമേരിക്കയിലെ കപ്പല്‍ നിര്‍മാണ ശാലകളില്‍ നിന്ന് പ്രധാനമായും ചെറിയ കപ്പലുകള്‍ മാത്രമിറങ്ങി.

 

ഇന്ന് അമേരിക്കയില്‍ 14 കമ്പനികള്‍ കപ്പല്‍ നിര്‍മാണരംഗത്തുണ്ട്. ഇവ നാവികസേയനയ്ക്കും, തീര സംരക്ഷണ സേനയ്ക്കും മറ്റു സർക്കാർ ഏജന്‍സികള്‍ക്കും യാനങ്ങള്‍ നിർമിച്ചു നല്‍കുന്നു. ഇവയില്‍ 10 കമ്പനികള്‍ വാണിജ്യാവശ്യത്തിനുള്ള കപ്പലുകളും ഉണ്ടാക്കുന്നു. ആറെണ്ണം മാത്രമാണ് വലിയ യുദ്ധക്കപ്പലുകള്‍ ഉണ്ടാക്കാന്‍ സജ്ജമായിട്ടുള്ളത്. ഇവയില്‍ അഞ്ചും ജനറല്‍ ഡൈനാമിക്‌സ് അല്ലെങ്കില്‍ ഗണ്ടിങ്ടണ്‍ ഇന്‍ഗാല്‍സിന്റെ ഉടമസ്ഥതയില്‍ ഉള്ളവയാണ്. ഓരോ വര്‍ഷവും ഈ വമ്പന്‍ കപ്പല്‍ നിര്‍മാണ ശാലകളില്‍ നിന്ന് ഒന്നോ രണ്ടോ കപ്പലുകള്‍ വാങ്ങും.

 

ഈ കപ്പല്‍ നിര്‍മാണ ശാലകളിലും നാവികസേനയുടെ നാല് നിര്‍മാണ ശാലകളിലും നിലവിലുള്ള കപ്പലുകളുടെ അറ്റുകുറ്റപ്പണി തീര്‍ക്കാറുമുണ്ട്. എന്നാല്‍, ഈ പണി തീര്‍ക്കല്‍ ഒരിക്കലും സമയത്തിനു നടക്കാറില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. 2020ല്‍ നല്‍കിയ 24 കപ്പലുകളില്‍ മൂന്നെണ്ണം മാത്രമാണ് സമയത്തിന് അറ്റകുറ്റപ്പണി തീര്‍ക്കാനായത്.

 

ഇത്തരം പ്രശ്നങ്ങളൊന്നും ചൈനയില്‍ നിലനില്‍ക്കുന്നില്ല. രണ്ടായിരമാണ്ടു മുതല്‍, കപ്പല്‍ വ്യവസായം ചൈനയിൽ വന്‍ പുരോഗതി പ്രാപിച്ചു. ഇപ്പോള്‍ അവര്‍ക്ക് 50 പ്രധാനപ്പെട്ട കപ്പല്‍ നിര്‍മാണ ശാലകളുണ്ട്. ഇവയില്‍ 12ഉം സർക്കാർ അധീനതയിലുമാണ്. കൂടാതെ, 2005നും 2019നും ഇടയ്ക്ക് ചൈനീസ് പടക്കപ്പലുകളുടെ എണ്ണം അമ്പതു ശതമാനം വര്‍ധിച്ചുവെങ്കില്‍ അമേരിക്കയ്ക്ക് ഏകദേശം 10 ശതമാനം വര്‍ധന രേഖപ്പെടുത്താനായി. ഇന്ന് അമേരിക്കയ്ക്കും ചൈനയ്ക്കുമുള്ള പടക്കപ്പലുകളുടെ എണ്ണം സമാനമാണ്- 300. പക്ഷേ, ചൈനീസ് കപ്പലുകള്‍ താരതമ്യേന ചെറുതും, കുറച്ച് ആയുധശേഖരമുള്ളവയുമാണ്. അമേരിക്കന്‍ കപ്പലുകളില്‍ 12,000 വലിയ മിസൈലുകള്‍ സ്ഥാപിക്കാമെങ്കില്‍ ചൈനീസ് കപ്പലുകളില്‍ അത്തരം കദേശം 5,200 എണ്ണം മാത്രമെ സാധിക്കു. എന്നാല്‍, തങ്ങളുടെ കപ്പലുകള്‍ക്കു കേടുവന്നാല്‍ അവ പരിഹരിക്കാനോ വേണ്ടിവന്നാല്‍ പുതിയത് ഇറക്കാനോ ചൈനയ്ക്ക് സാധിക്കുന്ന രീതിയില്‍ അമേരിക്കയ്ക്ക് സാധിക്കില്ലെന്നാണ് മുന്നറിയിപ്പ്.

English Summary: China Can Sink American Ships Faster Than America Can Replace Them

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com