ADVERTISEMENT

ചൈനയെ നിലയ്ക്കുനിർത്താൻ ലക്ഷ്യമിട്ട് അമേരിക്കൻ സൈന്യത്തിന് താവളങ്ങൾ നിർമിക്കാൻ ദ്വീപുകൾ വിട്ടുനൽകാമെന്ന്  പലാവു. അതിവേഗം വളരുന്ന ചൈനീസ് സ്വാധീനത്തിനെതിരെ അമേരിക്കൻ സൈന്യം രംഗത്തിറങ്ങിയ സമയത്താണ് ചെറിയ പസഫിക് രാഷ്ട്രമായ പലാവു തങ്ങളുടെ പ്രദേശത്ത് സൈനിക താവളങ്ങൾ നിർമിക്കാൻ ക്ഷണിക്കുന്നത്.

യുഎസ് പ്രതിരോധ സെക്രട്ടറി മാർക്ക് എസ്പർ കഴിഞ്ഞയാഴ്ച ദ്വീപ് രാഷ്ട്രം സന്ദർശിച്ചിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് രാജ്യം സൈനിക ആവശ്യത്തിന് ഉപയോഗിക്കാമെന്ന് പലാവ് ഒപ്പിട്ടുനൽകിയിരിക്കുന്നത്. ചൈനയെ നിലയ്ക്കുനിർത്താൻ ലക്ഷ്യമിട്ട് തന്നെയാണ് ഈ നീക്കമെന്നത് വ്യക്തമാണ്.

ഫിലിപ്പെയ്ൻസിന് 1,500 കിലോമീറ്റർ കിഴക്കാണ് ഈ ദ്വീപസമൂഹമുള്ളത്. തന്റെ രാജ്യത്ത് സൈനിക സൗകര്യങ്ങൾ ഒരുക്കാൻ യുഎസ് സൈന്യത്തെ സ്വാഗതം ചെയ്യുന്നുവെന്ന് പലാവു പ്രസിഡന്റ് ടോമി റെമെൻസൗ പറഞ്ഞു. യുഎസ് മിലിട്ടറിയോടുള്ള പലാവുവിന്റെ അഭ്യർഥന വളരെ ലളിതമാണ്. സംയുക്ത സൈനിക ഉപയോഗത്തിനുള്ള സൗകര്യങ്ങൾ നിർമിക്കുക, എന്നിട്ട് അവ ഉപയോഗിച്ച് രാജ്യത്തെ സംരക്ഷിക്കുക, ഇതാണ് യുഎസ് പ്രതിരോധ മേധാവിക്ക് പലാവു പ്രസിഡന്റ് അയച്ച കത്തിൽ പറയുന്നത്.

പലാവു രാജ്യത്തിന് സ്വന്തമായി സൈന്യമില്ല. എന്നാൽ, യുഎസ് സൈന്യത്തിന് കര താവളങ്ങൾ, തുറമുഖ സൗകര്യങ്ങൾ, വ്യോമതാവളങ്ങൾ എന്നിവ നൽകിയാൽ 22,000 പേർ താമസിക്കുന്ന രാജ്യം സുരക്ഷിതമാകും. പലാവു ഒരു സ്വതന്ത്ര രാഷ്ട്രമാണെങ്കിലും സ്വന്തമായി സൈന്യമില്ല. കോംപാക്റ്റ് ഓഫ് ഫ്രീ അസോസിയേഷൻ എന്ന കരാർ പ്രകാരം പലാവു രാജ്യത്തിന്റെ പ്രതിരോധ ഉത്തരവാദിത്തം യുഎസിനാണ്.

ഈ കരാറിന് കീഴിൽ, അമേരിക്കൻ സൈന്യത്തിന് ദ്വീപുകളിലേക്ക് പ്രവേശനമുണ്ട്. എന്നാൽ, നിലവിൽ അവിടെ സൈനികരില്ല. പലാവിൽ യുഎസ് സൈനിക സാന്നിധ്യം സ്ഥിരീകരിക്കുന്നതിന് കോംപാക്റ്റിന്റെ സംവിധാനങ്ങൾ ഉപയോഗിക്കണം. പലാവു റിപ്പബ്ലിക്കിൽ പ്രതിരോധ താവളങ്ങൾ സ്ഥാപിക്കാനുള്ള യുഎസ് സൈന്യത്തിന്റെ അവകാശം ഇതുവരെ ഉപയോഗപ്പെടുത്തിയിട്ടില്ല.

പലാവുവിൽ സൈനിക താവളങ്ങൾ വരുന്നതോടെ സുരക്ഷ മാത്രമല്ല, പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ സഹായിക്കുകയും ചെയ്യും. കോവിഡ് -19 മഹാമാരി കാരണം ടൂറിസം മേഖല തകർന്നിരിക്കുകയാണ്. രണ്ടാം ലോകമഹായുദ്ധത്തിൽ യുഎസും ജാപ്പനീസ് സേനയും തമ്മിലുള്ള രക്തരൂക്ഷിതമായ പോരാട്ടത്തിന്റെ വേദിയായിരുന്നു പലാവു. പക്ഷേ അമേരിക്കൻ സൈന്യം ഫിലിപ്പൈൻസിലെയും ഗുവാമിലെയും താവളങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.

English Summary: Palau invites US military to build bases as China seeks regional clout

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com