ADVERTISEMENT

ഇന്ത്യയുടെ പ്രതിരോധ മേഖല ഓരോ നിമിഷവും പുതിയ കണ്ടെത്തലുകളും പരീക്ഷണങ്ങളുമായി കുതിക്കുകയാണ്. ഡിആർഡിഒയുടെ പുതിയ ആയുധ പരീക്ഷണങ്ങളെല്ലാം ലോകം തന്നെ ഉറ്റുനോക്കുകയാണ്. സയൻസ് ഫിക്ഷൻ സിനിമകളിൽ വർണാഭമായ പ്രകാശമുള്ള, ശത്രുക്കളെ നശിപ്പിക്കുന്ന ലേസർ തോക്കുകൾ പലപ്പോഴും കാണാറുണ്ട്. അത്തരം ആയുധങ്ങൾ സിനിമകളിലും സയൻസ് ഫിക്ഷൻ ഷോകളിലും മാത്രമാണ് കണ്ടിട്ടുള്ളത്. എന്നാൽ, ഇത്തരം ചില സ്റ്റാർ വാർ ആയുധങ്ങൾ നിർമിക്കാനുള്ള നീക്കത്തിലാണ് ഇന്ത്യയുടെ ഡിആർഡിഒ. ശത്രുക്കളുടെ പോര്‍വിമാനങ്ങളെയും മിസൈലുകളെയും കത്തിക്കാൻ വരെ ശേഷിയുള്ളതായിരിക്കും ഈ ആയുധങ്ങളെന്നാണ് കരുതുന്നത്.

 

യഥാർഥ ജീവിതത്തിലും ഇത്തരം ലേസർ ആയുധങ്ങൾ പുറത്തെടുക്കാനുള്ള പദ്ധതിയാണ് ഇന്ത്യയും ആസൂത്രണം ചെയ്യുന്നത്. ഇന്ത്യയുടെ ഡി‌ആർ‌ഡി‌ഒ (പ്രതിരോധ ഗവേഷണ വികസന സംഘടന) ശത്രുക്കളുടെ ഡ്രോണുകളെ ആക്രമിക്കാൻ ലേസർ ബീം ആയുധങ്ങൾ പ്രയോഗിക്കാനുള്ള പരീക്ഷണത്തിലാണ്. ഹൈ എനര്‍ജി ലേസറുകളും, ഹൈ പവേര്‍ഡ് മൈക്രോവേവ്‌സും പോലെയുള്ള ഡയറക്ട് എനര്‍ജി വെപ്പണ്‍സ് സിസ്റ്റം (ഡിഇഡബ്ല്യുഎസ്) വികസിപ്പിക്കാനാണ് ഡിആർഡിഒ പദ്ധതിയിടുന്നത്.

 

ഉയർന്ന ഊർജ്ജമുള്ള മൈക്രോവേവുകളും ലേസറുകളും ഉപയോഗിച്ച് ശാരീരിക സമ്പർക്കം പുലർത്താതെ ശത്രുക്കളുടെ ഡ്രോണുകൾ തകർക്കുന്ന ആയുധമാണ് പരീക്ഷിക്കുക. ഭാവിയിലെ യുദ്ധങ്ങളിൽ ഡ്രോണുകളുടെ സാന്നിധ്യം കൂടുതലായിരിക്കും. ഇവയെ നേരിടാൻ ലേസർ ബീമുകൾ ഉപയോഗിക്കാനായാൽ കാര്യങ്ങൾ എളുപ്പമാകും. ഹ്രസ്വ, ഇടത്തരം, ദീര്‍ഘകാലത്തേക്കുള്ള വിവിധ ലക്ഷ്യങ്ങളോടെയുള്ള ദേശീയ പരിപാടിയുടെ ഭാഗമായാകും ഡിഇഡബ്ല്യുഎസ് വരുന്നത്.

 

100 കിലോവാട്ട് വരെ ശേഷിയുള്ള ഡിഇഡബ്ല്യുഎസിന്റെ വ്യത്യസ്ത മോഡലുകളായിരിക്കും ഡിആർഡിഒ വികസിപ്പിക്കുന്നത്. വ്യമാതിർത്തി ലംഘിക്കുന്ന ഡ്രോണുകൾ, പോർവിമാനങ്ങൾ, മിസൈലുകളും എന്നിവയെ തകർക്കാനും ഭാവിയിൽ ലേസർ ആയുധങ്ങൾ വികസിപ്പിച്ചെടുക്കാൻ സാധിക്കും. രാജ്യത്ത് നിരവധി ലേസർ ആയുധങ്ങളുടെ പരീക്ഷണങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഒന്നും ഇതുവരെ പ്രയോഗിച്ചു തുടങ്ങിയിട്ടില്ല.

 

സൈന്യത്തിനും എയർഫോഴ്‌സിനും നിലവിൽ 20 തന്ത്രപരമായ ഹൈ-എനർജി ലേസർ സംവിധാനങ്ങൾ ആവശ്യമാണ്. ചെറിയ ആകാശ ടാർഗെറ്റുകളെ നേരിടാൻ ഇത്തരം ലേസർ ആയുധങ്ങൾ വേണ്ടതുണ്ട്. കെമിക്കൽ ഓക്സിജൻ അയോഡിൻ, ഹൈ പവർ ഫൈബർ ലേസറുകൾ, കാളി ബീമുകൾ എന്നിവ ഉൾപ്പെടെ നിരവധി ലേസർ ബീം പ്രോജക്ടുകൾ ഇതിനകം തന്നെ രാജ്യത്ത് പ്രവർത്തിക്കുന്നുണ്ട്.

 

എന്നാൽ, ഇവ എല്ലാം കൺസെപ്റ്റ് സ്റ്റേജിൽ മാത്രമാണ് നിൽക്കുന്നത്. ഇവ പുറത്തിറങ്ങാൻ ഇനിയും ഏറെ സമയമെടുത്തേക്കും. ഡി‌ആർ‌ഡി‌ഒ തന്നെ രണ്ട് ആന്റി-ഡ്രോൺ ഡ്യൂ സിസ്റ്റങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഒന്ന് 2 കിലോമീറ്റർ പരിധിയിലെ ആകാശ ലക്ഷ്യങ്ങളെ നേരിടുന്നതിന് 10 കിലോവാട്ട് ലേസർ ഉപയോഗിക്കുന്നു. രണ്ടാമത്തേത് രണ്ട് കിലോവാട്ട് ലേസര്‍ പവറിൽ കോം‌പാക്റ്റ് ട്രൈപോഡ്-മൗണ്ട് സിസ്റ്റം ഉപയോഗിച്ച് 1 കിലോമീറ്റർ പരിധിയിലെ വസ്തുക്കളെ തകർക്കാൻ ലക്ഷ്യമിട്ടുള്ളതുമാണ്. സൈന്യം, രഹസ്യാന്വേഷണ ഏജന്‍സികൾ, ഫീല്‍ഡ് ഫോഴ്‌സ് എന്നിവയ്ക്ക് മുന്നില്‍ ഇവയുടെ പ്രദർശനം നടത്തിയിട്ടുണ്ട്.

 

ചെറിയ ഡ്രോണുകൾ തകർക്കാൻ ഈ ലേസർ ആയുധങ്ങവ്‍ വിജയകരമായി പ്രദർശിപ്പിച്ചിട്ടുണ്ടെങ്കിലും യുഎസും റഷ്യയും ചൈനയും വികസിപ്പിച്ചെടുത്ത ആയുധങ്ങളുമായി ഇത് എങ്ങുമെത്തുന്നില്ല. ഉദാഹരണത്തിന്, ഡ്രോണുകളെ തകർക്കാൻ കഴിയുന്ന 33 കിലോവാട്ട് ലേസർ ആയുധം നിരവധി വർഷങ്ങൾക്ക് മുൻപ് തന്നെ യു‌എസ് കപ്പലിൽ പ്രദർശിപ്പിച്ചിരുന്നു. ഇപ്പോൾ 300 മുതൽ 500 കിലോവാട്ട് വരെയുള്ള ലേസറുകൾ പരീക്ഷിക്കുന്നതിനുള്ള പാതയിലാണ് അമേരിക്ക.

 

ലേസര്‍ സോഴ്‌സും, ബീം കണ്‍ട്രോള്‍ സിസ്റ്റവുമാണ് ഡിഇഡബ്ല്യുവിന്റെ പ്രധാന ഭാഗങ്ങൾ. മിസൈലുകളേയും ഡ്രോണുകളെയും മറ്റും നിമിഷങ്ങൾക്കുള്ളിൽ തകര്‍ക്കാന്‍ ഇവയ്ക്കാകും. പ്രകാശവേഗത്തിൽ കൃത്യതയോടെ ആക്രമിക്കാൻ ഇവയ്ക്ക് സാധിക്കും. ലേസർ ആയുധങ്ങൾ കുറഞ്ഞ ചെലവും ഉപയോഗിക്കാന്‍ കൂടുതല്‍ എളുപ്പവുമാണ്. ഒന്നിലധികം ലക്ഷ്യങ്ങളെ അതിവേഗം ആക്രമിക്കാനും കഴിയും.

 

English Summary: India’s DRDO Building Laser Blasters, Star Wars-Type Weapons For Future

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com