ADVERTISEMENT

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സൈനിക ബന്ധത്തിലെ മൂന്നാമത്തെ കരാറാണ് ദിവസങ്ങൾക്ക് മുന്‍പ് ഒപ്പു വച്ച ബെയ്‌സിക് എക്‌സ്‌ചേഞ്ച് ആന്‍ഡ് കോഓപ്പറേഷന്‍ എഗ്രിമെന്റ് അഥവാ ബെക്കാ. നേരത്തെ നിലവിലുണ്ടായിരുന്ന ലോജിസ്റ്റിക്‌സ് എക്‌സ്‌ചേഞ്ച് മെമ്മോറാണ്ടം ഓഫ് എഗ്രിമെന്റ് അഥവാ ലെമോവാ, കമ്യൂണിക്കേഷന്‍സ് കോംപാറ്റബിലിറ്റി ആന്‍ഡ് സെക്യുരിറ്റി എഗ്രിമെന്റ് അഥവാ കോംകാസ എന്നിവ കൂടെ ചേരുമ്പോഴാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക കരാറുകളുടെ അടിസ്ഥാന ശിലകളാകുക.

 

∙ എന്താണ് ബെക്കാ?

 

അമേരിക്കയുടെ കൈയ്യിലുള്ള ഒരു പ്രത്യേക സ്ഥലത്തെക്കുറിച്ചുള്ള ഇന്റലിജന്‍സ് ഡേറ്റാ (geospatial intelligence) തത്സമയം ഇന്ത്യയ്ക്കു ലഭ്യമാക്കുക എന്നതാണ് ഇതിലെ പ്രധാന ഭാഗം. ഓട്ടോമാറ്റിക്കായി പ്രവര്‍ത്തിക്കുന്ന മിസൈലുകള്‍, ഡ്രോണുകള്‍ എന്നിവയ്ക്ക് അതീവ കൃത്യതയോടെ പ്രവര്‍ത്തിക്കാന്‍ ഉതകുന്ന തരത്തിലുള്ള ഡേറ്റയാണിത്. മാപ്പുകളും, സാറ്റലൈറ്റ് ചിത്രങ്ങളും തത്സമയം ലഭ്യമാകുക വഴി ഇന്ത്യയ്ക്ക് ആക്രമിക്കാനും മറ്റും ഉദ്ദേശിക്കുന്ന സ്ഥലത്തെക്കുറിച്ചുള്ള കൃത്യതയുള്ള വിവരങ്ങളും, വ്യോമയാനവിദ്യാപരവുമായ വിവരങ്ങളും ലഭിക്കുക വഴി സഞ്ചാരവും, ലക്ഷ്യംവയ്ക്കലും എളുപ്പമാകും. ഇത് ഇന്ത്യയുടെയും അമേരിക്കയുടെയും വ്യോമസേനകള്‍ തമ്മിലുള്ള സഹകരണത്തിനു പിന്നിലും പ്രവര്‍ത്തിക്കുമെന്നു കരുതുന്നു. 

 

സ്മാര്‍ട് ഫോണിലെ ജിപിഎസ് നിങ്ങളുടെ ലക്ഷ്യത്തിലേക്ക് എത്താന്‍ സഹായിക്കുന്നതു പോലെ, ബെക്കായുടെ സഹായത്തോടെ ശത്രുമേഖലകളിലേക്ക് സൈന്യത്തിന് അനായാസമായി കടക്കാൻ സാധിക്കും. അത്യാധുനിക ജിപിഎസ് സംവിധാനമാണ് ഇന്ത്യന്‍ സൈന്യത്തിനു ലഭിക്കുന്നത്. എതിരാളികളെ ലക്ഷ്യമാക്കി അത്ര കൃത്യതയോടെ തകര്‍ക്കാന്‍ മിസൈലുകള്‍ തൊടുക്കാന്‍ ബെക്കാ സഹായകമായിരിക്കും. കപ്പലുകളുടെയും, വിമാനങ്ങളുടെയും നീക്കവും, യുദ്ധ രംഗത്ത് ഉപകാരപ്പെടുമെന്നതു കൂടാതെ, പ്രകൃതി ദുരന്ത സമയത്തും അമേരിക്ക നല്‍കുന്ന ജിയോസ്‌പേഷ്യല്‍ ഇന്റലിജന്‍സ് ഇന്ത്യയ്ക്ക് ഉപകരിക്കും. ദിവസങ്ങൾക്ക് മുൻപ് ഒപ്പു വച്ച ബെക്കാ, അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സന്ദര്‍ശന വേളയില്‍ നടത്തിയ പ്രസ്താവനയുടെ പൂര്‍ത്തീകരണവുമാണ്.

 

∙ എന്താണ് ലെമോവ?

 

ഈ മൂന്നു കരാറുകളില്‍ ആദ്യത്തേതാണ് ലെമോവ. ഇത് 2016ലാണ് ഒപ്പുവച്ചത്. ഇന്ത്യയുടെയും അമേരിക്കയുടെയും സൈന്യങ്ങള്‍ക്ക് ഇരു രാജ്യങ്ങളുടെയും സൈനിക താവളങ്ങളിലെത്തി ഇന്ധനമടക്കം എല്ലാം നിറയ്ക്കാം. സ്‌പെയര്‍പാര്‍ട്ടുകള്‍ മാറാം, വിമാനങ്ങള്‍ക്കും മറ്റും അറ്റകുറ്റപ്പണി വേണമെങ്കില്‍ നടത്താം. ഇവ ഇരു രാജ്യങ്ങളുടെയും കര, വ്യോമ, നാവിക സേനകള്‍ക്ക് ഉപകരിക്കും. അങ്ങനെ ഉപയോഗിക്കുന്ന സാധനങ്ങള്‍ പിന്നെ തിരിച്ചു നല്‍കുകയോ അതിന്റെ പണം നല്‍കുകയോ ചെയ്യാം. ഇത് ഇന്തോ-പാസിഫിക് മേഖലയിലെ ഇരു രാജ്യങ്ങളുടെയും നാവിക സേനകള്‍ തമ്മിലുള്ള സഹകരണത്തെ ഊട്ടിയുറപ്പിക്കുന്ന ഒന്നായാണ് അറിയപ്പെടുന്നത്. അതായത്, നിങ്ങള്‍ ദീര്‍ഘയാത്ര പോകുമ്പോള്‍ നിങ്ങളുടെ വാഹനം തകരാറിലായാല്‍ സുഹൃത്തിന്റെ വര്‍ക്‌ഷോപ്പിലെത്തി പ്രശ്‌നം പരിഹരിക്കുന്നതു പോലെ എളുപ്പത്തില്‍ കാര്യങ്ങള്‍ നടത്തുക എന്ന ലക്ഷ്യമാണ് ഇതിലുള്ളത്. ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പരവിശ്വാസം വര്‍ധിപ്പിക്കുന്നതിന് ഇത് വളരെ ഉപകരിക്കുമെന്നാണ് പറയുന്നത്. അത്രമേല്‍ വിശ്വാസമില്ലെങ്കില്‍ ഒരു രാജ്യവും തങ്ങളുടെ സൈനിക സന്നാഹങ്ങളെക്കുറിച്ച് മറ്റൊരു രാജ്യത്തിനും ഒരു തരത്തിലുമുള്ള അറിവു നല്‍കാന്‍ ഒരുങ്ങില്ല. ഈ കരാര്‍ ഏകദേശം ഒരു പതിറ്റാണ്ടിലേറെ നടത്തിയ സംവാദത്തിന്റെ ഫലമായി ഉരുത്തിരിഞ്ഞതാണെന്നത് അതിന്റെ പ്രാധാന്യം മനസിലാക്കാന്‍ ഉപകരിക്കും. മറ്റു രണ്ടു അടിസ്ഥാന ശിലകളും സാധ്യമാകുന്നതും ഇത് ഒപ്പു വച്ചതിനാലാണ്.

 

ഇത് ഒപ്പുവയ്ക്കുന്നതിനു മുൻപും ഇന്ത്യ അമേരിക്കയ്ക്ക് ലോജിസ്റ്റിക്‌സ് സേവനം നല്‍കിയിട്ടുണ്ട്. ഉദാഹരണത്തിന് ഗള്‍ഫ് യുദ്ധ സമയത്ത് 1991ല്‍ അമേരിക്കന്‍ യുദ്ധ വിമാനങ്ങള്‍ക്ക് ബോംബെയില്‍ ഇന്ധനം നിറയ്ക്കാന്‍ അവസരം നല്‍കിയിരുന്നു. കൂടാതെ,  9/11 ആക്രമണത്തിനു ശേഷം അമേരിക്കന്‍ യുദ്ധ കപ്പലുകളോട് ഇന്ത്യന്‍ തീരത്ത് എത്താനും അനുമതി നല്‍കിയിരുന്നു. ലെമോവ ഒപ്പുവച്ചതോടെ ഇത്തരം സഹകരണം എളുപ്പമാക്കിയിരിക്കുയാണ്.

 

∙ എന്താണ് കോംകാസ?

 

സെപ്റ്റംബര്‍ 2018ലാണ് കോംകാസ ഒപ്പുവയ്ക്കുന്നത്. ഇന്ത്യയ്ക്ക് എന്‍ക്രിപ്റ്റു ചെയ്ത കമ്യൂണിക്കേഷന്‍ ഉപകരണങ്ങളും സിസ്റ്റവും അമേരിക്ക നല്‍കുകയായിരുന്നു. അതിനു ശേഷം, അമേരിക്കയുടെയും ഇന്ത്യയുടെയും സൈനിക കമാണ്ടര്‍മാര്‍ക്ക് സുരക്ഷിതമായ നെറ്റ്‌വര്‍ക്ക് ഉപയോഗിച്ച് പരസ്പരം ആശയവിനിമയം നടത്താനാകുകയായിരുന്നു. യുദ്ധ സമയത്തും അല്ലാത്തപ്പോഴും ഇരു വിഭാഗങ്ങളും തമ്മില്‍ നടത്തുന്ന സംഭാഷണങ്ങള്‍ പുറത്തു പോകുന്നില്ല എന്നുറപ്പുവരുത്തുന്ന സിസ്റ്റങ്ങളായിരുന്നു ലഭിച്ചത്. വാട്‌സാപ്, ടെലഗ്രാം തുടങ്ങിയ ആപ്പുകളിലൂടെ സുരക്ഷിതമായി ഒരു സുഹൃത്തിന് സന്ദേശം കൈമാറുന്നതു പോലെ തന്നെയാണ് ഇതിന്റെ പ്രവര്‍ത്തനവും. ഇതുപയോഗിച്ച് ഇരു സേനകള്‍ക്കും പരസ്പരം അറിഞ്ഞുള്ള നീക്കങ്ങള്‍ നടത്താനാകും. ഈ സിസ്റ്റം ഉപയോഗിക്കുന്ന മറ്റു രാജ്യങ്ങളുമായും സഹകരിക്കാനും സാധിക്കും.

 

∙ ഇപ്പോള്‍ ഇതു കൊണ്ട് എന്തെങ്കിലും ഗുണമുമുണ്ടോ?

 

അതിര്‍ത്തിയില്‍ ചൈന മസിലു പെരുപ്പിക്കുന്ന സന്ദര്‍ഭത്തിലാണ് ബെക്കാ ഒപ്പുവച്ചിരിക്കുന്നത് എന്നത് ശത്രു രാജ്യങ്ങള്‍ക്ക് വ്യക്തമായ സൂചന നല്‍കുക എന്ന ഉദ്ദേശത്തോടു കൂടിയാണെന്നാണ് വിലയിരുത്തല്‍. ചൈന ഇപ്പോള്‍ ചില അയല്‍ രാജ്യങ്ങള്‍ക്കും വിദൂരത്തുള്ള രാജ്യങ്ങള്‍ക്കും ഭീഷണിയായി തീര്‍ന്നിരിക്കുകയാണെന്നും പറയുന്നു. രാജ്യങ്ങള്‍ തമ്മില്‍ പാലിക്കേണ്ട പല മര്യാദകളും ചൈന പാലിക്കുന്നുണ്ടോ എന്ന കാര്യത്തിലും ഇപ്പോള്‍ സംശയമുണ്ട്. അമേരിക്കയ്ക്ക് ഇന്ത്യ റഷ്യയുടെ പ്രലോഭനത്തില്‍ പെടുന്നതിനു മുൻപ് തങ്ങള്‍ക്കൊപ്പം നിന്നു കാണാനും ആഗ്രഹമുണ്ട്. റഷ്യയുമായി ഇന്ത്യ ആയുധക്കരാറും മറ്റും ഉണ്ടാക്കിയാല്‍ തങ്ങളുട സാങ്കേതികവിദ്യയും മറ്റും ചോരുമോ എന്നും അമേരിക്ക ഭയക്കുന്നുണ്ടാകും. എന്തായാലും, ഇന്ത്യ റഷ്യയുടെ എസ്-400 പ്രതിരോധ മിസൈല്‍ സിസ്റ്റം സ്വന്തമാക്കാനുള്ള തിരുമാനത്തില്‍ നിന്ന് ഇതുവരെ പിന്തിരിഞ്ഞതായി ഒരു സൂചനയും ലഭിച്ചിട്ടില്ലെന്നത് അമേരിക്കയ്ക്ക് ദഹിക്കാത്ത കാര്യമായിരിക്കും. അതേസമയം, പാക്കിസ്ഥാന് പെന്റഗണുമായുള്ള ബന്ധം ഇന്ത്യയുടെ ഉറക്കവും കെടുത്തുന്നു. അഫ്ഗാനിസ്ഥാനിലേക്കും മറ്റുമുള്ള പോക്കുവരവിന് ഇടത്താവളമായി പാക്കിസ്ഥാനെ ഉപയോഗിക്കാറുണ്ടോ എന്നതും ഇന്ത്യയ്ക്ക് അത്ര രുചിക്കുന്ന കാര്യമല്ല. എന്തായാലും, ഇപ്പോള്‍ ബെക്കാ ഒപ്പുവച്ചതിനു പിന്നില്‍ ചൈന തന്നെയാണു കാരണം എന്നാണ് വിലയിരുത്തല്‍.

 

English Summary: What is BECA? Know about the other two most important Indo-Us pacts too

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com