ADVERTISEMENT

ലോകത്തെ ഏറ്റവും വേഗമുളള ക്രൂസ് മിസൈലായ ബ്രഹ്മോസിന്റെ പരീക്ഷണങ്ങൾ ഇന്ത്യ വീണ്ടും തുടങ്ങി. ഇതോടൊപ്പം തന്നെ മിസൈന്റെ പരിധി വിപുലീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങളും നടക്കുന്നുണ്ട്. കര, കടൽ, വായുവിൽ നിന്ന് വിക്ഷേപിക്കാൻ കഴിയുന്ന 1,500 കിലോമീറ്റർ പരിധിയുള്ള ബ്രഹ്മോസിന്റെ പണിപ്പുരയിലാണ് ഗവേഷകർ. ചൈനയുടെ കൂടുതൽ നഗരങ്ങൾ ഇന്ത്യയുടെ മിസൈൽ പരിധിയിൽ കൊണ്ടുവരാൻ ലക്ഷ്യമിട്ടാണ് ബ്രഹ്മോസിന്റെ പരിധി കൂട്ടുന്നത്.

 

ശബ്ദത്തിന്റെ മൂന്നിരട്ടി വേഗത്തിൽ (2.8 മാക്) പറക്കുന്ന ലോകത്തിലെ ഏക സൂപ്പർസോണിക് ക്രൂസ് മിസൈലായ ബ്രഹ്മോസിന് നിലവിൽ 290 കിലോമീറ്ററാണ് പരിധി. എന്നാൽ ഇത് 800 കിലോമീറ്ററിലേക്ക് വ്യാപിപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ലോകത്ത് ഇന്ന് പരീക്ഷിച്ചിട്ടുള്ള ഏറ്റവും മികച്ച ക്രൂസ് മിസൈൽ ഇന്ത്യയുടെ ബ്രഹ്മോസ് തന്നെയാണ്. കര, കടൽ, വായു പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കിയ ബ്രഹ്മോസിന്റെ പരിധി വീണ്ടും ഉയർത്താൻ പോകുക തന്നെയാണ്. 

 

ആൻഡമാൻ നിക്കോബാർ ദ്വീപുകളിലും 290 കിലോമീറ്റർ ദൂരെയുള്ള ബ്രഹ്മോസിന്റെ നിരവധി പരീക്ഷണങ്ങൾ നടത്തി. നാവികസേനയും വ്യോമസേനയും ഈ ആഴ്ച തന്നെ കൂടുതൽ പരീക്ഷണങ്ങൾ നടത്താൻ സാധ്യതയുണ്ട്. സെപ്റ്റംബറിൽ നടത്തിയ 400 കിലോമീറ്റർ പരിധിയുള്ള ബ്രഹ്മോസിന്റെ പരീക്ഷണം വിജയകരമാണെന്ന് പ്രതിരോധ, സുരക്ഷാ സ്ഥാപന വൃത്തങ്ങൾ അറിയിച്ചു. ഒരു നിശ്ചിത സമയപരിധിക്കുള്ളിൽ മിസൈലുകളുടെ വ്യാപ്തി വർധിപ്പിക്കുന്നതിന് മൂന്ന് സേനാവിഭാഗങ്ങളുമായും ചർച്ച നടക്കുന്നുണ്ട്.

 

മിസൈലിന്റെ ഹൈപ്പർസോണിക് പതിപ്പും ശബ്ദത്തിന്റെ അഞ്ചിരട്ടിയിലധികം വേഗത്തിൽ കുതിക്കുന്നുണ്ട്. അടുത്ത വർഷം 800 കിലോമീറ്റർ ദൂരെയുള്ള ബ്രഹ്മോസ് പരീക്ഷിക്കുകയാണ് ലക്ഷ്യമെന്നും പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. ഇതോടൊപ്പം തന്നെ 1,500 കിലോമീറ്റർ പരിധിയുള്ള മിസൈൽ നിർമാണത്തിനും ടീം പ്രവർത്തിക്കുന്നുണ്ട്. തുടക്കത്തിൽ ഇത് കര അടിസ്ഥാനമാക്കിയുള്ള മിസൈലായിരിക്കുമെന്നും പ്രതിരോധ വൃത്തങ്ങൾ പറഞ്ഞു. എന്നാൽ സിസ്റ്റം വിജയിച്ചു കഴിഞ്ഞാൽ  വായുവിൽ നിന്നും വെള്ളത്തിൽ നിന്നും പതിപ്പുകളിൽ ചില മാറ്റങ്ങൾ വരുത്തി പരീക്ഷിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

 

2017 ജൂണില്‍ ഇന്ത്യയ്ക്ക് മിസൈല്‍ ടെക്‌നോളജി കണ്‍ട്രോള്‍ റെയ്ഷിമിൽ ‍(എംടിസിആര്‍) അംഗത്വം ലഭിച്ചതാണ് ബ്രഹ്മോസിന്റെ പരിധി വര്‍ധിപ്പിക്കുന്നത് സാധ്യമാക്കിയത്. ചൈനയുടെ ശക്തമായ ഇടപ്പെടല്‍ മറികടന്നാണ് ഇന്ത്യയ്ക്ക് അംഗത്വം ലഭിച്ചത്. ബാലിസ്റ്റിക് മിസൈലുകളുടെ നിര്‍മാണവും വിതരണവുമായി ബന്ധപ്പെട്ടുള്ള 34 രാജ്യങ്ങളുടെ കൂട്ടായ്മയാണ് എംടിസിആര്‍. 500 കിലോഗ്രാം വരെ ഭാരമുള്ളതും 300 കിലോമീറ്റര്‍ വരെ പരിധിയുള്ളതുമായ മിസൈലുകളും ഡ്രോണുകളും പരിശോധിക്കുകയും സാങ്കേതിക വിദ്യകള്‍ പരസ്പരം കൈമാറുകയും ചെയ്യുന്നതിന് എംടിസിആര്‍ അംഗരാജ്യങ്ങള്‍ക്ക് അനുമതി നല്‍കുന്നു.

എംടിസിആറില്‍ അംഗമല്ലാത്ത രാജ്യങ്ങളിലേക്ക് 300 കിലോമീറ്ററില്‍ കൂടുതല്‍ പരിധിയുള്ള മിസൈലുകള്‍ കൈമാറുന്നതിന് വിലക്കുണ്ടായിരുന്നു. റഷ്യ നേരത്തെ തന്നെ എംടിസിആറില്‍ അംഗമായിരുന്നു. ഇക്കാരണത്താല്‍ ഇന്ത്യ റഷ്യ സംയുക്ത സംരംഭമായ ബ്രഹ്മോസിന്റെ പരിധി 300 കിലോമീറ്ററില്‍ കുറയുകയായിരുന്നു. ഈ പ്രതിബന്ധമാണ് അംഗത്വം ലഭിച്ചതോടെ ഇന്ത്യ തന്ത്രപരമായി മറികടന്നത്. എംടിസിആറില്‍ അംഗമായതോടെ ഇന്ത്യയ്ക്കും റഷ്യക്കും സംയുക്തമായി ബ്രഹ്മോസിന്റെ വില്‍പന നടത്താനാകുന്നുണ്ട്.

 

ഭൂഗുരുത്വം ഉപയോഗിച്ചാണ് ബാലിസ്റ്റിക് മിസൈലുകള്‍ പകുതി ദൂരത്തിന് ശേഷം സഞ്ചരിക്കുന്നത്. അതേസമയം ക്രൂസ് മിസൈലുകള്‍ തുടക്കം മുതല്‍ ലക്ഷ്യസ്ഥാനം വരെ ഇന്ധനം ഉപയോഗിക്കുന്നവയാണ്. അതുകൊണ്ട് തന്നെ ക്രൂസ് മിസൈലായ ബ്രഹ്മോസിന്റെ കൃത്യത കൂടുതലാണ്. ആളില്ലാ വിമാനം പോലെ ലക്ഷ്യ സ്ഥാനം വരെ ബ്രഹ്മോസിനെ നിയന്ത്രിക്കാനാകും. ഉദാഹരണത്തിന് മലമടക്കുകളിലെ ദുഷ്‌കര ലക്ഷ്യസ്ഥാനങ്ങള്‍ പോലും പ്രകൃതിയുടെ പ്രതിബന്ധങ്ങള്‍ മറികടന്ന് ബ്രഹ്മോസിന് കൃത്യമായി തകര്‍ക്കും. 

 

സുഖോയ് 30 ജെറ്റ് വിമാനങ്ങളില്‍ നിന്നും ബ്രഹ്മോസ് പരീക്ഷിച്ചു വിജയിച്ചതാണ്. 3600 കിലോമീറ്റർ ദൂരം വരെ പറന്ന് ബ്രഹ്മോസ് മിസൈൽ തൊടുക്കാനാകും. സുഖോയ് 30 യുടെ ദൂരപരിധി 3600 കിലോമീറ്ററാണ്. ശബ്ദത്തിന്റെ ഇരട്ടി വേഗത്തില്‍ സഞ്ചരിക്കുന്ന ബ്രഹ്മോസിനെ വഹിക്കാന്‍ ശേഷിയുള്ള സുഖോയ് 30 ജെറ്റ് വിമാനങ്ങള്‍ പരിഷ്കരിച്ചാണ് പരീക്ഷണം നടത്തിയത്.

 

English Summary: India now working on 1,500-km range BrahMos supersonic cruise missile

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com