ADVERTISEMENT

ഇന്റര്‍നെറ്റില്‍ അതിവേഗത്തില്‍ പ്രചരിക്കുന്നത് അമേരിക്കന്‍ - റഷ്യന്‍ പോര്‍വിമാനത്തിന്റെ ചിത്രമാണ്. റഷ്യന്‍ വെബ് സൈറ്റായ avia.pro ആണ് ഈ ചിത്രം പുറത്ത് വിട്ടത്. അമേരിക്കന്‍ സൈന്യം പുറത്തുവിട്ടതെന്ന് അവകാശപ്പെടുന്ന ഈ ചിത്രത്തിന്റെ പ്രത്യേകതയാണ് ഏവരേയും അമ്പരപ്പിക്കുന്നത്. അമേരിക്കയുടെ എഫ് 16 പോര്‍വിമാനത്തിന്റെ ചിറകുകളില്‍ റഷ്യൻ എയ്‌റോസ്‌പേസ് ഫോഴ്‌സിന്റെ ചിഹ്നം പതിപ്പിച്ചിരിക്കുന്നതാണ് ചിത്രത്തെ ശ്രദ്ധേയമാക്കുന്നത്.

 

സംഭവം വിവാദമായതോടെ ഈ വിചിത്രമായ പെയിന്റിങ്ങിനെക്കുറിച്ച് അമേരിക്കന്‍ വ്യോമസേന തന്നെ വിശദീകരണവും നല്‍കുന്നുണ്ട്. നേവാഡയിലെ നെല്ലിസ് എയര്‍ഫോഴ്‌സ് ബേസിലെ 64ാം അഗ്രസര്‍ സ്‌ക്വാഡ്രണിന്റെ അപേക്ഷപ്രകാരമാണത്രേ ഇത്തരമൊരു പെയിന്റിങ് നടത്തിയത്. റെഡ് ഫ്‌ളാഗ് പരിശീലനങ്ങളുടെ ഭാഗമായാണ് ഈ പെയിന്റിങ് അമേരിക്കന്‍ പോര്‍വിമാനത്തിന് നല്‍കിയതെന്നും ഇവര്‍ പറയുന്നു. 

 

'പോര്‍വിമാനത്തില്‍ എതിരാളികളുടെ പോര്‍വിമാനത്തിനോട് സാമ്യമുള്ള പെയിന്റാണ് അടിച്ചിരിക്കുന്നത്. അമേരിക്കന്‍ സഖ്യ രാജ്യങ്ങളുടെ പരിശീലനത്തിന് വേണ്ടിയാണിത് സജ്ജമാക്കിയത്. ശത്രു രാജ്യങ്ങളുടെ പോര്‍വിമാനങ്ങളെ വായുവില്‍ നിന്നും തിരിച്ചറിയുന്നത് എങ്ങനെയെന്ന് പരിശീലിക്കാന്‍ വേണ്ടിയാണിത്' എന്നാണ് അമേരിക്കന്‍ വ്യോമസേന പുറത്തിറക്കിയ വിശദീകരണ കുറിപ്പില്‍ വിവരിക്കുന്നത്.

 

മൂന്ന് ഷിഫ്റ്റുകളിലായി 12 പേര്‍ 18 മണിക്കൂര്‍ അധ്വാനിച്ചാണ് ഈ എഫ് 16 പോര്‍വിമാനത്തിന്റെ പെയിന്റിങ് ജോലികള്‍ തീര്‍ത്തത്. സാധാരണ പോര്‍വിമാനത്തിന്റെ പെയിന്റിങ്ങിനേക്കാള്‍ ഏഴ് ദിവസം ഇതിന്റെ പെയിന്റിങ് തീര്‍ക്കാന്‍ വേണ്ടിവന്നു. അമേരിക്ക മാത്രമല്ല റഷ്യ അടക്കം പല രാജ്യങ്ങളും സമാനമായ രീതിയില്‍ ശത്രു രാജ്യങ്ങളുടെ പോര്‍വിമാനങ്ങള്‍ക്ക് സമാനമായ പെയിന്റുകള്‍ പോര്‍വിമാനങ്ങള്‍ക്ക് അടിച്ചിട്ടുണ്ട്. ഫോബ്‌സിന്റെ ഡേവിഡ് ആക്‌സ് തന്നെ ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നുണ്ട്. രണ്ടാം ലോകമഹായുദ്ധകാലത്തെ ജര്‍മന്‍ സൈന്യത്തിന്റെ പോര്‍വിമാനങ്ങള്‍ക്ക് സമാനമായ പെയിന്റിങ് സുഖോയ് Su-57 പോര്‍വിമാനങ്ങള്‍ക്ക് അടിച്ചിട്ടുണ്ട്. 1980കളില്‍ അമേരിക്കന്‍ വ്യോമസേനയുടെ ഭാഗമായിരുന്ന എഫ് 15സി പോര്‍വിമാനങ്ങള്‍ക്ക് സമാനമായ പെയിന്റിങും Su-57 പോര്‍വിമാനങ്ങള്‍ക്ക് റഷ്യ നല്‍കിയിട്ടുണ്ട്.

 

അതേസമയം, ശത്രുരാജ്യങ്ങളുടെ പോര്‍വിമാനങ്ങളെ രൂപഭാവങ്ങളില്‍ അനുകരിക്കുന്നതിനെതിരെ വിമര്‍ശനങ്ങളും കാലാകാലങ്ങളില്‍ ഉയര്‍ന്നിട്ടുണ്ട്. 1987ല്‍ പോര്‍വിമാനങ്ങളുടെ ഡിസൈനര്‍മാരില്‍ പ്രമുഖനായ കെയ്ത് ഫെരിസ് ന്യൂയോര്‍ക്ക് ടൈംസിനോട് പറഞ്ഞതിങ്ങനെ. 'ശത്രുരാജ്യങ്ങളുടെ പോര്‍വിമാനങ്ങള്‍ക്ക് സമാനമായ പെയിന്റുകള്‍ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. സ്വന്തം സേനയിലെ പൈലറ്റുമാരുടെ പോലും ആശയക്കുഴപ്പം വര്‍ധിപ്പിക്കാനേ ഇത്തരം നീക്കങ്ങള്‍ സഹായിക്കൂ. മാത്രമല്ല ആകാശത്ത് പറക്കുന്ന പോര്‍വിമാനങ്ങളുടെ ഏത് ഭാഗങ്ങളാണ് കണ്ണിലുടക്കുകയെന്നും ഉറപ്പിക്കാനാവില്ല'.

 

ഇതുവരെ നിര്‍മിക്കപ്പെട്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും വിജയകരമായ പോര്‍വിമാനമായാണ് അമേരിക്കയുടെ നാലാം തലമുറ എഫ് 16 പോര്‍വിമാനങ്ങള്‍ വിശേഷിപ്പിക്കപ്പെടുന്നത്. ഇതു തന്നെയാണ് ഇവയുടെ ജനപ്രീതിയുടെ കാരണവും. ലോകമാകെ 25 രാജ്യങ്ങളിലായി മൂവായിരത്തോളം എഫ് 16 പോര്‍വിമാനങ്ങള്‍ ഇപ്പോള്‍ സജീവമായുണ്ട്.

 

English Summary: Russian F-16 Fighter Jet Creates A Buzz On The Internet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com