sections
MORE

ചൈന പുറത്തെടുത്ത പുതിയ പ്രതിരോധ ആയുധം അമേരിക്കയ്ക്കും ഇന്ത്യക്കും വെല്ലുവിളിയാകുമോ?

china-missile-test
SHARE

ചൈനയുടെ ഏറ്റവും പുതിയ ബാലിസ്റ്റിക് മിസൈൽ പരീക്ഷണം (ആന്റി ബാലിസ്റ്റിക് മിസൈൽ) വിജയിച്ചെന്ന് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചൈനയുടെ പ്രധാന ശത്രുക്കളായ അമേരിക്കയുടെയും ഇന്ത്യയുടെയും നീക്കങ്ങളെ വായുവിൽ വെച്ച് തന്നെ നേരിടാൻ ശേഷിയുള്ള ആയുധമാണ് പരീക്ഷിച്ചിരിക്കുന്നത്. വ്യാഴാഴ്ചയാണ് പരീക്ഷണം നടന്നത്. 

ഇത് സംബന്ധിച്ചുള്ള വിശദാംശങ്ങൾ പരിമിതമാണ്. എന്നാൽ, വായുവിൽ വെച്ച് തന്നെ ഒരു ഇന്റർമീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈൽ (ഐആർബിഎം) തടയാനുള്ള കഴിവുകൾ പരീക്ഷിക്കുകയായിരുന്നു ലക്ഷ്യമെന്ന് ചൈനീസ് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. അതേസമയം, ഇത്തരത്തിലുള്ള പ്രതിരോധ സംവിധാനങ്ങൾ (മിസൈലുകൾ) വേണമെങ്കിൽ ആന്റി സാറ്റലൈറ്റ് മിസൈലുകളായി മാറ്റാനും കഴിയുമെന്നാണ് വിദഗ്ധർ പറയുന്നത്.

ഇങ്ങോട്ടു വരുന്ന മിസൈലിനെ തകർക്കാനുള്ള ശേഷിയിൽ ഈ സംവിധാനം വിജയിച്ചെന്ന് ചൈനീസ് പ്രതിരോധ മന്ത്രാലയം പ്രഖ്യാപിച്ചു. യുഎസിന് ശേഷം ഈ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്ത രണ്ടാമത്തെ രാജ്യമാണ് ചൈന. പരീക്ഷണം പ്രതിരോധാത്മക സ്വഭാവമുള്ളതായിരുന്നു, ഏതെങ്കിലും പ്രത്യേക രാജ്യത്തെ ലക്ഷ്യമാക്കിയിരുന്നില്ലെന്നും ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

റഷ്യയുമായുള്ള ഒരു പ്രധാന ആണവായുധ നിയന്ത്രണ കരാർ വിപുലീകരിക്കുന്നതിന് ബൈഡൻ ഭരണകൂടം അംഗീകാരം നൽകി ഒരു ദിവസത്തിന് ശേഷമാണ് ഈ പരീക്ഷണത്തെക്കുറിച്ച് ചൈന വെളിപ്പെടുത്തുന്നത്. എന്നാൽ ഇതിന്റെ സാങ്കേതിക വിശദാംശങ്ങളൊന്നും പുറത്തുവിടുകയും ചെയ്തില്ല.

പരീക്ഷണത്തിന് മുൻപ്, വടക്കൻ ചൈനയിലെ തായ്‌വാൻ സാറ്റലൈറ്റ് വിക്ഷേപണ കേന്ദ്രത്തിന് സമീപം അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. പരീക്ഷണത്തിന്റെ ഫോട്ടോകളും വിഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. പരീക്ഷണം ഒരു പ്രത്യേക രാജ്യത്തെയും ലക്ഷ്യമാക്കിയിട്ടില്ലെന്ന് പ്രതിരോധ മന്ത്രാലയം പറഞ്ഞു. എന്നാൽ, ഇൻ‌കമിങ് ന്യൂക്ലിയർ പോർമുനകളെ ആകാശത്തുവച്ചു തന്നെ തടയാൻ‌ കഴിയുന്ന ആന്റി ബാലിസ്റ്റിക് മിസൈൽ പരീക്ഷണം ഇന്ത്യക്ക് ഒരു മുന്നറിയിപ്പായിരിക്കാമെന്നും പി‌എൽ‌എയുടെ അടുത്ത വൃത്തങ്ങൾ പറഞ്ഞു.

ഏറ്റവും ദൈർഘ്യമേറിയതും ആണവ ശേഷിയുള്ളതുമായ ബാലിസ്റ്റിക് മിസൈൽ അഗ്നി-5 വിന്യസിക്കാൻ ഇന്ത്യ ഒരുങ്ങുന്നുവെന്ന് പ്രതിരോധ വൃത്തങ്ങളെ ഉദ്ധരിച്ച് ജനുവരിയിൽ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ചൈന-ഇന്ത്യ അതിർത്തിയിലെ സംഘർഷങ്ങൾ ഇരു രാജ്യങ്ങളിലെയും ആയുധ പരീക്ഷണങ്ങൾ സജീവമാക്കിയിട്ടുണ്ട്. അഗ്നി-5 ബാലിസ്റ്റിക് മിസൈലിന്റെ പരിധി 5,000 കിലോമീറ്ററിലധികം വരും.

china-missile

ചൈന വളരെക്കാലമായി വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു സാങ്കേതികവിദ്യയാണിത്. ചൈനയുമായി ഇടപെടുമ്പോൾ ന്യൂക്ലിയർ ബ്ലാക്ക് മെയിൽ തന്ത്രം പ്രയോഗിച്ചിരുന്ന ഇന്ത്യക്ക് മുന്നറിയിപ്പ് നൽകാനാണ് വ്യാഴാഴ്ചത്തെ പരീക്ഷണം ലക്ഷ്യമിടുന്നതെന്ന് ചൈനീസ് സൈനിക വൃത്തങ്ങൾ പറഞ്ഞു. എന്നാൽ ആരാണ് ഇത്തരമൊരു പ്രസ്താവന നടത്തിയതെന്ന് വ്യക്തമാക്കിയിട്ടില്ല.

എന്നാൽ, ചൈനയുടെ മിഡ്‌കോഴ്‌സ് ആന്റി ബാലിസ്റ്റിക് സാങ്കേതികവിദ്യയ്ക്ക് ഇപ്പോഴും അമേരിക്കയിൽ നിന്നും റഷ്യയിൽ നിന്നുമുള്ള ആണവ മിസൈലുകൾ തകർക്കാൻ കഴിയില്ല, കാരണം പി‌എൽ‌എയും രണ്ട് ന്യൂക്ലിയർ ഭീമന്മാരും തമ്മിൽ ഇപ്പോഴും വലിയ അന്തരമുണ്ടെന്നാണ് പ്രതിരോധ വിദഗ്ധർ പറയുന്നത്.

വൈറ്റ് ഹൗസിലെ പുതിയ താമസക്കാരന് (ബൈഡന്ഡ) ഇതൊരു സന്ദേശം കൂടിയാണെന്ന് മക്കാവു ആസ്ഥാനമായുള്ള മിലിട്ടറി അഫയേഴ്സ് കമന്റേറ്റർ ആന്റണി വോങ് ടോംങ് അഭിപ്രായപ്പെട്ടു. ഐ‌എൻ‌എഫിൽ നിന്ന് പുറത്തുപോയതിനുശേഷം യുഎസ് അതിവേഗം ഇന്റർമീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈലുകൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇത് ചൈനയ്ക്ക് ഭീഷണിയാണെന്നും വോങ് പറഞ്ഞു. തായ്‌വാൻ പോലും ബാലിസ്റ്റിക് മിസൈലുകളിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് അറിയുന്നത്.

English Summary: China Claims It Has Conducted A New Midcourse Intercept Anti-Ballistic Missile Test

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DEFENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA