ADVERTISEMENT

ഇറാൻ സേനകളുടെ ഡ്രോണുകൾ പലപ്പോഴായി അമേരിക്കൻ വിമാനവാഹിനി കപ്പലുകൾക്ക് മുകളിലൂടെ പറന്ന് ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ട്. ഈ വിഡിയോകളെല്ലാം ഔദ്യോഗികമായി ടിവി ചാനലുകളിലൂടെ പുറത്തുവിടുകയും ചെയ്തിരുന്നു. ഇറാന്റെ സായുധ സേനയുടെ (ഐആർജിസി) ഡ്രോണുകൾ പേർഷ്യൻ ഗൾഫിൽ വിന്യസിച്ച യുഎസ് നാവികസേനയുടെ വിമാനവാഹിനി കപ്പലിന്റേതെന്ന് അവകാശപ്പെടുന്ന കൃത്യമായ ഡ്രോൺ ദൃശ്യങ്ങൾ പുറത്തുവിട്ടിരുന്നു. എന്നാൽ, ഇതേ ഡ്രോണുകൾ ഉപയോഗിച്ച് വൻ ആക്രമണങ്ങൾ നടത്താൻ സാധിക്കുമെന്നും വെളിപ്പെടുത്തുകയാണ് ഇറാൻ.

 

ഇറാൻ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് കില്ലർ ഡ്രോണിന്റെ പരീക്ഷണ പറക്കൽ നടത്തി. ഇതിന്റെ വിഡിയോകൾ സർക്കാരിന്റെ അധീനതയിലുള്ള പ്രസ് ടിവി പുറത്തുവിട്ടു. ത്രികോണാകൃതിയിലുള്ള ഡ്രോൺ ഒരു ലക്ഷ്യത്തിലേക്ക് കുതിക്കുന്നതും നിമിഷങ്ങൾക്കകം പൊട്ടിത്തെറിക്കുന്നതുമാണ് ദൃശ്യങ്ങളിൽ കാണുന്നത്.

 

അമേരിക്ക ഉൾപ്പടെയുള്ള വൻ ശക്തികളെ പ്രതിരോധിക്കാനായി ഇറാൻ ഓരോ ദിവസവും പുതിയ ആയുധവും ടെക്നോളജിയുമാണ് അവതരിപ്പിക്കുന്നത്. മിക്കതും തദ്ദേശീയമായി നിർമിച്ചതുമാണ്. ഇത്തരമൊരു പുതിയ ആയുധമാണ് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. തദ്ദേശീയമായി നിർമിച്ച ആളില്ലാ വിമാനത്തിന്റെ (യു‌എ‌വി) ഏറ്റവും പുതിയ മോഡലുകളാണ് ഇറാൻ അവതരിപ്പിച്ചത്.

 

670 കിലോഗ്രാം ഭാരവും 120 കിലോഗ്രാം വരെ ആയുധങ്ങൾ വഹിക്കാൻ ശേഷിയുള്ളതുമായ ഡ്രോണുകൾ ഇറാന്റെ കൈവശമുണ്ട്. റഡാറുകളെ കണ്ണുവെട്ടിച്ച് പറക്കാൻ ശേഷിയുള്ള ചില യു‌എവികൾക്ക് 45,000 അടി ഉയരത്തിൽ (ഏകദേശം 13.7 കിലോമീറ്റർ) 45 മിനിറ്റ് നേരത്തേക്ക് 900 കിലോമീറ്റർ വേഗത്തിൽ പറക്കാൻ കഴിയുമെന്നാണ് അറിയുന്നത്.

 

ലോകത്തിലെ മികച്ച അഞ്ച് ഡ്രോൺ ശക്തികളിൽ ഇറാനും ഉൾപ്പെടുന്നുവെന്നാണ് ഇറാനിലെ വ്യോമസേന (ഐ‌ആർ‌ഐ‌എ‌എഫ്) ബ്രിഗേഡിയർ ജനറൽ അസീസ് നാസിർസാദെ ഒരിക്കൽ പറഞ്ഞത്. ആഭ്യന്തര വൈദഗ്ധ്യത്തെ ആശ്രയിച്ച് ആവശ്യമായ ഡ്രോണുകൾ നിർമിക്കാൻ ഇറാനിയൻ സായുധ സേനയ്ക്ക് കഴിയുന്നുണ്ടെന്നാണ് അദ്ദേഹം വാദിക്കുന്നത്.

 

English Summary: Iran Conducts Test Flights of 'Suicide' Drone - Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com