ADVERTISEMENT

2011 മേയ് 2. പാക്കിസ്ഥാനിലെ അബോട്ടാബാദ് പട്ടണം. അർധരാത്രി പിന്നിട്ട് ഒരുമണി ആകാറായിരുന്നു. ജോലിയുടെ മുഷിപ്പിലായിരുന്നു സുഹൈബ് അക്തർ എന്ന പാക്കിസ്ഥാനി സോഫ്റ്റ്‌വെയർ എൻജിനീയർ. സുഹൈബിന്റെ ഭാര്യയും മകനും നല്ല ഉറക്കത്തിൽ. അവരുടെ ഉറക്കത്തിൽ അസൂയ പൂണ്ട് ഒരു നെടുവീർപ്പിട്ട ശേഷം സുഹൈബ് തന്റെ ജോലികൾ തുടർന്നു... വ്രൂം എന്ന ചിറകടി ശബ്ദം സുഹൈബിന്റെ തലയ്ക്കു മുകളിൽ എത്തുന്നതു വരെ. 

 

പുറത്തിറങ്ങി നോക്കിയ സുഹൈബ് ആ കാഴ്ച കണ്ട് അമ്പരന്നു. വളരെ താഴ്ന്ന നിലയിൽ പറക്കുകയാണ് ഏതാനും ഹെലിക്കോപ്റ്ററുകൾ.‌ തിരിച്ചെത്തിയ സുഹൈബ് തന്റെ ട്വിറ്ററിൽ നിന്ന് ആ ട്വീറ്റ് ചെയ്തു. –‘അബോട്ടാബാദിൽ ഒരപൂർവ കാഴ്ച. അർധരാത്രി കഴിഞ്ഞ് ഇവിടെ ഹെലിക്കോപ്റ്ററുകൾ വട്ടമിട്ടുപറക്കുന്നു’.

 

The World Trade Center south tower (L) bursts into flames after being struck by hijacked United Airlines Flight 175, as the north tower burns following an earlier attack, in New York City in this September 11, 2001 file photo. Al Qaeda leader Osama bin Laden was killed in a firefight with U.S. forces in Pakistan on May 1, 2011, ending a nearly 10-year worldwide hunt for the mastermind of the Sept. 11 attacks. REUTERS/Sean Adair/Files (UNITED STATES - Tags: CIVIL UNREST POLITICS)
The World Trade Center south tower (L) bursts into flames after being struck by hijacked United Airlines Flight 175, as the north tower burns following an earlier attack, in New York City in this September 11, 2001 file photo. Al Qaeda leader Osama bin Laden was killed in a firefight with U.S. forces in Pakistan on May 1, 2011, ending a nearly 10-year worldwide hunt for the mastermind of the Sept. 11 attacks. REUTERS/Sean Adair/Files (UNITED STATES - Tags: CIVIL UNREST POLITICS)

ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ബ്ലോക്ക്ബസ്റ്റർ ന്യൂസ് സ്റ്റോറികളിലൊന്നാണു താൻ ബ്രേക്ക് ചെയ്തതെന്ന് അക്തർ തീർച്ചയായും അറിയുന്നുണ്ടായിരുന്നില്ല. ആ ഹെലിക്കോപ്റ്ററുകൾ വെറുതെ വന്നവയായിരുന്നില്ല. അവ വഹിച്ചത് യുഎസിന്റെ ഏറ്റവും വൈദഗ്ധ്യമുള്ള സവിശേഷ സേനയായ നേവി സീൽസിനെയാണ്. അബോട്ടാബാദിൽ ആ രാത്രിയിൽ ഹെലിക്കോപ്റ്ററുകൾ എത്തിയത് യുഎസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒരു ദൗത്യത്തിനാണ്. കുപ്രസിദ്ധ ഭീകരൻ ഒസാമ ബിൻ ലാദനെ വധിക്കാൻ!

 

യുഎസിന്റെ എഫ്ബിഐയിലെ ‘മോസ്റ്റ് വാണ്ടഡ്’ ഭീകരനായിരുന്നു ലാദൻ‌. തൊണ്ണൂറുകളുടെ തുടക്കത്തിൽ തന്നെ ലാദൻ യുഎസിന് ഒരു കരടായി മാറിയിരുന്നു. അൽ ഖ്വയ്ദ രൂപീകരിച്ച ശേഷം നടത്തിയ ആദ്യ ആക്രമണം തന്നെ യെമനിലെ ഏദനിൽ അമേരിക്കൻ സൈനികർ താമസിച്ച ഒരു ഹോട്ടൽ ലക്ഷ്യം വച്ചായിരുന്നു.1993ൽ സൊമാലിയയിലെ മൊഗാദിഷുവിൽ 18 യുഎസ് സൈനികർ കൊല്ലപ്പെട്ടതിലും, 1995ൽ റിയാദിലുള്ള ഒരു യുഎസ് പരിശീലനകേന്ദ്രത്തിൽ ബോംബിട്ടതിലും നെയ്റോബിയിലും ദാരിസ്സലാമിലുമുള്ള യുഎസ് എംബസികൾ ആക്രമിച്ചതിലുമൊക്കെ അൽ ഖ്വയ്ദയുടെയും ലാദന്റെയും കൈകൾ വ്യക്തമായിരുന്നു.

 

എന്നാൽ 2001 സെപ്റ്റംബർ 11 നു ന്യൂയോർക്കിലെ വേൾഡ് ട്രേഡ് സെന്റർ ടവറുകൾ സ്ഫോടനവസ്തുക്കൾ നിറച്ച വിമാനങ്ങളിടിച്ചു കയറ്റി തകർത്തതോടെ കളം മാറിമറഞ്ഞു. രോഷാകുലരായ യുഎസ്, അഫ്ഗാനിസ്ഥാൻ ആക്രമിക്കുകയും താലിബാനെ നിഷ്കാസിതരാക്കുകയും ചെയ്തു. തുടർന്ന് ലാദൻ ഒളിവിൽ പോയി. ചരിത്രത്തിലെ ഏറ്റവും വലിയ സൈനിക തിരച്ചിലുകളിലൊന്നാണ് യുഎസ് ലാദനു വേണ്ടി നടത്തിയത്. 

 

osama-bin-laden

∙ പാക്കിസ്ഥാനിലെ സൂചനകൾ

 

ഭംഗിയുള്ള പ്രകൃതിയും ശാന്തതയും നിറഞ്ഞ ഒരു പാക്കിസ്ഥാനി പട്ടണമാണ് അബോട്ടാബാദ്. ജനവാസമേഖല. പാക്ക് മിലിട്ടറി അക്കാദമി സ്ഥിതി ചെയ്യുന്നു എന്നതൊഴിച്ചാൽ അത്ര പ്രാധാന്യമൊന്നുമില്ലാത്ത ഒരു പട്ടണം. പാക്കിസ്ഥാൻ തലസ്ഥാനം ഇസ്‌ലാമാബാദിന് വടക്കായി 35 കിലോമീറ്റർ അകലെയാണ് അബോട്ടാബാദ് സ്ഥിതി ചെയ്യുന്നത്.

2007ൽ ബിൻ ലാദന് സാധനങ്ങളെത്തിക്കുന്ന സംഘത്തിലെ ഒരാളെ യുഎസ് ഇന്റലിജൻസ് വൃത്തങ്ങൾ കണ്ടെത്തുകയും നോട്ടമിടുകയും ചെയ്തു. ഈ നിരീക്ഷണത്തിന്റെ ഫലമായി 2010ൽ അബോട്ടാബാദിലെ അതീവ സുരക്ഷിതമായ ഒരു സമുച്ചയത്തിൽ ലാദനുണ്ടെന്ന സംശയം യുഎസ് അധികൃതർക്കിടയിൽ വളർന്നു. അസാധാരണമായ രീതിയിൽ ഈ സമുച്ചയത്തിലൊരുക്കിയ സുരക്ഷാസംവിധാനങ്ങളാണ് സംശയത്തിനു വഴി വച്ചത്. ഈ സമുച്ചയം യുഎസ് തങ്ങളുടെ ഉപഗ്രഹങ്ങളുപയോഗിച്ച് സ്ഥിരമായി നിരീക്ഷിച്ചു തുടങ്ങി.

navy-seals

 

ഒടുവിൽ ലാദൻ ഇവിടെയുണ്ടെന്ന വിശ്വസനീയമായ വിവരം യുഎസിനു ലഭിച്ചു. തങ്ങൾക്കു തീരാത്ത വേദനയുണ്ടാക്കിയ ഭീകരനെ വധിക്കാനായി യുഎസ് പദ്ധതി തയാറാക്കി. മിസൈലുകൾ ഉപയോഗിച്ച് സമുച്ചയം ഒന്നാകെ തകർക്കുക എന്നതായിരുന്നു എളുപ്പവഴി. എന്നാൽ സമുച്ചയത്തിനു സമീപം ജനവാസ കേന്ദ്രങ്ങളുള്ളതിനാൽ ഈ നീക്കം നിരപരാധികളുടെ മരണത്തിനിടയാക്കുമെന്നു മനസ്സിലാക്കിയ യുഎസ് ഭരണകൂടം മറ്റുവഴികൾ തേടി. 2011 ഏപ്രിൽ 29നു യുഎസ് പ്രസിഡന്റ് ബറാക്ക് ഒബാമ, ഒരു ചെറിയ സ്പെഷൽ ഓപ്പറേഷൻസ് ടീമിനെ ഇതിനായി രൂപീകരിച്ചു. 

യുഎസിന്റെ സവിശേഷ സേനകളിൽ ഏറ്റവും ഉന്നതസ്ഥാനമുള്ള നേവിസീൽസ് സൈനികർ ഉൾപ്പെട്ട സംഘത്തിന്റെ പേര് സീൽ ടീം സിക്സ് എന്നായിരുന്നു. ലാദനെ വധിക്കുന്നതിനായുള്ള കഠിന പരിശീലനം അവർ താമസിയാതെ തുടങ്ങി. അബോട്ടാബാദിലെ സാഹചര്യങ്ങളും സമുച്ചയത്തിന്റെ മോഡലും യുഎസിൽ പുനസൃഷ്ടിച്ച് അവർ പരിശീലനം തുടർന്നു.

 

∙ ഓപ്പറേഷൻ നെപ്റ്റ്യൂൺ സ്പിയർ

 

ലാദൻ വധത്തിനായുള്ള യഥാർഥ ശ്രമം 2011 മേയിൽ തുടങ്ങി. മേയ് ഒന്നിന് ഉച്ചയ്ക്ക് ഒന്നരയോടെ ഒബാമ പദ്ധതിക്ക് അന്തിമാംഗീകാരം നൽകിയതിനെത്തുടർന്ന് അഫ്ഗാനിസ്ഥാനിൽ നിന്നും 25 നേവി സീൽ അംഗങ്ങളെയും വഹിച്ചുള്ള ഹെലിക്കോപ്റ്ററുകൾ പറന്നു പൊങ്ങി. ശത്രുവിന്റെ കണ്ണിൽ പെടാതെ സ്റ്റെൽത്ത് രീതിയിൽ നീങ്ങാൻ കഴിവുള്ള കറുത്ത നിറത്തിലുള്ള ഹെലിക്കോപ്റ്ററുകളായിരുന്നു ഇവ. രാത്രി ഒന്നു കഴിഞ്ഞ് ഹെലിക്കോപ്റ്റർ അബോട്ടാബാദിലെ സമുച്ചയത്തിന്റെ കോംപൗണ്ടിൽ ലാൻഡ് ചെയ്തു. ഇറങ്ങുന്നതിനിടയിൽ ഒരു ഹെലിക്കോപ്റ്റർ ഇടിച്ചാണ് ഇറങ്ങിയത്. ഇത് അതോടെ നശിച്ചു.

 

കൃത്യം പത്തു മിനിറ്റിനുള്ളിൽ ഒസാമ ബിൻലാദനെ കെട്ടിടസമുച്ചയത്തിന്റെ മൂന്നാം നിലയിൽ, നേവി സീൽസ് കണ്ടെത്തി. ലാദന്റെ തലയ്ക്കു നേരെ തോക്കുചൂണ്ടിയ നേവി സീൽസിന്റെ ആദ്യ വെടി തന്നെ ലക്ഷ്യം കൈവരിച്ചു. നെറ്റിയുടെ ഇടതുഭാഗത്തു വെടിയേറ്റ് ലാദൻ നിലം പതിച്ചു.

 

തുടർന്ന് മിനിറ്റുകൾക്കുള്ളിൽ യുഎസ് പ്രസിഡന്റ് ഒബാമയ്ക്ക് നേവി സീൽസിൽ നിന്നു സന്ദേശം ലഭിച്ചു–‘ലാദൻ കൊല്ലപ്പെട്ടിരിക്കുന്നു’. ലാദനായുള്ള വേട്ടയിൽ ലാദന്റെ മകനും ഒരു സ്ത്രീയുമുൾപ്പെടെ 3 പേർ കൂടി നേവി സീൽസിന്റെ തോക്കിനിരയായി.

 

പിന്നീട് ലാദന്റെ മൃതശരീരം ഒരു ബോഡിബാഗിനുള്ളിൽ വച്ചശേഷം കെട്ടിട സമുച്ചയത്തിനുള്ളിൽ അവർ തിരച്ചിൽ നടത്തുകയും കുറേയേറെ വസ്തുക്കൾ കണ്ടെടുക്കുകയും ചെയ്തു. 40 മിനിറ്റോളം നീണ്ട ദൗത്യത്തിനൊടുവിൽ സംഘത്തിന്റെ ആദ്യ ഹെലിക്കോപ്റ്റർ സമുച്ചയത്തിൽ നിന്നു മടങ്ങി. ക്രാഷ്‌ലാൻഡു ചെയ്തു തകർന്ന ഹെലിക്കോപ്റ്റർ ഇതിനിടെ നേവി സീൽസ് നശിപ്പിച്ചു കള‍‌ഞ്ഞിരുന്നു. അരമണിക്കൂറിനുള്ളിൽ എല്ലാ ഹെലിക്കോപ്റ്ററുകളും മടങ്ങുകയും പുലരും മുൻപ് തന്നെ അവ അഫ്ഗാനിസ്ഥാനിലെ യുഎസ് സൈനികത്താവളത്തിൽ മടങ്ങിയെത്തുകയും ചെയ്തു. 

ഇന്ത്യൻ സമയം രാവിലെ ബിൻ ലാദന്റെ മരണവിവരം പ്രസിഡന്റ് ഒബാമ പുറത്തുവിട്ടു. അത് കഴിഞ്ഞ് കുറച്ചു മണിക്കൂറുകൾ കഴിഞ്ഞ് ലാദന്റെ മൃതശരീരം ഇന്ത്യൻ മഹാസമുദ്രത്തിൽ അടക്കുകയും ചെയ്തു. നെപ്റ്റ്യൂൺ സ്പിയർ ദൗത്യത്തിന്റെ ഭാഗമായി ബിൻലാദൻ താമസിച്ചിടത്തു നിന്ന് 10 കംപ്യൂട്ടർ ഹാർഡ് ഡിസ്ക്, 5 കംപ്യൂട്ടർ, നൂറുകണക്കിനു ഡേറ്റ കാർഡുകൾ എന്നിവ കണ്ടെത്തി. ഇവയിൽ അടങ്ങിയ വിവരങ്ങൾ അൽ ഖ്വയ്ദയെപ്പറ്റിയുള്ള പുതിയ ധാരണകൾ യുഎസിനു നൽകി.

 

English Summary: This Mays 2 marks 10 years since US Navy Seals killed Osama bin Laden

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com