ADVERTISEMENT

ഭാവിയിലെ യുദ്ധങ്ങള്‍ തികച്ചും വ്യത്യസ്തമായിരിക്കുമെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍. സാങ്കേതികവിദ്യയിലുണ്ടായ മാറ്റവും ജീവിതത്തില്‍ അവ ചെലുത്തുന്ന സ്വാധീനവും യുദ്ധതന്ത്രങ്ങളിലേക്കു കൂടി വ്യാപിക്കും. കര, വ്യോമ, നാവിക സേനകള്‍ക്ക് മാത്രമല്ല ഭാവിയില്‍ ബഹിരാകാശ, സൈബര്‍ സേനകള്‍ കൂടി ചേര്‍ന്ന സൈന്യമായിരിക്കും യുദ്ധഫലം തീരുമാനിക്കുകയെന്നാണ് ലോയ്ഡ് ഓസ്റ്റിന്‍ ഓര്‍മിപ്പിക്കുന്നത്. 

 

അമേരിക്കയുടെ പ്രതിരോധ സെക്രട്ടറി സ്ഥാനത്തേക്കെത്തുന്ന ആദ്യ ആഫ്രിക്കന്‍ അമേരിക്കന്‍ വംശജനാണ് ലോയ്ഡ് ഓസ്റ്റിന്‍. 'നമ്മള്‍ നടത്തിയ മുന്‍ യുദ്ധങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായിരിക്കും ഭാവിയിലെ യുദ്ധങ്ങള്‍. അതിനര്‍ഥം പുതിയ മേഖലകളില്‍ നമ്മള്‍ കൂടുതല്‍ കരുത്ത് ആര്‍ജ്ജിക്കേണ്ടതുണ്ട് എന്നു കൂടിയാണെന്നും ഓസ്റ്റിന്‍ പറഞ്ഞു. യുഎസ് ഇന്തോ–പസിഫിക് കമാന്റിന് പുതിയ മേധാവി വരുന്ന സാഹചര്യത്തിലായിരുന്നു ഓസ്റ്റിന്റെ നിര്‍ണായക പ്രഖ്യാപനങ്ങള്‍.

 

ഏതെങ്കിലും പ്രത്യേകം രാജ്യത്തെ ഓസ്റ്റിന്‍ പേരെടുത്ത് പറഞ്ഞില്ല. അതേസമയം, പുതിയ യുഎസ് ഇന്തോ–പസിഫിക് കമാന്റ് കമാന്റര്‍ ആദം ഫിലിപ് ഡേവിഡ്‌സണ്‍ ചൈനയെ പേരെടുത്ത് പറയാനും മടികാണിച്ചില്ല. 'ഇന്തോ പസിഫിക് മേഖലയില്‍ നടക്കുന്ന തന്ത്രപരമായ മത്സരങ്ങളെ രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ളവയായി കരുതരുത്. ഇത് സ്വതന്ത്രവും തുറന്നതുമായ ഇന്തോ–പസിഫിക് മേഖലയെന്ന സ്വാതന്ത്ര്യത്തിനുവേണ്ടി വാദിക്കുന്നവരും മേഖലയില്‍ പരമാധികാരത്തിനായി ശ്രമിക്കുന്നവരും തമ്മിലുള്ളതാണ്. സ്വാതന്ത്ര്യത്തിന്റെ നിരാസമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയുടെ ലക്ഷ്യമെന്നും ഡേവിഡ്‌സണ്‍ പറഞ്ഞു. 

 

മേഖലയിലെ സമാധാനം ഉറപ്പിക്കുന്നതിന് അമേരിക്കയും സഖ്യകക്ഷികളും പോരാട്ടത്തിന് തയാറാവുകയും വിജയിക്കുകയും വേണമെന്നും ഡേവിഡ്‌സണ്‍ സൂചിപ്പിക്കുണ്ട്. വാഷിങ്ടണും ബെയ്ജിങും തമ്മിലുള്ള സംഘര്‍ഷം ശക്തിപ്പെടുകയും അമേരിക്ക ഇന്തോ–പസിഫിക് മേഖലയില്‍ സൈനിക സാന്നിധ്യം കൂട്ടുകയും ചെയ്ത സാഹചര്യത്തിലാണ് അമേരിക്കന്‍ സൈന്യത്തിലെ ഉയര്‍ന്ന പദവിയിലിരിക്കുന്നവരുടെ ഇത്തരം പരാമര്‍ശങ്ങളെന്നതും ശ്രദ്ധേയമാണ്. 

 

2021ല്‍ അമേരിക്കയുടെ ചൈനീസ് അധീന സമുദ്രമേഖലയോട് ചേര്‍ന്നുള്ള പ്രകോപനങ്ങള്‍ വര്‍ധിച്ചുവെന്ന് ചൈനീസ് പ്രതിരോധ മന്ത്രാലയം വക്താവ് തന്നെ ആരോപിച്ചിട്ടുണ്ട്. 'മറ്റുള്ളവരെ ദ്രോഹിക്കും വിധത്തിലുള്ള ഇത്തരം പെരുമാറ്റങ്ങള്‍ വൈകാതെ സ്വയം ദ്രോഹമായി മാറും. മറ്റൊരു രാജ്യത്തിനും ഭീഷണിയാവാന്‍ ചൈനക്ക് ആഗ്രഹമില്ല. ആരെങ്കിലും ചൈനക്ക് ഭീഷണിയായാല്‍ തിരിച്ചടിക്കുകയല്ലാതെ ഞങ്ങള്‍ക്ക് മാര്‍ഗവുമില്ല' എന്നാണ് അമേരിക്കന്‍ നീക്കത്തോട് ചൈനീസ് പ്രതിരോധ വക്താവ് കേണല്‍ വു ക്വിയന്‍ ശക്തമായ ഭാഷയില്‍ പ്രതികരിച്ചത്.

 

English Summary: Pentagon chief Lloyd Austin says next major war will be very different

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com