ADVERTISEMENT

വൈകാതെ തന്നെ ഭൂമിയിലെ ഏറ്റവും വേഗത്തില്‍ സഞ്ചരിക്കാന്‍ ശേഷിയുള്ള ആയുധങ്ങള്‍ റഷ്യന്‍ പ്രതിരോധ സേനയുടെ ആയുധശേഷിയുടെ നട്ടെല്ലാവുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ തന്നെ അമേരിക്കയെ അപേക്ഷിച്ച് ഹൈപ്പര്‍സോണിക് ആയുധങ്ങളില്‍ മുന്‍തൂക്കമുള്ള റഷ്യ തങ്ങളുടെ തന്ത്രപ്രധാന മേഖലയിലെ ആധിപത്യം ഉറപ്പിക്കാന്‍ കച്ചകെട്ടിയിറങ്ങുകയാണ്. അപായം തിരിച്ചറിഞ്ഞുകൊണ്ട് ഹൈപര്‍സോണിക് ആയുധ ശേഖരം വര്‍ധിപ്പിക്കാനായി അമേരിക്ക ശ്രമം ആരംഭിച്ചിട്ടുണ്ടെങ്കിലും ഒരു മുഴം മുൻപേയാണ് റഷ്യന്‍ സഞ്ചാരം.

 

'ആണവേതര ആയുധങ്ങള്‍ പ്രധാനമായും അതിവേഗത്തില്‍ സഞ്ചരിക്കാന്‍ ശേഷിയുള്ള കൃത്യതയുള്ള ആയുധങ്ങളുടെ മേഖല ശക്തമാക്കും. ഹൈപര്‍സോണിക് ആയുധങ്ങളാകും ആണവേതര ആയുധങ്ങളില്‍ പ്രധാന സ്ഥാനത്തുണ്ടാവുക' എന്ന് റഷ്യന്‍ പ്രതിരോധ മന്ത്രി സൈനിക ജനറല്‍ സര്‍ജി ഷോയ്ഗു കമാന്റര്‍മാരുടെ വാര്‍ഷിക സമ്മേളനത്തില്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. 'അതീവ കൃത്യതയുള്ള ദീര്‍ഘദൂര ആയുധങ്ങളുടെ നിര്‍മാണവും നിര്‍മാണ പുരോഗതിയും റഷ്യന്‍ പ്രസിഡന്റിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരിക്കും' എന്നും റഷ്യന്‍ പ്രതിരോധ മന്ത്രി പറഞ്ഞു. പുടിന്റെ ഇടപെടല്‍ തന്നെ ഇത്തരം ആയുധങ്ങളെ എത്രത്തോളം പ്രാധാന്യത്തിലാണ് റഷ്യ എടുത്തിരിക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ്. 

 

അമേരിക്കയെ അപേക്ഷിച്ച് വളരെ നേരത്തെ തന്നെ ഹൈപ്പര്‍ സോണിക് ആയുധങ്ങളെക്കുറിച്ചുള്ള പരീക്ഷണങ്ങളും നിര്‍മാണവും റഷ്യ ആരംഭിച്ചിരുന്നു. ആ മേല്‍ക്കൈ അവര്‍ക്ക് ഇപ്പോഴും മേഖലയിലുണ്ട്. അത്യാധുനിക സിര്‍ക്കോണ്‍ മിസൈലുകളുടെ പരീക്ഷണം റഷ്യ ആരംഭിച്ചു കഴിഞ്ഞു. ശബ്ദത്തേക്കാള്‍ എട്ടിരട്ടി വേഗത്തില്‍ സഞ്ചരിക്കാന്‍  സാധിക്കുന്നവയാണ് സിര്‍ക്കോണ്‍ മിസൈലുകള്‍. 

 

വേഗം തന്നെയാണ് ഹൈപ്പര്‍സോണിക് മിസൈലുകളുടെ പ്രധാന ആയുധം. ഇത്ര വേഗത്തില്‍ സഞ്ചരിക്കുന്ന മിസൈലുകള്‍ക്ക് അധികമായി സ്‌ഫോടകവസ്തുക്കള്‍ പോലും കരുതേണ്ട ആവശ്യമില്ല. ഇത്ര വേഗത്തില്‍ സഞ്ചരിക്കുന്ന വസ്തുക്കള്‍ ലക്ഷ്യസ്ഥാനത്ത് ഉണ്ടാക്കുന്ന പൊട്ടിത്തെറി തന്നെ വളരെ വലുതായിരിക്കും. ഇത്രവേഗത്തില്‍ സഞ്ചരിക്കുന്ന മിസൈലുകള്‍ അന്തരീക്ഷത്തില്‍ ഒരു പ്ലാസ്മ ഫീല്‍ഡ് തന്നെയുണ്ടാക്കും. ഇത് ഇവയെ റഡാറുകളുടെ കണ്ണുവെട്ടിക്കാനും സഹായിക്കും. വേഗത്തിനൊപ്പം റഡാറുകളെ മറികടക്കാനുള്ള ശേഷികൂടി വരുന്നതോടെയാണ് ഇത്തരം മിസൈലുകള്‍ ശത്രുക്കളുടെ പേടിസ്വപ്‌നമായി മാറുന്നത്.

 

മുങ്ങിക്കപ്പലുകളില്‍ നിന്നും തൊടുക്കാന്‍ സാധിക്കുന്ന ഹൈപ്പര്‍സോണിക് മിസൈലുകള്‍ നിര്‍മിക്കുന്ന ആദ്യ രാജ്യമായി റഷ്യ മാറിയെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുമുണ്ട്. ഹൈപ്പര്‍സോണിക് മിസൈലുകളുടെ പ്രഹരശേഷി പലമടങ്ങ് വര്‍ധിക്കുന്നതിനു തുല്യമാണിത്. ലക്ഷ്യസ്ഥാനത്തിന് പരമാവധി അടുത്തെത്തിയശേഷം കടലിനടില്‍ നിന്ന് തൊടുക്കുന്ന ഇത്തരം ഹൈപ്പര്‍സോണിക് മിസൈലുകളെ പ്രതിരോധിക്കുക നിലവിലെ സാഹചര്യത്തില്‍ ഒരു രാജ്യത്തിനും എളുപ്പമാകില്ല.

 

English Summary: Hypersonic weapons soon backbone Russia's Military

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com