ADVERTISEMENT

അമേരിക്കൻ പ്രസിഡന്റിന്റെ എയർഫോഴ്സ് വൺ വിമാനത്തിന്റെ മാതൃകയിൽ ഇസ്രയേൽ തങ്ങളുടെ പ്രധാനമന്ത്രി, പ്രസിഡന്റ് എന്നിവർക്കായി വികസിപ്പിക്കുന്ന നൂതന വിമാനം ‘വിങ് ഓഫ് സയോൺ’ വിൽക്കണമെന്ന് നിലവിൽ വിദേശകാര്യമന്ത്രിയും രണ്ടര വർഷത്തിനു ശേഷം പ്രധാനമന്ത്രിയാകാനുള്ളയാളുമായ യെയ്ർ ലപീദ് പറഞ്ഞു. സ്ഥാനമൊഴിഞ്ഞ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവിന് നേർക്ക് തിരഞ്ഞെടുപ്പിനു മുൻപ് വലിയ രീതിയിൽ വിമർശനമുയരാൻ വിമാനം ഇടയാക്കിയിരുന്നു.

 

30 കോടി യുഎസ് ഡോളർ ചിലവിലാണ് ഇതിന്റെ നിർമാണം പൂർത്തിയാക്കാൻ പോകുന്നത്. ഇത്ര വലിയ തുക വിമാനത്തിനായി മുടക്കുന്നത് അനാവശ്യമാണെന്നാണു ലപീദിന്റെ വാദം. അനാവശ്യമായി പണം ചിലവുചെയ്യുകയാണെന്ന് ഇതിന്റെ പേരിൽ മുൻപ് നെതന്യാഹു ധാരാളം പഴി കേട്ടിരുന്നു. തിരഞ്ഞെടുപ്പിനു മുന്നോടിയായി കഴിഞ്ഞവർഷം നെതന്യാഹു വിമാനത്തിലുള്ള എല്ലാ വികസനപ്രവർത്തനങ്ങളും മരവിപ്പിച്ചു. കോവിഡ് പ്രതിസന്ധി നിലനിൽക്കുമ്പോൾ ഇത്രയും പണം മുടക്കി പ്രസിഡന്റിനും പ്രധാനമന്ത്രിക്കും വിമാനമുണ്ടാക്കുന്നത് ജനങ്ങളിൽ നെഗറ്റീവായ അഭിപ്രായമുണ്ടാക്കുമെന്ന ധാരണയെത്തുടർന്നാണിത്. എന്നാൽ അതൊന്നും പ്രയോജനമുണ്ടാക്കിയില്ല.

 

നാലുവർഷത്തെ ഗവേഷണത്തിനു ശേഷമാണ് വിങ് ഓഫ് സയോൺ വികസിപ്പിച്ചെടുക്കുന്നത്.തുടക്കം മുതൽ തന്നെ വലിയ പ്രശ്നങ്ങളിലൂടെയാണ് ഈ വിമാനത്തിന്റെ യാത്ര. ഇസ്രയേൽ രൂപീകരണത്തിനു ശേഷമുള്ള പ്രധാനമന്ത്രിമാർ വിദേശയാത്രകൾക്കായി സൈനിക വിമാനങ്ങളെയും ചാർട്ടേഡ് ഫ്ലൈറ്റുകളെയുമാണ് ആശ്രയിച്ചിരുന്നത്. 2014ലാണു ഭരണാധിപൻമാർക്ക് സ്വന്തമായി വിമാനം വേണമെന്ന വാദം ഉയർന്നത്. തുടർന്ന് ഇതിന്റെ കരാർ ഇസ്രയേൽ എയ്റോസ്പേസ് ഇൻഡസ്ട്രീസിനു നൽകി.

 

ഇസ്രയേൽ എയ്റോസ്പേസ് ഓസ്ട്രേലിയൻ എയർലൈൻസിന്റെ ഭാഗമായിരുന്ന ഒരു ബോയിങ് വിമാനം വാങ്ങിയാണു വിങ് ഓഫ് സയോണാക്കി മാറ്റാൻ ശ്രമിക്കുന്നത്. വാങ്ങുമ്പോൾ 20 വർഷം പഴക്കമുണ്ടായിരുന്നു ഈ വിമാനത്തിന്. ആദ്യം ഇതിനു ബജറ്റിൽ വകയിരുത്തിയിരുന്നത് 12 കോടി യുഎസ് ഡോളറാണ്. എന്നാൽ വാങ്ങി വന്നപ്പോഴേക്കും നേരെ ഇരട്ടിയിലധികമായി. ഒരു വർഷം ഈ വിമാനം പറപ്പിക്കാൻ 4 കോടി ഷെക്കൽ വേണ്ടിവരുമെന്നാണു കരുതപ്പെടുന്നു.ഇതെല്ലാം നെതന്യാഹുവിന്റെ ധൂർത്തായി ജനങ്ങൾ കണക്കാക്കാൻ തുടങ്ങി.

 

ആഢംബരങ്ങളാലും സുരക്ഷാസംവിധാനങ്ങളാലും സമ്പന്നമാണ് വിങ് ഓഫ് സയൺ. കോക്പിറ്റിനു സമീപം എല്ലാ സുഖസൗകര്യങ്ങളോടെയും കൂടിയ ഒരു കിടപ്പുമുറിയും ഷവർ ക്യൂബിക്കിളും ഇതിലുണ്ട്. പ്രധാനമന്ത്രിക്ക് വിശ്രമിക്കാനായാണ് ഇത്. ഇതിനൊപ്പം കിച്ചൻ, വിശാലമായ ഓഫിസ്, കോൺഫറൻസ് റൂം എന്നിവയും വിമാനത്തിലുണ്ട്. പ്രധാനമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ്, കൂടെ യാത്ര പോകുന്ന മാധ്യമപ്രവർത്തകർ തുടങ്ങിയവർക്കായി പ്രത്യേക ഇരിപ്പിടങ്ങൾ ഇതിലുണ്ട്. 145 പേർക്ക് ഇതിൽ യാത്ര ചെയ്യാം. ഇതു കൂടാതെ ഒട്ടേറെ രഹസ്യ സാങ്കേതിക വിദ്യകളും ഈ വിമാനത്തിൽ ഉപയോഗിച്ചിട്ടുണ്ടെന്നാണു കരുതുന്നത്.വളരെ സുരക്ഷിതമായ ആശയവിനിമയം സാധ്യമാക്കാനുള്ള റാഡോം സാങ്കേതികവിദ്യ ഇതിലൊന്നാണ്.ഒപ്പം തറയിൽ നിന്നു തൊടുക്കുന്ന മിസൈലുകളെ തകർക്കാനുള്ള സ്കൈ ഷീൽഡ് മിസൈൽ ഡിഫൻസ് സംവിധാനം തുടങ്ങിയവയും ഇതിലെ പ്രതിരോധമാർഗങ്ങളാണ്.

 

ഇസ്രയേലി വ്യോമസേനയിലെ സ്ക്വാഡ്രൻ 120 ൽ ഉള്ള മികവുറ്റ പൈലറ്റുമാരാകും വിമാനം പറത്തുക. ഇസ്രയേലിൽ നിന്ന് ഒരു ഹാൾട്ട് പോലുമില്ലാതെ 11000 കിലോമീറ്റർ പറക്കാൻ ഇതിനു കഴിയും. കിഴക്കോട്ട് ചൈന വരെയും പടിഞ്ഞാട്ട് യുഎസ് വരെയും തെക്കോട്ട് ബ്രസീൽ വരെയും ഒറ്റപ്പറക്കലിൽ എത്താം.

 

കാര്യം ലപീദ് വിമാനത്തിന്റെ വികസന പ്രവർത്തനങ്ങൾ നിർത്തണമെന്നും ഇതു വിൽക്കണമെന്നും പറയുന്നുണ്ടെങ്കിലും പ്രതിരോധമന്ത്രാലയത്തിനും സൈനിക വൃത്തങ്ങൾക്കും തികച്ചും എതിരഭിപ്രായമാണ്. അപകടഭീഷണി ഏറെയുള്ള ഇസ്രയേലി പ്രധാനമന്ത്രിയെയും പ്രസിഡന്റിനെയും സുരക്ഷിതമായി ഒരു സ്ഥലത്തു നിന്ന് മറ്റൊരിടത്തെത്തിക്കാൻ ഇത്തരമൊരു വിമാനം ആവശ്യമാണെന്നാണ് അവരുടെ പക്ഷം.

 

നിയുക്ത പ്രസിഡന്റായ ഐസക് ഹെർസോഗ് ഇക്കാര്യത്തിൽ അഭിപ്രായമൊന്നും പറഞ്ഞിട്ടില്ല.ഏതായാലും അവസാന തീരുമാനമെടുക്കുന്നത് പ്രധാനമന്ത്രിയായ നാഫ്താലി ബെനറ്റായിരിക്കും. കഴിഞ്ഞ ഫെബ്രുവരിയിൽ വിങ് ഓഫ് സയോണിന്റെ ഫ്ലയിങ് ടെസ്റ്റ് നടത്തുകയും പാസാകുകയും ചെയ്തിരുന്നു. വിമാനം താമസിയാതെ പ്രധാനമന്ത്രിക്കായി ഒരുക്കാനാണു സാധ്യത.

 

English Summary: Lapid said pushing to sell ‘Israel’s Air Force One’; defense officials object

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com