ADVERTISEMENT

ഇസ്രയേലിന്റെ പ്രസിദ്ധമായ മിസൈല്‍ പ്രതിരോധ സംവിധാനമാണ് അയണ്‍ ഡോം. ഗാസയില്‍ നിന്നുള്ള മിസൈലുകളേയും ഡ്രോണുകളേയും മോട്ടോര്‍ ഷെല്ലുകളേയുമെല്ലാം അതീവ കൃത്യതയോടെ ആകാശത്ത് വെച്ച് തകര്‍ക്കുന്ന സംവിധാനമാണിത്. ഗാസയിൽ നിന്നു തുടരെയുള്ള മിസൈലാക്രമണത്തെ നേരിടുന്നതിനിടെ കഴിഞ്ഞ മേയ് 21ന് അയണ്‍ ഡോമിന് വലിയൊരു അബദ്ധം സംഭവിച്ചു. ഗാസയിൽ നിന്നുള്ള മിസൈലാണെന്ന ധാരണയില്‍ അയണ്‍ ഡോം പ്രതിരോധ മിസൈൽ തൊടുത്തത് ഇസ്രയേല്‍ സൈന്യത്തിന്റെ എഫ്–15 പോര്‍വിമാനത്തിനു നേരെയായിരുന്നു.

ഇസ്രയേലി മാധ്യമങ്ങൾ തന്നെയാണ് അയണ്‍ ഡോമിന് സംഭവിച്ച പാളിച്ചയെക്കുറിച്ച് റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. ഗാസയില്‍ നിന്നുള്ള മിസൈലാണെന്ന ധാരണയിലാണ് ഇസ്രയേലി വ്യോമസേനയുടെ എഫ്–15 പോര്‍വിമാനത്തിനു നേരെ അയൺ ഡോം മിസൈൽ കുതിച്ചെത്തിയതെന്നാണ് ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മറ്റൊരു റിപ്പോര്‍ട്ടില്‍ പറയുന്നത് ഗാസയില്‍ നിന്നുള്ള മിസൈലിനു നേരെ തൊടുത്ത അയണ്‍ ഡോമില്‍ നിന്നുള്ള മിസൈല്‍ ലക്ഷ്യം തെറ്റി എഫ്–15 നേരെ വരികയായിരുന്നുവെന്നു എന്നാണ്.

മാര്‍ഗം ഏതു തന്നെയായാലും ലക്ഷ്യം സ്വന്തം രാജ്യത്തിന്റെ പോര്‍വിമാനമായിരുന്നുവെന്ന് ഇസ്രയേലി മാധ്യമങ്ങള്‍ ഏക സ്വരത്തില്‍ പറയുന്നുണ്ട്. എഫ്–15 പോര്‍വിമാനത്തിലേക്കാണ് പോക്കെന്ന് തിരിച്ചറിഞ്ഞതോടെ അടിയന്തരമായി ഈ മിസൈലിനെ സ്വയം നശിപ്പിക്കുകയായിരുന്നു. ഈ തീരുമാനം നിമിഷങ്ങള്‍ കൂടി വൈകിയിരുന്നെങ്കില്‍ എഫ്–15 പോര്‍വിമാനത്തില്‍ അയണ്‍ ഡോമില്‍ നിന്നുള്ള മിസൈല്‍ പതിക്കുമായിരുന്നു. സ്വയം പൊട്ടിത്തെറിച്ച മിസൈലിന്റെ ഭാഗങ്ങള്‍ എഫ്–15 പോര്‍വിമാനത്തില്‍ തട്ടിയിരുന്നുവെന്ന് പോലും റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്. 

 

സംഭവത്തെക്കുറിച്ചുള്ള വിശദമായ അന്വേഷണങ്ങള്‍ പുരോഗമിക്കുകയാണെന്നാണ് ഐഡിഎഫ് (ഇസ്രയേലി ഡിഫന്‍സ് ഫോഴ്‌സസ്) ചാനല്‍ 12നോട് പ്രതികരിച്ചത്. പലസ്തീനുമായുള്ള 11 ദിവസം നീണ്ട സംഘര്‍ഷത്തിനിടെ ഇസ്രയേല്‍ അവരുടെ തന്നെ ഒരു സ്‌കൈലാര്‍ക്ക് ഡ്രോണിനെ അബദ്ധത്തില്‍ തകര്‍ത്തിരുന്നു. വെറും ഏഴ് കിലോഗ്രാം മാത്രം ഭാരമുള്ള ഒരു ഡ്രോണും 20,000 കിലോഗ്രാമിലേറെ ഭാരമുള്ള എഫ് 15 പോര്‍വിമാനവും തമ്മില്‍ താരതമ്യത്തിന് പോലും സാധ്യതയില്ല. 

 

ഇസ്രയേലി സൈന്യത്തിന്റെ ആവനാഴിയിലെ എഫ്–15 പോര്‍വിമാനങ്ങള്‍ അത്രയെളുപ്പം പരാജയം സമ്മതിക്കുന്ന കൂട്ടത്തിലുള്ളതല്ല. 1983ല്‍ ഒരു പരിശീലന പറക്കലിനിടെ എഫ്–15 ഒരു എ 4 ഷൈഹോക്ക് സൈനിക വിമാനവുമായി കൂട്ടിയിടിച്ചിരുന്നു. ഈ ഇടിയില്‍ എഫ്–15ന്റെ ഒരു ചിറക് ഏതാണ്ട് പൂര്‍ണമായും തകര്‍ന്നു. അടിയന്തരമായി സൈനിക വിമാനത്താവളത്തില്‍ ഇറക്കേണ്ടി വന്നെങ്കിലും ആള്‍നാശമൊന്നും സംഭവിച്ചില്ല. പിന്നീട് അറ്റകുറ്റപണികള്‍ക്കു ശേഷം ഈ എഫ്–15 വീണ്ടും പറന്നുയരുക തന്നെ ചെയ്തു. 

 

മേയ് 10 മുതല്‍ 21 വരെ നീണ്ട ഗാസ ഇസ്രയേല്‍ സംഘര്‍ഷത്തിനിടെ ഗാസയിൽ നിന്നുള്ള റോക്കറ്റുകളെ പ്രതിരോധിക്കാന്‍ അയണ്‍ ഡോമില്‍ നിന്നും പതിനായിരക്കണക്കിന് മിസൈലുകളാണ് തൊടുത്തത്. ഹമാസിന്റെ വായുവിലൂടെയുള്ള ഏതാണ്ട് 90-95 ശതമാനം ആക്രമണത്തേയും ചെറുക്കാന്‍ അയണ്‍ ഡോമിനായെങ്കിലും ചില മിസൈലുകള്‍ ഇതിനിടയിലും ഇസ്രയേലില്‍ പതിക്കുകയുമുണ്ടായി. ആക്രമണത്തിൽ മലയാളി നേഴ്‌സ് സൗമ്യ അടക്കം 13 പേര്‍ക്കാണ് ഇസ്രയേലില്‍ ജീവന്‍ നഷ്ടമായത്. 11 ദിവസം നീണ്ട സംഘര്‍ഷത്തിനിടെ 250 പലസ്തീനികൾക്കും ജീവന്‍ നഷ്ടമായി.

 

വിവരങ്ങൾക്ക് കടപ്പാട്: സ്പുട്നിക് ന്യൂസ്

 

English Summary: Iron Dome almost knocked out Israeli F-15 during recent Gaza fighting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com