sections
MORE

ഇറാന്‍ വൻ സൈബര്‍ ആക്രമണത്തിന് ഒരുങ്ങുന്നോ, അതോ ഇസ്രയേലിന്റെ കളിയോ?

cyber-attack-iran
SHARE

ശത്രുരാജ്യങ്ങൾക്കെതിരെ സൈബര്‍ ആക്രമണം നടത്തിയാല്‍ എന്തെല്ലാം ആഘാതങ്ങളായിരിക്കും ഉണ്ടാക്കുക എന്നതിനെക്കുറിച്ച് ഇറാന്‍ രഹസ്യമായി പഠനം നടത്തുന്നുണ്ടെന്ന റിപ്പോർട്ട് സ്‌കൈ ന്യൂസ് പുറത്തുവിട്ടു. പെട്രോള്‍ സ്‌റ്റേഷനുകള്‍, ചരക്കു കപ്പലുകള്‍, പ്രോഗ്രാം ചെയ്യാവുന്ന ലോജിക് കൺട്രോളറുകള്‍ തുടങ്ങി അടിസ്ഥാന സൗകര്യങ്ങള്‍ക്കെതിരെ ആക്രമണം നടന്നാല്‍ എന്തു സംഭവിക്കുമെന്നാണ് ഇറാന്റെ പഠനമെന്നാണ് സ്‌കൈ സംഘടിപ്പിച്ച ‘രഹസ്യ സ്വഭാവമുള്ള രേഖകളില്‍’ കാണാനാകുന്നത്. 

ഇറാന്റെ രഹസ്യ സൈബര്‍ ഫയലുകള്‍ എന്നാണ് സ്‌കൈ ന്യൂസ് ഇതിനെ വിളിക്കുന്നത്. അതേസമയം, ഇത്തരം അടിസ്ഥാന സൗകര്യങ്ങള്‍ക്കെതിരെ സൈബര്‍ ആക്രമണം നടത്തുന്നതു പ്രായോഗികമാണോ എന്ന് വിദഗ്ധര്‍ സംശയമുന്നയിക്കുന്നുണ്ട്. ഇറാന്റെ ഇന്റലിജന്‍സ് ഏജന്‍സികളില്‍നിന്ന് സംഘടിപ്പിച്ചതാണ് എന്നു പറഞ്ഞാണ് ഈ രേഖകള്‍ പുറത്തുവിട്ടിരിക്കുന്നത്. ഇറാന്‍ സൈബര്‍ ആക്രമണത്തിന് ഒരുങ്ങുന്നു എന്നാണോ, അതോ അവരെ കുരുക്കാനായി മറ്റാരെങ്കിലും അവരുടെ പേരില്‍ രേഖകൾ പുറത്തുവിട്ടതാണോ എന്നതിൽ വ്യക്തതയില്ല.

പേരു വെളിപ്പെടുത്താത്ത ഒരു കേന്ദ്രമാണ് ഇറാന്റെ 'രഹസ്യ ഗവേഷണത്തെ'ക്കുറിച്ചുള്ള രേഖകള്‍ സ്‌കൈ ന്യൂസിന് കൈമാറിയിരിക്കുന്നത്. രഹസ്യമായി പ്രവര്‍ത്തിക്കുന്ന ഇറാന്റെ 'ഇന്റലിജന്‍സ് ടീം 13' ല്‍ (ഐആര്‍ജിസി ശാഹിദ് കവെഹ് (Kaveh) യൂണിറ്റിന്റെ ഉപ വിഭാഗങ്ങളിലൊന്നാണ്) നിന്നു സംഘടിപ്പിച്ച രേഖകളാണ് ഇതെന്നാണ് അവകാശവാദം. യൂണിറ്റ് പ്രവര്‍ത്തിക്കുന്നത് ഹമീദ് റെസാ ലഷ്ഗാറിയന്‍ ( Lashgarian) എന്ന പേരുള്ള വ്യക്തിയുടെ കീഴിലാണെന്നും പറയുന്നു. വളരെ രഹസ്യാത്മകമായ ഫയലുകളാണ് തങ്ങള്‍ കൈമാറുന്നതെന്നു പറഞ്ഞാണ് രേഖകള്‍ സ്‌കൈ ന്യൂസിനു നല്‍കിയത്. ആഗോള കപ്പല്‍ വ്യവസായം ഉപയോഗിക്കുന്ന സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍ ഉപകരണങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍, സ്മാര്‍ട് കെട്ടിടങ്ങളില്‍നിന്നു ശേഖരിച്ച വിവരങ്ങള്‍ തുടങ്ങിയവ എല്ലാം അടങ്ങിയതാണ് ലഭിച്ച വിവരങ്ങളെന്ന് സ്‌കൈ ന്യൂസ് പറയുന്നു.

∙ രേഖകള്‍ വ്യാജമോ?

രേഖകള്‍ പുറത്തുവിട്ടത് സംഘര്‍ഷം വര്‍ധിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരിക്കാമെന്നാണ് യൂണിവേഴ്‌സിറ്റി ഓഫ് ടെഹ്‌റാനിലെ ഡോ. സെയ്ദ് മുഹമ്മദ് മരാന്‍ഡി (Dr. Seyed Mohammad Marandi) അനുമാനിക്കുന്നത്. പ്രത്യേകിച്ചും സ്‌കൈ ന്യൂസിന് കൈമാറിയതില്‍ നിന്ന് അതാണ് മനസ്സിലാക്കേണ്ടത് എന്നാണ് അദ്ദേഹം വാദിക്കുന്നത്. പുറത്തുവിട്ട രേഖകളില്‍ തീയതിയോ ഫയല്‍ നമ്പറോ ഇല്ല. പുറംചട്ടയില്‍ ഐആര്‍ജിസിയുടെ ലോഗോയും ഇല്ല. ഇതില്‍ നിന്നെല്ലാം മനസ്സിലാക്കേണ്ടത് രേഖകള്‍ വ്യാജമാണ് എന്നാണ് എന്നാണ് അദ്ദേഹം വാദിക്കുന്നത്. 

അമേരിക്കയിലെ സ്ട്രായര്‍ യൂണിവേഴ്‌സിറ്റിയിലെ പ്രഫസര്‍ ഡോ. റസൂല്‍ നഫിസിയും ഈ വാദത്തോട് യോജിക്കുന്നു. പ്രഫഷനല്‍ രീതിയില്‍ തയാര്‍ ചെയ്ത രേഖകളല്ല ഇതെന്നാണ് അദ്ദേഹവും വാദിക്കുന്നത്. തീയതി രേഖപ്പെടുത്തിയിട്ടില്ല, ടൈപ്പു ചെയ്തവയല്ല, അടയാള ചിഹ്നങ്ങളുള്ള പേപ്പറുകളല്ല ഉപയോഗിച്ചിരിക്കുന്നത്. അവയില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങളും സംശയാസ്പദമാണ്. എന്നാല്‍, ഒരു അന്വേഷണത്തിനു തുടക്കമിടുന്നതിന്റെ ഭാഗമല്ലേ ഈ രേഖകളെന്ന് സംശയിക്കാമെന്നും അദ്ദേഹം പറയുന്നു. ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനും തങ്ങള്‍ക്കെതിരെ നടന്നേക്കാവുന്ന സൈബര്‍ ആക്രമണങ്ങളെക്കുറിച്ച് അന്വേഷണം നടത്താനൊരുങ്ങുന്നുണ്ടാകാം. മറ്റു പല രാജ്യങ്ങളും കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി ഇതു ചെയ്തിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

∙ രേഖകള്‍ പൊങ്ങിവന്നത് ഇറാന്‍ ആണവ ചര്‍ച്ചയ്ക്ക് ഒരുങ്ങുന്ന സമയത്ത് 

ഇറാന്റെ ആണവ ഇടപാടായ ജോയിന്റ് കോംപ്രിഹെന്‍സീവ് പ്ലാന്‍ ഓഫ് ആക്‌ഷന്‍ ചര്‍ച്ചകള്‍ തുടങ്ങാനിരിക്കെയാണ് രേഖകള്‍ ബ്രിട്ടനില്‍ പൊങ്ങിവന്നത്. വിയന്ന ധാരണ എന്നറിയപ്പെടുന്ന ചര്‍ച്ചകള്‍ തുടങ്ങാനിരിക്കുകയാണ്. ഓഗസ്റ്റ് 5 മുതലാണ് ചര്‍ച്ചകള്‍. ബ്രിട്ടൻ ഇതില്‍ പങ്കെടുക്കുന്നുണ്ട്.

∙ ചര്‍ച്ചകള്‍ തുടങ്ങുന്നതില്‍ ഇസ്രയേലിന് അസന്തുഷ്ടി

ചര്‍ച്ചകള്‍ വീണ്ടും തുടങ്ങുന്നതിൽ ഇറാന്റ ബദ്ധവൈരിയായ ഇസ്രയേലിന് അസംതൃപ്തിയുണ്ട്. ചര്‍ച്ചകള്‍ തുടങ്ങരുതെന്നും അത് ഇറാന്റെ കയ്യില്‍ അണ്വായുധം വച്ചുകൊടുക്കും എന്നുമാണ് ഇസ്രയേല്‍ വാദിക്കുന്നത്. എന്നാല്‍, തങ്ങള്‍ വളരെ സമാധാനപരമായ രീതിയില്‍ മാത്രമായിരിക്കും ആണവ പദ്ധതികള്‍ കൈകാര്യം ചെയ്യുക എന്നാണ് ഇറാന്‍ വാദിക്കുന്നത്. ബ്രിട്ടനും ഇറാനും തമ്മിലുള്ള ബന്ധം വഷളാക്കാനുള്ള ഇസ്രയേലിന്റെ ശ്രമത്തിന്റെ ഭാഗമായിരിക്കാം രേഖകള്‍ പുറത്തുവിട്ടിരിക്കുന്നത് എന്നാണ് മരാന്‍ഡി പറയുന്നത്. ഇരു വിഭാഗങ്ങളും തമ്മില്‍ ചേരിതിരിവുണ്ടാക്കാൻ ഇസ്രയേൽ ശ്രമിച്ചേക്കും. അത്തരം താത്പര്യമുള്ളവര്‍ രേഖകള്‍ ‘നിര്‍മിച്ചെടുക്കാനുള്ള’ സാധ്യതയും അദ്ദേഹം തള്ളിക്കളയുന്നില്ല. ആണവ ചര്‍ച്ചകള്‍ തകർക്കാനായിരിക്കാം പുതിയ രേഖകള്‍ ചോര്‍ന്നിരിക്കുന്നത് എന്നും അദ്ദേഹം പറയുന്നു. 

∙ പുറത്തുവിട്ടത് 5 റിപ്പോര്‍ട്ടുകള്‍

ഒരോന്നിലും 'വളരെ രഹസ്യാത്മകം' എന്നു രേഖപ്പെടുത്തിയ അഞ്ചു റിപ്പോര്‍ട്ടുകളാണ് സ്‌കൈ പുറത്തുവിട്ടിരിക്കുന്നത്. ഓരോ റിപ്പോര്‍ട്ടിലും ഇറാന്റെ പരമോന്നത ആത്മീയ നേതാവ് ആയത്തുല്ല ഖമനയിയുടേത് എന്നു തോന്നിപ്പിക്കുന്ന വാചകവും ഉണ്ട്. ‘സൈബര്‍ മേഖലയില്‍ ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ ലോകത്തെ ഏറ്റവും ശക്തമായ രാജ്യങ്ങള്‍ക്കൊപ്പമുണ്ടാകണം’ എന്നതാണത്. 

ആദ്യ റിപ്പോര്‍ട്ടിലുള്ളത് രഹസ്യാത്മക കാര്യങ്ങളൊന്നുമല്ലെന്ന് സ്‌കൈ തന്നെ സമ്മതിക്കുന്നുണ്ട്. ചരക്കു കപ്പലുകളെ ദൂരെയിരുന്ന് നിയന്ത്രിക്കാമോ എന്ന അന്വേഷണമാണ് അതിലുള്ളത്. മറ്റൊരു റിപ്പോര്‍ട്ടിലുള്ളത്, പെട്രോള്‍ സ്‌റ്റേഷനുകളില്‍ ഇന്ധനത്തിന്റെ അളവ് ഓട്ടമാറ്റിക്കായി പരിശോധിക്കുന്ന യന്ത്രങ്ങളെക്കുറിച്ചാണ്. അമേരിക്കന്‍ കമ്പനി ഫ്രാങ്ക്‌ളിന്‍ ഫ്യൂവലിങ് സിസ്റ്റമാണ് ഇവ നിര്‍മിച്ചിരിക്കുന്നത്. ഈ സിസ്റ്റത്തിനു വരുത്താവുന്ന പ്രശ്‌നങ്ങളെക്കുറിച്ചാണ് അന്വേഷണം. ഇന്ധനം പ്രവഹിക്കുന്നതു നിർത്താനാകുമോ, ചൂടു കൂട്ടാനാകുമോ, പൊട്ടിത്തെറി ഉണ്ടാക്കാന്‍ സാധിക്കുമോ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷിച്ചിരിക്കുന്നത്. ഇത്തരം ഇന്ധന പമ്പുകള്‍ വിദൂരത്തിരുന്ന് തകർക്കാനാകുമോ എന്നാണ് ഇറാന്‍ അന്വേഷിച്ചിരിക്കുന്നതെന്നാണ് ഒരു ആരോപണം.

അതേസമയം, ലഭിച്ച രേഖകളുടെ ആധികാരികതയെക്കുറിച്ച് സ്‌കൈ ന്യൂസിനോ ബ്രിട്ടന്റെ പ്രതിരോധ സെക്രട്ടറി ബെന്‍ വാലസിനോ ഉറപ്പില്ല. എങ്കിലും, നമ്മുടെ ജീവിതരീതിയെത്തന്നെ തകര്‍ത്തു കളയാന്‍ പര്യാപ്തമായ കാര്യങ്ങളെക്കുറിച്ചാണ് ഇറാന്‍ ഗവേഷണം നടത്തുന്നതെന്ന് ബെന്‍ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. സൈബര്‍ ആക്രമണത്തില്‍ അത്യാധുനിക സംവിധാനങ്ങള്‍ കയ്യാളുന്ന രാജ്യമാണ് ഇറാന്‍ എന്നാണ് യുകെയുടെ സൈബര്‍ ഓപ്പറേഷന്‍സിലെ മുഖ്യ ഉദ്യോഗസ്ഥരില്‍ ഒരാളായ ജനറല്‍ സര്‍ പാട്രിക് സാന്‍ഡേഴ്‌സ് പറഞ്ഞിരിക്കുന്നത്. തങ്ങള്‍ അവരുടെ കഴിവിനെ ഗൗരവത്തിലെടുക്കുന്നു എന്നും അദ്ദേഹം പറയുന്നു. ഇറാനില്‍ നിന്നുള്ള ഹാക്കര്‍മാരെപ്പറ്റി മൈക്രോസോഫ്റ്റ്, ഫെയ്‌സ്ബുക് തുടങ്ങിയ കമ്പനികളും ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. അതേസമയം, ഇറാനെതിരെയും ധാരാളം സൈബര്‍ ആക്രമണങ്ങള്‍ നടക്കുന്നുണ്ടെന്നു പറയുന്നു. ഇറാന്‍ സൈബര്‍ ആക്രമണങ്ങള്‍ക്കു കോപ്പുകൂട്ടുകയാണോ അതോ രാജ്യത്തിനെതിരെ ഇസ്രയേല്‍ ഒളിയമ്പെയ്തതാണോ ഈ 'രഹസ്യ രേഖകള്‍' എന്ന കാര്യം വരും ദിവസങ്ങളില്‍ അറിയാനായേക്കും. 

കടപ്പാട്: സ്പുട്‌നിക്‌ ന്യൂസ്

English Summary: Iran getting ready for cyber attacks?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DEFENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആഡംബരമില്ലായ്മയാണ് ഇവിടെ ആഡംബരം: സിജിഎച്ച് എർത്തിന്റെ വിജയ കഥ

MORE VIDEOS
FROM ONMANORAMA