ADVERTISEMENT

ഇസ്രയേലി ശതകോടീശ്വരനെ മെഡിറ്ററേനിയൻ ദ്വീപായ സൈപ്രസിൽ വച്ചു കൊലപ്പെടുത്താൻ ശ്രമം. അധികാരികളുടെ രഹസ്യവിവരത്തെത്തുടർന്ന് അവസാനനിമിഷം ദ്വീപിൽ നിന്നു രക്ഷപ്പെട്ട ശതകോടീശ്വരൻ ടെഡി സാഗി കഷ്ടിച്ചു രക്ഷപ്പെട്ടു. കൊലപാതകത്തിനായി എത്തിയ വാടകക്കൊലയാളിയെ സൈപ്രസിൽ അറസ്റ്റ് ചെയ്തു. ഇയാൾ റഷ്യൻ പാസ്‌പോർട്ടുള്ള അസർബൈജാനി പൗരനാണെന്നും റിപ്പോർട്ടുണ്ട്.

 

ഓൺലൈൻ ചൂതാട്ട കമ്പനിയായ പ്ലേടെക്കിന്‌റെ സ്ഥാപകനും ലണ്ടനിലെ കാംഡൻ മാർക്കറ്റിന്‌റെ ഉടമയുമായ 49 വയസ്സുകാരൻ സാഗി ഇസ്രയേലിലെ ഏറ്റവും വലിയ നാലാമത്തെ ധനികനാണ്. ഇറാൻ നടപ്പാക്കിയ പദ്ധതിയാണെന്നായിരുന്നു കൊലപാതകശ്രമത്തെക്കുറിച്ച് ആദ്യം പ്രചരിച്ച വാർത്തകൾ. എന്നാൽ പിന്നീട് ഇറാന് ഇക്കാര്യത്തിൽ പങ്കൊന്നുമില്ലെന്ന് സൈപ്രസ് അധികാരികൾ പറഞ്ഞു. ചില റഷ്യൻ വ്യവസായികളുമായുള്ള സാമ്പത്തിക ഇടപാടുകളാണ് വാടകക്കൊലയാളിയിലേക്ക് നയിച്ചതെന്നാണ് ഇപ്പോഴത്തെ ഭാഷ്യം. എന്നാൽ ഇതുസംബന്ധിച്ച് ഇസ്രയേൽ രാജ്യാന്തര വേദിയിൽ വലിയ കോലാഹലമുണ്ടാക്കി. 3500 ഇസ്രയേലികൾ താമസിക്കുന്ന സൈപ്രസ്, ഇസ്രയേലിന്റെ പ്രിയപ്പെട്ട വിനോദസഞ്ചാര മേഖലയാണ്. ടെൽ അവീവിൽ നിന്ന് ഒരു മണിക്കൂർ നീളുന്ന വിമാനയാത്രയിൽ സൈപ്രസിലെത്താം. ഒട്ടേറെ ഇസ്രയേലി ധനികർ സൈപ്രസിൽ തങ്ങളുടെ തട്ടകം ഉറപ്പിച്ചിട്ടുണ്ട്.

 

സംഭവത്തിനു തൊട്ടുപിന്നാലെ ഇറാനെ നിശിതമായി വിമർശിച്ചുകൊണ്ട്, ഇസ്രയേലി പ്രധാനമന്ത്രി നാഫ്താലി ബെനറ്റിന്റെ ഓഫിസ് പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. സംഭവം ഭീകരാക്രമണമാണെന്നും സൈപ്രസിൽ ജീവിക്കുന്ന ഇസ്രയേലി ബിസിനസുകാരെ ദ്രോഹിക്കാനുള്ള ഇറാൻ ശ്രമങ്ങൾ അപലപനീയമാണെന്നുമായിരുന്നു പ്രസ്താവന. പിന്നീട് ടെഡി സാഗിയായിരുന്നില്ല വാടകക്കൊലയാളി ഇരയാക്കാൻ ഉദ്ദേശിച്ചതെന്നും സൈപ്രസിലെ ഇസ്രയേലി ബിസിനസുകാരിൽ മറ്റാരോ ആയിരിക്കാമെന്നും ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ടെഡിയുടെ കമ്പനിയും ഇക്കാര്യം പ്രസ്താവിച്ചിട്ടുണ്ട്.

 

മെഡിറ്ററേനിയൻ കടലിൽ തുർക്കി, സിറിയ, ലബനൻ, ഇസ്രയേൽ, ഈജിപ്ത്, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളുമായി കടലതിർത്തി പങ്കിട്ട് തന്ത്രപ്രധാനമായ രീതിയിലാണു സൈപ്രസ് സ്ഥിതി ചെയ്യുന്നത്. ഗ്രീക്ക് വംശജരും തുർക്കിഷ് വംശജരുമാണ് രാജ്യത്തെ പ്രധാന വിഭാഗങ്ങൾ. സൈപ്രസിന്റെ വടക്കൻ പ്രദേശങ്ങൾ തുർക്കിഷ് വിഭാഗത്തിന്റെ ആധിപത്യമുള്ളവയും തെക്കൻ ഭാഗങ്ങൾ ഗ്രീക്ക് വംശജരുടെ ആധിപത്യമുള്ളവയുമാണ്. തുർക്കിഷ് മേഖല വഴിയാണ് അസർബൈജാൻ പൗരനായ 39കാരൻ വാടകക്കൊലയാളി കടന്നുവന്നതെന്ന് കരുതപ്പെടുന്നു. ഇസ്രയേലിന് അടുത്ത ബന്ധമുള്ളതും ഇറാനുമായി ഇടഞ്ഞുനിൽക്കുന്നതുമായ രാജ്യമാണ് അസർബൈജാൻ. ഇതു മൂലം ഈ നീക്കം ആകെ ആശയക്കുഴപ്പം സൃഷ്ടിച്ചു.

 

ഇസ്രയേലി ബിസിനസുകാരെ ഇറാൻ ലക്ഷ്യം വയ്ക്കുന്നെന്നുള്ള ആരോപണം വളരെക്കാലമായി ഇസ്രയേൽ ഉയർത്താറുണ്ട്. എന്നാൽ ആരോപണങ്ങൾ ഇറാൻ എക്കാലവും നിഷേധിച്ചിട്ടുണ്ട്. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഇസ്രയേൽ ഉയർത്തുകയാണെന്നാണ് സൈപ്രസ് തലസ്ഥാനം നിക്കോഷ്യയിലെ ഇറാനിയൻ എംബസി വിഷയത്തിൽ പ്രതികരിച്ചത്.

 

English Summary: Azerbaijani hitman said at center of Iran plot to attack Israelis in Cyprus

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com