സുലൈമാനിയെ വധിക്കാൻ രഹസ്യവിവരം വന്നത് ബ്രിട്ടിഷ് കേന്ദ്രത്തിൽ നിന്ന്

raf-base-soleimani
Photo: Shutterstock, AFP
SHARE

അമേരിക്കന്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് വേണ്ട നിര്‍ണായക രഹസ്യ വിവരങ്ങള്‍ ബ്രിട്ടനിലെ രഹസ്യാന്വേഷണ കേന്ദ്രം കൈമാറുന്നതിനെതിരെ പ്രതിഷേധം കനക്കുന്നു. ബ്രിട്ടിഷ് അധികൃതരുടെ പരിശോധനകളില്ലാതെ യോര്‍ക്‌ഷെയറിലുള്ള മെന്‍വിത്ത് ഹില്‍ ഇന്റലിജന്‍സ് ബേസില്‍ നിന്നുള്ള വിവരങ്ങള്‍ അമേരിക്ക ഉപയോഗിക്കുന്നു എന്നതാണ് വിവാദത്തിന് അടിസ്ഥാനം. ഇറാനിയന്‍ ജെയിംസ് ബോണ്ട് എന്ന വിശേഷണമുണ്ടായിരുന്ന കാസിം സുലൈമാനിയെ അമേരിക്ക വധിച്ച ഡ്രോണ്‍ ആക്രമണത്തില്‍ അടക്കം വിവരങ്ങള്‍ സംഘടിപ്പിച്ചത് ഈ ബ്രിട്ടിഷ് കേന്ദ്രത്തില്‍ നിന്നായിരുന്നു എന്നാണ് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.

ബ്രിട്ടന്‍ നേരിട്ട് യുദ്ധമുഖത്തില്ലാത്ത യെമന്‍, പാക്കിസ്ഥാന്‍, സൊമാലിയ തുടങ്ങിയ പല രാജ്യങ്ങളിലേയും അമേരിക്കന്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് വേണ്ട വിവരങ്ങള്‍ ഈ ബ്രിട്ടിഷ് കേന്ദ്രത്തില്‍ നിന്നാണ് സമാഹരിക്കുന്നതെന്നാണ് കരുതപ്പെടുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങളുടെ നിരീക്ഷണമോ പരിശോധനയോ ഉത്തരവാദിത്വമോ മെന്‍വിത്ത് ഹില്ലിലെ കേന്ദ്രത്തിനില്ല എന്നതാണ് റിപ്പോര്‍ട്ട് ഉയര്‍ത്തിക്കൊണ്ടുവന്ന അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകനായ ബെര്‍ണബെ പേസ് അടക്കമുള്ളവരുടെ ആരോപണം. 

ഗോള്‍ഫ് പന്തിന്റെ ആകൃതിയിലുള്ള മെന്‍വിത്ത് ഹില്‍ രഹസ്യവിവരശേഖരണ കേന്ദ്രം ബ്രിട്ടനിലെ യോര്‍ക്‌ഷെയറിലാണ് സ്ഥിതി ചെയ്യുന്നത്. എന്‍എസ്എയുടെ അമേരിക്കയ്ക്ക് പുറത്തുള്ള പരസ്യമാക്കിയ ഏറ്റവും വലിയ വിവര ശേഖരണ കേന്ദ്രമാണിത്. ഏതാണ്ട് 600 അമേരിക്കക്കാര്‍ ബ്രിട്ടനിലെ ഈ വിവര ശേഖരണ കേന്ദ്രത്തിലുണ്ട്. കോടിക്കണക്കിന് ഇ മെയിലുകളും ഫോണ്‍ കോളുകളും പ്രതിദിനം പരിശോധിക്കാന്‍ ഈ കേന്ദ്രത്തിന് സാധിക്കുമെന്ന് സ്‌നോഡണ്‍ പുറത്തുവിട്ട രഹസ്യ രേഖകളില്‍ പറഞ്ഞിരുന്നു. 

അഫ്ഗാനിസ്ഥാനില്‍ നടത്തിയതുപോലുള്ള വിപുലമായ താലിബാന്‍ കേന്ദ്രങ്ങളേയും നേതാക്കളേയും പിടികൂടി വധിക്കുന്നതുപോലുള്ള ഓപറേഷനുകള്‍ക്ക് വേണ്ട വിവരങ്ങള്‍ അമേരിക്കക്ക് ലഭിക്കുന്നത് ഈ കേന്ദ്രത്തില്‍ നിന്നാണെന്ന് കരുതപ്പെടുന്നു. യെമന്‍ പോലുള്ള രാജ്യങ്ങളിലും ഇത്തരം രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തില്‍ അമേരിക്ക നിരവധി ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. ട്രംപ് ഭരണത്തിനിടെ യെമനില്‍ 28 കുഞ്ഞുങ്ങള്‍ അടക്കം 86 പേര്‍ ഇത്തരം ഡ്രോണ്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിരുന്നു. ഗോസ്റ്റ് വോള്‍ഫ് എന്ന രഹസ്യ പേരിലാണ് ഇത്തരം ആക്രമണങ്ങള്‍ അറിയപ്പെട്ടിരുന്നത്.

soleimani

9/11 ഭീകരാക്രമണത്തിന് ശേഷം നിലവില്‍ വന്ന മിലിറ്ററി ഫോഴ്‌സ് ആക്ടിന്റെ പരിധിയില്‍ പെടുന്നതാണ് യെമനില്‍ നടത്തിയ ആക്രമണങ്ങളെന്നാണ് അമേരിക്ക വിശദീകരിക്കുന്നത്. എന്നാല്‍ സമാനമായ നിയമങ്ങളൊന്നും തന്നെ ബ്രിട്ടനിലില്ലെന്നും വിമര്‍ശകര്‍ ഉന്നയിക്കുന്നു. സിറിയയിലും ഇറാക്കിലുമുള്ള സൈനിക നീക്കത്തിന് മാത്രമാണ് ബ്രിട്ടിഷ് പാര്‍ലമെന്റ് എംപിമാരുടെ അനുമതി ലഭിച്ചതെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

English Summary: RAF intelligence base linked to US drone strike on Iranian general Qassem Soleimani

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DEFENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അടച്ചുപൂട്ടുമോ ഒമിക്രോൺ? ആശങ്ക– എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA