താലിബാന്റെ വധഭീഷണി, ബൈഡനെ സഹായിച്ച ഖലീലിയും അഫ്ഗാനിൽ നിന്നു രക്ഷപ്പെട്ടു

khalili-afgnaistan
SHARE

ഇന്നത്തെ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പണ്ട് യുഎസ് സെനറ്ററായിരിക്കെ അഫ്ഗാനിൽ കുടുങ്ങിയപ്പോൾ രക്ഷിച്ച പരിഭാഷി അമൻ ഖലീലി താലിബാൻ നിയന്ത്രിത അഫ്ഗാനിൽ നിന്നു രക്ഷപ്പെട്ടു. ഇപ്പോൾ പാക്കിസ്ഥാനിൽ എത്തിയിരിക്കുകയാണ് ഖലീലി.

2008ൽ അഫ്ഗാനിസ്ഥാൻ സന്ദർശിച്ചു മടങ്ങിയ സെനറ്റർമാരായ ജോ ബൈഡൻ, ജോൺ കെറി, ചക്ക് ഹാഗെൽ എന്നിവരെ വഹിച്ച 2 യുഎസ് മിലിട്ടറി ഹെലിക്കോപ്റ്ററുകൾ കനത്ത മഞ്ഞുകാറ്റു മൂലം മുന്നോട്ടുപോകാനൊക്കാതെ അഫ്ഗാനിലെ ഒരു താഴ്‌വരയിൽ ഇറങ്ങി. താലിബാന് ആധിപത്യമുള്ള ആ മേഖല സംഘർഷാവസ്ഥയിലായിരുന്നു. സെനറ്റർമാരെ രക്ഷിക്കാൻ അയച്ച സംഘത്തിന്റെ ഭാഗമായിരുന്നു അമൻ ഖലീലി. അന്ന് ഈ യുഎസ് ഉന്നത സംഘത്തെ സുരക്ഷിത താവളത്തിലെത്തിക്കാൻ ഖലീലി ശ്രദ്ധേയമായ സംഭാവനകൾ നൽകി.

ബൈഡനു മാത്രമല്ല, അഫ്ഗാനിൽ എത്തിയ പല യുഎസ് സൈനികരെയും ഉദ്യോഗസ്ഥരെയും ഖലീലി സഹായിച്ചിട്ടുണ്ടായിരുന്നു. അതിന്റെ കടപ്പാടും പല ഉദ്യോഗസ്ഥർക്കുമുണ്ടായിരുന്നു. 2001ൽ യുഎസ് അഫ്ഗാനിൽ യുദ്ധത്തിനെത്തിയ ശേഷമാണ് ഖലീലിയും ഭാഗമായത്. യുഎസ് അഫ്ഗാനിസ്ഥാനിൽ സ്ഥാപിച്ച പ്രധാന സൈനികത്താവളമായ ബാഗ്രാം എയർബേസിൽ പരിഭാഷിയുടെ തസ്തികയിലായിരുന്നു ആദ്യ ജോലി.

2016ൽ തന്നെ യുഎസിലേക്കു കുടിയേറ്റത്തിനായി ഖലീലി അപേക്ഷ നൽകിയിരുന്നു (തങ്ങളുടെ ജീവനക്കാരായ അഫ്ഗാനികൾക്ക് കുടിയേറ്റത്തിനുള്ള സൗകര്യങ്ങൾ യുഎസ് ചെയ്യാറുണ്ട്). എന്നാൽ സാങ്കേതികപരമായ കാരണങ്ങളാൽ അന്ന് ഖലീലിയുടെ അപേക്ഷ തള്ളി.

എന്നാൽ കഴി‍ഞ്ഞ മാസം യുഎസ് സേന അഫ്ഗാനിൽ നിന്നു പിൻമാറിയതും തുടർന്നുള്ള താലിബാൻ മുന്നേറ്റവും യുഎസിനു വേണ്ടി ജോലി ചെയ്ത അഫ്ഗാനികളെ വലിയ സമ്മർദ്ദത്തിലാക്കിയിരുന്നു. താലിബാൻ എത്തിക്കഴിഞ്ഞാൽ തങ്ങളുടെ നിലയെന്താകുമെന്ന് അവർ ആശങ്കപ്പെട്ടു. എത്രയും പെട്ടെന്ന് രാജ്യം വിടാൻ ഇവർ ശ്രമിച്ചിരുന്നു, ഖലീലിയും ഇതിനു ശ്രമിച്ചു.താലിബാൻ ഭരണം ഏറ്റെടുത്തതിനു പിന്നാലെ കാബൂൾ വിമാനത്താവളത്തിൽ തടിച്ചുകൂടിയ ലക്ഷക്കണക്കിന് ആളുകളിൽ ഖലീലിയും ഉൾപ്പെട്ടു. പ്രസിഡന്റ് ജോ ബൈഡനോട് തന്നെ രക്ഷിക്കണമെന്ന് നേരിട്ട് ആവശ്യപ്പെടുക പോലും ചെയ്തു ഖലീലി.

ഖലീലിയെ രക്ഷിക്കാനായി യുഎസിലെ അരിസോണയിലുള്ള ചിലർ ക്യാംപെയ്നുകൾ തുടങ്ങിയിരുന്നു. പണ്ട് ഇദ്ദേഹത്തിന്റെ സഹായങ്ങൾ ലഭിച്ചവരും സൗഹൃദം പങ്കിട്ടവരുമായ വിമുക്ത സൈനികരാണ് ഇതിനു തുടക്കമിട്ടത്. ഇവർ പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ സേനകളിലുള്ള തങ്ങളുടെ സുഹൃത്തുക്കളോട് എങ്ങനെയും ഖലീലിയെ രക്ഷിക്കാൻ ആവശ്യപ്പെട്ടു പ്രവർത്തനങ്ങൾ തുടങ്ങി. എന്നാൽ ഖലീലിയുടെ ഭാര്യയ്ക്കും രണ്ട് മക്കൾക്കും അഫ്ഗാൻ പാസ്പോർട്ടില്ലാത്തത് രക്ഷാപ്രവർത്തനം അവതാളത്തിലാക്കി. യുഎസ് സൈനികർ പോലും ഇക്കാരണത്താൽ ഇവരെ തിരിച്ചുവിട്ടു.

താലിബാൻ ഭരണമേറ്റെടുത്ത്, യുഎസ് അഫ്ഗാൻ വിടുക കൂടി ചെയ്തതോടെ ഖലീലി ഒളിവിൽ പോയി. അമീദ് ഖാൻ എന്ന അമേരിക്കൻ പൗരത്വമുള്ള അഫ്ഗാൻ ധനികൻ ഖലീലിയെയും കുടുംബത്തെയും കാബൂളിലുള്ള ഒരു സുരക്ഷിത താവളത്തിൽ സൗജന്യമായി എത്തിച്ചു. ഇതിനിടെ ഒട്ടേറെപ്പേർ ഖലീലിയെ സഹായിക്കാൻ മുന്നോട്ടുവന്നു. എന്നാൽ പ്രക്ഷുബ്ദമായ രാജ്യത്തിന്റെ രാഷ്ട്രീയാന്തരീക്ഷം എല്ലാം അവതാളത്തിലാക്കി. ഖലീലി ഏതുനിമിഷവും താൻ താലിബാന്റെ കൈയിലാകുന്നത് പ്രതീക്ഷിച്ച് കാബൂളിൽ കഴിഞ്ഞു. യുഎസിനു ജോലി ചെയ്തവർക്കായി താലിബാൻ തിരച്ചിൽ ശക്തമാക്കിയെന്ന വാർത്ത അദ്ദേഹത്തിനെ ആശങ്കാകുലനാക്കി.

എന്നാൽ അരിസോണയിലെ വിമുക്തഭടൻമാർ ശ്രമം തുടർന്നു. ഒടുവിൽ അതു ഫലം കണ്ടു. ഖലീലിയെയും കുടുംബത്തെയും റോഡ് മാർഗം 400 കിലോമീറ്ററോളം ദൂരം താണ്ടി പാക്കിസ്ഥാനിലെത്തിച്ചതായാണ് ഒടുവിൽ കിട്ടുന്ന വിവരം. രാഷ്ട്രീയ, സൈനിക ലക്ഷ്യങ്ങൾക്കപ്പുറം സൗഹൃദത്തിന്റെ കഥ പറയുന്ന ഒരേടുകൂടിയായി മാറി ഖലീലിയുടെ രക്ഷപ്പെടൽ.

English Summary: Interpreter who helped rescue Biden in 2008 leaves Afghanistan

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DEFENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കരടിക്ക് എന്റെ ലൈഫുമായി ഒരുപാട് ബന്ധമുണ്ട് | Chemban Vinod Jose | Bheemante Vazhi | Candid Talks

MORE VIDEOS
FROM ONMANORAMA