ADVERTISEMENT

ഏതാണ്ട് 1.20 കിലോമീറ്റര്‍ അകലത്തിലുള്ള വസ്തുവിനെ വെടിവെച്ചിടുന്ന ‘കില്ലർ സ്നൈപ്പർ റോബോട്ട്’ നായയെ അവതരിപ്പിച്ച് അമേരിക്കന്‍ സൈന്യം. ഫിലാഡല്‍ഫിയ ആസ്ഥാനമായുള്ള ഗോസ്റ്റ് റോബോട്ടിക്‌സും നെവാഡയിലെ സ്‌വോഡ് (SWORD) ഇന്റര്‍നാഷണല്‍ ഓഫ് സ്പാര്‍ക്‌സും ചേര്‍ന്നാണ് ഈ റോബോ നായയെ നിര്‍മിച്ചിരിക്കുന്നത്. വിദൂര നിയന്ത്രണ സംവിധാനം വഴി ഈ സ്‌പെഷല്‍ പര്‍പസ് അണ്‍മാന്‍ഡ് റൈഫിളിലെ( SPUR) തോക്കിലെ തിരകള്‍ നിറക്കാനും ലക്ഷ്യം വെച്ച് വെടിയുതിര്‍ക്കാനും ഇതിനു സാധിക്കും. 

 

റോബോട്ടിക് നായയിൽ ഉപയോഗിക്കുന്ന വെടിക്കോപ്പുകള്‍ സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. അതേസമയം, 6.5 എംഎം ക്രീഡ്‌മോര്‍ റൈഫിളുകളാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് പുറത്തുവന്ന ചിത്രങ്ങളും വിഡിയോയും പരിശോധിക്കുമ്പോള്‍ വ്യക്തമാണ്. രാത്രിയും പകലും 1200 മീറ്റര്‍ വരെ അകലത്തിലുള്ള ലക്ഷ്യങ്ങളിലേക്ക് വെടിയുതിര്‍ക്കാന്‍ ഈ റോബോട്ടിക് നായക്ക് സാധിക്കും. 

 

2015 മുതല്‍ തന്നെ റോബോട്ടിക് നായകളെ നിര്‍മിക്കുന്ന കമ്പനിയാണ് ഗോസ്റ്റ് റോബോട്ടിക്‌സ്. ബോംബുകളെ നിര്‍വീര്യമാക്കുന്ന ഉപകരണങ്ങള്‍ അടക്കം ഈ റോബോട്ടിക് നായകളില്‍ ഇവര്‍ വിജയകരമായി ഘടിപ്പിച്ചിട്ടുമുണ്ട്. എന്നാല്‍, ആദ്യമായാണ് തോക്ക് ഘടിപ്പിച്ചുകൊണ്ട് ഈ റോബോട്ടിക് നായയെ കൊലയാളി റോബോട്ടാക്കി മാറ്റുന്നത്. 

നിരപ്പല്ലാത്ത പ്രദേശങ്ങളിലൂടെ നിലതെറ്റാതെ പോകാനുള്ള ശേഷിയാണ് ഈ റോബോട്ടിക് നായയുടെ പ്രത്യേകതകളിലൊന്ന്. ചക്രങ്ങള്‍ ഘടിപ്പിച്ച വാഹനങ്ങള്‍ക്ക് പോകാനാവാത്ത പ്രദേശങ്ങളിലേക്കും എളുപ്പം പോകാന്‍ ഇവയ്ക്കാകും. ഉദാഹരണത്തിന് മറ്റു വാഹനങ്ങള്‍ക്ക് എളുപ്പമല്ലാത്ത പടികള്‍ കയറി പോകാന്‍ ഇവക്ക് നിഷ്പ്രയാസം സാധിക്കും. അതേസമയം ഇത്തരം റോബോട്ടിക് നായകള്‍ സ്വയം തീരുമാനമെടുത്ത് നടപ്പിലാക്കുന്നവയല്ലെന്നും പൂര്‍ണമായും മനുഷ്യ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്നവയാണ് എന്നുമാണ് ഗോസ്റ്റ് റോബോട്ടിക്‌സ് സിഇഒ ജെയ്‌റണ്‍ പരീഖ് പറയുന്നത്. 

 

ഓരോ കാല്‍വെയ്പിലും ഏതാണ്ട് 2,000 കണക്കുകൂട്ടലുകള്‍ ഈ റോബോട്ടിക് നായ നടത്തുന്നുണ്ടെന്നാണ് ഗോസ്റ്റ് റോബോട്ടിക്‌സ് അറിയിക്കുന്നത്. ചില സെന്‍സറുകളുടെ പ്രവര്‍ത്തനം തടസപ്പെട്ടാല്‍ പോലും റോബോട്ടിക് നായക്ക് നടക്കാനാകും. ഇത്തരം റോബോട്ടിക് നായകള്‍ ഉപയോഗിക്കാനുള്ള താല്‍പര്യം ഇതിനകം തന്നെ അമേരിക്കന്‍ വ്യോമസേന അറിയിച്ചിട്ടുണ്ട്. മനുഷ്യര്‍ക്ക് കടന്നു ചെല്ലാന്‍ ബുദ്ധിമുട്ടുള്ള ചെറിയ ഭാഗങ്ങളിലേക്കും അപകടസാധ്യത കൂടുതലുള്ള പ്രദേശങ്ങളിലേക്കുമെല്ലാം ഈ റോബോട്ടിക് നായയെ ഒരു വെര്‍ച്വല്‍ റിയാലിറ്റി ഹെഡ്‌സെറ്റ് ഉപയോഗിച്ച് സൈനികര്‍ക്ക് നിയന്ത്രിക്കാനാകും.

 

യുദ്ധമേഖലകളില്‍ റോബോട്ടുകളെ ഉപയോഗിക്കുന്നതിനെതിരെ ഇതിനകം തന്നെ അമേരിക്കയില്‍ നിന്നടക്കം എതിര്‍പ്പുകള്‍ ഉയരുന്നുണ്ട്. ജനപ്രതിനിധികളുടെ അടക്കം എതിര്‍പ്പിനെ തുടര്‍ന്ന് കഴിഞ്ഞ ഏപ്രിലില്‍ ന്യൂയോര്‍ക് പൊലീസ് ഡിപ്പാര്‍ഡ്‌മെന്റിന് അവരുടെ ഡിഗിഡോഗ് പദ്ധതി ഉപേക്ഷിക്കേണ്ടി വന്നിരുന്നു. സ്വയം നിയന്ത്രിക്കാനാവുന്ന റോബോട്ടുകളെ യുദ്ധമേഖലകളില്‍ ഉപയോഗിക്കരുതെന്നാണ് അമേരിക്കയുടെ നയം. അങ്ങനെയിരിക്കിലും ലക്ഷ്യസ്ഥാനങ്ങള്‍ സ്വയം തീരുമാനിച്ച് തകര്‍ക്കുന്ന കൊലയാളി ഡ്രോണ്‍ കൂട്ടത്തെ ലിബിയയില്‍ അടക്കം അമേരിക്കന്‍ സേന ഉപയോഗിക്കുകയും ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്.

 

English Summary: Black Mirror's killer robot dogs become a reality

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com