ADVERTISEMENT

2020 ഒക്ടോബര്‍ ഒന്നിനാണ് 68 വര്‍ഷത്തിന് ശേഷം പസിഫിക് സമുദ്രത്തിലെ ഗുവാമില്‍ അമേരിക്ക നാവിക താവളം വീണ്ടും സജീവമാക്കുന്നത്. ചൈനയില്‍ നിന്നും ഉത്തരകൊറിയയില്‍ നിന്നും സുരക്ഷിതമായ അകലത്തിലുള്ള അമേരിക്കന്‍ സൈനിക താവളം എന്ന ഗുവാമിന്റെ വിശേഷണത്തെ വെല്ലുവിളിക്കുകയാണ് ചൈന. 3,400 മൈല്‍ (5,471 കിലോമീറ്റര്‍) ദൂരത്തില്‍ വരെ ആക്രമണം നടത്താന്‍ ശേഷിയുള്ള ഡിഎഫ് 26 മധ്യദൂര ബാലിസ്റ്റിക് മിസൈലാണ് ചൈനയുടെ വജ്രായുധമാവുന്നത്. 

 

പസിഫിക് സമുദ്രത്തിലെ ഭൂമിശാസ്ത്രപരമായ പ്രാധാന്യം മനസിലാക്കിയാണ് അമേരിക്ക ഗുവാമിനെ വീണ്ടും സൈനികമായി സജീവമാക്കിയത്. അമേരിക്കയുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്നതാണ് എന്നതുകൊണ്ടു തന്നെ ചൈനയുടെ ഡിഎഫ് 26 മിസൈലിനെ ഗുവാം കില്ലര്‍ എന്നാണ് പ്രതിരോധ വിദഗ്ധര്‍ വിശേഷിപ്പിക്കുന്നത് തന്നെ. ഗുവാം എന്ന പസിഫിക് സൈനിക താവളം വഴി അമേരിക്ക നേടിയ മുന്‍തൂക്കത്തിന് ചൈനയുടെ മറുപടിയാണ് ഈ മിസൈല്‍. ചൈനീസ് മിസൈല്‍ ഉയര്‍ത്തുന്ന ഭീഷണിയെക്കുറിച്ച് 2016ല്‍ തന്നെ അമേരിക്കന്‍ കണ്‍ഗ്രഷണല്‍ പാനല്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരുന്നു. 

 

ഗുവാമിലെ ആന്‍ഡേഴ്‌സണ്‍ വ്യോമ താവളത്തില്‍ ബി1, ബി2, ബി 52 ബോംബര്‍ വിമാനങ്ങളെ അമേരിക്ക സജ്ജമാക്കിയിട്ടുണ്ട്. ഇതില്‍ രണ്ടെണ്ണം അണുബോംബ് വഹിക്കാന്‍ ശേഷിയുള്ളവയാണ്. ദീര്‍ഘകാലത്തേക്ക് ബോംബര്‍ വിമാനങ്ങളെ സജ്ജമാക്കി നിര്‍ത്താന്‍ ശേഷിയുള്ള വടക്കുഭാഗത്തെ അമേരിക്കയുടെ ഏറ്റവും സുപ്രധാന സൈനിക താവളമാണ് ഗുവാം. ചൈനയുമായി എന്തെങ്കിലും സംഘര്‍ഷമുണ്ടായാല്‍ ഗുവാമിലെ അമേരിക്കന്‍ നീക്കങ്ങള്‍ നിര്‍ണായകമാകുമെന്ന തിരിച്ചറിവ് ചൈനക്കുണ്ട്. ഗുവാമിലെ നാവികതാവളത്തില്‍ നിന്നും വളരെയെളുപ്പത്തില്‍ അമേരിക്കക്ക് മുങ്ങിക്കപ്പലുകളെ പസിഫിക് സമുദ്രത്തിന്റെ ആഴങ്ങളിലേക്ക് ഒളിക്കാനാകും.

 

അമേരിക്കയുടെ ഗുവാമിലെ നീക്കങ്ങള്‍ പരിമിതപ്പെടുത്താനുള്ള തന്ത്രപ്രധാന ആയുധമായാണ് ഡിഎഫ് 26 മിസൈലിനെ ചൈന കാണുന്നത്. ഏതാണ്ട് 1,500 കിലോഗ്രാം വഹിച്ചുകൊണ്ട് ഡിഎഫ് 26 മിസൈലിന് അനായാസം 4,000 കിലോമീറ്റര്‍ മറികടക്കാനാകും. ഒരേസമയം മൂന്ന് വ്യത്യസ്ത കേന്ദ്രങ്ങളെ ലക്ഷ്യമിടാന്‍ ശേഷിയുള്ള മൂന്ന് അണുബോംബുകളും ഈ മിസൈലിന് വഹിക്കാനാകും. അമേരിക്കന്‍ വിമാനവാഹിനി കപ്പലുകളെ തകര്‍ക്കാന്‍ ശേഷിയുള്ള കപ്പല്‍വേധ മിസൈലും ഡിഎഫ് 26ല്‍ ഉണ്ടാകുമെന്നത് അമേരിക്കയുടെ നെഞ്ചിടിപ്പ് കൂട്ടുന്നുണ്ട്. പ്രത്യേകിച്ച് സൈനിക നീക്കങ്ങളൊന്നും നടത്താതെ ഈ മിസൈല്‍ മാത്രം ഉപയോഗിച്ച് ചൈനക്ക് അമേരിക്കന്‍ സൈനിക താവളത്തെ നിര്‍വീര്യമാക്കാനാകുമെന്ന് ചുരുക്കം. 

 

2022ല്‍ 40 ബഹിരാകാശ ദൗത്യങ്ങള്‍ പദ്ധതിയിട്ടിരിക്കുന്ന ചൈന ഇതിനകം തന്നെ തങ്ങളുടെ സാറ്റലൈറ്റ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഗുവാം അടക്കമുള്ള അമേരിക്കന്‍ സൈനിക താവളങ്ങളിലെ ഓരോ നീക്കവും നിരീക്ഷിച്ചുകൊണ്ടുള്ള ചാര സാറ്റലൈറ്റുകളും ചൈനക്ക് നിര്‍ണ്ണായക വിവരങ്ങള്‍ കൈമാറുന്നു. 

 

2013ല്‍ ഉത്തരകൊറിയ ഗുവാം ആക്രമിക്കുമെന്ന് വെല്ലുവിളിച്ചതിന് പിന്നാലെയാണ് അമേരിക്ക ഗുവാമിലെ സൈനിക സാന്നിധ്യം ശക്തമാക്കാന്‍ തീരുമാനിക്കുന്നത്. ഉത്തരകൊറിയന്‍ മിസൈല്‍ ഭീഷണിയെ പ്രതിരോധിക്കാന്‍ ഗുവാമില്‍ താഡ് ( THAAD) വ്യോമ പ്രതിരോധ സംവിധാനവും അമേരിക്ക സ്ഥാപിച്ചിട്ടുണ്ട്. ചൈനീസ് ഭീഷണികളെ മറികടക്കാന്‍ കൂടുതല്‍ മെച്ചപ്പെട്ട ഇസ്രയേലി അയൺ ഡോം മിസൈല്‍ പ്രതിരോധ സംവിധാനത്തിന്റെ പരീക്ഷണം ഗുവാമില്‍ അമേരിക്കന്‍ സൈന്യം നടത്തിയെന്നും കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

 

ഗുവാമില്‍ അമേരിക്ക പുതിയതായി നിര്‍മിക്കുന്ന 5,000 നാവികരെ ഉള്‍ക്കൊള്ളുന്ന നാവിക താവളത്തിനായി ഏതാണ്ട് 3 ബില്യണ്‍ ഡോളര്‍ ജപ്പാന്‍ സര്‍ക്കാര്‍ സഹായിക്കുന്നുണ്ട്. 5.7 ബില്യണ്‍ ഡോളറാണ് അമേരിക്കന്‍ സര്‍ക്കാരിന്റെ വിഹിതം. 2021 ഡിസംബറില്‍ ദേശീയ സുരക്ഷക്കായി 768 ബില്യണ്‍ ഡോളര്‍ അമേരിക്ക അനുവദിച്ചിരുന്നു. ഇതില്‍ 7.1 ബില്യണ്‍ ഗുവാം ഉള്‍പ്പെടുന്ന പസിഫിക് ഡിറ്റെറന്‍സ് ഇനീഷ്യേറ്റീവ് അഥവാ പിഡിഐക്കു വേണ്ടിയാണ് അനുവദിച്ചിരിക്കുന്നത്.

 

English Summary: China’s ‘Guam Killer’ DF-26 Missile ‘Greatest Risk’ For US In Asia-Pacific

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com