ADVERTISEMENT

വൻശക്തികൾ ഉൾപ്പെടുന്ന യുദ്ധങ്ങൾ വരുമ്പോഴെല്ലാം അവരുടെ ആയുധസമ്പത്തും സവിശേഷ ആയുധങ്ങളും ചർച്ചയാകാറുണ്ട്. യൂറോപ്പിൽ ഉടലെടുക്കുന്ന റഷ്യ– യുക്രെയ്ൻ പ്രതിസന്ധിയിലും സ്ഥിതി വ്യത്യസ്തമല്ല. റഷ്യയുടെ ആയുധശേഷിയെക്കുറിച്ചുള്ള ചർച്ചകൾ പലയിടങ്ങളിലും തകൃതിയായി നടക്കുന്നു. ലോകത്തെ രണ്ടാമത്തെ സൈനികശക്തി എന്നറിയപ്പെടുന്ന റഷ്യ അത്യാധുനിക ബോംബുകൾ, മിസൈലുകൾ തുടങ്ങിയ ആയുധങ്ങളുടെയൊക്കെ കാര്യത്തി‍ൽ ബഹുദൂരം മുന്നിലാണെന്നുള്ളത് നിസ്തർക്കമായ കാര്യം. റഷ്യൻ ബോംബുകളിൽ ഏറ്റവും ശ്രദ്ധേയമാണ് ഫാദർ ഓഫ് ഓൾ ബോംബ് എന്നറിയപ്പെടുന്ന ഫോബ് എന്ന ബോംബ്. ആണവേതര ബോംബുകളിൽ ഏറ്റവും കരുത്തുറ്റതും മാരകവും അതിവിനാശകാരിയുമായി ഫോബ് അറിയപ്പെടുന്നു.

 

2007ലാണ് റഷ്യയിൽ ഈ ബോംബ് വികസിപ്പിക്കപ്പെട്ടത്. അതിനു ശേഷം യുക്രെയ്നുമായുൾപ്പെടെ റഷ്യ ചില യുദ്ധങ്ങളിൽ പങ്കെടുത്തിരുന്നെങ്കിലും അവയിലൊന്നും ഈ ബോംബ് ഉപയോഗിക്കപ്പെട്ടിരുന്നില്ല. തെർമോബേറിക് ബോംബ് എന്ന വിഭാഗത്തിൽ ഉൾപ്പെടുന്ന ബോംബാണ് ഫോബ്. വളരെ ഉയർന്ന താപനിലയിൽ സ്ഫോടനം നടക്കുന്നു എന്നതാണ് തെർമോബേറിക് ബോംബുകളുടെ പ്രധാന സവിശേഷത. ഇത്രയ്ക്കും ഉയർന്ന താപനില മൂലം ബോംബ് വിസ്ഫോടനം നടക്കുന്നതിന്റെ ചുറ്റിലുമുള്ള മനുഷ്യരുൾപ്പെടെ ജീവികളും മറ്റ് ജൈവ വസ്തുക്കളും ഞൊടിയിടയിൽ ബാഷ്പമായി പോകും.എത്രത്തോളം വിനാശകാരിയാണ് ഈ ബോംബ് എന്നുള്ളതിന്റെ നേർസാക്ഷ്യമാണ് ഈ സവിശേഷത.

 

2007ൽ തന്നെയായിരുന്നു ഈ ബോംബിന്റെ പരീക്ഷണം റഷ്യൻ സൈന്യം നടത്തിയത്. ഒരു ആണവ ബോംബ് വിസ്ഫോടനത്തിന്റെ അതേ വ്യാപ്തിയും ശേഷിയുമുള്ളതാണ് ഈ ബോംബിന്റെയും വിസ്ഫോടനമെന്ന് സേനാ അധികൃതർ ഇതിനു ശേഷം പറഞ്ഞു. എന്നാൽ ആണവായുധത്തിന്റെ പരിസ്ഥിതി, ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഇതിൽ നിന്നുണ്ടാകുകയുമില്ല.

 

യുഎസിന് മാസീവ് ഓർഡിനൻസ് എയർ ബ്ലാസ്റ്റ് (എംഒഎബി) എന്ന പേരിൽ അതീവ ശേഷിയുള്ള ഒരു ബോംബുണ്ട്. യുഎസിന്റെ ആണവേതര ആയുധപ്പുരയിലെ ഏറ്റവും കരുത്തുറ്റ ബോംബായ ഇതിനെ ‘മദർ ഓഫ് ഓൾ ബോംബ്’ എന്നും വിളിക്കാറുണ്ട്. ഇതിന്റെ ചുവടുപിടിച്ചാണ് ഫോബിന് ഫാദർ ഓഫ് ഓൾ ബോംബ് എന്ന പേരു ലഭിച്ചത്. എംഒഎബി അഫ്ഗാനിസ്ഥാനിലെ നംഗർഹാറിൽ യുഎസ് പ്രയോഗിച്ചിട്ടുള്ളതാണ്.

 

എംഒഎബിയെക്കാൾ ശേഷിയേറിയതാണ് ഫോബെന്നുള്ളത് ഏറെക്കുറെ തർക്കങ്ങളില്ലാത്ത കാര്യമാണ്. റഷ്യയ്ക്ക് തെർമോബേറിക് ബോംബുകളുണ്ടാക്കുന്നതിൽ സാങ്കേതികപരമായ മേൽക്കൈയുള്ളതാണ് ഇതിനു കാരണം.

അമേരിക്കൻ എംഒഎബിക്ക് 11 ടൺ ടിഎൻടി ശേഷിയാണ് കണക്കാക്കപ്പെടുന്നത്. ഇതേ സ്ഥാനത്ത് ഫോബിന്റേത് 44 ടൺ ടിഎൻടിയാണ്. എംഒഎബിയുടെ ശേഷിയുടെ നാലിരട്ടി ശേഷി. 7100 കിലോ ഭാരമുള്ള ഫോബ് എംഒഎബിയേക്കാൾ ഭാരം കുറഞ്ഞതാണ്. സ്ഫോടനത്തിന്റെ ആയിരം അടി വ്യാസത്തിലുള്ള സ്ഥലം പൂർണമായും നശിപ്പിക്കാനും ഫോബിനു കഴിയും.

 

ശീതയുദ്ധകാലം സോവിയറ്റ് യൂണിയന്റെ തകർച്ചയോടെ അവസാനിച്ചെങ്കിലും യുഎസും റഷ്യയും തമ്മിലുള്ള എതിർച്ചേരികൾ എന്നും തുടർന്നിരുന്നു. ശക്തനായ ഭരണാധികാരി, വ്ലാഡിമിർ പുട്ടിൻ റഷ്യയുടെ സാരഥ്യമേറ്റതോടെ ഈ മാത്സര്യം കടുത്തു. 2003ൽ യുഎസ് എംഒഎബി വികസിപ്പിച്ചതിന്റെ മറുപടിയായാണ് റഷ്യ 2007ൽ ഫോബ് വികസിപ്പിച്ചത്.ശക്തമായ ആയുധക്കയറ്റുമതി വിപണിയുള്ള റഷ്യ ഫോബ് ബോംബിനെ മറ്റൊരു രാജ്യത്തിനും നൽകാൻ ഇതുവരെ തയാറായിട്ടില്ല.

 

English Summary: Meet the FOAB: Russia's Father Of All Bombs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com