ADVERTISEMENT

അമേരിക്ക യുക്രെയ്നു നല്‍കുന്ന 800 ബില്യന്‍ യുദ്ധ സഹായ പാക്കേജിന്റെ ഭാഗമായി കൈമാറിയ ഒരു ഡ്രോണിനെക്കുറിച്ചാണ് ഇപ്പോള്‍ ലോകമെമ്പാടുമുള്ള യുദ്ധ വിശകലന വിദഗ്ധര്‍ ചർച്ച ചെയ്യുന്നത്. ‘ഫീനിക്‌സ് ഗോസ്റ്റ്’ ടാക്ടിക്കല്‍ ഡ്രോണ്‍ എന്നാണ് ഇതിനെ വിളിക്കുന്നത്. ലോയ്റ്ററിങ് ഡ്രോൺ (ലക്ഷ്യമിടുന്ന പ്രദേശത്ത് ചുറ്റിത്തിരിയുകയും ടാർഗറ്റിനെ കണ്ടെത്തിയാലുടൻ ആക്രമിക്കുകയും ചെയ്യുന്ന ഡ്രോൺ) വിഭാഗത്തിൽപ്പെടുന്ന ഇത് അമേരിക്കന്‍ വ്യോമസേനയാണ് നിര്‍മിച്ചിരിക്കുന്നത്. യുക്രെയ്ന്‍ യുദ്ധത്തില്‍ നിര്‍ണായകമായ പങ്കുവഹിക്കുമോ ഫീനിക്‌സ് ഗോസ്റ്റ് എന്നാണിപ്പോള്‍ ഉയരുന്ന ചോദ്യം. സൂയിസൈഡ് (kamikaze) ഡ്രോണുകളുടെ വിഭാഗത്തിലാണ് ഇതിനെ പെടുത്തിയിരിക്കുന്നത്.

∙ നിര്‍മാണം പെട്ടെന്ന്

റഷ്യയുടെ യുക്രെയ്‌നിലേക്കുള്ള കടന്നുകയറ്റം കണ്ട്, റഷ്യയെ ചെറുക്കാന്‍ യുക്രെയ്‌ന് ഉപകരിക്കുമെന്നു കരുതിത്തന്നെ നിര്‍മിച്ചതാണ് ഈ ഡ്രോൺ. ഡോണ്‍ബാസ് മേഖലയിലെ റഷ്യന്‍ ആക്രമണത്തിന് തടയിടാന്‍ യുക്രെയ്ന്‍ ശ്രമിക്കുന്ന സമയത്താണ് തങ്ങള്‍ 121 ലേറെ ഫീനിക്‌സ് ഗോസ്റ്റുകളെ കൈമാറുന്നതെന്ന് പെന്റഗണ്‍ വക്താവ് ജോണ്‍ കിര്‍ബി പറയുന്നു.

∙ സ്വിച്‌ബ്ലേഡുമായി സമാനതകള്‍

എയ്‌റോവയണ്‍മെന്റ് (AeroVironment) കമ്പനി നിര്‍മിച്ച ലോയ്റ്ററിങ് ഡ്രോണാണ് സ്വിച്‌ബ്ലേഡ് (Switchblade). ഈ ഡ്രോണുമായി ചില സമാനതകള്‍ ഫീനിക്‌സ് ഗോസ്റ്റിന് ഉണ്ട്. എന്നാല്‍, അവ തമ്മില്‍ വ്യത്യാസവും ഉണ്ടെന്ന് കിര്‍ബി പറഞ്ഞു. എന്തെല്ലാം വ്യത്യാസമാണ് ഇവ തമ്മിലുള്ളതെന്ന് വ്യക്തമാക്കാന്‍ അദ്ദേഹം കൂട്ടാക്കിയില്ല. ഒരു ട്യൂബില്‍നിന്ന് വിക്ഷേപിക്കാവുന്ന ഡ്രോണ്‍ ആണ് സ്വിച്‌ബ്ലേഡ്. ഇത് ഉപയോഗിച്ച് വിവിധ മേഖലകളില്‍ നടക്കുന്ന കാര്യങ്ങള്‍ വീക്ഷിക്കാം. ആക്രമണങ്ങള്‍ നടത്താനും ഇത് ഉപയോഗിക്കാം. ഒരു നിശ്ചിത ലക്ഷ്യസ്ഥാനത്തിനു നേരേ സ്വയം ആക്രമണം നടത്താന്‍ ഇതിനു സാധിക്കും. ആരും ഇതിനെ നിയന്ത്രിക്കേണ്ടതില്ല.‌

∙ സ്വിച്‌ബ്ലേഡുകളും യുക്രെയ്‌നു നല്‍കി

400 സ്വിച്‌ബ്ലേഡ് ഡ്രോണുകളും അമേരിക്ക യുക്രെയ്‌നു സംഭാവനയായി നല്‍കുന്നുണ്ട്. അവയില്‍ 100 എണ്ണം കഴിഞ്ഞയാഴ്ച യുക്രെയ്‌നിലെത്തിയെന്നും ദ് ഡ്രൈവ് റിപ്പോര്‍ട്ടു ചെയ്യുന്നു. രണ്ടു മോഡലുകളാണ് ഇതിനുള്ളത് -300, -600. ഇവയില്‍ -300 നേക്കാള്‍ വളരെയധികം ശക്തിയുള്ളതാണ് -600. എന്നാല്‍ -600 അധികം നിര്‍മിച്ചിട്ടില്ലെന്നു മാത്രമല്ല, ഇവ അമേരിക്കന്‍ വ്യോമസേനയ്ക്കു നല്‍കിയിട്ടും അധിക നാളുകള്‍ ആയിട്ടില്ല. അത്യന്തം അപകടകാരികളായ ഈ ഡ്രോണുകള്‍ നിരീക്ഷണ ദൗത്യത്തിനും ഉപയോഗിക്കാം. ഇവ എതിരാളികളെ ഞെട്ടിക്കുന്ന തരത്തിലുള്ള ആക്രമണങ്ങള്‍ക്കാണ് കൂടുതലായി ഉപയോഗിക്കുക. ഫീനിക്‌സ് ഗോസ്റ്റിനും അതൊക്കെ സാധ്യമാണെന്നു കിര്‍ബി പറയുന്നു. ഫീനിക്‌സ് ഗോസ്റ്റ് നിര്‍മിച്ചത് അമേരിക്കന്‍ വ്യോമസേനയ്ക്കായി ആയുധങ്ങള്‍ നിര്‍മിച്ചു നല്‍കുന്ന കരാര്‍ കമ്പനിയായ ഏവെക്‌സ് എയ്‌റോസ്‌പേസ് ( AEVEX Aerospace) ആണെന്നും കിര്‍ബി വെളിപ്പെടുത്തി.

∙ എളുപ്പം വിക്ഷേപിക്കാം

ട്യൂബുകളില്‍നിന്ന് വിക്ഷേപിക്കാവുന്ന ഡ്രോണുകളുടെ ഒരു സവിശേഷത അവ കരയില്‍നിന്നോ വാഹനത്തില്‍നിന്നോ കപ്പലില്‍നിന്നോ വിമാനത്തില്‍നിന്നോ ഒക്കെ തൊടുക്കാമെന്നതാണ്. എന്തിനേറെ, കുടൂതല്‍ വലുപ്പമുള്ള ഡ്രോണുകളില്‍നിന്നു പോലും ഇവ വിക്ഷേപിക്കാം. സ്വിച്‌ബ്ലേഡ്-300ന് ഏകദേശം 5.5 പൗണ്ട് തൂക്കമാണുളളത്. ഇതിന് 10 കിലോമീറ്ററാണ് റേഞ്ച്. കൂടാതെ, മണിക്കൂറില്‍ 63 മൈല്‍ വരെ വേഗത്തിൽ സഞ്ചരിക്കാനും ആകും. അതേസമയം, പല മടങ്ങ് അധികം കരുത്തുള്ള -600 സീരീസിന് 55 പൗണ്ട് ഭാരമുണ്ട്. ഇതിന് 33-പൗണ്ട് സ്‌ഫോടകവസ്തുക്കളും വഹിക്കാനാകും. എന്നാല്‍, ഇത് ട്യൂബില്‍നിന്നു വിക്ഷേപിക്കുന്നതാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇവയോട് സമാനതകളുള്ള ഫീനിക്‌സ് ഗോസ്റ്റിന് എന്തെല്ലാം വ്യത്യാസങ്ങളാണ് ഉള്ളതെന്ന് വ്യക്തമല്ല.

∙ യുക്രെയ്‌ന് ഉപയോഗിക്കാന്‍ എളുപ്പമായിരിക്കും

പുതിയ സംവിധാനം യുക്രെയ്‌ന്റെ നിലവിലുള്ള സൈനിക സന്നാഹങ്ങള്‍ക്കൊപ്പം എളുപ്പത്തില്‍ പ്രയോജനപ്പെടുത്താനാകുമെന്നും പറയുന്നു. കുറച്ചു പരിശീലനം മതി ഇവ പ്രയോഗിക്കാന്‍. ഇത്തരം ചാവേര്‍ ഡ്രോണുകള്‍ അതിസങ്കീര്‍ണങ്ങളല്ല. ഇത് ആയുധങ്ങള്‍ വഹിക്കാൻ കെല്‍പ്പുള്ള ഒരു ക്വോഡ്‌കോപ്റ്റര്‍ പോലും ആകാമെന്നു പറയുന്നു. ഇവ അതിവേഗം പ്രയോജനപ്പെടുത്താനാകും. ഇവയുടെ പ്രവര്‍ത്തനവും എളുപ്പമാണ്. അമേരിക്കയുടെയും മറ്റും എതിരാളികള്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി ഇതു തെളിയിച്ചുകൊണ്ടിരിക്കുകയുമാണ് - ഒരു സാധാരണ ഡ്രോണില്‍ ആയുധം പിടിപ്പിച്ച് ആക്രമണം നടത്തുന്നതില്‍ അവര്‍ പല തവണ വിജയിച്ചിട്ടുണ്ട്. ഇപ്പോള്‍ നടക്കുന്ന യുദ്ധത്തില്‍ യുക്രെയ്‌നും സാധാരണ ഡ്രോണുകളില്‍ ആയുധം പിടിപ്പിച്ച് ആക്രമിക്കുക എന്ന തന്ത്രം പയറ്റുന്നുണ്ടത്രേ. ഇതൊക്കെയാണെങ്കിലും അമേരിക്ക ഡ്രോണ്‍ നിര്‍മാണത്തില്‍ അല്‍പം പിന്നോട്ടു പോയെന്നുള്ള കാര്യവും വിസ്മരിക്കാനാവില്ലെന്ന് വിശകലന വിദഗ്ധര്‍ പറയുന്നു.

∙ ഫീനിക്‌സ് ഗോസ്റ്റ് ഒറ്റത്തവണ മാത്രം ഉപയോഗിക്കാനാകുന്ന ഡ്രോണ്‍?

ഫീനിക്‌സ് ഗോസ്റ്റ് ഒറ്റത്തവണ മാത്രം ഉപയോഗിക്കാനാകുന്ന ഡ്രോണ്‍ ആയിരിക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍, ഇതിന്റെ യഥാര്‍ഥ ശേഷിയെക്കുറിച്ച് വിട്ടുപറയാന്‍ കിര്‍ബി തയാറായില്ലെന്നതും ശ്രദ്ധേയമാണ്. എന്തുകൊണ്ടാണ് ഇതിന് ഫീനിക്‌സ് ഗോസ്റ്റ് എന്ന പേരിട്ടതെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് 800 ദശലക്ഷം ഡോളര്‍ വിലവരുന്ന യുദ്ധ സാമാഗ്രികള്‍ക്കൊപ്പമാണ് യുക്രെയ്‌ന് കൈമാറുക. കൂടാതെ, 500 ദശലക്ഷം ഡോളറിന്റെ സാമ്പത്തിക സഹായവും നല്‍കും.ഇതെല്ലാം ഡോണ്‍ബാസില്‍ ഇപ്പോള്‍ നടക്കുന്ന ഏറ്റുമുട്ടലിന് സഹായകമാകാനുള്ളതാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും പറയുന്നു.

English Summary: Mysterious 'Phoenix Ghost' Suicide Drones Headed To Ukraine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com