ADVERTISEMENT

ഇന്ത്യയുടെ സൈനിക രഹസ്യങ്ങളും നീക്കങ്ങളും ചോർത്താൻ പാക്കിസ്ഥാൻ യുവതി നടത്തിയ ഹണി ട്രാപ്പിന്റെ വാർത്ത വീണ്ടും പുറത്തുവന്നിരിക്കുന്നു. വ്യോമസേനയുടെ സുപ്രധാന വിവരങ്ങൾ ചോർത്തിയെന്നാണ് റിപ്പോർട്ട്. വിവരങ്ങൾ ചോർത്തി നൽകിയ വ്യോമസേനാ സൈനികൻ ദേവേന്ദ്ര ശർമ്മയെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഹണി ട്രാപ്പിന് ഇരയായ മുതിർന്ന ഉദ്യേഗസ്ഥനെ ചോദ്യം ചെയ്തുവരികയാണ്.

 

പാക്ക് ഐഎസ്ഐ ഹണി ട്രാപ്പിൽപ്പെടുത്തി വിവരങ്ങൾ ചോർത്തുകയായിരുന്നുവെന്നാണ് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നത്.  എന്തൊക്കെ വിവരങ്ങളാണ് ചോർന്നിട്ടുള്ളതെന്ന കാര്യം പരിശോധിച്ചു വരികയാണ്. വ്യോമസേനയുടെ നീക്കങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളോ, ആയുധങ്ങളെ സംബന്ധിച്ച വിവരങ്ങളോ ചോർന്നിട്ടുണ്ടോയെന്നും അന്വേഷണം സംഘം പരിശോധിക്കുന്നുണ്ട്.

 

സ്മാർട് ഫോണിലെ ഫെയ്സ്ബുക് മെസഞ്ചർ, വാട്സാപ് വഴിയാണ് രഹസ്യ ഡേറ്റകൾ ചോർത്തിയിരിക്കുന്നത്. ഓൺലൈൻ വഴി പരിചയപ്പെട്ട ‘വ്യാജ’ സുന്ദരി ഹണി ട്രാപ്പിലൂടെ വ്യോമസേനാ ഉദ്യോഗസ്ഥനെ തന്ത്രപരമായി കുടുക്കുകയായിരുന്നു. വാട്സാപ് വഴിയാണ് കൂടുതൽ ഡേറ്റ കൈമാറിയതെന്നും റിപ്പോർട്ടുകളുണ്ട്.

 

ഫെയ്സ്ബുക് വഴി പരിചയപ്പെട്ട യുവതി ഉദ്യോഗസ്ഥനിൽ നിന്ന് മൊബൈൽ നമ്പറുകളും മറ്റു വ്യക്തി വിവരങ്ങളും സ്വന്തമാക്കുകയായിരുന്നു. വാട്സാപ്പിൽ അക്കൗണ്ടിൽ ഇന്ത്യയിൽ നിന്നുളള നമ്പറാണ് ഉപയോഗിച്ചിരുന്നത്. പാക്കിസ്ഥാനിൽ നിന്നുള്ള ‘വ്യാജ’ യുവതികൾ ഇന്ത്യയിലെ മുതിർന്ന ഉദ്യോഗസ്ഥരെ വലയിലാക്കി രഹസ്യവിവരങ്ങൾ ചോർത്തുന്നത് പതിവ് സംഭവമായിട്ടുണ്ട്. 2011 ൽ നാവികസേനാ കമാൻഡർ സുഖ്ജിന്ധർ സിങ്ങിന്റെ റഷ്യൻ യുവതിയുമായുള്ള രഹസ്യ ചിത്രങ്ങൾ ഓൺലൈനിൽ പ്രചരിച്ചിരുന്നു.

 

ചാറ്റ് ആപ്ലിക്കേഷൻ, സോഷ്യൽ മീഡിയ എന്നിവ ഉപയോഗിച്ചാണ് രഹസ്യങ്ങൾ ചോർത്തുന്നത്. ഇന്ത്യ–പാക്ക് സംഘർഷം രൂക്ഷമായ സമയത്തെല്ലാം ഐഎസ്ഐ ചാരൻമാരുടെയും ഹാക്കർമാരുടെ സൈബർ ആക്രമണം ശക്തമാക്കാറുണ്ട്. സമൂഹ മാധ്യങ്ങളിൽ കെണിയൊരുക്കി രാജ്യത്തെ രഹസ്യങ്ങൾ ചോർത്താനാണ് ഇവരുടെ നീക്കം. സാധാരണക്കാരെ പോലും ഹണി ട്രാപിനായി ഇവർ ഉപയോഗപ്പെടുത്തുന്നുണ്ട്. ചാറ്റിങ് ആപ്പുകളാണ് ഇവരുടെ പ്രധാന കെണി. എന്നാൽ ഇത്തരം നീക്കങ്ങൾ പെട്ടെന്ന് തകർക്കാനും സുരക്ഷാ സേനയ്ക്ക് സാധിക്കാറുണ്ട്.

 

ഡേറ്റാ ചോർത്താനുള്ള പ്രത്യേകം ആപ് വരെ ഐഎസ്ഐ പ്രചരിപ്പിക്കുന്നുണ്ട്. ഇതിനു പുറമെ ഫെയ്സ്ബുക്കിൽ വ്യാജ പ്രൊഫൈലുകൾ നിർമിച്ചും ഹണി ട്രാപ് നടത്തുന്നു. ചില സൈനിക ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടാണ് ഇവരുടെ നീക്കം. പാക്ക് ഹാക്കർമാരുടെ ആപ് ഇൻസ്റ്റാൾ ചെയ്താൽ സ്മാർട് ഫോണിലെ എല്ലാ ‍ഡേറ്റയും ചോർത്താനാകും. നേരത്തേയും ഇത്തരം ആപ്പുകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇന്ത്യൻ സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ടു ഈ ആപ് പ്ലേസ്റ്റോറിൽ നിന്നു നീക്കം ചെയ്യുകയും ചെയ്തിരുന്നു. ബിഎസ്എഫ്, വ്യോമസേന, സിഐഎസ്എഫ് ഉദ്യോഗസ്ഥരില്‍ നിന്നും രഹസ്യങ്ങൾ ചോര്‍ത്തിയതായി രഹസ്യാന്വേഷണ ഏജൻസികളായ ഐബിയും റോയും നേരത്തെ കണ്ടെത്തിയിരുന്നു.

 

പാക്കിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐ ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ രഹസ്യങ്ങൾ ചോർത്താൻ ചെലവാക്കുന്നത് കോടികളാണ്. ഐഎസ്ഐയുടെ മിക്ക ട്രാപ്പുകളും നടക്കുന്നത് ഓൺലൈൻ വഴിയാണ്. തന്ത്രപ്രധാന മേഖലകളിൽ പ്രവർത്തിക്കുന്നവരുടെ ഓൺലൈൻ നീക്കങ്ങൾ നിരീക്ഷിക്കാൻ ഐഎസ്ഐയ്ക്ക് പ്രത്യേക സംഘം തന്നെയുണ്ട്. സമൂഹ മാധ്യമങ്ങൾ സജീവമായതോടെ രഹസ്യങ്ങൾ ചോർത്താൻ ഐഎസ്ഐയ്ക്ക് എളുപ്പമായി. സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്ന ഉദ്യോഗസ്ഥരെ പിന്തുടർന്നാൽ വിലപ്പെട്ട നിരവധി രഹസ്യങ്ങൾ ലഭിക്കും. ഇതുവഴി മറ്റുള്ളവരിൽ നിന്നും രഹസ്യം ചോർത്താനാകും.

 

ഇൻസ്റ്റാഗ്രാമും ട്വിറ്ററും സൈബർ ആക്രമണത്തിനായി ഐഎസ്ഐ ഉപയോഗിക്കുന്നു. മാസങ്ങളോളം നിലനിൽക്കുന്ന പ്രൊഫൈലുകൾ രഹസ്യങ്ങൾ ചോർത്തൽ പൂർത്തിയാകുന്നതോടെ അപ്രത്യക്ഷമാകുക പതിവാണ്. ഫെയ്സ്ബുക് വ്യാജ പ്രൊഫൈലുകളിൽ വ്യാജ സുന്ദരിമാരുടെ ചിത്രങ്ങളാണ് ഉപയോഗിക്കുക. ചിലപ്പോൾ മോഡലുകളുടെ ചിത്രങ്ങളും ഉപയോഗിക്കുന്നു. വേണ്ടിവന്നാൽ മോഡലുകളുടെ നഗ്നന ചിത്രങ്ങൾ വരെ പകർത്തി ഉപയോഗിക്കുന്നു. വിവിധ സ്ഥലങ്ങളിൽ നിന്ന് പകർത്തിയ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നതിലൂടെ വ്യാജൻ അല്ലെന്ന് വരുത്താൻ ശ്രമം നടക്കും. പെട്ടെന്ന് വീഴ്ത്താനായി മ്യൂച്ചൽ ഫ്രണ്ടിനെ ഉപയോഗിക്കാനും ഇവർ ശ്രമം നടത്തുന്നുണ്ട്. ബ്രിട്ടൻ, യുഎസ്, ഫ്രാൻസ് തുടങ്ങി രാജ്യങ്ങളിലെ സ്ഥലങ്ങളാണ് പ്രൊഫൈലിൽ നൽകുക. പ്രൊഫൈൽ നോക്കിയാൽ ഒരിക്കലും സംശയം തോന്നില്ല. ദിവസവും എന്തെങ്കിലും പോസ്റ്റിടാനും ഇവർ ശ്രദ്ധിക്കുന്നു.

 

English Summary: Delhi Police arrest Indian Air Force jawan for espionage for ISI; Devendra Sharma was ‘honey-trapped’ by Pakistani woma

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com