ADVERTISEMENT

ഇറാന്‍ ആണവ ശേഷി വര്‍ധിപ്പിക്കുന്ന സാഹചര്യത്തില്‍ പടക്കോപ്പുകളിലും പോര്‍വിമാനങ്ങളിലും വലിയ തോതില്‍ മാറ്റങ്ങള്‍ വരുത്തി ഇസ്രയേല്‍. പുതിയ എഫ് 35 പോര്‍വിമാനങ്ങള്‍ക്ക് ഇസ്രയേലില്‍ നിന്നും ഇറാനിലേക്ക് ഇന്ധനം ഇടക്കുവെച്ച് നിറക്കാതെ പറക്കാനാവും. ഇസ്രയേല്‍ പ്രധാനമന്ത്രി തന്നെ ഇറാനെതിരെ പോര്‍വിളിയുമായി രംഗത്തെത്തിയ സാഹചര്യത്തില്‍ പുതിയ നീക്കങ്ങള്‍ യുദ്ധഭീതി വര്‍ധിപ്പിക്കുന്നതാണ്.

 

അദിര്‍ എന്ന് വിളിക്കുന്ന എഫ് 35എസ് പോര്‍വിമാനങ്ങളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന പുതിയ ആണവ ബോംബും ഇസ്രയേല്‍ വികസിപ്പിച്ചെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്. റഫേല്‍ അഡ്വാന്‍സ്ഡ് വെപ്പണ്‍ സിസ്റ്റംസാണ് ഈ ബോംബ് നിര്‍മിച്ചത്. ഇതിന്റെ പ്രവര്‍ത്തനം ജാമറുകളോ മറ്റ് ഇലക്ട്രോണിക് ആയുധങ്ങളോ ഉപയോഗിച്ച് തടയാനാവില്ല. ഇസ്രയേലി വ്യോമസേന അടുത്തിടെ നടത്തിയ പല സൈനികാഭ്യാസങ്ങളിലും ഈ ബോംബ് ഉപയോഗിക്കുന്നത് അടക്കം പരിശീലനം നടത്തിയിരുന്നു. ഇതിന്റെ ഫലം അടക്കം പ്രതിരോധ മന്ത്രി ബെന്നി ഗാന്റ്‌സിന് സമര്‍പ്പിച്ചിട്ടുണ്ട്. 

 

ഇക്കഴിഞ്ഞ മാസം മാത്രം നാല് വന്‍കിട സൈനികാഭ്യാസങ്ങളാണ് ഇസ്രയേലി വ്യോമസേന നടത്തിയത്. ഇതില്‍ ആദ്യത്തേതില്‍ ഇറാന്റെ ആണവ ശേഖരങ്ങളെ സംരക്ഷിക്കുന്ന റഡാറുകളെ മറികടക്കുന്നത് അടക്കം ഉള്‍പ്പെടുത്തിയിരുന്നു. പോര്‍വിമാനങ്ങളുടെ ദീര്‍ഘദൂര യാത്രകള്‍ രണ്ടാം സൈനികാഭ്യാസത്തിലുണ്ടായിരുന്നു. സൈബര്‍ ആയുധങ്ങള്‍ക്കെതിരെയും ഇലക്ട്രോണിക് ആയുധങ്ങള്‍ക്കെതിരെയുമുള്ള പ്രതിരോധവും പിന്നീട് നടന്ന സൈനികാഭ്യാസങ്ങളില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇവയെല്ലാം തന്നെ ഇറാനെതിരെ വ്യക്തമായ മുന്നറിയിപ്പാണ് നല്‍കുന്നത്. 

 

ദിവസങ്ങള്‍ക്ക് മുൻപാണ് ഇസ്രയേല്‍ പ്രധാനമന്ത്രി നാഫ്തലി ബെന്നെറ്റ് തന്നെ ഇറാനെതിരെ ഭീഷണി മുഴക്കിയത്. 'ഇറാനെതിരായ ഇസ്രയേലിന്റെ പ്രതിരോധം കഴിഞ്ഞ വര്‍ഷം മുതല്‍ മാറിയിട്ടുണ്ട്. ഇറാന്റെ കൈകള്‍ തകര്‍ക്കുകയല്ല, തല തന്നെ ഇല്ലാതാക്കുകയാണ് ഇപ്പോള്‍ ഇസ്രയേലിന്റെ നയം' എന്നാണ് ഇസ്രയേലി പ്രധാനമന്ത്രി തന്നെ വ്യക്തമാക്കിയത്. ഇസ്രയേലിന്റെ സൈനികാഭ്യാസങ്ങളില്‍ അഞ്ചാം തലമുറയില്‍ പെട്ട എഫ് 35 പോര്‍വിമാനങ്ങള്‍ക്ക് പുറമേ നാലാം തലമുറയിലെ എഫ് 15എസ് എഫ്16എസ് പോര്‍വിമാനങ്ങളും പങ്കെടുത്തിരുന്നു. നിര്‍ണായക വിവരകൈമാറ്റവും ഒന്നിച്ചുള്ള ദൗത്യങ്ങളും ഇവ ചേര്‍ന്ന് നടത്തി. 

 

തങ്ങളുടെ ആണവപദ്ധതി സമാധാനപരമാണെന്നാണ് ഇറാന്റെ അവകാശവാദം. എന്നാല്‍ ഇസ്രയേലിനും അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ക്കും അങ്ങനെയല്ല അഭിപ്രായം. ഇറാന്റെ നീക്കങ്ങള്‍ ഒരു പതിറ്റാണ്ടിലേറെ നിരീക്ഷിച്ച ഐഎഇഎ മൂന്നു സ്ഥലങ്ങളിലെ യുറേനിയം നിക്ഷേപത്തെക്കുറിച്ച് കൂടുതല്‍ ചോദ്യങ്ങള്‍ ചോദിക്കാനിരിക്കയാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

 

English Summary : Israel makes dramatic upgrades to military plans to attack Iran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com