‘അഫ്ഗാന് ഇന്ത്യയുടെ സഹായം വേണം’: ഹഖാനി നെറ്റ്‌വർക് തലവന്റെ ആവശ്യം

SirajuddinHaqqani
Photo released by Taliban
SHARE

അഫ്ഗാനിസ്ഥാനെ നിലവിലെ അവസ്ഥയിൽ നിന്നു കരകയറ്റുന്നതിനും വികസനപ്രവർത്തനങ്ങൾ സാധ്യമാക്കാനും ഇന്ത്യൻ സഹായം ആവശ്യമാണെന്ന് ഹഖാനി നെറ്റ്‌വർക് ഭീകരസംഘടനയുടെ നേതാവും ഇപ്പോൾ താലിബാൻ മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയുമായ സിറാജുദ്ദീൻ ഹഖാനി കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ പറഞ്ഞു.

അഫ്ഗാനിസ്ഥാനിൽ ശാന്തിയും സമാധാനവുമുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നതിനും മുടങ്ങിക്കിടക്കുന്ന പദ്ധതികൾ പൂർത്തീകരിക്കുന്നതിനും ഇന്ത്യയുടെ സഹകരണവും സാന്നിധ്യവും ആവശ്യമാണെന്നും ഹഖാനി പറഞ്ഞു. കാബൂളിൽ ഇന്ത്യൻ എംബസി വീണ്ടും തുറന്ന നടപടിയും സ്വാഗതാർഹമാണെന്ന് ഹഖാനി പറഞ്ഞു. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം പിടിച്ചെടുത്ത ശേഷം കഴിഞ്ഞ മാർച്ചിലാണ് സിറാജുദീൻ ഹഖാനി ആദ്യമായി മുഖം വെളിവാക്കിയത്. ഹഖാനിയുടെ തലയ്ക്ക് 1 കോടി യുഎസ് ഡോളർ അമേരിക്ക ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ത്യൻ സ്ഥാപനങ്ങൾക്കെതിരെയും വ്യക്തികൾക്കെതിരെയും അഫ്ഗാനിസ്ഥാനിൽ നിരവധി തവണ ആക്രമണം നടത്തിയിട്ടുള്ള ഭീകരരാണ് ഹഖാനി നെറ്റ്‌വർക്ക്. അഫ്ഗാനിസ്ഥാനിലെ ഇന്ത്യൻ എംബസി, കോൺസുലേറ്റുകൾ എന്നിവയിൽ ഹഖാനി നെറ്റ്‌വർക്ക് ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. ഹഖാനി നെറ്റ്‌വർക്കിന്റെ സ്ഥാപകനായ ജലാലുദീൻ ഹഖാനിയുടെ നേതൃത്വത്തിൽ 2008ൽ കാബൂളിലെ ഇന്ത്യൻ എംബസിയിൽ ഭീകരാക്രമണം നടത്തുകയും 58 പേർ കൊല്ലപ്പെടുകയും ചെയ്തു. ഇവരിൽ രണ്ട് പേർ ഇന്ത്യൻ ഓഫിസർമാരുമുണ്ടായിരുന്നു.

2017ലും കാബൂളിലെ ഇന്ത്യൻ എംബസി ആക്രമിക്കപ്പെട്ടു. ഇത്തവണ മരിച്ചത് 17 പേരാണ്. ഇതിനെല്ലാം മുൻപ് ജലാലാബാദിൽ 2007ൽ ഇന്ത്യൻ കോൺസുലേറ്റുകളും ആക്രമിക്കപ്പെട്ടിട്ടുണ്ട്. താലിബാന്റെ ഭാഗമായ ഗ്രൂപ്പുകളിൽ ഏറ്റവും അപകടകാരികളെന്നറിയപ്പെടുന്ന ഹഖാനി, കാർബോംബ് ആക്രമണം, ചാവേർ സ്‌ഫോടനം തുടങ്ങിയ രീതികളാണു ഭീകരകൃത്യങ്ങൾക്കായി ഉപയോഗിച്ചത്.

മസൂദ് അസർ ഉൾപ്പെടെയുള്ളവരെ ഇന്ത്യൻ ജയിലിൽ നിന്നു മോചിപ്പിക്കാനായി ഭീകരർ 1999ൽ ആസൂത്രണം ചെയ്ത ഇന്ത്യൻ എയർലൈൻസ് വിമാനം റാഞ്ചൽ നടക്കുന്ന സമയത്തും ഹഖാനിയുടെ പേര് ഉയർന്നു കേട്ടിരുന്നു. ആ വിമാനം അഫ്ഗാനിലെ കാണ്ഡഹാർ വിമാനത്താവളത്തിലെത്തുകയും അവിടെ യാത്രക്കാർ ബന്ദികളാകുകയും ചെയ്തിരുന്നു. ഈ സമയത്ത് അഫ്ഗാൻ ഭരിച്ചിരുന്ന താലിബാൻ മന്ത്രിസഭയിൽ അംഗമായിരുന്നു ജലാലുദീൻ ഹഖാനി. 2018ൽ ജലാലുദീൻ ഹഖാനി മരിച്ചു. തുടർന്നാണു മകനായ സിറാജുദീൻ നെറ്റ്‌വർക്കിന്റെ തലവനായത്. 

താലിബാനുള്ളിൽ അൽ ഖായിദയുടെ സ്വാധീനം വളർത്തിയതിനു ചുക്കാൻ പിടിച്ചത് ഹഖാനി നെറ്റ്‌വർക്കാണെന്നാണു പൊതുവെ കരുതപ്പെടുന്നത്. അഫ്ഗാനു വെളിയിൽ നിന്നുള്ള ഭീകരരെ പരിശീലിപ്പിക്കുക തുടങ്ങിയ കാര്യങ്ങൾ താലിബാനുള്ളിൽ നടപ്പാക്കിയതും ഇവരാണ്. 2001ൽ യുഎസിന്റെ അഫ്ഗാൻ യുദ്ധത്തിനു ശേഷം ഒസാമ ബിൻ ലാദൻ അടക്കമുള്ള അൽ ഖായിദ നേതാക്കൾക്കു പാക്കിസ്ഥാനിലേക്കു രക്ഷപ്പെടാനും അവിടെ സുരക്ഷിത താവളങ്ങളിൽ ഒളിക്കാനും അവസരമൊരുങ്ങിയതിൽ ഹഖാനി നെറ്റ്‌വർക്കിനു നിർണായക പങ്കുണ്ടെന്നും പറയപ്പെടുന്നു.1996ലാണു ഹഖാനി നെറ്റ്‌വർക്ക് താലിബാനൊപ്പം ചേർന്നത്.

English Summary: Afghanistan needs India’s help to secure peaceful environment: Haqqani

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}