ADVERTISEMENT

ആപ്പിളിന്റെ വയര്‍ലെസ് ഇയര്‍ഫോൺ എയര്‍പോഡിന്റെ (AirPod) രണ്ടാം തലമുറ മോഡല്‍ പുറത്തിറക്കി. ആദ്യ തലമുറയിലെ എയര്‍പോഡുകളെ പോലെ തന്നെ തോന്നിക്കുന്നവയാണ് പുതിയ എയര്‍പോഡുകളും. എന്നാല്‍ രണ്ടാം തലമുറയിലെ ഇയര്‍ഫോണിനു ശക്തി പകരുന്നത് പുതിയ H1 ചിപ് ആണ്. ഇതിലൂടെ കണക്ടിങ് എളുപ്പമാക്കുമെന്നതു കൂടാതെ കൂടുതല്‍ മെച്ചപ്പെട്ട വയര്‍ലെസ് സ്ട്രീമിങ് ഉണ്ടാകുമെന്നും ബാറ്ററി ലൈഫ് വര്‍ധിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. കൂടാതെ ആപ്പിളിന്റെ വോയിസ് അസിസ്റ്റന്റായ സിറിയുടെ സഹായം തേടാനുള്ള ഹെയ് സിറി (Hey Siri) സപ്പോര്‍ട്ടും ലഭ്യമാക്കിയിട്ടുണ്ട്. മറ്റൊരു പാട്ടിടാന്‍ പറയാനും കോള്‍ വിളിക്കാനും വോളിയം അഡ്ജസ്റ്റ് ചെയ്യാനും മാപ്‌സില്‍ നോക്കി ദിശ പറയാനുമൊക്കെ സിറിയുടെ സഹായത്തോടെ ചെയ്യാം.

 

ആപ്പിള്‍ തന്നെ ഡിസൈന്‍ ചെയ്ത H1 ചിപ്പിന് കസ്റ്റം ഓഡിയോ ആര്‍ക്കിടെക്ചര്‍ ആണുള്ളത്. മെച്ചപ്പെട്ട ശബ്ദവും സിങ്ക്രണൈസേഷനും ലഭിക്കാന്‍ ഇത് ഉതകും. മുന്‍ തലമുറയെ അപേക്ഷിച്ച് 50 ശതമാനം ടോക് ടൈം ലഭിക്കുമെന്നാണ് അവകാശപ്പെടുന്നത്. ഐഫോണില്‍ കണക്ടു ചെയ്തിരിക്കുന്ന എയര്‍പോഡിനെ ഐപാഡിലേക്കൊ ആപ്പിള്‍ വാച്ചിലേക്കൊ മാറ്റി കണക്ടു ചെയ്യല്‍ എളുപ്പമാക്കിയെന്നും ആപ്പിള്‍ പറയുന്നു.‌

 

ചാര്‍ജിങ് കെയ്‌സാണ് മറ്റൊരു സവിശേഷത. ആദ്യ തലമുറ എയര്‍പോഡിനു നല്‍കിയതു പോലെ, സാധാരണ ചാര്‍ജിങ് കെയ്‌സ് പുതിയ ഉപകരണത്തിനും നല്‍കുന്നു. കൂടാതെ ഒരു വയര്‍ലെസ് ചാര്‍ജിങ് കെയ്‌സുമുണ്ട്. ചീ വയര്‍ലെസ് ചാര്‍ജിങ് സപ്പോര്‍ട്ടു ചെയ്യുന്നതായിരിക്കും ഈ കെയ്‌സ്. കെയ്‌സിന്റെ മുന്നിലുള്ള എല്‍ഇഡി ലൈറ്റ് ചാര്‍ജിങ് എത്രയായി എന്നു കാണിക്കും.

 

വില

 

സാധാരണ ചാര്‍ജിങ് കെയ്‌സിനൊപ്പം വാങ്ങിയാല്‍ 14,900 രൂപയാണ് വില. എന്നാല്‍ വയര്‍ലെസ് ചാര്‍ജിങ്ങുള്ള കെയ്‌സിനൊപ്പമാണ് വാങ്ങാനിഷ്ടമെങ്കില്‍ 18,900 രൂപ നല്‍കണം. വയര്‍ലെസ് ചാര്‍ജിങ് കെയ്‌സ് തനിച്ചും വാങ്ങാം. 7,500 രൂപയാണു വില. ഇത് ഉപയോഗിച്ച് ആദ്യ തലമുറ എയര്‍പോഡിനെയും ചാര്‍ജു ചെയ്യാം. പുതിയ എയര്‍പോഡും കെയ്‌സും വരും മാസങ്ങളില്‍ ഇന്ത്യയിലെത്തും.

 

പഴയ എയര്‍പോഡ് വാങ്ങണോ, പുതിയതു മതിയോ?

 

ഇരു മോഡലുകളും തമ്മില്‍ കാഴ്ചയില്‍ ഒരു വ്യത്യാസവും പറയാനില്ല. വെളുത്ത നിറത്തില്‍ മാത്രമാണ് അവ ലഭ്യമാക്കിയിരിക്കുന്നതും. വയര്‍ലെസ് ചാര്‍ജിങ് കെയ്‌സ് പുതുമയാണെങ്കിലും അത് പഴയ തലമുറ എയര്‍പോഡിനൊപ്പവും ഉപയോഗിക്കാം. ചാര്‍ജിങ് കെയ്‌സില്‍ ഒരു എല്‍ഇഡി ലൈറ്റ് ഇന്‍ഡിക്കേറ്റര്‍ പിടിപ്പിച്ചിരിക്കുന്നു എന്നതു മാത്രമാണ് ഡിസൈനിലും മറ്റും പറയാവുന്ന ഒരു വ്യത്യാസം.

 

ഹെയ് സിറി

 

ആദ്യ തലമുറ എയര്‍പോഡിലും ഇതു ലഭ്യമാണെങ്കിലും ഏതെങ്കിലും എയര്‍പോഡില്‍ ഡബിള്‍ ടാപ് ചെയ്ത ശേഷം മാത്രമെ കമാന്‍ഡ് ഉപയോഗിക്കാനാകൂ. പുതിയ മോഡലില്‍ അതു വേണ്ട. ഇതിനാല്‍ തങ്ങളുടെ എയര്‍പോഡ് ശരിക്കും ഹാന്‍ഡ്‌സ് ഫ്രീ ആയെന്ന് ആപ്പിള്‍ പറയുന്നു.

 

ipad-air

ചിപ്

 

പുതിയ തലമുറയ്ക്ക H1 ചിപ്പാണ് ഉപയോഗിച്ചിരിക്കുന്നതെങ്കില്‍ പഴയ തലമുറയില്‍ W1 ചിപ്പാണ് പിടിപ്പിച്ചിരിക്കുന്നത്. കുറച്ചു മാറ്റം പ്രതീക്ഷിക്കാമെങ്കിലും ഓഡിയോ ക്വാളിറ്റിയില്‍ എന്തു മാറ്റമുെണ്ടന്ന് ഇപ്പോള്‍ പറയാനാവില്ല. 50 ശതമാനം കൂടുതല്‍ ടോക് ടൈം പുതിയ മോഡലിനു ലഭിക്കുമെന്നത് ചിലര്‍ക്ക് ആകര്‍ഷകമായേക്കാം. പഴയ തലമുറയെ കുറിച്ചുള്ള വലിയ പരാതി അതു കണക്ടു ചെയ്യാന്‍ അല്‍പ്പം താമസമെടുക്കുന്നു എന്നതായിരുന്നു. അതു പരിഹരിച്ചാണ് പുതിയവ ഇറക്കിയിരിക്കുന്നത് എന്നാണ് പറയുന്നത്.

 

ബാറ്ററി ലൈഫ്

 

അഞ്ചു മണിക്കൂര്‍ കേള്‍വി സമയമാണ് കിട്ടുന്നതെങ്കില്‍ ഇപ്പോള്‍ 50 ശതമാനം കൂടുതല്‍ ടോക് ടൈം കിട്ടുന്നുവെന്നാണ് ആപ്പിള്‍ പറയുന്നത്. ഇത് കൃത്യമായി എങ്ങനെ വ്യാഖ്യാനിക്കാനാകുമെന്ന് ഇപ്പോള്‍ പറയാനാവില്ല. വയര്‍ലെസൊ അല്ലാത്തതോ ആയ കെയ്‌സില്‍ 24 മണിക്കൂര്‍ കൂടെ കേള്‍വി സമയം ലഭിക്കുമെന്നതിനാല്‍ ബാറ്ററി ഒരു പ്രശ്‌നമായേക്കില്ല.

 

വില

 

പഴയ തലമുറ എയര്‍പോഡിന് ഇപ്പോള്‍ 12,299 രൂപയാണ് ഫ്‌ളിപ്കാര്‍ട്ടിലെ വില.

 

വീണ്ടും ഐപാഡ് എയർ

 

2016ൽ നിർത്തലാക്കിയ ഐപാഡ് എയർ വീണ്ടും അവതരിപ്പിച്ച് ആപ്പിൾ. ഐപാഡ് എയർ 2019 എന്ന മോഡലിനു പുറമേ ഐപാഡ് മിനി 2019 എന്ന മോഡലും ആപ്പിൾ അവതരിപ്പിച്ചു. ഐപാഡ് 3, ഐപാഡ് 4 എന്നിങ്ങനെ മോഡലിനൊപ്പം നമ്പർ നൽകുന്നത് അവസാനിപ്പിച്ചുകൊണ്ടാണ് പുതിയ ഐപാഡിനൊപ്പം മോഡലിന്റെ വർഷം ചേർത്തിരിക്കുന്നത്.

 

2013ൽ അവതരിപ്പിച്ച ഐപാഡ് എയർ എന്ന മോഡൽ 2016ൽ ഐപാഡ് പ്രോ അവതരിപ്പിച്ചപ്പോഴാണ് ആപ്പിൾ നിർത്തലാക്കിയത്. രണ്ടു വർഷങ്ങൾക്കു ശേഷം അതേ മോഡൽ ഒട്ടേറെ പുതുമകളോടെയാണ് കമ്പനി അവതരിപ്പിക്കുന്നത്. ഐഫോൺ പത്തിൽ ഉപയോഗിച്ചിരിക്കുന്ന എ12 ബയോണിക് ചിപ് തന്നെയാണ് പുതിയ ഐപാഡ് മോഡലുകൾക്ക് കരുത്തു നൽകുന്നത്. ഐപാഡ് എയറിന് 10.5 ഇഞ്ചും ഐപാഡ് മിനിക്ക് 7.9 ഇഞ്ചും സ്ക്രീൻ വലിപ്പവുമാണുള്ളത്. രണ്ടു മോഡലുകളും മറ്റു കാര്യങ്ങളിൽ ഒരുപോലെ തന്നെ. 8 മെഗാപിക്സൽ റിയർ ക്യാമറ, 7 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ, വൈഫൈ 5, ബ്ലൂടൂത്ത് 5, ഓപ്ഷനൽ 4ജി, ടച്ച് ഐഡി, ഐഒഎസ് 12 ഓപ്പറേറ്റിങ് സിസ്റ്റം എന്നിവയാണ് രണ്ടു മോഡലുകളുടെയും പ്രധാന മികവുകൾ.

 

വില ഇങ്ങനെ: ഐപാഡ് എയർ- വൈഫൈ മാത്രമുള്ള പതിപ്പ് (64 ജിബി): 44,900 രൂപ, വൈഫൈയും 4ജിയുമുള്ള പതിപ്പ്: 55,900 രൂപ. ഇവയുടെ 256 ജിബി പതിപ്പ് - വൈഫൈ മാത്രമുള്ള മോഡൽ: 58,900 രൂപ, വൈഫൈയും 4ജിയുമുള്ള പതിപ്പ്: 69,900 രൂപ. ഐപാഡ് മിനി - വൈഫൈ മാത്രമുള്ള പതിപ്പ് (64 ജിബി): 34,900 രൂപ, വൈഫൈയും 4ജിയുമുള്ള പതിപ്പ്: 45,900 രൂപ. ഇവയുടെ 256 ജിബി പതിപ്പ് - വൈഫൈ മാത്രമുള്ള മോഡൽ: 48,900 രൂപ, വൈഫൈയും 4ജിയുമുള്ള പതിപ്പ്: 59,900 രൂപ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com