sections
MORE

രണ്ടു വീടിന്റെ വിലയ്ക്ക് ഒരു സ്മാർട് ടിവി, ഇത് കോടീശ്വരൻമാർക്ക് മാത്രം!

sony-8k-tv1
SHARE

സോണി പുതിയതായി അവതരിപ്പിച്ച 98-ഇഞ്ച് ടിവിയുടെ വില 70,000 ഡോളറാണ് (ഏകദേശം 50 ലക്ഷം രൂപ.) ഇതാകട്ടെ ബിഎംഡബ്ലിയു 3 സീരിസ്, ഔഡി എ4 സീരിസ്, മേഴ്‌സിഡീസ് ബെന്‍സ് സിഎല്‍എ തുടങ്ങിയ കാര്‍ സീരിസുകളേക്കാള്‍ കൂടിയ വിലയാണ്! അതുമല്ലെങ്കിൽ രണ്ടു വീടിന്റെ വിലയ്ക്ക് വാങ്ങാവുന്നതാണ്. സോണി മാസ്റ്റര്‍ സീരിസ് സെഡ് 9ജി (Sony Master Series Z9G) എന്നു പേരിട്ടിരിക്കുന്ന ടിവിക്ക് 8കെ റെസലൂഷനാണുള്ളത്. എച്ച്ഡിആര്‍ ടെക്‌നോളജിയും ഇണക്കിയിരിക്കുന്നു. കമ്പനിയുടെ 2019ലെ പ്രധാന മോഡലാണിത്.

ഈ സീരിസിലെ 85-ഇഞ്ച് മോഡല്‍ വയ്ക്കാനെ മുറിയില്‍ സ്ഥലമുള്ളൂ എങ്കില്‍ വില നന്നായി കുറയും. ഏകദേശം 9.3 ലക്ഷം രൂപയില്‍ പണി തീര്‍ക്കാം. ജൂണ്‍ മുതല്‍ രണ്ടു മോഡലുകളും ലഭ്യമാക്കുമെന്നാണ് കമ്പനി പറഞ്ഞിരിക്കുന്നത്. ഇവയ്ക്കു ശക്തി പകരുന്നത് സോണിയുടെ എക്‌സ് 1 അള്‍ട്ടിമേറ്റ് പ്രോസസറാണ്. ഇത് '8കെയുടെ 33 ദശലക്ഷം പിക്‌സലുകളെ' കൈകാര്യം ചെയ്യാന്‍ പാകത്തിന് പരുവപ്പെടുത്തിയതാണെന്ന് കമ്പനി പറയുന്നു. ടിവിക്ക് 8കെ കേന്ദ്രീകൃതമായ അല്‍ഗോറിതവുമുണ്ട്. ഇത് ഫ്രെയ്മിലുള്ള ഒരോ വസ്തുവിനെയും പരിഗണിച്ച് വേണ്ട മാറ്റങ്ങള്‍ വരുത്തി സ്‌ക്രീനിലെത്തിക്കുമത്രെ. ഫുള്‍ അരെ ലോക്കല്‍ ഡിമിങ്ങുള്ള ബാക് ലൈറ്റ് മാസ്റ്റര്‍ ഡ്രൈവ്, 8കെ എക്‌സ്‌റ്റെന്‍ഡെഡ് ഡൈനാമിക് റെയ്ഞ്ച് തുടങ്ങിയവയും ആപ്പിള്‍ എയര്‍പ്ലേ 2, ഹോംകിറ്റ് എന്നിവയുടെ സപ്പോര്‍ട്ടും നല്‍കുന്നു.

tv-sony

ഇനി, നിങ്ങള്‍ ഈ വര്‍ഷം ടിവി വാങ്ങാനായി മാറ്റിവച്ചിരിക്കുന്നത് ഒരു കോടി രൂപയാണെങ്കില്‍ നിരാശയായിരിക്കും ഫലം. ആ പൈസ മുഴുവന്‍ ചിലവഴിക്കണമെന്നു നിര്‍ബന്ധമില്ലെങ്കില്‍ സാംസങ്ങിന്റെ ഷോ റൂമിലേക്കു വിട്ടോളൂ. സാംസങ്ങിന്റെ ക്യുലെഡ് ടിവികളിലെ ക്യു 900 സീരിസിലെ 98-ഇഞ്ച് മോഡലായ ക്യൂ900 മോഡല്‍ ഏകദേശം 70.23 ലക്ഷം രൂപ (100,000 ഡോളര്‍) നല്‍കി വീട്ടില്‍ കൊണ്ടുപോകാം. സാംസങ് ടിവിക്കു ശക്തി പകരുന്നത് ക്വാണ്ടം പ്രോസസര്‍ 8കെ ചിപ്പാണ്. ഇതിന് താഴ്ന്ന റെസലൂഷനുള്ള വിഡിയോയെ അപ്‌സ്‌കെയ്ല്‍ ചെയ്ത് 8കെ ആക്കാനായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സേവനവും ഒരുക്കിയിട്ടുണ്ട്. ഗൂഗിള്‍ അസിസിസ്റ്റന്റ്, അലക്‌സ തുടങ്ങിയ വെര്‍ച്വല്‍ അസിസ്റ്റന്റുകല്‍ ആജ്ഞ കാത്തു നില്‍ക്കും. സാംസങ്ങിന്റെ ഈ മോഡലിനു വെല്ലുവിളി ഉയര്‍ത്താനാണ് സോണി തങ്ങളുടെ അരക്കോടിയുടെ ടിവി ഇറക്കിയിരിക്കുന്നത്.

സോണിയിലേക്കു മടങ്ങി വന്നാല്‍, അവര്‍ മാസ്റ്റര്‍ സീരിസില്‍ വില കുറഞ്ഞ ടിവികളും പുതിയതായി ഇറക്കിയിട്ടുണ്ട്. എ9ജി, എ8ജി, എക്‌സ്850ജി, എക്‌സ്800ജി എന്നിവയാണ് അവതരിപ്പിച്ചിരിക്കുന്നത്. 55-ഇഞ്ച് വലുപ്പമുള്ള എ9ജി 4കെ ഓലെഡ് ടിവിക്ക് ഏകദേശം 2.45 ലക്ഷം രൂപയായിരിക്കും വില. 65-ഇഞ്ച് മോഡലിന് 3.16 ലക്ഷം ഏകദേശ വില. 77-ഇഞ്ചിന് പ്രതീക്ഷിക്കുന്ന വില 5.6 ലക്ഷം രൂപയാണ്. സോണി എ8ജി ഓലെഡ് ടിവിയ്ക്ക് 1.75 ലക്ഷം രൂപ പ്രതീക്ഷിക്കുന്നു.

എന്താണ് 8കെ?

ഏകദേശം 8000 വൈപുല്യമുള്ള (7680×4320 അഥവാ 4320പി) സ്‌ക്രീനുകളെയാണ് 8കെ എന്നു വിശേഷിപ്പിക്കുന്നത്. ഫുള്‍ യുഎച്ച്ഡി, എഫ്‌യുഎച്ച്ഡി, ഫുള്‍ അള്‍ട്രാ എച്ച്ഡി തുടങ്ങിയ പേരുകളുമുണ്ട്. ഡിജിറ്റല്‍ ടെലിവിഷനുകളില്‍ ഇന്ന് ഏറ്റവുമധികം റെസലൂഷനുള്ളത് 8ക സ്‌ക്രീനുകള്‍ക്കാണ്. 4കെയുടെ ഇരട്ടി റെസലൂഷനാണ് ഇവിടെ ലഭിക്കുന്നത്. ഫുള്‍എച്ച് (1080പി)യുടെ 4 ഇരട്ടി റെസലൂഷനാണ് 4കെയ്ക്ക് ഉള്ളത്. ഇപ്പോള്‍ 8കെ റെസലൂഷനിലുള്ള കണ്ടെന്റ് കുറവാണ്. എന്നാല്‍ 2020 സമ്മര്‍ ഒളിംപിക്‌സിന് 8കെ ട്രാന്‍സ്മിഷന്‍ ഉണ്ടാകുമെന്നാണ് പറയുന്നത്.

sony-8ktv

8കെ ടിവി പരിഗണിക്കണോ? 

4കെ, 8കെ സ്‌ക്രീനുകളൊക്കെ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെങ്കിലും ഇപ്പോഴും കണ്ടെന്റ് കുറവാണ് എന്നതിനാല്‍ കാത്തിരിക്കുന്നതാണ് ഉചിതം. ഇത്തരം ഉപകരണങ്ങള്‍ക്ക് ആദ്യ കാലത്ത് ഇടുന്ന വില ഗവേഷണത്തിനായി കമ്പനികള്‍ മുടക്കിയി തുക കൂടി ഇട്ടായിരിക്കും. അത് കാശുള്ളവരില്‍ നിന്ന് അവര്‍ ഈടാക്കും. കാലക്രമേണ വില കുറയുക തന്നെ ചെയ്യും. 4കെ മോണിട്ടറുകള്‍ ഇപ്പോള്‍ 30,000 രൂപയില്‍ താഴെ ലഭ്യമാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GADGETS
SHOW MORE
FROM ONMANORAMA