ADVERTISEMENT

മലപോലെ വന്നത് എലിപോലെ പോയി എന്ന ചൊല്ല് അന്വര്‍ത്ഥമാക്കുന്നതായിരുന്നു സാംസങിന്റെ മടക്കാവുന്ന, അല്ലെങ്കില്‍ ഫോള്‍ഡബ്ള്‍ ഫോണ്‍. സ്മാര്‍ട്ഫോണ്‍ എന്നു പറഞ്ഞാല്‍ ഫോള്‍ഡബ്ള്‍ ഫോണ്‍ എന്നു മാറാന്‍ പോകുന്നു എന്നു പറഞ്ഞാണ് കുറച്ചു നാള്‍ ടെക് പ്രേമികള്‍ നടന്നത്. എന്നാല്‍, സാംസങ് റിവ്യൂവിനു നല്‍കിയ മോഡലുകളുടെ 'വിജാഗിരി' ഭാഗത്ത് ചുളുക്കുകള്‍ വീണതുകൊണ്ട് സാംസങ് ഇതിന്റെ വില്‍പ്പന തുടങ്ങിയിട്ടില്ല. ഗ്യാലക്‌സി ഫോള്‍ഡും വാവെയുടെ മെയ്റ്റ് 10 തുടങ്ങിയ മടക്കാവുന്ന ഫോണുകളും ഇപ്പോള്‍ മുന്‍പന്തിയില്‍ നിന്നു പിന്നോട്ടുപോയിരിക്കുന്ന തക്കത്തിനാണ് പ്രമുഖ ലാപ്‌ടോപ് നിര്‍മാതാവായ ലെനോവോ തങ്ങളുടെ പുത്തന്‍ ലാപ്‌ടോപ് സങ്കല്‍പ്പവുമായി എത്തിയിരിക്കുന്നത്.

 

ഫോള്‍ഡബ്ള്‍ ഫോണുകളില്‍ കണ്ടതു പോലെ മടക്കാവുന്ന ഒരു സ്‌ക്രീനുള്ള ലാപ്‌ടോപ് തങ്ങള്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് ലെനോവോ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. അടുത്ത വര്‍ഷം മാര്‍ക്കറ്റിലെത്തിക്കാനാണ് ശ്രമം. പരമ്പരാഗത ലാപ്‌ടോപ് സങ്കല്‍പ്പം അല്‍പം പൊളിച്ചെഴുതുന്ന ഒന്നാണ് കമ്പനി കൊണ്ടുവരാനിരിക്കുന്നത്. പുതിയ ഉപകരണത്തിന് ഒരു പേരു പോലും കമ്പനി ഇതുവരെ നല്‍കിയിട്ടില്ല. ലെനൊവോ അവതരിപ്പിച്ച സങ്കല്‍പ്പ ലാപ്‌ടോപ്പില്‍ തിങ്ക്പാഡ് ലോഗൊ മാത്രമാണുള്ളത്. അതുകൊണ്ട് ഇത് തിങ്ക്പാഡ് X1 കുടുംബത്തിലെ അംഗമായിരിക്കുമെന്നാണ് അനുമാനം.

 

മൈക്രോസോഫ്റ്റ് സര്‍ഫസിനും പരമ്പരാഗത ക്ലാംഷെല്‍ ഡിസൈനുമിടയ്ക്കുളള ഒന്ന് എന്നാണ് ഇതിനെ ടെക് ജേണലിസ്റ്റുകള്‍ വിളിക്കുന്നത്. സ്‌ക്രീനിന്റെ ഇരുഭാഗത്തെയും കൂട്ടിപ്പിടിപ്പിക്കാന്‍ ഇതിനും ഒരു വിജാഗിരിയുണ്ട്. ഉയര്‍ത്തി നിറുത്താനായി ഒരു സ്റ്റാന്‍ഡ് പിന്നിലുണ്ട്. എഴുതാനായി സ്റ്റൈലസും. അതായത് ലെനോവോയുടെ പുതിയ ഉപകരണം തുറക്കുമ്പോള്‍ വിരിയുന്നത് പുതിയൊരു കംപ്യൂട്ടിങ് ലോകമാണ്.

 

ലാപ്‌ടോപ് മോഡില്‍ തുറന്നുവച്ചാല്‍ കിട്ടുന്നത് 9.5-ഇഞ്ച് വലുപ്പമുള്ള പകുതി സ്‌ക്രീനാണ്. മറു പകുതിയെ ടച് കീബോഡാക്കാം, രണ്ടാം ഡിസ്‌പ്ലെയുമാക്കാം. മുകളിലെ സ്‌ക്രീനില്‍ വിഡിയോ കണ്ടു, സ്‌റ്റൈലസ് ഉപയോഗിച്ച് നോട്ട് എഴുതാം. ഒരു ബ്ലൂടൂത്ത് കീബോഡുമായി പെയറു ചെയ്താല്‍ മുഴുവന്‍ ലാപ്‌ടോപ് ആയും ഉപയോഗിക്കാം. ഇന്‍ഫ്രാറെഡ് ക്യാമറ, ചാര്‍ജിങിനും ഡേറ്റാ പകര്‍ത്താനുമൊക്കെയായി രണ്ടു യുഎസ്ബി-സി പോര്‍ട്ടുകള്‍, സെറ്റെറിയോ സ്പീക്കറുകള്‍ തുടങ്ങയവയെല്ലാമുള്ള ബഹുമുഖ സാധ്യതകള്‍ മുന്നോട്ടു വയ്ക്കുന്ന ഈ പുതിയ ഉപകരണത്തിന് 'ദിവസം മുഴുവന്‍' നീണ്ടു നില്‍ക്കുന്ന ബാറ്ററിയുമുണ്ടായിരിക്കുമെന്ന് ലെനോവോ പറയുന്നു.

 

ഇതൊരു വിന്‍ഡോസ്-കേന്ദ്രീകൃത ഉപകരണമായിരിക്കുമെന്നാണ് കമ്പനി പറയുന്നത്. ലെനോവോ പത്രപ്രവര്‍ത്തകര്‍ക്കു പരിചയപ്പെടുത്തിയ ഉപകരണം അത്യന്തം താൽപര്യജനകമായിരുന്നു. സാധാരണ ലാപ്‌ടോപ്പിനേക്കാള്‍ അല്‍പ്പം കൂടുതല്‍ ഭാരവും കട്ടിയും കൂടുതലുണ്ട് ഇതിന്. ഗ്യാലക്‌സി ഫോള്‍ഡിനു സംഭവിച്ചതുപോലെയുള്ള ചുളുക്കു വീഴല്‍ പ്രശ്‌നം വരില്ല എന്നുറപ്പക്കാനായി മിലിറ്ററി ഗ്രെയ്ഡ് ടെസ്റ്റ് നടത്തി മാത്രമേ പുറത്തിറക്കൂ എന്നാണ് കമ്പനി പറയുന്നത്. സാംസങ് തങ്ങളുടെ ഫോള്‍ഡബ്ള്‍ ഫോണില്‍ സ്വന്തമായി നിര്‍മിച്ച ഡിസ്‌പ്ലെയാണ് ഉപയോഗിച്ചത്. വാവെയ് മെയ്റ്റ് Xന്റെ ഡിസ്‌പ്ലെ ആരാണ് നിര്‍മിച്ചത് എന്നറിയില്ല. എന്തായാലും ലെനോവോയുടെ പുതിയ ഉപകരണത്തിനുള്ള ഡിസ്‌പ്ലെ നിര്‍മിച്ചിരിക്കുന്നത് എല്‍ജിയാണ്. ഫോള്‍ഡബ്ള്‍ ഡിസ്‌പ്ലെ നിര്‍മാണത്തില്‍ മുമ്പന്മാര്‍ സാംസങ് ആണെന്നാണ് വയ്പ്പ്. പക്ഷേ, ഫോള്‍ഡബ്ള്‍ ഐഫോണ്‍ നിര്‍മിക്കുന്നുണ്ടെങ്കില്‍ ആപ്പിള്‍ പരിഗണിക്കുന്ന നിര്‍മാതാക്കളിലൊരാള്‍ എല്‍ജി ആയിരിക്കുമെന്നു കേള്‍ക്കുന്നു.

 

ബഹുമുഖ സാധ്യതകള്‍

 

മുകളിലെ സ്‌ക്രീനില്‍ വിഡിയോ കാണുമ്പോള്‍ താഴത്തെ സ്‌ക്രീനില്‍ നോട്ടുകുറിക്കുകയോ, സ്‌കെച്ചുകള്‍ വരയ്ക്കുകയോ ഒക്കെ ചെയ്യാം. ഗെയിം കളിക്കുകയും വെര്‍ച്വല്‍ കീകള്‍ ഉപയോഗിച്ച് അവ നിയന്ത്രിക്കുകയും ചെയ്യാം. പ്രധാന ഗുണം എന്നു പറഞ്ഞാല്‍, ലാപ്‌ടോപ്പിന്റെ ഉറപ്പിച്ചു വച്ച കീബോഡില്‍ അതിന്റെ ഫങ്ഷന്‍സ് അല്ലാതെ നമുക്ക് മറ്റൊന്നും ചെയ്യാന്‍ സാധ്യമല്ല. പക്ഷേ, ഇവിടെ നിരവധി കാര്യങ്ങള്‍ സാധ്യമാക്കാം. 

 

എല്ലാവര്‍ക്കും ഉതകുന്ന ഒരു സിസ്റ്റമായിരിക്കണമെന്നില്ല. എന്നാല്‍, ബിസിനസ് കാര്യങ്ങള്‍ക്കായി യാത്ര ചെയ്യേണ്ടിവരുന്നവര്‍ക്ക് ഇത് ഗുണകരവുമാകാം. ആദ്യ തലമുറ ഉപകരണം ചിലപ്പോള്‍ പ്രതീക്ഷിക്കുന്ന ഗുണം ചെയ്തില്ലെങ്കില്‍ പോലും, ഇത്തരം ഒരു ഉപകരണത്തിന് ധാരാളം സാധ്യതകള്‍ ഉണ്ടെന്നു തന്നെയാണ് വിലയിരുത്തല്‍. 9.6-ഇഞ്ച് സ്‌ക്രീനും പലര്‍ക്കും ഒരു പോരായ്മയായിരിക്കും. എന്നാല്‍ വിമാന യാത്രക്കാര്‍ക്കും മറ്റും ഇത് ഉപകാരപ്രദവുമായിരിക്കും.

 

മൂന്നു വര്‍ഷമായി തങ്ങള്‍ ഈ ഉപകരണത്തിന്റെ പിന്നാലെ കൂടിയിരിക്കുകയായിരുന്നു എന്ന് ലെനോവോ പറയുന്നു. (എന്നാല്‍, അതൊന്നും പരിഗണിക്കേണ്ട. സാംസങ് പറഞ്ഞത് തങ്ങള്‍ എട്ടു വര്‍ഷമായി ഗ്യാലക്‌സി ഫോള്‍ഡ് നിര്‍മാണത്തിന് സമയം ചിലവഴിച്ചിരുന്നു എന്നാണ്!) എന്നാല്‍ ലെനോവോയുടെ യോഗാ ബുക്ക്, യോഗാ ബുക്ക് സി930 തുടങ്ങിയ ഉപകരണങ്ങള്‍ ശ്രദ്ധിച്ചാല്‍ മനസിലാകുന്ന ഒരു കാര്യം, ലെനോവോ ഈ ഡിസൈനുമായി കളിച്ചു കൊണ്ടിരിക്കുകയായിരുന്നു എന്നു തന്നെയാണ്.

 

ഈ ഉപകരണം പുറത്തിറങ്ങാന്‍ കുറേക്കാലം കൂടെ കാത്തിരിക്കേണ്ടി വന്നേക്കാമെങ്കിലും പുതിയ പ്രൊഡക്ട് വളരെ പ്രതീക്ഷ നല്‍കുന്ന ഒന്നാണ്. എല്ലാം നേരെയായാല്‍ ലാപ്‌ടോപ് സങ്കല്‍പ്പം പാടെ മാറി മറിയാം. കൂടുതല്‍ അറിയാന്‍ 2020 വരെയെങ്കിലും കാത്തരിക്കേണ്ടി വരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com