sections
MORE

'സിം ഇല്ലാത്ത ഐഫോണിന്' 18,900 രൂപ! പരിചയപ്പെടാം ‘കുഞ്ഞൻ ഡിവൈസിനെ’

ipod-touch-2019
SHARE

നാലു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം, മരിച്ചുവെന്ന് ടെക്‌നോളജി റിപ്പോര്‍ട്ടര്‍മാര്‍ വിധിയെഴുതിയ ഐപോഡ് ടച്ചിന് പുതുജീവന്‍ നല്‍കി ഇറക്കിയിരിക്കുകയാണ് ആപ്പിള്‍. ആപ്പിളിന്റെ ഐഒഎസ് പരിസ്ഥിതിയിലേക്ക് കുറഞ്ഞ ചിലവില്‍ പ്രവേശിക്കാന്‍ അനുവദിക്കുന്നതുമാണ് ഇപ്പോള്‍ അവതരിപ്പിച്ച ഏഴാം തലമുറയിലെ ഐപോഡ് ടച്ച്. തുടക്ക മോഡലിന് 18,900 രൂപയാണ് വില. ഐഫോണ്‍ 7ല്‍ കണ്ട എ10 ഫ്യൂഷന്‍ ( A10 Fusion ) പ്രോസസറാണ് ഇതിനു ശക്തിപകരുന്നത് എന്നതിനാല്‍ കരുത്തിന്റെ കാര്യത്തില്‍ പ്രശ്‌നമുണ്ടാകാന്‍ സാധ്യതയില്ല. ഐമെസേജും ഫെയ്‌സ്‌ടൈം കോളും മുതല്‍ ഓഗ്‌മെന്റഡ് റിയാലിറ്റിയും ഈ വര്‍ഷം അവതരിപ്പിച്ചേക്കുമെന്നു കരുതുന്ന ആപ്പിള്‍ ആര്‍കെയ്ഡ് ഗെയ്മിങ് സര്‍വീസും (Apple Arcade gaming service) വരെ സപ്പോര്‍ട് ചെയ്യുന്നതിനാല്‍ സിം ഇല്ലാത്ത ഐഫോണ്‍ എന്ന് ഇതിനെ വിളിക്കുന്നതില്‍ തെറ്റില്ല.

ഐഫോണുകളുടെ വ്യാപനത്തോടെ തികച്ചും അപ്രസക്തമായെന്നു കരുതിയ ഉപകരണമാണ് ഐപോഡ് ടച്ച്. സിം ഇല്ലാത്ത, 4 ഇഞ്ച് വലുപ്പമുള്ള ഒരു ഐഫോണ്‍ 7 സങ്കല്‍പ്പിച്ചാല്‍ പുതിയ ഐപോഡിനെക്കുറിച്ച് ഏകദേശ ധാരണ ലഭിക്കും. (ഐഫോണ്‍ 7ന്റെ പ്രോസസറുള്ള ഐഫോണ്‍ എസ്ഇ എന്നും വിശേഷണമുണ്ട്.) 1136×640 പിക്‌സല്‍സ് സ്‌ക്രീന്‍ റെസലൂഷനുള്ള റെറ്റിന ഡിസ്‌പ്ലെയാണ് പുതിയ ഐപോഡ് ടച്ചിനുള്ളത്. വിരല്‍പ്പാടുകളെ പ്രതിരോധിക്കാനുള്ള ഒലിയോഫോബിക് കോട്ടിങും മെറ്റല്‍ ഡിസൈനിങ്ങുമുണ്ട്. ഐഫോണുകളില്‍ നിന്ന് ഒഴിവാക്കപ്പെട്ട 3.5 എംഎം ഓഡിയോ ജാക് തിരിച്ചെത്തുന്ന ഉപകരണവുമാണിത്. ഫോണ്‍വിളി ഒഴികെ, പാട്ടു കേള്‍ക്കാനും ഗെയിം കളിക്കാനുമുള്‍പ്പെടെ ഐഫോണ്‍ കൊണ്ടു ചെയ്യാവുന്ന മിക്ക കാര്യങ്ങള്‍ക്കും ഉപകരിക്കും.

ക്യാമറ

f/2/4 അപേർച്ചറുള്ള 8 എംപി പിന്‍ ക്യാമറയാണ് പുതിയ ഐപോഡിനുള്ളത്. ഫെയ്‌സ്‌ടൈം കോളുകള്‍ക്കായി 1.2എംപി ക്യാമറയാണ് നല്‍കിയിരിക്കുന്നത്. ഗ്രൂപ് ഫെയ്‌സ്‌ടൈം കോളിലൂടെ 32 പേരുമായി ഒരേ സമയത്ത് സംസാരിക്കാം. മുന്‍ തലമുറയിലെ ഐപോഡുകളില്‍ ഇല്ലാത്ത ഫീച്ചറാണിത്. ഓഗ്‌മെന്റഡ്റിയാലിറ്റി ഗെയ്മുകള്‍ കളിക്കാമെന്നതും മുന്‍ തലമുറ ഐപോഡുകളില്‍ ഇല്ലാത്ത ഫീച്ചറാണ്. ഫെയ്‌സ്‌ഐഡി പോയിട്ട് ടച്ച്‌ഐഡി പോലുമില്ല എന്നത് കുറവായി കാണേണ്ടവര്‍ക്ക് കാണുകയും ചെയ്യാം.

ബാറ്ററി

40 മണിക്കൂര്‍ പാട്ടു കേള്‍ക്കാനാകുന്ന ബാറ്ററിയാണ് നല്‍കിയിരിക്കുന്നതത്രെ.

ഓപ്പറേറ്റിങ് സിസ്റ്റം

ഐഒഎസ് 12 ഒഎസുമായാണ് പുതിയ ഐപാഡ് എത്തുന്നത്. എന്നാല്‍ ഐഒഎസ് 13 സെപ്റ്റംബറില്‍ അവതരിപ്പിക്കുമ്പോള്‍ അതിലേക്ക് അപ്‌ഗ്രേഡു ചെയ്യാം. (ഐഫോണ്‍ 5എസ്, 6/6പ്ലസ്, എസ്ഇ തുടങ്ങിയ മോഡലുകള്‍ക്ക് ഐഒഎസ് 13 ലഭിക്കില്ലെന്നാണ് വാര്‍ത്തകള്‍ പറയുന്നത്.) സിം സപ്പോര്‍ട്ട് ഇല്ലെങ്കിലും വൈഫൈ ഉപയോഗിച്ച് മറ്റ് ഐഒഎസ് മാക് ഉപയോക്താകളെ ഫെയ്‌സ്‌ടൈമിലൂടെ വിളിക്കുകയും ഐമെസെജിലൂടെ സന്ദേശങ്ങള്‍ അയയ്ക്കുകയും ചെയ്യാമെന്നതിനാല്‍ ചിലര്‍ക്കു പ്രിയങ്കരമായേക്കും.

വില

ഐപോഡ് ടച്ച് ഏഴാം തലമുറ ഡിവൈസ് ജൂണ്‍ ആദ്യവാരം തന്നെ ഇന്ത്യയില്‍ വില്‍പനയ്ക്ക് എത്തുമെന്നാണ് സൂചന. 32 ജിബി, 128 ജിബി, 256 ജിബി എന്നീ സ്റ്റോറേജ് ശേഷിയുള്ള മോഡലുകള്‍ക്ക് വില യഥാക്രമം 18,900 രൂപ, 28,900 രൂപ, 38,900 രൂപ എന്നിങ്ങനെയായിരിക്കും. വിവിധ നിറങ്ങളിലും ഇവ ലഭ്യമാക്കിയിട്ടുണ്ട്.

ആപ്പിളിന്റെ വിലയിടല്‍ രസകരം

ഐപോഡുകളില്‍ ഒരു സിം സ്ലോട്ടു കൂടെ പിടിപ്പിച്ചാല്‍ ഐഫോണ്‍ ആകുമെന്നതിനാല്‍ എന്തുമാത്രം വിലയാണ് ഐഫോണുകള്‍ക്ക് ആപ്പിള്‍ അധികമായി വാങ്ങുന്നതെന്നു കാണാം. അതുപോലെ, 256 ജിബി സ്റ്റോറേജ് ശേഷിയുള്ള മോഡലിന് 38,900 രൂപയാണെന്നു കണ്ടല്ലോ. സ്റ്റോറേജ് ശേഷിക്കനുസരിച്ച് 100 ഡോളര്‍വച്ചു കൂട്ടിയിടുന്ന ഒരു കലാപരിപാടി ആദ്യ ഐഫോണ്‍ ഇറക്കിയ കാലം മുതല്‍ ആപ്പിള്‍ പിന്തുടര്‍ന്നിരുന്നു. അന്നൊക്കെ, സ്റ്റോറേജ് മെമ്മറിയ്ക്ക് കുറച്ചു കൂടെ വിലയുമുണ്ടായിരുന്നു. ഇന്ന് ആ വിലയൊക്കെ കാര്യമായി കുറഞ്ഞു. പക്ഷേ, ആപ്പിള്‍ തങ്ങളുടെ വിലയിടല്‍ പാരമ്പര്യം മാറ്റാന്‍ ഒരുക്കമല്ല എന്നതിനെ പലരും വിമര്‍ശിച്ചിട്ടുണ്ടെങ്കിലും കമ്പനി തങ്ങളുടെ രീതി ഇന്നും തുടരുന്നു. 32 ജിബി ഐഫോണ്‍ 7 മോഡലിന് ഇതെഴുതുന്ന സമയത്ത് ഫ്ലിപ്കാര്‍ട്ടിലെ വില 38,999 രൂപയാണ്. ഐഫോണ്‍ 6 എസിന്റെ വിലയാകട്ടെ 29,799 രൂപയും. പുതിയ ഐപോഡിന്റെ കൂടിയ സ്റ്റോറേജ് ശേഷിയുള്ള മോഡല്‍ വാങ്ങുന്നതിനേക്കാള്‍ നല്ലത് ഐഫോണ്‍ 7 അല്ലെങ്കില്‍ 6എസ് പരിഗണിക്കുകയല്ലെ എന്നു തോന്നിയാല്‍ അദ്ഭുതപ്പെടേണ്ട.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GADGETS
SHOW MORE
FROM ONMANORAMA