sections
MORE

ഇതല്ലെ ടെക് ഇന്ദ്രജാലം! കൈയ്യില്‍ വളയിട്ടാല്‍ ചൂണ്ടുവിരല്‍കൊണ്ടു ഫോണ്‍ ചെയ്യാം

get
SHARE

ആരെങ്കിലും ചെവിയില്‍ വിരലിട്ട് തനിയെ സംസാരിക്കുന്നതു കണ്ടാല്‍ അയാള്‍ക്കു വട്ടായിപ്പോയതാണെന്നോ, ഫോണെടുക്കാന്‍ മറന്നതിന്റെ വിഷമം തീര്‍ക്കാന്‍ തനിയെ സംസാരിക്കുന്നതാണെന്നോ കരുതരുത്. അയാള്‍ ഫോണ്‍ ചെയ്യുകയാകാം. കൈയ്യില്‍ ഒരു വളയുണ്ടോ എന്നുനോക്കൂ.

ഗെറ്റ് (Get) എന്നു പേരിട്ടിരിക്കുന്ന, 250 ഡോളര്‍ വിലയുള്ള, ഇലക്ട്രോണിക് ബ്രെയ്‌സ്‌ലെറ്റിന് നിങ്ങളുടെ കൈയ്യിലെ എല്ലിലൂടെ ശബ്ദവീചികളെ കമ്പനങ്ങളായി കടത്തിവിടാനുളള കഴിവാണുള്ളത്. ഇത് വിരലിലൂടെ ചെവിയിലെത്തും. ഗെറ്റ് നിങ്ങളുടെ സ്മാര്‍ട് ഫോണുമായി ബന്ധപ്പെട്ടാണ് ഫോണ്‍ ചെയ്യല്‍ സാധ്യമാക്കുന്നത്. ഉപയോക്താവ്, ബ്രെയ്‌സ്‌ലെറ്റ് അണിഞ്ഞ കൈയ്യുടെ ഏതെങ്കിലും ഒരു വിരല്‍ ചെവിയിലേക്കു വച്ചാല്‍ മതി ഫോണ്‍ കോള്‍ കേള്‍ക്കാനും മറുപടി പറയാനും. ബ്രെയ്‌സ്‌ലെറ്റിലുള്ള വോയിസ് റെക്കഗ്നിഷന്‍ ഫീച്ചറാണ് നിങ്ങളുടെ ശബ്ദത്തെ തിരച്ചറിഞ്ഞ് ഫോണിനു മറുതലയ്ക്കലുള്ള ആളിലേക്ക് എത്തിക്കുന്നത്.

ബ്രെയ്‌സ്‌ലെറ്റ് കമ്പനത്തെ മാത്രം ആശ്രയിക്കുന്നതിനാല്‍ ശബ്ദം അടുത്തു നില്‍ക്കുന്നയാള്‍ക്ക് കേള്‍ക്കാനും സാധിക്കില്ല. ഗെറ്റിനെ നിയന്ത്രിക്കാനായി ബട്ടണുകളൊന്നുമില്ല. സ്‌ക്രീനുമില്ല. എന്നാല്‍ ഇതിനെ ശബ്ദത്തിലൂടെയും ആംഗ്യഭാഷയിലൂടെയും നിയന്ത്രിക്കാമെന്നാണ് ഈ വള ഇറക്കിയ അതിന്റെ ഇറ്റാലിയന്‍ നിര്‍മാതാക്കള്‍ പറയുന്നത്. മിലാനിലാണ് ഇതു നിര്‍മിച്ചത്. ഫിറ്റ്ബിറ്റ് (Fitbit) എന്നറിയപ്പെടുന്ന ആക്ടിവിറ്റി ട്രാക്കറും സ്മാര്‍ട് വാച്ചും തമ്മിലുള്ള സംയോജനമാണ് ഗെറ്റിന്റെ നിര്‍മാണത്തിനു പിന്നിലെ ആശയമെന്നു പറയാം. ഹൃദയമിടിപ്പ് രേഖപ്പെടുത്താൻ, എത്ര കലോറി ഊർജ്ജം നിങ്ങള്‍ ദിവസവും കത്തിച്ചു കളഞ്ഞുവെന്നു പറയാൻ, ഇന്നു വെള്ളം കുറച്ചേ കുടിച്ചിട്ടുള്ളു എന്ന് ഓര്‍മപ്പെടുത്താൻ, ഫോണ്‍ കോള്‍ അറ്റന്‍ഡ് ചെയ്യാൻ, ടെക്‌സ്റ്റ് സന്ദേശങ്ങള്‍ അയയ്ക്കാൻ, നോട്ടിഫിക്കേഷന്‍സ് പരിശോധിക്കാൻ തുടങ്ങി സേവനങ്ങൾക്ക് ഉപയോഗിക്കാം. വിരലടയാളം തിരിച്ചറിയലും സാധ്യമായതിനാല്‍ കോണ്ടാക്ട്‌ലെസ് പൈസയടയ്ക്കലും സാധിക്കും.

തങ്ങള്‍ അസ്ഥിവാഹനത്തെക്കുറിച്ച് (bone conduction) 2015 മുതല്‍ പഠിക്കുകയും പരീക്ഷണങ്ങള്‍ നടത്തുകയും ചെയ്തുവരികയായിരുന്നുവെന്ന് ഗെറ്റിന്റെയും ആംഗ്യ സാങ്കേതികവിദ്യ വികസിപ്പിക്കുന്ന കമ്പനിയായ ഡീഡിന്റെയും (Deed) സഹ-സ്ഥാപകന്‍ എമിലിയാനോ പരീനി പറഞ്ഞു. ഗെറ്റിന്റെ പ്രവര്‍ത്തനത്തിനാവശ്യമായ ആംഗ്യ സമ്പ്രദായങ്ങള്‍ എളുപ്പത്തില്‍ ഭേദഗതി വരുത്താവുന്നവയാണെന്നും അദ്ദേഹം പറഞ്ഞു. ഓപ്പണ്‍ എപിഐ ഉള്ള ഗെറ്റിന് മറ്റുപകരണങ്ങളോട് ഒത്തു പ്രവര്‍ത്തിക്കാനുള്ള ശേഷിയുമുണ്ട്.

ടച് സ്‌ക്രീനുകളും ബട്ടണുകളുമില്ലാതെ പ്രവര്‍ത്തിക്കുന്ന ഗെറ്റിലൂടെയുള്ള കൊടുക്കല്‍ വാങ്ങലുകള്‍ മറ്റാര്‍ക്കും അറിയാനാവില്ലെന്ന മാജിക് ആണ് പരീനിയും കൂട്ടരും കാണിച്ചിരിക്കുന്നത്. കൂടാതെ ഫിംഗര്‍പ്രിന്റ് സാങ്കേതികവിദ്യ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതിനാല്‍ സുരക്ഷിതമായ പണമടയ്ക്കലും സാധ്യമാണെന്നും പരീനി പറഞ്ഞു. അതിവേഗം ചാര്‍ജാകുമെന്നതും ദീര്‍ഘ നേരത്തേക്ക് ബാറ്ററി നില്‍ക്കുമെന്നതും ഇത്തരം മറ്റുപകരണങ്ങളെക്കാള്‍ വിലകുറവാണെന്നതും ഗെറ്റിനെ ആകര്‍ഷകമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതിനൂതനമായ ഹൈ-ടെക് സാമഗ്രികളുപയോഗിച്ച് നിര്‍മിച്ച ഗെറ്റിന് പരിധികളില്ലാത്ത സാധ്യതകളുണ്ടെന്നതു കൂടാതെ അത് നേര്‍ത്തതും ജലത്തിൽ നിന്നു സുരക്ഷിതവുമാണ്.

ഗെറ്റ് ബാന്‍ഡ് ഫോണിലുള്ള അതിന്റെ ആപ്പുമായി ബന്ധിപ്പിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഫിറ്റ്‌നസ് അറിയാമെന്നതു കൂടാതെ ഓരോ കാര്യത്തിനും ഫോണിന്റെ സ്‌ക്രീനിലേക്കു നോക്കേണ്ടിവരകിയും ഇതിന്മേല്‍ ചൊറിഞ്ഞും കുത്തിയിമിരിക്കേണ്ടി വരുന്ന പരിപാടി കുറയ്ക്കുകയും ചെയ്യാമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.

ഗെറ്റുമായി ഇടപഴകുന്നത് ശബ്ദ ആജ്ഞകളിലൂടെയോ ആംഗ്യങ്ങളിലൂടെയോ ആണ്. ടാപ്പു ചെയ്യുക, സ്‌ക്രോളു ചെയ്യുക, ബട്ടണുകള്‍ ഉപയോഗിക്കുക തുടങ്ങിയ ഇടപാടുകള്‍ പൂര്‍ണ്ണമായും ഇല്ലാതാക്കുന്നു. ഗെറ്റ് കൈയ്യിലേക്കു പകരുന്ന കമ്പനം വിരലിലൂടെ ചെവിയിലേക്ക്, സ്പീക്കറുകളുടെ ഇടപെടലില്ലാതെ, ശബ്ദമായി പകരാനാകുമെന്ന് പരീനി പറഞ്ഞു. 

ഈ പ്രൊജക്ട് ഇപ്പോള്‍ കിക്‌സ്റ്റാര്‍ട്ടറിലാണ് ഉള്ളത്. 2020 മാര്‍ച്ചില്‍ തങ്ങള്‍ക്കിത് ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കാനായേക്കുമെന്ന് പരീനി ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. 

എന്താണ് ബോണ്‍ കണ്‍ഡക്ടിങ്

ഗെറ്റില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന സാങ്കേതികവിദ്യയുടെ പേരാണ് ബോണ്‍ കണ്‍ഡക്ഷന്‍ ലിസണിങ് അല്ലെങ്കില്‍ അസ്തിവാഹക ശ്രവണം. ഹെഡ്‌ഫോണുകള്‍ തുടങ്ങിയ ഉപകരണങ്ങള്‍ ഇതിന് ഉദാഹരണങ്ങളാണ്. ചെവിക്കല്ലിന്റെ (eardrum) പണിയാണ് അവ ചെയ്യുന്നത്. ഈ ഉപകരണങ്ങള്‍ ശബ്ദത്തെ ഡീകോഡ്ചെയ്ത ശേഷം അവയെ കമ്പനങ്ങളായി പരിവര്‍ത്തനം ചെയ്യുന്നു. അവയെ കോക്ലിയയ്ക്ക് (Cochlea- ചെവിയുടെ ഉള്ളിലുള്ള ഒരു ഭാഗം. ഉള്‍ക്കാത് എന്നു വിളിക്കാം. ശ്രവണത്തിന് വേണ്ട ഒന്നാണ്.) നേരിട്ട് എത്തിച്ചു കൊടുക്കുന്നു. ഇതിലൂടെ ഇയര്‍ഡ്രമിന്റെ ഇടപെടല്‍ ഇല്ലാതാക്കുന്നു. 'ശബ്ദം' ചെവിയിലെത്തുന്നത് എല്ലുകളിലോ തലയോട്ടിയിലോ ത്വക്കിലോ കൂടെ കടന്നുവരുന്ന കമ്പനങ്ങളായാണ്.

നമ്മുടെ ഇയര്‍ഡ്രമ്മുകള്‍ക്ക് മിക്ക ശബ്ദങ്ങളും ശ്രവിക്കാനാകും. ഇയര്‍ഡ്രമ്മുകളും സ്വരവീചികളെ കമ്പനങ്ങളായി പരിവര്‍ത്തനം ചെയ്ത ശേഷം കോക്ലിയയിലേക്ക്, അല്ലെങ്കില്‍ ഉള്‍ക്കാതിലേക്ക് അയയ്ക്കുന്നു. എന്നാല്‍ ചിലപ്പോഴൊക്കെ ഉള്‍ക്കാതിന്, ഇയര്‍ഡ്രമ്മുകളുടെ മധ്യസ്ഥതയില്ലാതെ ശബ്ദങ്ങള്‍ ശ്രവിക്കാനാകും. അങ്ങനെയാണ് നമ്മള്‍ നമ്മുടെ സ്വരം കേള്‍ക്കുന്നത്. തിമിംഗലങ്ങളും കേള്‍ക്കുന്നത് ഇങ്ങനെയാണ്. പതിനെട്ടാം നൂറ്റാണ്ടിലെ വിശ്രുത കംപോസറായിരുന്ന ലുഡ്‌വിഗ് വാന്‍ ബൈറ്റോഹ്‌വെന്‍ ആണ് ബോണ്‍ കണ്‍ഡക്ഷന്‍ ആദ്യമായി കണ്ടെത്തിയത്. തന്റെ പിയാനോയുടെ ശബ്ദം താടിയെല്ലിലൂടെ കേള്‍ക്കാനുള്ള വഴി കണ്ടെത്തുകയായിരുന്നു. ഒരു ദണ്ഡ് പിയാനോയില്‍ പിടിപ്പിച്ച ശേഷം അത് പല്ലുകള്‍കൊണ്ട് കടിച്ചുപിടിച്ചാണ് അദ്ദേഹം ശബ്ദം കേട്ടിരുന്നത്. പിയാനോയില്‍ നിന്ന് തന്റെ താടിയെല്ലിലേക്ക് എത്തിയിരുന്ന കമ്പനവീചികള്‍ അപഗ്രധിച്ചാണ് അദ്ദേഹം സ്വരത്തെക്കുറിച്ചുള്ള ധാരണയുണ്ടാക്കിയിരുന്നത്.

ശബ്ദത്തിന് നമ്മുടെ ശ്രവണ വ്യവസ്ഥയിലേക്ക് കടക്കാൻ ഇയര്‍ഡ്രം കൂടാതെ മറ്റൊരു വാതിലുമുണ്ടെന്നു തെളിയിച്ച പരീക്ഷണമായിരുന്നു ബൈറ്റ്‌ഹോവന്റേത്. കേള്‍വി പ്രശ്‌നമുള്ള ഒരാളുടെ കോക്ലിയയുടെ പ്രവര്‍ത്തനത്തിന് തകരാറില്ലെങ്കില്‍ അയാള്‍ക്ക് ബോണ്‍ കണ്‍ഡക്ഷനിലൂടെ ശ്രവിക്കാനാകും, ഇയര്‍ഡ്രമ്മിനു പ്രശ്‌നമുണ്ടെങ്കില്‍ കൂടി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GADGETS
SHOW MORE
FROM ONMANORAMA