sections
MORE

മൈക്രോസോഫ്റ്റ് കാണിച്ചത് അദ്ഭുത ടെക്നോളജി, കണ്ണു തള്ളി ടെക് ലോകം

microsoft-duo-neo-surface
SHARE

ടെക്‌നോളജി പ്രേമികളെ ഞെട്ടിച്ചുകൊണ്ടാണ് ലോകത്തെ ഏറ്റവും വലിയ കമ്പനികളിലൊന്നായ മൈക്രോസോഫ്റ്റ് രഹസ്യായുധം പുറത്തെടുത്തത്. സര്‍ഫസ് ഡൂവോ എന്ന പുതിയ ഫോള്‍ഡിങ് ഫോണ്‍. ഒരു പുസ്തകം പോലെ തുറക്കാവുന്ന രണ്ട് 5.6-ഇഞ്ച് വലുപ്പമുള്ള സ്‌ക്രീനുകള്‍ യോജിപ്പിച്ചാണ് പുതിയ ഫോണ്‍ മൈക്രോസോഫ്റ്റ് ഇറക്കിയിരിക്കുന്നത്. ഇതിന് എന്തു വിലയായിരിക്കുമെന്ന് കമ്പനി പറഞ്ഞില്ല. ന്യൂയോര്‍ക്കില്‍ നടന്ന, മൈക്രോസോഫ്റ്റ് സര്‍ഫസ് ക്യംപ്യൂട്ടറുകള്‍ അവതരിപ്പിക്കുന്ന ചടങ്ങിനൊടുവിലാണ് അപ്രതീക്ഷിതമായി ഈ ടെക് വിഭവം കമ്പനി അവതരിപ്പിച്ചത്. മൈക്രോസോഫ്റ്റിന്റെ പുതിയ ടെക്നോളജി കണ്ടവരെല്ലാം വിസ്മയിച്ചിരിക്കുകയാണ്.

ഇതിനെ നിങ്ങള്‍ ഒരു ഫോണെന്നാണ് വിളിക്കാന്‍ പോകുന്നത് എന്നാണ് മൈക്രോസോഫ്റ്റിന്റെ ചീഫ് പ്രൊഡക്ട് ഓഫിസറായ പാനോസ് പാനോയ് ആവേശത്താല്‍, തന്റെ വിറയാര്‍ന്ന കൈകള്‍കൊണ്ട് ഫോണിനെ പരിചയപ്പെടുത്തി പറഞ്ഞത്. എന്നാല്‍, ഇതൊരു സര്‍ഫസ് ഉപകരണമാണെന്നും അദ്ദേഹം തുടര്‍ന്നു. മൈക്രോസോഫ്റ്റിന്റെ സര്‍ഫസ് ലാപ്‌ടോപ് ശ്രേണി വളരെയധികം ശ്രദ്ധ പിടിച്ചുപറ്റിയ ഒന്നാണെന്ന് ഓര്‍ക്കണം.

ടെക്‌നോളജിയുടെ അടരുകള്‍ ഞങ്ങളിന്ന് പുനര്‍വിഭാവനം ചെയ്തത് നിങ്ങള്‍ കണ്ടുവെന്നാണ് മൈക്രോസോഫ്റ്റിന്റെ മേധാവി സത്യാ നഡേല പറഞ്ഞത്. പതിനഞ്ചാം വയസില്‍ എനിക്കുണ്ടായിരുന്ന ആശ്ചര്യം തിരിച്ചു ലഭിക്കുന്നതു പോലെയാണിത് എന്നെല്ലാം അദ്ദേഹം പറഞ്ഞു.

എന്നാല്‍, സര്‍ഫസ് ഫോണ്‍ മാത്രമായിരുന്നില്ല അവരുടെ ഒളി ആയുധം. അതു പോലെ രണ്ട് 9-ഇഞ്ച് സ്‌ക്രീനുകള്‍ നടുവെ മടക്കാവുന്ന ടാബും അവതരിപ്പിച്ചു. അതിന്റെ പേരാണ് സര്‍ഫസ് നിയോ. അടുത്ത വര്‍ഷം അവസാനമായിരിക്കും ഇതു വില്‍പനയ്‌ക്കെത്തുക.

ചരിത്രം

ഒരുകാലത്ത് ടെക്‌നോളജി രംഗത്തെ ഏറ്റവും വലിയ കമ്പനി ആയിരുന്നിട്ടും സ്മാര്‍ട് ഫോണ്‍ നിര്‍മാണരംഗത്ത് തങ്ങള്‍ ആരുമല്ലാതായി എന്നത് കമ്പനിയെ ഏറ്റവുമധികം വിഷമിപ്പിക്കുന്ന കാര്യമാണെന്ന് എല്ലാവര്‍ക്കും അറിയാം. മുന്‍ മേധാവി ബില്‍ ഗെയ്റ്റ്‌സ് തന്നെ അത് പലതവണ ഏറ്റു പറഞ്ഞിട്ടുണ്ട്. വേണ്ട സമയത്ത് അല്‍പം ശ്രദ്ധ പതിപ്പിച്ചിരുന്നെങ്കില്‍ ഇന്ന് ആന്‍ഡ്രോയിഡിന്റെ സ്ഥാനത്ത് തങ്ങളായിരിക്കുമായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. ആപ്പിള്‍, ഗൂഗിള്‍ തുടങ്ങിയ കമ്പനികളോട് സ്മാര്‍ട് ഫോണ്‍ രംഗത്ത് തോറ്റു തുന്നം പാടുകയായിരുന്നു മൈക്രോസോഫ്റ്റ്. നോക്കിയ കമ്പനി ഏറ്റെടുക്കുക വഴി 7 ബില്ല്യന്‍ ഡോളറാണ് കമ്പനിക്കു നഷ്ടം വന്നതും. അവരുടെ നോക്കിയ ഫോണ്‍ വാങ്ങുന്നതിനു പകരമായി ഉപയോക്താക്കള്‍ ആപ്പിളിന്റെ ഐഫോണോ, ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ഉപയോഗിച്ചുള്ള സാംസങ്, എല്‍ജി തുടങ്ങിയ കമ്പനികള്‍ നിര്‍മിച്ച ഫോണുകളോ വാങ്ങി. ഈ കളിയില്‍ പാടേ പരാജയപ്പെട്ട മൈക്രോസോഫ്റ്റ് 2017ല്‍ തങ്ങളുടെ വിന്‍ഡോസ് മൊബൈലിന്റെ കടയും പൂട്ടി.

പുതിയ കാലം

ഇവിടെ മൈക്രോസഫ്റ്റ് പുതിയ അങ്കം കുറിക്കുകയല്ല. മറിച്ച് തങ്ങളുടെ എതിരാളികളായ ഗൂഗിളുമൊത്തു ചേര്‍ന്ന്, തങ്ങളുടെ ഇരട്ട സ്‌ക്രീന്‍ ഫോണിനായി ആന്‍ഡ്രോയിഡിനെ പരുവപ്പെടുത്തി എടുക്കുകയാണ് ചെയ്തിരിക്കുന്നത്. ഇന്റലിന്റെ പ്രോസസറാണ് ഫോണ്‍ പ്രവര്‍ത്തിപ്പിക്കുന്നത്. മൈക്രോസോഫ്റ്റിന്റെ പല പ്രൊഡക്ടിവിറ്റി ആപ്പുകളും പുതിയ ഉപകരണത്തില്‍ സുഗമമായി പ്രവര്‍ത്തിക്കുമെന്നതാണ് ഇതിന്റെ മേന്മകളിലൊന്ന്. തന്‍പോരിമയെക്കാള്‍ സഹകരണത്തിനാണ് ഇനി പ്രാധാന്യം എന്നതാണ് മൈക്രോസോഫ്റ്റിന്റെ പുതിയ മുദ്രാവാക്യമെന്നു വേണമെങ്കിൽ പറയാം. ഗൂഗിളിനൊത്ത് പ്രവര്‍ത്തിക്കുന്നതിനു മുൻപ്, സാംസങ് ഫോണുകളില്‍ വിന്‍ഡോസ് സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തിപ്പിക്കാനും നീക്കം നടത്തിയിരുന്നു.

ഇരട്ട സ്‌ക്രീന്‍ ഭാവി

മൈക്രോസോഫ്റ്റിന്റെ ഈ നീക്കം നിര്‍ഭയവും അദ്ഭുതപ്പെടുത്തുന്നതുമായിരുന്നവെന്ന് പ്രമുഖ ടെക് ജേണലിസ്റ്റുകള്‍ എഴുതുന്നു. സര്‍ഫസ് ഡൂവോയും നിയോയും കംപ്യൂട്ടിങ്ങില്‍ പുതിയ ചരിത്രം രചിക്കുമെന്നാണ് അവര്‍ പറയുന്നത്. ആദ്യ ഫോള്‍ഡിങ് ഫോണുകളിലൊന്നായ സാംസങ് ഗ്യാലക്‌സി ഫോള്‍ഡ് ഇന്ത്യയില്‍ അവതരിപ്പിക്കുന്ന സമയത്താണ് മൈക്രോസോഫ്റ്റിന്റെ ഇരട്ടകളും അവതരിപ്പിക്കപ്പെട്ടിരിക്കുന്നതെന്നത് തികച്ചും യാദൃശ്ചികമാണ്. 

ഡുവോയും നിയോയും ആപ്പിള്‍ ഉപകരണങ്ങള്‍ക്കൊപ്പമോ, മുൻപിലോ പ്രീമിയം ഫീല്‍ നല്‍കുന്നുവെന്നാണ് പറയുന്നത്. നിയോയ്ക്ക് അല്‍പം കനം തോന്നിയെങ്കിലും ഡൂവോ കൊണ്ടു നടക്കാവുന്ന ഉപകരണങ്ങള്‍ക്ക് പുതിയ നിര്‍വചനം ചമച്ചിരിക്കുന്നു എന്നാണ് പറയുന്നത്. ഉജ്വലമായ നിര്‍മാണത്തികവാണ് ഇവയുടെ പ്രത്യേകത. ഇരു മോഡലുകളുടെയും 'വിജാഗിരി' ഉപയോഗിച്ച് അവയെ 360 ഡിഗ്രി തിരിക്കാം. ഇവയെല്ലാം വളരെ സുഗമമായി തന്നെ നടത്താമെന്നത് നിര്‍മാണ വൈദഗ്ധ്യത്തിന് സല്യൂട്ട് അടിപ്പിക്കുമെന്നും പറയുന്നു. അതേസമയം, സാംസങ് ഗ്യാലക്‌സി ഫോള്‍ഡ് ഉപയോഗിച്ചപ്പോള്‍ തോന്നിയ സുഖമില്ലായ്മ പാടെ ഒഴിവാക്കിയാണ് ഇവ ഡൂവോ എത്തിയിരിക്കുന്നത്. ഹാര്‍ഡ്‌വെയര്‍ മാത്രമല്ല സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തനത്തിലും അടിമുടി പുതുമകളുമായാണ് ഇവ എത്തിയിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഐഫോണുകളിലടക്കം കാണുന്ന ഒറ്റ സ്‌ക്രീന്‍ സങ്കല്‍പം താമസിയാതെ മാറിയേക്കുമെന്നാണ് ജേണലിസ്റ്റുകള്‍ പറയുന്നത്. ആപ്പിളും എല്‍ജിയും വാവെയും അടക്കമുളള കമ്പനികളും ഇരട്ട സ്‌ക്രീന്‍ ഉപകരണങ്ങള്‍ നിര്‍മിക്കാന്‍ ശ്രമിക്കുകയാണെന്നും കേള്‍ക്കുന്നു.

എന്നാല്‍, മൈക്രോസോഫ്റ്റിന്റെ ഇരട്ട സ്‌ക്രീന്‍ അദ്ഭുതം വിപണിയില്‍ വിജയിക്കുമോ എന്ന കാര്യം ഇപ്പോള്‍ ഉറപ്പിക്കാനാവില്ലെന്നും പറയുന്നു. എന്തു വിലയിടും എന്നതടക്കമുള്ള നിരവധി കാര്യങ്ങളെ ആശ്രയിച്ചായിരിക്കും ജയപരാജയങ്ങള്‍ നിര്‍ണയിക്കപ്പെടുക. എന്തായാലും കൊണ്ടു നടക്കാവുന്ന ഉപകരണങ്ങള്‍ക്ക് പുതിയൊരു നിര്‍വചനം നല്‍കുകയാണ് ഇപ്പോള്‍ മൈക്‌സോഫ്റ്റ് ചെയ്തിരിക്കുന്നതെന്ന കാര്യത്തില്‍ അനാവരണ ചടങ്ങില്‍ പങ്കെടുത്ത് അമ്പരന്ന ആര്‍ക്കും സംശയമില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GADGETS
SHOW MORE
FROM ONMANORAMA