ADVERTISEMENT

കംപ്യൂട്ടിങ്ങിന്റെ അടുത്ത ഘട്ടത്തില്‍ അത് മനുഷ്യരോട് കൂടുതല്‍ അടുത്തു പെരുമാറിയേക്കുമെന്നാണ് പ്രവചനം. ഇതിനൊടൊപ്പം വായിക്കാവുന്ന ഒരു വാര്‍ത്തയാണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ആപ്പിള്‍ കമ്പനിയുടെ വോയസ് അസിസ്റ്റന്റായ സിറി അടുത്ത വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ മുഖഭാവം വായിച്ച് വികാരങ്ങള്‍ മനസിലാക്കാനുള്ള ശേഷി ആര്‍ജ്ജിച്ചേക്കുമത്രെ. ഉപയോക്താക്കളുടെ ആവശ്യങ്ങള്‍ പരിഗണിക്കുന്ന സമയത്ത് അവരുടെ മുഖഭാവം കൂടെ കണക്കിലെടുക്കുന്ന രീതിയിലേക്ക് സിറിയെ മാറ്റാനാണ് ഉദ്ദേശം. ഇപ്പോള്‍ ഒരു ചോദ്യം സിറിക്കു മനസ്സിലായില്ലെങ്കില്‍ ഉപയോക്താവ് അത് ആവര്‍ത്തിക്കേണ്ടി വരുന്നു. മുഖഭാവം മനസ്സിലാക്കുക വഴി ആവര്‍ത്തിക്കുന്നതു കുറയ്ക്കാനുള്ള ശ്രമാണ് കമ്പനി നടത്തുന്നതെന്നാണ് പറയുന്നത്.

സോഫ്റ്റ്‌വെയറിന്റെ ബുദ്ധിപൂര്‍വ്വമായ ഇടനിലയിലൂടെ ഉപയോക്താവിന് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കാനാണ് ശ്രമമെന്നാണ് ആപ്പിള്‍ ഫയല്‍ ചെയ്തിരിക്കുന്ന പേറ്റന്റിൽ (യുഎസ് പേറ്റന്റ് നമ്പര്‍ 20190348037) പറയുന്നത്. സ്വാഭാവിക ഭാഷയിലുള്ള ചോദ്യം മനസ്സിലാക്കി ഉപയോക്താവിന്റെ ആവശ്യം നടത്തിക്കൊടുക്കാനാകും. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ ഉപയോക്താവിന്റെ ആവശ്യം വ്യക്തമാകണമെന്നില്ല. അങ്ങനെ വരുമ്പോള്‍ ബുദ്ധിയുള്ള സോഫ്റ്റ്‌വെയറിന്റെ ഇടപെടലിലൂടെ വേണ്ട കാര്യം നടത്തിക്കൊടുക്കാനുള്ള ശ്രമമാണ് പുതിയ നീക്കമത്രെ. ഇതിനായി മുന്‍ക്യാമറാ സിസ്റ്റമായിരിക്കും ഉപയോഗിക്കുക. ക്യാമറയിലേക്കു നോക്കിക്കൊണ്ട് ഒരാള്‍ ചോദ്യം ചോദിക്കുമ്പോള്‍ മുഖത്തിന്റെ ഏതു മസില്‍, അല്ലെങ്കില്‍ മസില്‍ വിഭാഗമാണ് പ്രവര്‍ത്തിക്കുന്നതെന്ന് പരിശോധിക്കാനാണ് ഉദ്ദേശം.

 

മനഃസ്ഥിതിയും (മൂഡ്) അളക്കും

 

ഇതുകൂടാതെയാണ് ഉപയോക്താവ് ഏതു മൂഡിലാണെന്ന് അളക്കാനുള്ള ശ്രമം. ഏതു മാനസികാവസ്ഥയിലാണ് ഉപയോക്താവ് ഇപ്പോള്‍ എന്നതും പരിഗണിക്കുമ്പോള്‍ കൂടുതല്‍ പ്രസക്തമായ ഉത്തരം നല്‍കാന്‍ സാധിക്കുമെന്നു കരുതുന്നു. ഇതിലൂടെ, സിറിക്കുള്ള വോയിസ് കമാന്‍ഡിന് വ്യത്യസ്തമായ അര്‍ഥവ്യാഖ്യാനം നടത്താന്‍ ഉപകരിക്കുമെന്നു കരുതുന്നു. ഉപയോക്താവ് സന്തുഷ്ടനാണോ, വിഷമത്തിലാണോ എന്നൊക്കെ അറിയുക വഴി കൂടുതല്‍ ഉചിതമായ ഉത്തരങ്ങളിലെത്തിച്ചേരാന്‍ സോഫ്റ്റ്‌വെയറിനു സാധിച്ചേക്കും.

 

പുതിയ സിസ്റ്റം എങ്ങനെ പ്രവര്‍ത്തിക്കും?

 

മൈക്രോഫോണിലൂടെ ഓഡിയോയും ക്യാമറയിലൂടെ ഒന്നോ ഒന്നിലേറെയോ ഫോട്ടോകളും ഉപയോഗിക്കാനാണ് ആപ്പിളിന്റെ ഉദ്ദേശം. ഒരു മുഖഭാവത്തിന് പല തരത്തിലുമുള്ള വ്യാഖ്യാനങ്ങള്‍ സാധ്യമാണ്. എന്നാല്‍ ഫാക്‌സ് അഥവാ ഫേഷ്യല്‍ ആക്ഷന്‍ കോഡിങ് സിസ്റ്റത്തിന്റെ (Facial Action Coding System(FACS) ഇടപെടൽ വഴി അര്‍ഥ സാധ്യത മനസ്സിലാക്കാനാണ് കമ്പനിയുടെ ശ്രമം. ഈ മുഖ വര്‍ഗീകരണധര്‍മ്മം (facial taxonomy), 1970 കള്‍ മുതല്‍ നിലവിലുണ്ടായിരുന്നു. സാധ്യമായ എല്ലാ വ്യാഖ്യനവും പരിഗണിക്കാന്‍ ഇതിനു സാധിച്ചേക്കും. ഫാക്‌സും അതിനൊപ്പം തങ്ങളുടെ സ്വന്തം സിസിറ്റവും ഉപയോഗിക്കുക വഴി മുഖഭാവത്തിന്റെ കൃത്യമായ വ്യാഖ്യാനം നടത്താമെന്നാണ് കമ്പനി കരുതുന്നത്. അതു മനസിലാക്കിയ ശേഷമായിരിക്കും സിറി പ്രതികരിക്കുക.

 

3ഡി സിസ്റ്റവും ഇരട്ടക്യാമറയുമുള്ള ഐപാഡ് പ്രോ ഒരുങ്ങുന്നു

 

ആപ്പിള്‍ കമ്പനിയുമായി ബന്ധപ്പെട്ട മറ്റൊരു വാര്‍ത്ത പറയുന്നത് അടുത്ത ഐപാഡ് പ്രോ മോഡലുകള്‍ക്ക് 3ഡി സിസ്റ്റവും, ഇരട്ട പിന്‍ ക്യാമറകളും കണ്ടേക്കാമെന്നാണ്. ബ്ലൂംബര്‍ഗ് വാര്‍ത്താ ഏജന്‍സിയുടെ മാര്‍ക് ഗുര്‍മാനാണ് കൂടുതല്‍ ശക്തിയുള്ള ഹാര്‍ഡ്‌വെയറുമായി ഇറങ്ങാന്‍ പോകുന്ന ഐപാഡുകളെക്കുറിച്ചുള്ള വിവരം പുറത്തുവിട്ടിരിക്കുന്നത്. 3ഡി സിസ്റ്റം നിലവിലുളള ഫെയ്‌സ്‌ഐഡിയെക്കാള്‍ ശക്തിയുള്ള ഒന്നായരിക്കുമെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. അടുത്ത തലമുറയിലെ വെര്‍ച്വല്‍ റിയാലിറ്റിയും ഓഗ്‌മെന്റഡ് റിയാലിറ്റിയും ഇതോടെ ടാബുകളിലേക്കും എത്തുകയാണെന്നും പറയുന്നു.

 

ഐപാഡിന്റെ ബോഡിയില്‍ തന്നെ ദ്വാരമിട്ടാണ് പുതിയ സിസ്റ്റത്തിന് ഇടംനല്‍കുന്നതത്രെ. ഇപ്പോഴത്തെ, ഹൈ-എന്‍ഡ് ആന്‍ഡ്രോയിഡ് ഉപകരണങ്ങളിലുള്ള ടൈം-ഓഫ്-ഫ്‌ളൈറ്റ് സെന്‍സറുകളുമായി ഇതിന് എന്തെങ്കിലും സാമ്യമുണ്ടോ എന്നും ഇപ്പോള്‍ ഉറപ്പില്ല. ആപ്പിള്‍ മേധാവി ടിം കുക്ക് പറയുന്നത് വിആറിനെക്കാള്‍ സാധ്യത എആറിനാണ് എന്നാണ്. ഇതിനാലാണ് അവര്‍ എആര്‍കിറ്റ് 2017ല്‍ അവതരിപ്പിച്ചത്. എന്നാല്‍, 2023ല്‍ ആപ്പിള്‍ അവതരിപ്പിച്ചേക്കുമെന്നു പറഞ്ഞു കേള്‍ക്കുന്ന എആര്‍ ഗ്ലാസിന്റെ വരവിനു മുന്നോടിയായി പുതിയ ഉപകരണങ്ങളെ പാകപ്പെടുത്തുകയാണ് ആപ്പിള്‍ ചെയ്യുന്നതെന്നവാദം ഉയര്‍ത്തുന്നവരും ഉണ്ട്. നിലവില്‍ ഏകദേശം 1,000 എൻജിനീയര്‍മാരാണ് ആപ്പിളിന്റെ എആര്‍, വിആര്‍ പ്രൊജക്ടുകള്‍ക്കായി പ്രവര്‍ത്തിക്കുന്നതെന്നു പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com