ADVERTISEMENT

ഏതാനും വര്‍ഷങ്ങളായി പറഞ്ഞു കേട്ട ഓഗ്‌മെന്റഡ് റിയാലിറ്റി ഗ്ലാസ് ആപ്പിള്‍ ഈ വര്‍ഷം അവതരിപ്പിച്ചേക്കും. ആപ്പിള്‍ കമ്പനിയെക്കുറിച്ച് ഏറ്റവും വിശ്വസനീയമായ പ്രവചനങ്ങള്‍ നടത്തുന്ന മിങ് ചി കുവോ പറയുന്നത് ഈ ഉപകരണം 2022 നു മുൻപ് പ്രതീക്ഷിക്കേണ്ടതില്ല എന്നാണെങ്കിലും, യുട്യൂബറായ ജോൺ പോസർ പ്രവചിക്കുന്നത് എആര്‍ ഗ്ലാസ് ഈ വര്‍ഷം തന്നെ അവതരിപ്പിക്കുമെന്നാണ്. അടുത്തിടെ അവതരിപ്പിച്ച ഐഫോണ്‍ എസ്ഇയെ കുറിച്ച് ഏറ്റവും കൃത്യമായ പ്രവചനം നടത്തിയത് ജോണാണ്. ഉടന്‍ ഇറങ്ങിയേക്കാവുന്ന ആപ്പിള്‍ എആര്‍ ഗ്ലാസിന്റെ പ്രോട്ടോടൈപ്പിന്റെ വിഡിയോ താന്‍ കണ്ടുവെന്നാണ് ജോണ്‍ അവകാശപ്പെടുന്നത്. വര്‍ഷങ്ങളായി പറഞ്ഞു കേള്‍ക്കുന്ന എആര്‍ ഗ്ലാസിന്റെ വരവ് ആപ്പിള്‍ പ്രേമികള്‍ക്ക് ഉത്സവമാകുമോ എന്ന് പരിശോധിക്കാം:

ഐഫോണുകള്‍ക്ക് അപ്പുറത്തേക്ക് തങ്ങളുടെ സാങ്കേതികവിദ്യ ആപ്പിള്‍ കൊണ്ടുപോയില്ലെങ്കില്‍ അവര്‍ക്ക് നിലനില്‍പ്പുണ്ടായേക്കില്ല എന്നു പോലും പറയുന്നവരുണ്ട്. കമ്പനിയുടെ രണ്ടു വമ്പന്‍ പ്രൊജക്ടുകളാണ് ഐഫോണും കടന്ന് നീങ്ങുമെന്ന് കരുതിവന്നത്- ഒന്ന് സെല്‍ഫ് ഡ്രൈവിങ് കാറുകള്‍. തങ്ങളുടെ കാറുകള്‍ക്ക് ടെസ്റ്റിങ് നടത്താന്‍ ആപ്പിളിന് കാലിഫോര്‍ണിയ 2017ല്‍ അനുവാദം നല്‍കിയതാണ്. എന്നാല്‍, ഈ പ്രൊജക്ട് ആപ്പിളിന് ഗുണകരമായ രീതിയിലല്ല നീങ്ങുന്നതെന്നും വാര്‍ത്തയുണ്ട്.

മറ്റൊരു മുഖ്യ പ്രൊജക്ടാണ് എആര്‍ ഗ്ലാസ്. കുപ്രസിദ്ധമായ ഗൂഗിള്‍ ഗ്ലാസിനെയും മൈക്രോസോഫ്റ്റിന്റെ ഹോളോലെന്‍സിനെയും മറികടക്കുന്ന ഒന്നായിരിക്കും ഇതെന്നാണ് ആപ്പിള്‍ പ്രേമികള്‍ കരുതി വന്നത്. അത്തരമൊരു ഉപകരണം ആപ്പിള്‍ ഇറക്കുന്നുണ്ടെങ്കില്‍ അതിന് 2,000 ഡോളറിലേറെ വിലയും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, ജോണ്‍ പറയുന്നതു വിശ്വസിക്കാമെങ്കില്‍ ഈ വര്‍ഷം ആപ്പിള്‍ ഇറക്കാന്‍ പോകുന്ന ഗ്ലാസിന് 499 ഡോളര്‍ മാത്രമായിരിക്കും വില. (ഇപ്പോള്‍ ഇന്ത്യയില്‍ എത്തുകയാണെങ്കില്‍ ടാക്‌സും എല്ലാം കൂട്ടി ഏകദേശം 52,500 രൂപ പ്രതീക്ഷിക്കാം.) എന്നാല്‍, കാഴ്ചക്കുറവിനുള്ള ഗ്ലാസുകള്‍ ഉപയോഗിക്കുന്നവര്‍ക്ക്, തനിക്ക് അനുയോജ്യമായ ഗ്ലാസുമായി വാങ്ങണമെങ്കില്‍ വില വീണ്ടും കൂടും.

ഈ ഉപകരണത്തിന്റെ മാര്‍ക്കറ്റിങ് പേര് 'ആപ്പിള്‍ ഗ്ലാസ്' എന്നായിരിക്കുമെന്ന് ജോണ്‍ പറയുന്നു. താന്‍ കണ്ട ആപ്പിള്‍ ഗ്ലാസിന്റെ ഫ്രെയിം പ്ലാസ്റ്റിക് നിര്‍മിതമാണെന്നാണ് യുട്യൂബര്‍ പറയുന്നത്. എന്നാല്‍, താന്‍ കണ്ടത് പ്രോട്ടോടൈപ് ആയതിനാല്‍ അത് ഇറക്കുമ്പോള്‍ വേറെ രീതിയില്‍ വന്നാലും അദ്ഭുതപ്പെടേണ്ടതില്ല. വിലക്കുറവിന്റെ ഒരു കാരണം പ്ലാസ്റ്റിക് നിര്‍മിതി ആയിരിക്കാമെന്നാണ് പറയുന്നത്. ആപ്പിള്‍ ഗ്ലാസ് ധരിച്ചിരിക്കുന്നയാള്‍ എന്താണ് കാണുന്നതെന്ന് പുറമേ നിന്നു നോക്കുന്നയാള്‍ക്ക് മനസിലാവില്ല.

ആദ്യ ആപ്പിള്‍ വാച്ചിന്റെ പ്രോസസിങ് നടത്തിയിരുന്നത് ഐഫോണ്‍ ആയിരുന്നു. അതുപോലെ തന്നെ ഒന്നാം തലമുറയിലെ ആപ്പിള്‍ ഗ്ലാസിന്റെയും പ്രോസസിങ് ഐഫോണിന അല്ലെങ്കില്‍ ഐപാഡിനെ ഏല്‍പ്പിക്കുമെന്നാണ് ജോണ്‍ പറയുന്നത്. ആപ്പിള്‍ ഗ്ലാസിനുളള ഒരു സാങ്കേതികവിദ്യ ലൈഡാര്‍ (Light Detection and Ranging, LiDAR) ആണ്. ഈ വര്‍ഷം ഇറക്കിയ ഐപാഡ് പ്രോയിലും ഐഫോണ്‍ 12ലും ഇത് ഉണ്ടായിരിക്കും. സാധാരണഗതിയില്‍ ഒരു ലൈഡാര്‍ ഉപകരണത്തില്‍ ഒരു ലെയ്‌സര്‍, ഒരു സ്‌കാനര്‍, ഒരു സവിശേഷമായ ജിപിഎസ് റിസീവര്‍ എന്നിവയാണ് ഉണ്ടായിരിക്കുക. ഫ്രെയ്മിന്റെ വലതു ഭാഗത്താണ് ലൈഡാറിന് ഇടം നല്‍കിയിരിക്കുന്നത് എന്നാണ് ജോണ്‍ പറയുന്നത്. എന്നാല്‍, സ്വകാര്യത ഭീഷണിയായേക്കാമെന്നതിനാല്‍ ക്യാമറയ്ക്ക് ഇടം നല്‍കിയിട്ടില്ലെന്നും ജോണ്‍ പറയുന്നു. (ഗൂഗിള്‍ ഗ്ലാസിന്റെ ഒരു പ്രശ്‌നം ഇതായിരുന്നു.)

ചാര്‍ജിങിനായി ഒരു പ്ലാസ്റ്റിക് സ്റ്റെന്റ് ആണ് ആപ്പിള്‍ ഗ്ലാസിനുള്ളതെന്നാണ് ജോണ്‍ പറയുന്നത്. ചാര്‍ജിങ് വയര്‍ലെസ്  ആയിരിക്കും. ഗ്ലാസിലേക്ക് എത്തുന്ന വിവരങ്ങള്‍ കാണിക്കാന്‍ ഉപയോഗിക്കുന്ന യൂസര്‍ ഇന്റര്‍ഫെയ്‌സിന്റെ പേര് 'സാറ്റാര്‍ബോര്‍ഡ്' എന്നായിരിക്കുമത്രെ. (ഐഫോണിന്റേത് സ്പ്രിങ്‌ബോര്‍ഡ്.) അംഗവിക്ഷേപങ്ങളിലൂടെയും ആപ്പിള്‍ ഗ്ലാസിന് കമാന്‍ഡ് നല്‍കാനായേക്കുമെന്നും പറയുന്നു.

ആപ്പിള്‍ പ്രേമികള്‍ പ്രതീക്ഷിച്ചുവന്ന അത്ര വലിയൊരു പ്രൊഡക്ട് ആയിരിക്കാന്‍ വഴിയില്ലാത്തതിനാല്‍ ഐഫോണ്‍ 12, ആപ്പിള്‍ വാച്ച് എന്നിവ അവതരിപ്പിച്ച ശേഷം ഇതും കൂടെ (വണ്‍ മോര്‍ തിങ്) എന്നു പറഞ്ഞ് അതേ വേദിയില്‍ അവതരിപ്പിക്കാനാണ് ആപ്പിള്‍ ഇരുന്നതെന്നും ജോണ്‍ ഊഹിക്കുന്നു. എന്നാല്‍, സകലതിന്റെയും താളം തെറ്റിച്ച കൊറോണാവൈറസിന്റെ തേരോട്ടം ആപ്പിള്‍ ഗ്ലാസിന്റെ കാര്യത്തില്‍ എന്തെല്ലാം മറ്റം വരുത്തുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നുവെന്നും പറയുന്നു. ആപ്പിള്‍ ഗ്ലാസ് ഈ വര്‍ഷം അവതരിപ്പിച്ചാലും അത് അപ്പോള്‍ത്തന്നെ വാങ്ങാനായേക്കില്ല. മറിച്ച് 2021 അവസാനമോ അല്ലെങ്കില്‍ 2022 ആദ്യമോ ആയിരിക്കും വിപണിയിലെത്തുക എന്നും ജോണ്‍ പറയുന്നു. ഉരുത്തിരിഞ്ഞു വരുന്ന സാങ്കേതികവിദ്യ ആയതിനാല്‍ ഘട്ടംഘട്ടമായി ഇത് വികസിപ്പിക്കാനാണ് ആപ്പിളിന്റെ തീരുമാനമെങ്കില്‍ അതും നല്ല തീരുമാനമാണ്. അണിയാവുന്ന സാങ്കേതികവിദ്യ വരും വര്‍ഷങ്ങളില്‍ കാര്യമായി മുന്നേറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓരോ തവണയും ഫോണ്‍ എടുക്കുക എന്നതൊക്കെ ഒഴിവാക്കപ്പെടേണ്ട ഒന്നായി കാണുന്നവരുണ്ട്. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഐഫോണിന്റെ മികവെല്ലാം എആര്‍ ഗ്ലാസിലെത്തിക്കാന്‍ ആപ്പിളിനു സാധിക്കുമോ എന്നു കാത്തിരുന്നു കാണാം.

English Summary: Apple Glass Could Kick Off Augmented Reality Revival

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com