sections
MORE

ഫാനുകൾ, സെൻസറുകൾ, റീചാര്‍ജ് ചെയ്യാവുന്ന മാസ്‌ക് അവതരിപ്പിച്ച് എല്‍ജി; കോവിഡ്-19ന് ഫലപ്രദമോ?

mask-lg
SHARE

കൊറോണാവൈറസ് വ്യാപനം ശമിക്കുന്നില്ലെങ്കില്‍ പലരും ഉപയോഗിക്കാന്‍ താത്പര്യപ്പെടുന്ന ഒരു മാസ്‌ക് ആയിരിക്കാം ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. ആവശ്യകതയാണ് ആവിഷ്‌കാരത്തിന്റെയമ്മ എന്നൊരു ചൊല്ലുണ്ട് - അത് അന്വര്‍ഥമാക്കുന്ന തരത്തിലൊരു മാസ്‌കാണ് ഇപ്പോള്‍ കൊറിന്‍ കമ്പനിയായ എല്‍ജി അവതരിപ്പിച്ചിരിക്കുന്നത്. മാസ്‌ക് ആയും പ്രവര്‍ത്തിക്കുന്ന ഒരു വായു ശുദ്ധീകരണ ഉപകരണമാണ് കമ്പനി ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. പ്യൂരികെയര്‍ വെയറബിൾ എയര്‍ പ്യൂരിഫയര്‍ (PuriCare Wearable Air Purifier) എന്നു പേരിട്ടിരിക്കുന്ന മാസ്‌ക്, ഒരാള്‍ മുഖത്തു ധരിക്കുമ്പോള്‍ തന്നെ പ്രവര്‍ത്തിച്ചു തുടങ്ങുന്നു. ഇത് മുഖത്ത് അണിയാവുന്ന ഒരു വായു ശുദ്ധീകരണ ഉപകരണമാണ്. തങ്ങളുടെ നിലവിലുള്ള എയര്‍ പ്യൂരിഫയറുകളില്‍ നിന്ന് ആശയമുള്‍ക്കൊണ്ടാണ് ഇത് നിര്‍മിച്ചിരിക്കുന്നതെന്നു വ്യക്തമാണ്.

എല്‍ജി കമ്പനി വീടുകള്‍ക്കായി നിര്‍മിക്കുന്ന എയര്‍ പ്യൂരിഫയറുകളില്‍ ഉള്‍പ്പെടുത്തിയരിക്കുന്ന ഹൈ എഫിഷ്യന്‍സി പാര്‍ട്ടിക്യുലേറ്റ് അബ്‌സോര്‍ബിങ് (high-efficiency particulate absorbing and high-efficiency particulate arrestance) അഥവാ ഹെപാ ഫില്‍റ്ററുകളാണ് മാസ്‌കിലും ഉപയോഗിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള രണ്ടെണ്ണമാണ് മാസ്‌കില്‍ പ്രവര്‍ത്തിക്കുന്നത്. ഇവയുടെ ശേഷി കുറയുമ്പോള്‍ മാറ്റി വയ്ക്കുകയും ചെയ്യാം. ഇവയ്‌ക്കൊപ്പം ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഫാനുകളും മാസ്‌കിലുണ്ട്. ഇവ ഉപയോക്താവിന്റെ ശ്വാസോച്ഛ്വാസം എളുപ്പമാക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. പല മാസ്‌കുകളും ശ്വാസോച്ഛ്വാസം തടസപ്പെടുത്തുന്നവയാണ് എന്നൊരു പരാതി നിലനില്‍ക്കുമ്പോഴാണ് എല്‍ജി അതിനൊരു പ്രതിവിധി പരീക്ഷിക്കാന്‍ ഒരുങ്ങിയിരിക്കുന്നത്. ഇതിനായി സെന്‍സറുകളും മാസ്‌കിനുള്ളില്‍ പിടിപ്പിച്ചിരിക്കുന്നു. ഉപയോക്താവ് ശ്വാസംവിടുകയാണോ വലിക്കുകയാണോ എന്നു തിരിച്ചറിയാനുള്ള ശേഷി മാസ്‌കിലെ സെന്‍സറുകള്‍ക്കുണ്ട്. അവ അതിനനുസരിച്ച് പ്രവര്‍ത്തിച്ച് ശ്വാസോച്ഛ്വാസം സുഗമമാക്കുന്നുവെന്നും കമ്പനി പറയുന്നു.

ഉപയോക്താവിന് ശുദ്ധിയുള്ള, ഫില്‍റ്റര്‍ ചെയ്ത വായു ലഭക്കുമെന്ന് ഉറപ്പാക്കുന്നതു കൂടാതെ, എല്‍ജിക്കു പേറ്റന്റുള്ള ശ്വാസോച്ഛ്വാസ സെന്‍സറുകള്‍ ഉപയോക്താവിന്റെ ശ്വാസഗതി തിരിച്ചറിഞ്ഞ് ഫാനുകളെ ക്രമീകരിക്കും. മൂന്നു സ്പീഡുകളാണ് ഫാനുകള്‍ക്കുള്ളത്. മാസ്‌ക് അണിഞ്ഞയാള്‍ ശ്വാസമെടുക്കുമ്പോള്‍ ഫാനിന്റെ സ്പീഡ് കൂട്ടുകയും, പുറത്തുവിടുമ്പോള്‍ സ്പീഡു കുറയ്ക്കുകയുമാണ് സാധാരണഗതിയില്‍ സംഭവിക്കുക എന്നാണ് എല്‍ജി നല്‍കുന്ന വിശദീകരണം. ഇത് ഓട്ടോമാറ്റിക്കായി നടക്കുന്നു. ഈ പ്രക്രീയയിലൂടെ ശ്വാസോച്ഛ്വാസം സുഗമമായി നടക്കുന്നുവെന്ന് ഉറപ്പാക്കാമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

എല്‍ജി പ്യൂരികെയര്‍ അണിയുന്നയാളുടെ മുഖത്തോട് പറ്റിച്ചേര്‍ന്നിരിക്കും. മൂക്കിന്റെയും താടിയുടെയും ഭാഗത്തു കൂടെ വായു വെളിയില്‍ പോകുന്നതും അകത്തു കയറുന്നതും പരമാവധി ഒഴിവാക്കാന്‍ ഇതു സഹായിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. തുടര്‍ച്ചയായി മണിക്കൂറുകളോളം അണിയാവുന്ന തരത്തിലാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് എല്‍ജി അവകാശപ്പെടുന്നു.

മാസ്‌കിന്റെ മറ്റൊരു ഫീച്ചര്‍ അതിന്റെ യുവി-എല്‍ഇഡി ലൈറ്റുകളാണ്. ഇത് പ്രശ്‌നക്കാരായ കീടാണുക്കളെ കൊല്ലുമെന്നും കമ്പനി അവകാശപ്പെടുന്നു. മാസ്‌കിന്റെ സൗഹാര്‍ദ ആപ്പാണ് എല്‍ജി തിങ്ക് (LG ThinQ). മാസ്‌കില്‍ ഉപയോഗിച്ചിരിക്കുന്ന ഫില്‍റ്ററിന്റെ ശേഷി കുറയുമ്പോള്‍ അത് മാറേണ്ടിയിരിക്കുന്നുവെന്ന മുന്നറിയിപ്പ് ഉപയോക്താവിന് നല്‍കുന്നത് തിങ്ക് ആപ്പാണ്. ഐഒഎസിലും, ആന്‍ഡ്രോയിഡിലും ഈ ആപ് ലഭ്യമാണ്. എല്‍ജി പറയുന്നത് ഫില്‍റ്ററുകള്‍ മാത്രമല്ല, മാസ്‌കിന്റെ എല്ലാ ഭാഗവും മാറ്റിവയ്ക്കാനാകുമെന്നാണ്. അവ റീസൈക്കിൾ ചെയ്യുകയുമാകാം.

പ്യൂരികെയര്‍ വെയറബിൾ എയര്‍ പ്യൂരിഫയറില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത് 820എംഎഎച് ബാറ്ററിയാണ്. ഇത് ലോ-പവര്‍ മോഡില്‍ എട്ടുമണിക്കൂര്‍ വരെ പ്രവര്‍ത്തിക്കുമെന്നാണ് കമ്പനി പറയുന്നത്. എന്നാല്‍, ഹൈ-പവര്‍ മോഡിലാണെങ്കില്‍ ഏകദേശം രണ്ടു മണിക്കൂറിനു ശേഷം മാസ്‌ക് റീചാര്‍ജ് ചെയ്യേണ്ടിവരും. ഈ മാസ്‌കിനെക്കുറിച്ചുള്ള വിവരങ്ങള്‍ ജൂലൈയിലാണ് എല്‍ജി ആദ്യമായി പുറത്തുവിട്ടത്. ഏകദേശം 2,000 എണ്ണം കൊറിയയിലെ ഡോക്ടര്‍മാര്‍ക്ക് ദാനം ചെയ്യുമെന്ന് കമ്പനി പറഞ്ഞു. മാസ്‌കുകള്‍ ദീര്‍ഘനേരം ഉപയോകിക്കുക വഴി പ്രശ്‌നത്തിലാകുന്നത് ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും മറ്റുമാണ്. ഇത്തരക്കാര്‍ പ്യൂരികെയര്‍ വെയറബിൾ എയര്‍ പ്യൂരിഫയര്‍ ഉപയോഗിക്കട്ടെ എന്നാണ് കമ്പനി പറയുന്നത്. പ്രകടനം എപ്പോഴും തൃപ്തികരമായിരിക്കുമോ എന്ന് ഉറപ്പിക്കാനാകാത്ത എല്ലാത്തരം മാസ്‌കുകള്‍ക്കും പകരം ഇത് ഉപയോഗിക്കാമെന്ന് കമ്പനി പറയുന്നു. വിലയെക്കുറിച്ചും ലഭ്യതയെക്കുറിച്ചുമുള്ള വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിട്ടിട്ടില്ല.

English Summary: LG announces air purifier mask

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GADGETS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA