ADVERTISEMENT

സാധാരണ മാസ്‌ക് ഉപയോഗിക്കുമ്പോള്‍ ഉറക്കെ സംസാരിക്കേണ്ടിവരുന്നത് പലരെയും അലട്ടുന്ന കാര്യമാണ്. പ്രത്യേകിച്ചും ഇരട്ട മാസ്‌കും മറ്റും ധരിച്ചു നടക്കുമ്പോള്‍ സംസാരത്തിലെ വ്യക്തത കുറയുന്നുണ്ട്. അങ്ങനെ വരുമ്പോള്‍ പലരും മാസ്‌ക് താഴ്ത്തി സംസാരിക്കാന്‍ നിര്‍ബന്ധിതരാകുന്നു. ഇത് സംസാരിക്കുന്ന വ്യക്തിക്കും ചുറ്റുമുള്ളവര്‍ക്കും പ്രശ്‌നമായേക്കാം. ഇതിനൊരു പരിഹാരമെന്ന നിലയിലാണ് എല്‍ജിയുടെ പുതിയ മാസ്‌ക് അവതരിപ്പിച്ചിരിക്കുന്നത് - പ്യൂരികെയര്‍ (PuriCare). ബാറ്ററി ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന മാസ്‌കിന് മൈക്കും സ്പീക്കറുകളുമുണ്ട്. മാസ്‌ക് താഴ്ത്താതെ തന്നെ സ്ഫുടത വിടാതെ സംസാരിക്കാന്‍ പുതിയ സാങ്കേതികവിദ്യ അനുവദിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

 

∙ പ്യൂരികെയര്‍ മാസ്‌ക് അല്ല, എയര്‍ പ്യൂരിഫയര്‍

 

പ്രത്യക്ഷത്തില്‍ മാസ്‌ക് ആണെന്നു തോന്നാമെങ്കിലും, എല്‍ജി കഴിഞ്ഞ വര്‍ഷം പരീക്ഷണാര്‍ഥം അവതരിപ്പിച്ച മുഖത്ത് ധരിക്കാവുന്ന എയര്‍ പ്യൂരിഫയറിന്റെ പരിഷ്‌കരിച്ച പതിപ്പാണ് താമസിയാതെ വിപണിയിലെത്തുന്ന പ്യൂരികെയര്‍. വോയ്‌സ്ഓണ്‍ (VoiceON) ടെക്‌നോളജി ഉപയോഗിച്ചാണ് മൈക്കും സ്പീക്കറും പ്രവര്‍ത്തിക്കുന്നത്. ഇതിനാല്‍ മാസ്‌ക് താഴ്ത്തുകയോ, ശബ്ദമുയര്‍ത്തുകയോ ചെയ്യാതെ സംസാരിക്കാനാകും. മാസ്‌ക് ധരിച്ചയാള്‍ സംസാരിക്കുന്നത് ഓട്ടോമാറ്റിക്കായി മാസ്‌കിന് അറിയാന്‍ സാധിക്കുന്നു. അപ്പോള്‍ ബില്‍റ്റ്-ഇന്‍ സ്പീക്കറുകള്‍ വഴി ശബ്ദം ആംപ്ലിഫൈ ചെയ്യുകയാണ് മാസ്‌ക് ചെയ്യുന്നത്. ഇതിനാല്‍ പറയുന്നതു കേള്‍ക്കാന്‍ കേള്‍വിക്കാരന്‍ കൂടുതല്‍ അടുത്തേക്കു വരേണ്ടതില്ല. ഭാരക്കുറവുള്ള മാസ്‌ക് ആയതിനാല്‍ ഇത് ദിവസം മുഴുവന്‍ ഉപയോഗിക്കാൻ ബുദ്ധിമുട്ടുണ്ടാവില്ലെന്നും കമ്പനി പറയുന്നു.

 

∙ ഇരട്ട ഫാനുകള്‍ മാത്രം നിലനിര്‍ത്തി മാസ്‌ക് പുതുക്കി

 

പുതിയ പ്യൂരികെയര്‍ വെയറബിള്‍ എയര്‍ പ്യൂരിഫയറില്‍ എൽജിയുടെ സ്വന്തം ടെക്‌നോളജിയാണ് ഉപയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ മോഡലിനെ അപേക്ഷിച്ച് പുതിയ മാസ്കിന് ഭാരക്കുറവ് അടക്കം നിരവധി മേന്മകളുണ്ടെന്നും കമ്പനി അവകാശപ്പെടുന്നു. മുന്‍ മോഡലിനെ അപേക്ഷിച്ച് എല്ലാരീതിയിലും പ്രകടന മികവ് ലഭിക്കും. കൂടുതല്‍ മികവുറ്റ മോട്ടറാണ് ഉപയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തേ മോഡലിന്റെ ഒരു കാര്യത്തില്‍ മാത്രമാണ് മാറ്റം വരുത്താത്തത്. മാസ്‌കിലുള്ള ഇരട്ട ഫാനുകളുടെ പ്രവര്‍ത്തനം നിലനിര്‍ത്തിയിരിക്കുന്നു. മാസ്‌ക് ധരിച്ചിരിക്കുന്ന വ്യക്തിയുടെ ശ്വാസോച്ഛ്വാസ രീതി അറിഞ്ഞ്, ഒട്ടോമാറ്റിക്കായി പ്രവര്‍ത്തിക്കുന്ന ഫാനുകളുടെ പ്രവര്‍ത്തനം തൃപ്തികരമാണ് എന്നാണ് കമ്പനി വിലയിരുത്തിയിരിക്കുന്നത്. ഇതു വഴി മാസ്ക് ധരിച്ചിരിക്കുന്ന വ്യക്തിക്ക് കൂടുതല്‍ സ്വാഭാവികമായി ശ്വസിക്കാനാകുമെന്നും എല്‍ജി പറയുന്നു.

 

∙ ഒറ്റ ചാര്‍ജില്‍ എട്ടു മണിക്കൂര്‍ വരെ പ്രവര്‍ത്തിക്കും

 

പ്യൂരികെയര്‍ മാസ്‌കിന് 94 ഗ്രാം ആണ് ഭാരം. ഇതില്‍ 1000 എംഎഎച് ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്. ഒറ്റ ഫുള്‍ റീചാര്‍ജ് നടത്തിയാല്‍ എട്ടു മണിക്കൂര്‍ തുടര്‍ച്ചയായി ഉപയോഗിക്കാം. തുടര്‍ന്ന് രണ്ടു മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ വീണ്ടും എട്ടു മണിക്കൂര്‍ ഉപയോഗിക്കാം. യുഎസ്ബി കേബിള്‍ വഴിയാണ് ചാര്‍ജിങ്. കട്ടികുറഞ്ഞതും, കൃത്യമായ ലക്ഷ്യത്തോടെയുള്ള രൂപകല്‍പ്പനയിൽ നിര്‍മിച്ചതുമായ മാസ്‌ക് മൂക്കിന്റെയും താടിയുടെയും ഭാഗത്തുകൂടി വായു പുറത്തു പോകുന്നതും അകത്തു കയറുന്നതും കുറയ്ക്കുന്നു. ഇറുകിയിരിക്കുന്നു എന്ന തോന്നലുണ്ടാക്കുമെങ്കിലും മണിക്കൂറുകളോളം സുഖപ്രദമായ രീതിയില്‍ തന്നെ ഉപയോഗിക്കാമെന്നു കമ്പനി പറയുന്നു.

 

∙ സമ്മര്‍ ഗെയിംസിന് തായ് താരങ്ങള്‍ പ്യൂരികെയര്‍ മാസ്‌ക് ധിരിക്കും

 

മാസ്‌ക് ധരിക്കുന്ന വ്യക്തി വലിച്ചെടുക്കുന്ന വായു ഫില്‍റ്റര്‍ ചെയ്താണ് നല്‍കുന്നതെന്ന് കമ്പനി പറയുന്നുണ്ടെങ്കിലും അയാളുടെ ഉച്ഛ്വാസ വായു ഫില്‍റ്റര്‍ ചെയ്താണോ പുറത്തുവിടുന്നതെന്ന കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടില്ല. മാസ്‌ക് പുറത്തിറക്കുന്ന തിയതി കമ്പനി അറിയിച്ചിട്ടില്ല. അതേസമയം, ഇത് ഓഗസ്റ്റിൽ തായ്‌ലൻഡിലായിരിക്കും അവതരിപ്പിക്കുക എന്നും അറിയിച്ചിട്ടുണ്ട്. തായ്‌ലൻഡ് വിപണിയില്‍ വില്‍ക്കാനുള്ള അനുമതി ലഭിച്ചാൽ മറ്റു വിപണികളിലേക്ക് എത്തിക്കാനാണ് കമ്പനിയുടെ ഉദ്ദേശം. അതേസമയം, ടോക്കിയോയില്‍ നടക്കുന്ന സമ്മര്‍ ഗെയിംസില്‍ പങ്കെടുക്കുന്ന 120 തായ് കായിക താരങ്ങള്‍ ഈ മാസ്‌ക് ധരിക്കുമെന്നും കമ്പനി പറയുന്നു.

 

കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് എൽജിയുടെ പ്യൂരികെയര്‍ അവതരിപ്പിച്ചത്. അന്ന് അത് ധരിക്കാവുന്ന എയര്‍ പ്യൂരിഫയര്‍ എന്നു പറഞ്ഞാണ് പുറത്തിറക്കിയത്. മാസ്‌കിന് ധരിക്കുന്ന ആളിന്റെ ശ്വാസോച്ഛ്വാസ രീതി അറിയാനുള്ള സെന്‍സറുകള്‍ ഉണ്ടെന്നും, മാസ്കിലെ ഫാനുകള്‍ക്ക് മൂന്നു സ്പീഡ് സംവിധാനങ്ങൾ ഉണ്ടെന്നും, ഇവ ആവശ്യാനുസരണം സ്വയം ക്രമീകരിക്കുമെന്നും കമ്പനി പറഞ്ഞിരുന്നു. വായു ഉള്ളിലേക്ക് എടുക്കുമ്പോള്‍ ഫാനുകളുടെ വേഗം വര്‍ധിക്കുകയും, ശ്വാസം പുറത്തുവിടുമ്പോള്‍ അവയുടെ വേഗം കുറയ്ക്കുകയും ചെയ്യുന്നു. ഇത് കൂടുതല്‍ സ്വാഭാവികമായി ശ്വസിക്കാന്‍ വ്യക്തിയെ അനുവദിക്കുന്നു. മാസ്‌കിനൊപ്പം ലഭിക്കുന്ന ബോക്സിൽ വെച്ചാല്‍ ഉപയോഗിച്ച ശേഷം ശുദ്ധിചെയ്‌തെടുക്കുകയും ചെയ്യാം. ബോക്സിനുള്ളില്‍ യുവി-എല്‍ഇഡി ലൈറ്റുകള്‍ ഉണ്ട്. ഇതു വഴി രോഗാണുക്കളെ നശിപ്പിക്കാനാകും. ബോക്സിൽ വച്ചു തന്നെ മാസ്‌ക് ചാര്‍ജ് ചെയ്‌തെടുക്കുകയും ചെയ്യാം. മാസ്‌കിനൊപ്പം പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ആപ്പും എല്‍ജി പുറത്തിറക്കിയിട്ടുണ്ട്. എല്‍ജി തിങ്ക് (ThinQ) ആപ്പിലേക്കാണ് നോട്ടിഫിക്കേഷനുകള്‍ വരുന്നത്. ആപ്പ് ആന്‍ഡ്രോയിഡ്, ഐഒഎസ് ഓപ്പറേറ്റിങ് സിസ്റ്റങ്ങളില്‍ ഇന്‍സ്റ്റാള്‍ ചെയ്യാം. മാസ്‌കിലെ ഫില്‍റ്ററുകള്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാതെ വരുമ്പോള്‍ അവ മാറേണ്ട കാര്യം നോട്ടിഫിക്കേഷന്‍ വഴി അറിയിക്കും.

 

വിവരങ്ങൾക്ക് കടപ്പാട്: ഇന്ത്യാ ടുഡെ

 

English Summary: LG adds mic and speakers to its air-purifying mask, launching next month

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com