ADVERTISEMENT

ഐഫോണ്‍ 13 സീരീസ് അവതരണത്തിനൊപ്പം മറ്റു ചില ഉപകരണങ്ങളും ആപ്പിൾ പരിചയപ്പെടുത്തി. തുടക്ക മോഡല്‍ ഐപാഡ്, ഐപാഡ് മിനി, ആപ്പിള്‍ വാച്ച് എന്നിവയുടെ പുതുക്കിയ മോഡലുകളാണ് താമസിയാതെ വിപണിയിലേക്ക് എത്തുന്നത്. 

 

∙ ഐപാഡ്

 

ഏറ്റവും വില കുറഞ്ഞ ഐപാഡ് മോഡലിന് മറ്റു വിശേഷണങ്ങള്‍ ഒന്നുമില്ല. പ്രോ, എയര്‍, മിനി മോഡലുകളെപ്പോലെ അല്ലാതെ ആപ്പിളിന്റെ തുടക്ക മോഡലിനെ ഐപാഡ് എന്നു മാത്രമാണ് വിളിക്കുന്നത്. പുതിയ മോഡലിന്റെ ഏറ്റവും വലിയ സവിശേഷത അതിന്റെ എ13 പ്രോസസറാണ്. ഇത് ഗെയിമിങ്ങിനും മറ്റും ഉപയോഗിക്കാമെന്നാണ് ആപ്പിള്‍ അവകാശപ്പെടുന്നത്. ഐപാഡ് പ്രോ മോഡലുകളില്‍ ഉൾപ്പെടുത്തിയിരുന്ന 12എംപി ക്യാമറ തുടക്ക ഐപാഡ് മോഡലിലും എത്തുന്നു. സെന്റര്‍സ്‌റ്റേജ് ഫീച്ചറും നല്‍കിയിരിക്കുന്നു. വിഡിയോ കോളിന് ഇടയില്‍ അങ്ങോട്ടും ഇങ്ങോട്ടും മാറിയാലും വിളിക്കുന്നയാളെ ഓട്ടോമാറ്റിക്കായി മധ്യത്തിൽ തന്നെ നിർത്താന്‍ ശ്രമിക്കുന്ന ഫീച്ചറാണ് സെന്റര്‍സ്‌റ്റേജ്. 10.2-ഇഞ്ച് വലുപ്പമുള്ള ട്രൂടോണ്‍ ഡിസ്‌പ്ലെയും ഇത്തവണ ഐപാഡിനു നല്‍കിയിരിക്കുന്നു. ആദ്യ തലമുറ ആപ്പിള്‍ പെന്‍സില്‍ പുതിയ ടാബില്‍ ഉപയോഗിക്കാം. വൈ-ഫൈ മാത്രമുള്ള മോഡലിന് 30,900 രൂപയാണ് വില. സെല്ലുലാര്‍ ഫീച്ചര്‍ വേണമെങ്കില്‍ വില 42,900 രൂപയാകും. ആദ്യ തലമുറ ആപ്പിള്‍ പെന്‍സിലിന് 8,500 രൂപയാണ് വില. സ്മാര്‍ട് കീബോര്‍ഡും കൂടുതല്‍ പണം നല്‍കിയാല്‍ സ്വന്തമാക്കാം- 13,900 രൂപയാണ് വില. ഈ വര്‍ഷത്തെ ഐപാഡിന് ഇണങ്ങിയ സ്മാര്‍ട് കവറിന് 3,500 രൂപ വിലയിട്ടിരിക്കുന്നു. 

ipad-mini

 

∙ പുതിയ ഐപാഡ് മിനി

 

apple-watch-7

ഈ വര്‍ഷം ഐപാഡ് മിനി മോഡലിന്റെ ഡിസ്‌പ്ലെയുടെ വലുപ്പം വര്‍ധിപ്പിച്ചു. 8.3 ഇഞ്ചാണ് പുതിയ സ്‌ക്രീന്‍ സൈസ്. കൂടാതെ, ടൈപ്-സി യുഎസ്ബി പോര്‍ട്ടും നല്‍കിയിരിക്കുന്നതിനാല്‍ ഫയല്‍ ട്രാന്‍സ്ഫറും മറ്റും കൂടുതല്‍ വേഗത്തിലാക്കാം. സെല്ലുലാര്‍ മോഡലിന് 5ജി സപ്പോര്‍ട്ട് ഉണ്ട്. 12 എംപി പിന്‍ ക്യാമറാ സിസ്റ്റത്തിന് സ്മാര്‍ട് എച്ഡിആര്‍ സപ്പോര്‍ട്ട് തുടങ്ങിയവയും ഉണ്ട്. വിഡിയോ ക്യാമറയ്ക്കും മറ്റുമായുള്ള മുന്‍ ക്യാമറയ്ക്കും 12 എംപി സെന്‍സര്‍ നല്‍കിയിരിക്കുന്നു. ഐപാഡ് പ്രോ മോഡലുകളില്‍ മാത്രം നല്‍കിവന്നിരുന്ന സെന്റര്‍‌സ്റ്റേജ് ഫീച്ചറും മിനി മോഡലിന് ലഭിക്കുന്നു.

 

രണ്ടാം തലമുറ ആപ്പിള്‍ പെന്‍സില്‍ സപ്പോര്‍ട്ടും ഉണ്ട്. എ15 ബയോണിക് പ്രോസസര്‍ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്നതിനാല്‍ പ്രകടന മികവ് കാണാനാകും. ആറു കോര്‍ സിപിയുവും 5-കോര്‍ ജിപിയുവുമാണ് ഉള്ളത്. മുന്‍മോഡലിനെ അപേക്ഷിച്ച് 40 ശതമാനം അധിക പ്രോസസിങ് കരുത്ത് പ്രതീക്ഷിക്കാം. എക്കാലത്തേയും ഏറ്റവും മികച്ച അപ്‌ഗ്രേഡ് എന്നാണ് ആപ്പിള്‍ കമ്പനി മേധാവി ടിം കുക്ക് പുതിയ ഐപാഡ് മിനി സീരീസിനെ വിശേഷിപ്പിച്ചത്. ടച്ച് ഐഡി പവര്‍ ബട്ടണിലേക്ക് മാറ്റി എന്നത് സ്‌ക്രീന്‍ വലുപ്പം വര്‍ധിപ്പിക്കല്‍ എളുപ്പമാക്കി. രൂപകല്‍പന ഏകദേശം പരിപൂര്‍ണമായി മാറ്റിയിരിക്കുന്നു. പുതിയ ലിക്വിഡ് റെറ്റിനാ ഡിസ്‌പ്ലെക്ക് 500 നിറ്റ്‌സ് ബ്രൈറ്റ്‌നസ് ഉണ്ട്. സെപ്റ്റംബര്‍ 24 മുതല്‍ ഇത് വാങ്ങാനാകുമെന്നു പറയുന്നു. വൈ-ഫൈ മാത്രമുള്ള തുടക്ക വേരിയന്റിന് വില 46,900 രൂപയായിരിക്കും. സെല്ലുലാര്‍ മോഡലിന് 60,900 രൂപയാണ് വിലയിട്ടിരിക്കുന്നത്.

 

∙ ആപ്പിള്‍ വാച്ച് സീരീസ് 7

 

മുന്‍ വര്‍ഷത്തെ മോഡലുകളെ അപേക്ഷിച്ച് ആപ്പിള്‍ വാച്ച് സീരീസ് 7ന്റെ മുഖ്യ പ്രത്യേകതകളിലൊന്ന് അതിന്റെ വലുപ്പക്കൂടുതലുളള റെറ്റിനാ ഡിസ്‌പ്ലെയാണ്. ടെക്സ്റ്റ് ഇന്‍പുട്ട് നടത്താനായി ഫുള്‍ കീബോര്‍ഡ് സപ്പോര്‍ട്ടും ഉണ്ടെന്ന് ആപ്പിള്‍ പറയുന്നു. കെട്ടിടങ്ങള്‍ക്കുള്ളില്‍ ഉപയോഗിക്കുമ്പോഴും ഡിസ്‌പ്ലെക്ക് കൂടുതല്‍ ബ്രൈറ്റ്‌നസ് അനുഭവപ്പെടുമെന്നും കമ്പനി അവകാശപ്പെടുന്നു. പെട്ടെന്ന് തകരാത്തതരം ഗ്ലാസ് ആണ് ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ ഐപി6എക്‌സ് സര്‍ട്ടിഫിക്കേഷനും ഉണ്ട്. പൊടി കയറാതിരിക്കും, ചെറിയ രീതിയില്‍ നനഞ്ഞാലും കുഴപ്പമില്ല. ഇതുവരെയുള്ള ആപ്പിള്‍ വാച്ചുകള്‍ക്ക് ചാര്‍ജിങ് സ്പീഡ് കുറവായിരുന്നു എന്നത് പലരും എടുത്തു പറഞ്ഞിരുന്ന ന്യൂനതയായിരുന്നു. എന്നാല്‍, സീരീസ് 7ല്‍ 33 ശതമാനം ചാര്‍ജിങ് സ്പീഡ് കൂട്ടിയിട്ടുണ്ട്. 45 മിനിറ്റ് ചാര്‍ജിങ് വഴി 0-80 ശതമാനം ചാര്‍ജ് പ്രവേശിപ്പിക്കാം. യുഎസ്ബി-സി സപ്പോര്‍ട്ടും മാഗ്നറ്റിക് ചാര്‍ജിങും നല്‍കിയിരിക്കുന്നു. എന്നാല്‍, പുതിയ വാച്ച് സീരീസ് ഉടനെ വാങ്ങാന്‍ സാധിക്കില്ല. മാസങ്ങള്‍ കാത്തിരിക്കേണ്ടി വരും.

 

∙ ആപ്പിള്‍ അവതരിപ്പിക്കാതിരുന്ന ഉപകരണങ്ങള്‍

 

ഈ വേദിയില്‍ ആപ്പിള്‍ അവതരിപ്പിക്കുമെന്നു പ്രതീക്ഷിച്ചിരുന്ന ചില ഉപകണങ്ങള്‍ പുറത്തെടുത്തില്ല. എയര്‍പോഡസ് 3 ഐഫോണുകള്‍ക്കൊപ്പം ഇറക്കുമെന്ന് കരുതിയിരുന്നു. അവയുടെ അവതരണം താമസിയാതെ പ്രതീക്ഷിക്കാമെന്നു പറയുന്നു. മറ്റൊന്ന് എം1എക്‌സ് ചിപ്പ് ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന മാക്ബുക്ക് പ്രോ മോഡലുകളാണ്. അവയും ഐഫോണ്‍ 13 സീരീസിനൊപ്പം അവതരിപ്പിച്ചില്ല. ഇതിനാല്‍ തന്നെ താമസിയാതെ മറ്റൊരു അവതരണ ദിനം കൂടി ഉണ്ടായേക്കുമെന്ന് ആപ്പിള്‍ ആരാധകര്‍ കരുതുന്നു.

 

English Summary: Apple Watch Series 7, New iPad and iPad mini Launched

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com