ADVERTISEMENT

ടെക് ഉപകരണങ്ങള്‍ ഒരാളുടെ അഭിരുചിക്കനുസരിച്ച് തിരഞ്ഞെടുക്കാനുള്ള അവസരമായിരിക്കും വരുംകാലത്ത് ഉണ്ടാകുക എന്ന സൂചനയാണ് ദക്ഷിണ കൊറിയന്‍ ടെക്‌നോളജി ഭീമന്‍ സാംസങ് നല്‍കുന്നത്. ഗ്യാലക്‌സി സെഡ് ഫ്‌ളിപ്3 ബിസ്‌പോക് എഡിഷന്‍, ഗ്യാലക്‌സി വാച്ച്4 മയ്‌സണ്‍ കിറ്റ്‌സ്യൂണ്‍ എഡിഷന്‍, ഗ്യാലക്‌സി ബഡ്‌സ്2 മയ്‌സണ്‍ കിറ്റ്‌സ്യൂണ്‍ എഡിഷന്‍ എന്നിവ അവതരിപ്പിച്ചതില്‍ നിന്നു ലഭിക്കുന്ന സന്ദേശവും ഇതാണ്. കസ്റ്റമൈസേഷന്‍ സാധ്യതയാണ് ഇവയെ വേറിട്ട ഉപകരണങ്ങളാക്കുന്നത്. ഉദാഹരണത്തിന് ഫ്‌ളിപ്3 ബിസ്‌പോക് എഡിഷന്‍ 49 വ്യത്യസ്ത കളര്‍ കോംപിനേഷനുകളിലാണ് ലഭ്യമാക്കിയിരിക്കുന്നത്. ഇതിനു പുറമെ സാംസങ് ഉപകരണങ്ങള്‍ ഉപയോഗിക്കുന്ന ഇന്ത്യക്കാര്‍ക്ക് കമ്പനിയുടെ കസ്റ്റമര്‍ കെയറുമായി ഇടപെടുന്ന രീതി പൊളിച്ചെഴുതുകയും ചെയ്തിരിക്കുന്നു. 

 

∙ ബിസ്‌പോക് അപ്‌ഗ്രേഡ് കെയര്‍ പ്ലാന്‍

 

ഒരു ഫോണ്‍ വാങ്ങിയാല്‍ അത് അവസാനം വരെ അങ്ങനെ തന്നെയായിരിക്കുമെന്ന സങ്കല്‍പമാണ് പുതിയ അപ്‌ഗ്രേഡ് പ്ലാനിലൂടെ സാംസങ് മാറ്റിമറിച്ചത്. ഇതിനായി റജിസ്റ്റര്‍ ചെയ്ത ഉപഭോക്താക്കള്‍ക്ക് ഫോണിന്റെ കളര്‍ പാനലുകള്‍ ഏതു സമയത്തും മാറ്റാം. വ്യക്തിക്ക് അല്ലെങ്കില്‍ ബിസിനസ് സ്ഥാപനത്തിന് തങ്ങളുടെ ശൈലിക്ക് ഇണങ്ങുന്ന രീതിയില്‍ ഇത് തിരഞ്ഞെടുക്കാം. ഒരേ നിറത്തിലുള്ള ഫോണുകളും മറ്റും ഉപയോഗിക്കുന്ന ജോലിക്കാരുള്ള സ്ഥാപനത്തിനു കൂടുതല്‍ ശ്രദ്ധ കിട്ടിയേക്കാം. മറ്റൊരു സ്ഥാപനവും ഉപയോഗിക്കുന്നില്ലാത്ത തരത്തിലുള്ള നിറങ്ങളുള്ള ഫോണുകള്‍ കമ്പനിക്ക് പുതിയൊരു വ്യക്തിത്വം തന്നെ നല്‍കിയേക്കാം.

 

മാറ്റിവയ്ക്കാവുന്ന പാനലുകളുടെ വിലകള്‍ക്കും വ്യത്യാസമുണ്ട്. തുടക്ക വേരിയന്റിന് 79 ഡോളറാണ് വിലയിട്ടിരിക്കുന്നത്. സെഡ് ഫ്‌ളിപ്3 ബിസ്‌പോക് എഡിഷന് വിലയിട്ടിരിക്കുന്നത് 1,099 ഡോളറാണ്. ഇത് സാധാരണ മോഡലിനേക്കാള്‍ 100 ഡോളര്‍ കൂടുതലാണ്. എന്നാല്‍, സാധാരണ മോഡല്‍ വാങ്ങിയാല്‍ കമ്പനി കസ്റ്റമൈസേഷന്‍ അനുവദിക്കില്ല എന്നതിനാല്‍ സ്റ്റൈല്‍ ബോധമുളളവര്‍ക്ക് ബിസ്‌പോക് എഡിഷന്‍ തന്നെ വാങ്ങേണ്ടിവരും.

 

∙ വാച്ചിനും കസ്റ്റമൈസേഷന്‍

 

ഫ്രെഞ്ച്-ജാപ്പനീസ് ഇലക്ട്രോണിക് മ്യൂസിക് റെക്കോഡ് ലേബല്‍, ഫാഷന്‍ ലേബല്‍ കമ്പനിയായ മയ്‌സണ്‍ കിറ്റ്‌സ്യൂണുമായി (Maison Kitsuné) ചേര്‍ന്നാണ് സാംസങ് ഗ്യാലക്‌സി വാച്ച്4 മയ്‌സണ്‍ കിസ്റ്റ്യൂണ്‍ എഡിഷന്‍ പുറത്തിറക്കിയിരിക്കുന്നത്. പുതിയ ഗ്യാലക്‌സി വാച്ച്4ന് ഇത്രയധികം കസ്റ്റമൈസേഷന്‍ സാധ്യതകളില്ലെങ്കിലും അതിനുമുണ്ട് സവിശേഷതകള്‍. വാച്ചിന്റെ മുഖത്തിന് കസ്റ്റമൈസേഷന്‍ നല്‍കുന്നുണ്ട്. ഇന്‍ഫോ ബ്രിക്ക് എന്നാണ് കസ്റ്റമൈസേഷനെ വിളിക്കുന്നത്. വളരെ വിശദമായി തന്നെ കാലാവസ്ഥാ പ്രവചനങ്ങള്‍, ബെയ്‌സിക് ഡാഷ്‌ബോര്‍ഡ് അല്ലെങ്കില്‍ ഗ്യാലക്‌സി സെഡ് ഫോള്‍ഡ്3, സെഡ് ഫ്‌ളിപ്3 എന്നീ ഫോണുകളില്‍ നിന്ന് ആവേശം ഉള്‍ക്കൊണ്ടു സൃഷ്ടിച്ച ലൈവ് വാള്‍പേപ്പറുകള്‍ തുടങ്ങിയവ ലഭ്യമാക്കുമെന്ന് സാംസങ് അറിയിച്ചു. നാലു പുതിയ വാച്ച് ഫെയ്‌സുകളാണ് നല്‍കുന്നത്.

 

മയ്‌സണ്‍ കിറ്റ്‌സ്യൂണിന്റെ വിഖ്യാതമായ ഫോക്‌സ് ലോഗോ സാംസങ് ഗ്യാലക്‌സി വെയറബിൾസിന്റെ ഭാഗമാകുന്നതില്‍ തങ്ങള്‍ക്ക് അഭിമാനമുണ്ടെന്ന് കമ്പനി പറയുന്നു. പുതിയ വാച്ച് ശ്രേണിക്ക് മൂണ്‍റോക് ബീജ് സ്ട്രാപ്പുകളും ഉണ്ട്. ഇവയ്ക്ക് മയ്‌സണ്‍ കിറ്റ്‌സ്യൂണിന്റെ സവിശേഷമായ എഴുത്തു ശൈലി ഉള്‍ക്കൊള്ളുന്ന സ്ട്രാപ്പുകളും ഇറക്കിയിട്ടുണ്ട്. ഇവയും ഉപയോക്താക്കള്‍ക്ക് ഇഷ്ടാനുസരണം തിരഞ്ഞെടുക്കാം. എന്നും ഒരേ വാച്ച് ധരിക്കുന്നുവെന്ന തോന്നല്‍ മാറ്റാന്‍ ഇതു സഹായിക്കുമെന്നു കരുതുന്നു. സാംസങ് ഗ്യാലക്‌സി വിഭാഗത്തിന്റെ ഏറ്റവും നൂതനമായ സാങ്കേതികവിദ്യയും മയ്‌സണ്‍ കിറ്റ്‌സ്യൂണിന്റെ ബഹുമുഖ കലാമേന്മയും സമ്മേളിപ്പിച്ചാണ് വാച്ച്4 ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്നത്. വാച്ച്4ന്റെ മയ്‌സണ്‍ കിറ്റ്‌സ്യൂണ്‍ എഡിഷന് 399.99 ഡോളറാണ് വിലയിട്ടിരിക്കുന്നത്.

 

∙ ഗ്യാലക്‌സി ബഡ്‌സ്2നും മയ്‌സണ്‍ കിറ്റ്‌സ്യൂണ്‍ എഡിഷന്‍

 

ആപ്പിള്‍ എയര്‍പോഡ്‌സ് തുടങ്ങിയ വയര്‍ലെസ് ഇയര്‍ഫോണുകള്‍ക്കെതിരെ സാംസങ് ഇറക്കിയിരിക്കുന്ന ഗ്യാലക്‌സി ബഡ്‌സ്2നും മയ്‌സണ്‍ കിറ്റ്‌സ്യൂണ്‍ എഡിഷനുകള്‍ ഇറക്കിയിരിക്കുന്നു. എളുപ്പം തിരിച്ചറിയാന്‍ സാധിക്കുന്ന ഫോക്‌സ് ഹെഡ് ലോഗോ ഇവയുടെ ലെതര്‍ കെയിസില്‍ ആലേഖനം ചെയ്തിരിക്കുന്നു. കൂടാതെ, വലതു വശത്തെ ചെവിക്കുള്ള ഇയര്‍ബഡില്‍ കുറുക്കന്റെ തലയാണ് പതിപ്പിച്ചിരിക്കുന്നതെങ്കില്‍, ഇടതു വശത്തേ ബഡിന് കുറുക്കന്റെ വാല് കാണിച്ചിരിക്കുന്നു എന്നത് പരസ്പരം മാറിപ്പോകാതിരിക്കാന്‍ സഹായിക്കുന്നു. മികവാർന്ന ശബ്ദം നല്‍കുന്ന ബഡ്‌സിന് ഇപ്പോള്‍ മികച്ച സ്‌റ്റൈലും ലഭിച്ചിരിക്കുകയാണ്. ബഡ്‌സ2ന്റെ മയ്‌സണ്‍ കിറ്റ്‌സ്യൂണ്‍ എഡിഷന് 249.99 ഡോളറാണ് വില. 

 

∙ ഇന്ത്യന്‍ ഉപഭോക്താക്കൾക്ക് സ്മാര്‍ട് ടച്ച് കോള്‍ വഴി കസ്റ്റമര്‍ കെയറുമായി ബന്ധപ്പെടാം

 

രാജ്യത്ത് ഏറ്റവുമധികം ഉപകരണങ്ങള്‍ വില്‍ക്കുന്ന കമ്പനികളിലൊന്നായ സാംസങ്ങിന്റെ ഉപയോക്താക്കള്‍ക്ക് കസ്റ്റമര്‍ കെയറില്‍ നിന്നു ലഭിക്കേണ്ട സേവനങ്ങള്‍ക്ക് പുതിയൊരു രീതി തന്നെ കൊണ്ടുവന്നിരിക്കുകയാണ്. പരമ്പരാഗത കോള്‍ സെന്റര്‍ അനുഭവമാണ് മാറ്റിയിരിക്കുന്നത്. സ്മാര്‍ട് ടച്ച് കോള്‍ എന്നാണ് പുതിയ രീതിയെ കമ്പനി വിളിക്കുന്നത്. സാധാരണ വരാവുന്ന എല്ലാ പരാതികള്‍ക്കും തന്നെ സ്വയം പരിഹാരം കണ്ടെത്താന്‍ സാധിക്കുന്ന രീതിയിലാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. തങ്ങളുടെ അടുത്ത സര്‍വീസ് സെന്റര്‍ എവിടെയാണ്, റിപ്പെയര്‍ ചെയ്യാന്‍ നല്‍കിയ ഉപകരണം എപ്പോള്‍ തിരിച്ചു ലഭിക്കും, അടുത്ത സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് എന്നാണ്, സ്‌പെയര്‍പാര്‍ട്‌സിന് എന്തു വില വരും, വാറന്റിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍, അപ്പോയിന്റ്‌മെന്റ് ബുക്കിങ് തുടങ്ങി പലതും പുതിയ നീക്കം വഴി എളുപ്പത്തില്‍ പരിഹരിക്കാനാകുമെന്നാണ് കമ്പനി കരുതുന്നത്. കസ്റ്റമര്‍ കെയറിലേക്ക് വിളിച്ച് കാത്തുകെട്ടി കിടക്കുന്ന രീതിക്ക് മാറ്റം വരുമെന്നാണ് കരുതുന്നത്. ഇത് ഉപഭോക്താക്കൾക്ക് ഏറെ ആശ്വാസമാകും.

 

സാംസങ്ങിന്റെ കസ്റ്റമര്‍ കെയര്‍ നമ്പറായ 1800-5-7267864 ലേക്ക് സ്മാര്‍ട് ടച്ച് കോള്‍ വിളിക്കുന്നയാള്‍ക്ക് വിളിക്കുമ്പോള്‍ തന്നെ ഒരു എസ്എംഎസ് അല്ലെങ്കില്‍ പോപ് അപ് മെന്യൂ ലഭിക്കും. ഇതില്‍ നിന്ന് സെല്‍ഫ് ഹെല്‍പ് ഓപ്ഷന്‍ തിരഞ്ഞെടുക്കാവുന്നതാണ്. ഇമെയില്‍, വാട്‌സാപ്, ചാറ്റ് അല്ലെങ്കില്‍ വോയിസ് സപ്പോര്‍ട്ട് ലഭിക്കുന്ന രീതിയിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. തങ്ങള്‍ എന്തിനു വിളിക്കുന്നു എന്നതിനെക്കുറിച്ചുള്ള പല വിവരങ്ങളും നേരത്തെ ചേർക്കാനുള്ള അവസരവും ലഭിക്കും. കുറച്ചു സമയത്തിനുള്ളില്‍ കസ്റ്റമര്‍ കെയറില്‍ നിന്നുള്ള സേവനം ലഭിക്കുമെന്നതാണ് ഇതിന്റെ ഗുണമെന്ന് സാംസങ് അവകാശപ്പെടുന്നു.

 

English Summary: Samsung Galaxy Unpacked event: Galaxy Z Flip 3 Bespoke Edition, One UI 4 and everything announced

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com