ADVERTISEMENT

ഇന്നേവരെ അവതരിപ്പിച്ചതിൽ വച്ച് ഏറ്റവും വിലയേറിയ വാക്മാന്‍ പുറത്തിറക്കിയിരിക്കുകയാണ് സോണി. സ്വര്‍ണം പൂശിയ 3200 ഡോളര്‍ (ഏകദേശം 243,905 രൂപ) വിലയുള്ള വാക്മാന്‍ അടക്കമുള്ളതാണ് പുതിയ ശ്രേണി. നിര്‍മാണ മികവിനു പുറമെ അല്‍പം പോലും ഗുണനിലവാരം ചോരാതെ, സ്റ്റുഡിയോ മേന്മയോടെ കേള്‍ക്കാന്‍ അനുവദിക്കുന്ന ലോസ്‌ലെസ് ഓഡിയോ ശ്രവിക്കാമെന്നതാണ് പുതിയ ശ്രേണിയുടെ ഏറ്റവും വലിയ മികവ്. ഓക്‌സിജന്‍-രഹിത കോപ്പര്‍ ഷാസിയില്‍ സ്വര്‍ണം പൂശിയിറക്കിയിരിക്കുന്ന പുതിയ മോഡലിന് എന്‍ഡബ്ല്യു-ഡബ്ല്യുഎം1സെഡ്എം2 (NW-WM1ZM2) എന്ന മോഡല്‍ നമ്പറാണ് നല്‍കിയിരിക്കുന്നത്. 

 

സാധാരണ ഉപകരണങ്ങളില്‍ പാട്ടുകേള്‍ക്കുമ്പോള്‍ ഇലക്ട്രിക്കല്‍ നോയിസ് അടക്കം പല രീതികളില്‍ ഓഡിയോയുടെ ഗുണനിലവാരം ചോരുന്നു. അങ്ങനെയൊന്നും സംഭവിക്കാതെ, സൂക്ഷ്മാംശങ്ങളെ വരെ കേള്‍പ്പിക്കാനുള്ള സാങ്കേതികവിദ്യ തങ്ങള്‍ പുതിയ മോഡലില്‍ ഒരുക്കിയിരിക്കുന്നു എന്ന് സോണി പറയുന്നു. സംഗീത സംവിധായകരും മറ്റും ഉദ്ദേശിച്ച തരത്തിലുള്ള വൈവിധ്യങ്ങള്‍ ശ്രോതാവിനെ കേള്‍പ്പിക്കുക എന്ന ലക്ഷ്യമാണ് പുതിയ ഓഡിയോ പ്ലെയറിനുള്ളത്. ഇനി ഇത്തരം ഓഡിയോ ആസ്വദിക്കാന്‍ സ്വര്‍ണം പൂശിയ പ്ലെയറൊന്നും വാങ്ങാന്‍ ഉദ്ദേശിക്കാത്തവര്‍ക്കായി എന്‍ഡബ്ല്യു-ഡബ്ല്യുഎം1എഎം2 എന്നൊരു മോഡലും ഇറക്കിയിട്ടുണ്ട്. എന്നാല്‍ ഇതിനു പോലും 1,600 ഡോളറാണ് വിലയിട്ടിരിക്കുന്നത്. എന്‍ഡബ്ല്യു-ഡബ്ല്യുഎം1എഎം2 മോഡലിന് അലുമിനിയം അലോയ് ഫ്രെയ്മാണ് ഉള്ളത്. ഇതിനും പാട്ടിലെ ഇലക്ട്രിക്കല്‍ നോയിസ് ഇല്ലാതെ കേള്‍പ്പിക്കാനുള്ള കഴിവുണ്ടെന്നു പറയുന്നു. രണ്ടു വകഭേദങ്ങളും ഏപ്രില്‍ മുതല്‍ വാങ്ങാന്‍ ലഭിക്കുമെന്നാണ് സോണി പറയുന്നത്.

 

∙ മേന്മകള്‍

 

ഇരു മോഡലുകള്‍ക്കും എംപി 3 ഫയലുകളും ഹൈ-ഡെഫനിഷനില്‍ കേള്‍പ്പിക്കാനുള്ള കഴിവുമുണ്ട്. എന്നാല്‍, ലോസ്‌ലെസ് ഓഡിയോ ഫയല്‍ ഫോര്‍മാറ്റുകളായ ഫ്‌ളാക് (Flac) ആപ്പിള്‍ ലോസ്‌ലെസ് തുടങ്ങിയവ പുതിയ വാക്മാനില്‍ ഇട്ടു കേട്ടാല്‍ കൂടുതല്‍ മികവാര്‍ന്ന ശബ്ദം ശ്രവിക്കാം. ഡിവൈസിന് വൈ-ഫൈ കണക്ടിവിറ്റി ഉണ്ട്. ഐഫോണ്‍ അടക്കമുള്ള പല മികച്ച സ്മാര്‍ട് ഫോണുകളിലും ഇപ്പോള്‍ 3.5 എംഎം ഹെഡ്‌ഫോണ്‍ ജാക്ക് നേരിട്ടു കണക്ടു ചെയ്യാനാവില്ല. എന്നാല്‍, സോണിയുടെ പുതിയ വാക്മാന് 3.5 പോര്‍ട്ട് ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. കുറച്ചു വര്‍ഷം മുൻപ് വരെ ഇറക്കിയിട്ടുള്ള ഉന്നത നിലവാരമുള്ള ഹെഡ്‌ഫോണുകള്‍ ചില പുതിയ ഹൈ-എന്‍ഡ് സ്മാര്‍ട് ഫോണുകളുമായി കണക്ടു ചെയ്യണമെങ്കില്‍ അഡാപ്റ്ററുകള്‍ വേണം. ആ പ്രശ്‌നം ഒഴിവാക്കിയിരിക്കുകയാണ് പുതിയ വാക്മാന്‍ സീരീസ്. 

 

∙ സംഭരണശേഷി

 

പുതിയ വാക്മാന് 5-ഇഞ്ച് വലുപ്പമുള്ള ടച്‌സ്‌ക്രീൻ ഉണ്ട്. കൂടാതെ 256 ജിബി വരെ സ്റ്റോറേജ് ശേഷിയുള്ള മോഡലുകളും ഉണ്ട്. ആപ്പിള്‍ ലോസ്‌ലെസ് ഫയല്‍ ആണ് ഇടുന്നതെങ്കില്‍ ഒരു മിനിറ്റു പാട്ടിന് ഏകദേശം 5 എംബി സ്റ്റോറേജ് ശേഷി വേണം. അപ്പോള്‍പ്പോലും ആയിരക്കണക്കിനു ഹൈ-ഡെഫനിഷന്‍ പാട്ടുകള്‍ പുതിയ വാക്മാനില്‍ കൊണ്ടുനടക്കാനാകും. ശബ്ദത്തിന്റെ മികവ് പരമാവധി വര്‍ധിപ്പിക്കാനായി 3,200 ഡോളര്‍ വിലയുള്ള വേരിയന്റില്‍ ഹൈ-എന്‍ഡ് ബ്രെയ്ഡഡ് കേബിളുകളും ഉപയോഗിച്ചിട്ടുണ്ട്. ഏറ്റവും ആധുനിക ബ്രെയ്ഡിങ് സാങ്കേതികവിദ്യയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇതിനായി കിംബര്‍കേബിള്‍ (KIMBER KABLE®) ഉപയോഗിച്ചിരിക്കുന്നു. ഏറ്റവും മികച്ച ശബ്ദം ലഭിക്കാനായി തങ്ങളാലാകാവുന്ന മികവുകളെല്ലാം ഈ വാക്മാനില്‍ ഉള്‍ക്കൊള്ളിക്കാന്‍ കമ്പനി പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്.

 

∙ ഡിഎംപി-സെഡ്1 മ്യൂസിക് പ്ലെയറിന്റെ വില വച്ച് വാക്മാന്റെ വില ഒന്നുമല്ല!

 

സോണി 2018ല്‍ ഒരു മ്യൂസിക് പ്ലെയര്‍ പുറത്തിറക്കിയിരുന്നു. ഡിഎംപി-സെഡ്1 (DMP-Z1) എന്നായിരുന്നു അതിന്റെ പേര്. (ഇതിന്റെ വില വച്ച് പുതിയ വാക്മാന്‍ മൂന്നെണ്ണം വാങ്ങാം! 10,000 ഡോളര്‍ ആയിരുന്നു വില.) അതില്‍ ഉപയോഗിച്ച കേബ്‌ളിങ് തന്നെയാണ് പുതിയ പ്ലെയറിലും കമ്പനി ഉപയോഗിച്ചിരിക്കുന്നത്. ഈ കേബിള്‍ ആംപ്ലിഫയറില്‍ നിന്ന് ബാലന്‍സ്ഡ് ഹെഡ്‌ഫോണ്‍ ജാക്ക് വരെ പിടിപ്പിച്ചിരിക്കുന്നു. അതേസമയം, 1600 ഡോളര്‍ വിലയുള്ള പ്ലെയറിലാകട്ടെ കൂടുതല്‍ ലളിതമായ ഒരു കേബിളും ഉപയോഗിച്ചിരിക്കുന്നു. തങ്ങള്‍ പതിറ്റാണ്ടുകളായി ആര്‍ജിച്ച ഓഡിയോ ടെക്‌നോളജി അനുഭവജ്ഞാനം ഉപയോഗിച്ചാണ് പുതിയ പ്ലെയറുകള്‍ നിർമിച്ചിരിക്കുന്നതെന്ന് സോണി പറയുന്നു. ആന്തരിക ഭാഗങ്ങള്‍ കസ്റ്റമൈസ് ചെയ്യാനും തങ്ങളുടെ എക്‌സിപീരിയന്‍സ് ഗുണകരമായെന്നും അവര്‍ പറയുന്നു.

 

∙ ചരിത്രം

 

മനുഷ്യ കുലത്തെ 'പാട്ടിലാക്കിയ' ആദ്യ വാക്മാന്‍ സോണി പുറത്തിറക്കുന്നത് 1979ല്‍ ആണ്. അതിന്റെ പേര് ടിപിഎസ്-എല്‍2 എന്നായിരുന്നു. ഇത് അലുമിനിയം ഉപയോഗിച്ചാണ് നിര്‍മിച്ചതെങ്കിലും തുടര്‍ന്നിറക്കിയ മോഡലുകള്‍ പലതും പ്ലാസ്റ്റിക് നിര്‍മിതമായിരുന്നു. ആദ്യ വാക്മാന്റെ വില 150 ഡോളറായിരുന്നു. നാണയപ്പെരുപ്പം പരിഗണിച്ചാല്‍ ഏകദേശം 400 ഡോളര്‍ എന്നു വേണമെങ്കില്‍ പറയാം. ഇത്തരത്തില്‍ ഡിജിറ്റല്‍ ആംപ് ടെക്‌നോളജിയില്‍ തങ്ങളാര്‍ജിച്ച അനുഭവജ്ഞാനനം എല്ലാം എന്‍ഡബ്ല്യു-ഡ്ബ്ല്യുഎം1സെഡിന്റെ നിര്‍മിതിയില്‍ പ്രയോജനപ്പെടുത്തിയിട്ടുണ്ടെന്ന് സോണി പറയുന്നു. കേൾക്കുന്ന ശബ്ദത്തിന്റെ ഗുണനിലവാരം വിശദവും സ്വാഭാവികവുമാക്കാനും, ശ്രവണം അത്യന്തം ആന്ദകരമാക്കാനും തങ്ങളാലാകുന്നതെല്ലാം പുതിയ പ്ലെയറില്‍ ഒരുക്കിയിട്ടുണ്ടെന്നും സോണി പറയുന്നു. 

 

∙ മറ്റു സ്‌പെസിഫിക്കേഷന്‍സ്

 

1. ബാറ്ററി: ഹൈ റെസലൂഷന്‍ പാട്ടു കേള്‍ക്കുകയാണെങ്കില്‍ 30 മണിക്കൂര്‍. എംപി3 ആണെങ്കില്‍ 33 മണിക്കൂര്‍

2. സംഭരണശേഷി: 256ജിബി. മൈക്രോഎസ്ഡി കാര്‍ഡ് സ്വീകരിക്കും

3. സപ്പോര്‍ട്ടു ചെയ്യുന്ന ഫോര്‍മാറ്റുകള്‍: ഡിഎസ്ഡി നേറ്റീവ്, എംപി3, വാവ്, എഐഎഫ്എഫ്, ഡബ്ല്യുഎംഎ, എഎസി, എച്ഇ-എഎസി, ഫ്‌ളാക്, എഎല്‍എസി

4. യുഎസ്ബി-സി സപ്പോര്‍ട്ട് (ചാര്‍ജിങ്ങിനും പാട്ട് സിങ്ക് ചെയ്യാനും) 

5. പാട്ടുകളില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന നേരിയ വ്യത്യാസം പോലും ആസ്വദിക്കാന്‍ സാധിക്കുന്ന (പണമുള്ള) ഓഡിയോ ഫയലുകള്‍ക്ക് ഇത്തരം ഉപകരണങ്ങള്‍ ആസ്വാദ്യകരമായിരിക്കും.

 

English Summary: Sony's bringing back its iconic 'Walkman' with a $3,200 price tag

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com