ADVERTISEMENT

ആപ്പിള്‍ കമ്പനിയുടെ ടാബ്‌ലറ്റ് ശ്രേണിയായ ഐപാഡിന് കൂടുതല്‍ മള്‍ട്ടിടാസ്‌കിങ് ശേഷി നല്‍കുക വഴി അതിനെ ലാപ്‌ടോപ്പിനു സമാനമായ ഉപകരണം ആക്കിയിരിക്കുകയാണ്. കംപ്യൂട്ടറുകള്‍ക്കുള്ള ഒഎസിന്റെ പുതുക്കിയ പതിപ്പും ഇറക്കി - മാക്ഒഎസ് വെഞ്ചുറ. ഐപാഡ്ഒഎസിലും വെഞ്ചുറയിലും സ്‌റ്റേജ് മാനേജര്‍ ഫീച്ചറും ഉള്‍പ്പെടുത്തി. ആപ്പിള്‍ വാച്ചിന്റെ ചാലക വ്യവസ്ഥയായ വാച്ച് ഒഎസിലേക്ക് എത്തുന്ന മാറ്റങ്ങളില്‍ പ്രധാനപ്പെട്ട ഒന്ന് സ്ലീപ് ട്രാക്കിങ് ആണ്. എല്ലാ ഉപകരണങ്ങളിലും വരുന്ന ചില ഫീച്ചറുകള്‍ പരിശോധിക്കാം:

 

∙ ഐപാഡ്

 

ഐപാഡ് ഒസിലെ പ്രധാന ഫീച്ചറുകള്‍ സ്റ്റേജ് മാനേജര്‍, എക്‌സ്റ്റേണല്‍ ഡിസ്‌പ്ലേകളുമായി സപ്പോര്‍ട്ടു ചെയ്യാനുള്ള കഴിവ്, മെസേജസില്‍ പലര്‍ ചേര്‍ന്ന് സഹകരിച്ചു പ്രവര്‍ത്തിക്കാനുള്ള ശേഷി തുടങ്ങിയവയാണ്. മെയില്‍, സഫാരി എന്നിവയ്ക്കും മാറ്റമുണ്ട്. മെയില്‍ തുടങ്ങിയ ആപ്പുകള്‍ക്ക് ഐഒഎസ് 16ല്‍ കണ്ടതിനു സമാനമായ മാറ്റമാണ് ഐപാഡ്ഒഎസ് 16ലും ലഭിക്കുന്നത് എന്നതിനാല്‍ അവ വിശദീകരിക്കുന്നില്ല.

 

∙ സ്റ്റേജ് മാനേജര്‍, എക്‌സ്റ്റേണല്‍ ഡിസ്‌പ്ലേ സപ്പോര്‍ട്ട്

 

ആപ്പിള്‍ അവതരിപ്പിക്കുന്ന പുതിയ മള്‍ട്ടിടാസ്‌കിങ് ടൂളാണ് സ്റ്റേജ് മാനേജര്‍. ഇവ ആപ്പുകളെയും വിന്‍ഡോസിനെയും ഓട്ടമാറ്റിക്കായി ക്രമീകരിക്കും. വിവിധ സൈസുകളിലുള്ള വിന്‍ഡോസ് എല്ലാം ഒറ്റ വ്യൂവില്‍ കാണാം. തുറന്നിരിക്കുന്ന ആപ്പുകളെ ഈ വ്യൂവിലേക്ക് ഒരു വശത്തുനിന്ന് ഡ്രാഗ് ആന്‍ഡ് ഡ്രോപ് നടത്താം. അല്ലെങ്കില്‍ ഡോക്കില്‍ നിന്ന് ആപ്പുകളെ തുറന്ന് പുതിയ ഗ്രൂപ്പുകളാക്കാം. ഏതു ആപ്പാണോ ഉപയോക്താവ് തുറന്നു പ്രവര്‍ത്തിപ്പിക്കുന്നത് ഇത് സ്റ്റേജ് മാനേജറിന്റെ നടുവില്‍ തന്നെ വലുതായി കാണിക്കുകയും ചെയ്യും. ഇത് എല്ലാ ഐപാഡുകള്‍ക്കും ലഭിക്കില്ല. എം1 ചിപ്പില്‍ പ്രവര്‍ത്തിക്കുന്ന ഐപാഡ് പ്രോ, ഐപാഡ് എയര്‍ മോഡലുകള്‍ക്കായിരിക്കും ഇതിന്റെ ഗുണം ലഭിക്കുക. ഈ ഐപാഡുകള്‍ക്ക് 6കെ വരെ റെസലൂഷനുള്ള ഡിസ്‌പ്ലേകള്‍ക്ക് സപ്പോര്‍ട്ട് നല്‍കാനും സാധിക്കും. സ്‌റ്റേജ് മാനേജര്‍ ഉപയോഗിച്ച് ഐപാഡില്‍ മാത്രം പ്രവര്‍ത്തിപ്പിക്കാവുന്ന നാല് ആപ്പുകളുടെ വര്‍ക്‌സ്‌പേസ് ഉണ്ടാക്കാം, എക്‌സ്റ്റേണല്‍ ഡിസ്‌പ്ലേയ്ക്കായി വേറെ നാല് ആപ്പുകളുടെ വര്‍ക്‌സ്‌പേസും ഉണ്ടാക്കാം.

 

∙ വെതര്‍ ആപ്

 

ഐപാഡിന്റെ വലിയ സ്‌ക്രീനിന്റെ ഗുണം മുഴുവന്‍ ചൂഷണം ചെയ്യാൻ തരത്തിലുള്ളതാണ് പുതിയ വെതര്‍ ആപ്. കാലാവസ്ഥയെക്കുറിച്ചുളള വിവരങ്ങള്‍ കാണാമെന്നതു കൂടാതെ വരുന്ന വലിയ മാറ്റങ്ങളെക്കുറിച്ചുള്ള അലേര്‍ട്ടുകളും ലഭിക്കും. ഒരു സ്ഥലത്തുള്ള വായുവിന്റെ ഗുണനിലവാരത്തെക്കുറിച്ചും പറയും. ഇതിനായി കളര്‍ കോഡുകളുള്ള സ്‌കെയിലാണ് ഉപയോഗിക്കുക.

 

∙ തത്സമയ സഹകരണത്തിന് ഫ്രീഡം

 

ഒന്നിലേറെ പേര്‍ക്ക് പരസ്പരം സഹകരിച്ചു ജോലിയെടുക്കാന്‍ അനുവദിക്കുന്ന ഫീച്ചറുകളിലൊന്നാണ് ഫ്രീഡം. പ്രത്യേക ചട്ടക്കൂടില്ലാതെയാണ് ഇത് വരുന്നത്. സഹകരിച്ചു ജോലി ചെയ്യുന്നവര്‍ക്കായി നല്‍കുന്ന ക്യാന്‍വാസില്‍ കാണാനും ഷെയർ ചെയ്യാനും സാധിക്കും. ലേ ഔട്ടും, പേജിന്റെ വലുപ്പവും കണക്കിലെടുക്കില്ല. ഇതിന് ആപ്പിള്‍ പെന്‍സില്‍ സപ്പോര്‍ട്ടും ഉണ്ടായിരിക്കും. ഫെയ്‌സ്‌ടൈം കോള്‍ വഴി മറ്റുള്ളവര്‍ നടത്തിയ മാറ്റങ്ങള്‍ വീക്ഷിക്കാനും സാധിക്കും. ഫീച്ചര്‍ ഈ വര്‍ഷം അവസാനത്തോടെ എത്തും. സഫാരി ബ്രൗസറിനും സഹകരിച്ചു ജോലിയെടുക്കാനുള്ള ഒരു പിടി ഫീച്ചറുകള്‍ വരും.

 

∙ ഡെസ്‌ക്ടോപ് അനുഭവം

 

wwdc22

മാക് ഡെക്‌സ്‌ടോപ്പുകളില്‍ ലഭ്യമായ ചില ഫീച്ചറുകള്‍ ഐപാഡുകളിലേക്കും എത്തും. ഉദാഹരണത്തിന് അണ്‍ഡു, റീഡു ഫീച്ചര്‍, ഫൈന്‍ഡ്-ആന്‍ഡ്-റീപ്ലെയിസ്, കസ്റ്റമൈസ് ചെയ്യാവുന്ന ടൂള്‍ബാര്‍, ഫയല്‍ എക്‌സ്റ്റെന്‍ഷനുകള്‍ക്ക് മാറ്റംവരുത്താനുള്ള കഴിവ്, ഫോള്‍ഡറിന് എന്തു സൈസ് ഉണ്ടെന്ന് അറിയാനുള്ള കഴിവ് തുടങ്ങിയവയാണിത്.

 

∙ മികച്ച ഗെയിമിങ്

 

ഐപാഡുകളിലെ ഗെയിം കളിക്കല്‍ കൂടുതല്‍ മികവുറ്റതാക്കാനായി മാറ്റങ്ങള്‍ വരുന്നു. കൂട്ടുകാര്‍ ഏതെല്ലാം ഗെയിമുകളാണ് കളിക്കുന്നതെന്നും അവരുടെ നേട്ടങ്ങള്‍ എന്തെല്ലാമാണെന്നും അറിയാനാകും. ഷെയര്‍പ്ലേ ഉപയോഗിച്ചാണ് മറ്റുള്ളവരുടെ ഗെയിമിങ്ങിനെക്കുറിച്ച് അറിയുന്നത്.

 

∙ ഹോം ആപ്

 

ഹോം ആപ്പിനും മാറ്റം വരുത്തിയിട്ടുണ്ട്. എളുപ്പത്തില്‍ നാവിഗേറ്റു ചെയ്യാനും, ചിട്ടപ്പെടുത്താനും, കാണാനും, സ്മാര്‍ട് ഹോം ഉപകരണങ്ങളെ നിയന്ത്രിക്കാനുമൊക്കെയുള്ള കാര്യങ്ങളാണ് മെച്ചപ്പെടുത്തിയിരിക്കുന്നത്.

 

ഐപാഡ്ഒഎസ് ലഭിക്കുന്നത് ഐപാഡ് 5, ഐപാഡ് എയര്‍ 3 തുടങ്ങിയവയ്ക്കു ശേഷമിറക്കിയ മോഡലുകള്‍ക്ക് ആണ്. പക്ഷേ, പല മികച്ച ഫീച്ചറുകളും എം1 ചിപ്പ് ഉപയോഗിച്ചിറക്കിയ മോഡലുകളില്‍ മാത്രം ഒതുങ്ങും.

 

∙ മാക്ഒഎസ് വെഞ്ചുറ

 

പുതിയ മാക്ഒഎസിലെയും ഏറ്റവും പ്രധാന ഫീച്ചറുകളിലൊന്ന് മുകളില്‍ കണ്ട സ്റ്റേജ് മാനേജരാണ്. ഇത് കൂടുതല്‍ ചിട്ടയോടെ ജോലി ചെയ്യാന്‍ അനുവദിക്കുന്ന ഒന്നാണ്. വിന്‍ഡോവിങ് ടൂളുകളായ മിഷന്‍ കണ്ട്രോള്‍, സ്‌പെയ്സസ് തുടങ്ങിയവയുമായും ഇത് സഹകരിച്ചു പ്രവർത്തിക്കും.

 

∙ ഐഫോണിന്റെ ക്യാമറ വെബ്ക്യാം ആക്കാം!

 

കണ്ടിന്യുവിറ്റി ക്യാമറ എന്ന ഫീച്ചര്‍ ഉപയോഗിച്ചാല്‍ മാക് ഉപയോക്താക്കള്‍ക്ക് തങ്ങളുടെ ഐഫോണുകളുടെ, താരതമ്യേന മികച്ച ക്യാമറ വെബ്ക്യാമായി ഉപയോഗിക്കാം. ഐഫോണിന്റെ ക്യാമറ അടുത്തുണ്ടെങ്കില്‍ അത് ഓട്ടമാറ്റിക്കായി കണ്ടെത്തി ഉപയോഗിക്കും. സെന്റര്‍സ്‌റ്റേജ്, പോര്‍ട്രെയ്റ്റ്മോഡ്, സ്റ്റുഡിയോ ലൈറ്റ് എഫക്ടുകളെല്ലാം ഇതിനൊപ്പം ഉപയോഗിക്കാമെന്നത് മികച്ച ഫീച്ചറുകളിലൊന്നാണ്. ഫോണിന്റെ അള്‍ട്രാ-വൈഡ് ആംഗിള്‍ ക്യാമറ ഉപയോഗപ്പെടുത്തി ഡെസ്‌ക് വ്യൂ ഫീച്ചര്‍ ഉപയോഗിക്കാം.

 

∙ സഫാരി

 

ആപ്പിളിന്റെ ബ്രൗസറായ സഫാരിക്കും പുതിയ ഫീച്ചറുകള്‍ ലഭിക്കുന്നു. ടാബ് ഗ്രൂപ്പുകളാണ് അവയില്‍ പ്രധാനപ്പെട്ടത്. ഇത് ഉപയോഗിച്ച് കൂട്ടുകാരും കുടുംബവുമായി വെബ്‌സൈറ്റുകള്‍ ഷെയര്‍ ചെയ്യാം. നിങ്ങള്‍ തുറന്നിരിക്കുന്ന വെബ്‌സൈറ്റ് ലൈവ് ആയി തന്നെ അവരെ കാട്ടിക്കൊടുക്കാം. സഫാരിയില്‍ നിന്നു തന്നെ ഫെയ്‌സ്‌ടൈം കോളും തുടങ്ങാം.

 

∙ സ്‌പോട്ട് ലൈറ്റ് സേര്‍ച്ച്

 

സ്‌പോട്ട് ലൈറ്റ് സേര്‍ച്ചിലേക്കും പുതുമകള്‍ എത്തുന്നു. ഡിസൈന്‍ പുതുക്കിയിട്ടുണ്ട്. നാവിഗേഷന്‍ എളുപ്പമാക്കുന്നുമുണ്ട്. ഫൊട്ടോ ലൈബ്രറിയാണ് ഇതിൽ പ്രധാനപ്പെട്ടത്. കംപ്യൂട്ടര്‍ സ്റ്റോറേജിലേത് കൂടാതെ ഇന്റര്‍നെറ്റിലുള്ള ഫൊട്ടോകളെല്ലാം ലൊക്കേഷന്‍, വ്യക്തികള്‍, സീനുകള്‍, വസ്തുക്കള്‍ തുടങ്ങിയവ കണക്കിലെടുത്ത് സേര്‍ച്ചു ചെയ്യാം. ചിത്രങ്ങളിലുള്ള ടെക്‌സ്റ്റ് സേര്‍ച്ച് ചെയ്യാം.

 

∙ വാച്ച്ഒഎസ് 9

 

പുതിയ വാച്ച് മുഖങ്ങള്‍, വര്‍ക്ക് ഔട്ട് ആപ്പിലുള്ള മാറ്റങ്ങള്‍, ആരോഗ്യപരിപാലനത്തിനുള്ള ഫീച്ചറുകള്‍, മരുന്നുകള്‍ക്കുള്ള ആപ് തുടങ്ങിയവയാണ് വാച്ചിന് പുതുമ പകരുന്നത്.

 

∙ പുതിയ വാച്ച് ഫെയ്‌സസ്

 

നാലു പുതിയ വാച്ച് ഫെയ്‌സുകളാണ് ആപ്പിള്‍ അവതരിപ്പിച്ചിരിക്കുന്നത്. ലൂനാര്‍ ആണ് ആദ്യത്തേത്. ഇത് ജോര്‍ജിയന്‍ കലണ്ടറും ലൂനാര്‍ കലണ്ടറും തമ്മിലുള്ള ബന്ധം കാണിക്കുന്നു. രണ്ടാമത്തെ ഫെയ്‌സിന് പ്ലേറ്റൈം എന്നാണ് പേര്. ജോയി ഫുള്‍ട്ടണുമായി (Joi Fulton) സഹകരിച്ചാണ് ഇത് വികസിപ്പിച്ചെടുത്തത്. മെട്രോപൊളിട്ടണ്‍ എന്നാണ് മൂന്നാമത്തെ മുഖത്തെ വിളിക്കുന്നത്. വാച്ചിന്റെ ഡിജിറ്റല്‍ ക്രൗണ്‍ തിരിക്കുന്നതിന് അനുസിരിച്ച് ഇതു ക്രമീകരിക്കാം. അസ്‌ട്രോണമി വാച്ച് ഫെയ്‌സ് വീണ്ടും ക്രമീകരിച്ചെടുത്തതാണ് നാലാമത്തെ ആപ്. ഇതില്‍ പുതിയ സ്റ്റാര്‍ മാപ്പ്കിട്ടും.

 

∙ വര്‍ക്കൗട്ട് ഫീച്ചറുകള്‍

 

ആരോഗ്യ പരിപാലനത്തിനും കൂടുതല്‍ ഫീച്ചറുകള്‍ വാച്ചിലേക്ക് എത്തുന്നു. വിവിധ തരത്തിലുള്ള പരിശീലനങ്ങള്‍ നടത്തുന്നവര്‍ക്ക് പ്രയോജനപ്പെടുത്താവുന്ന രീതിയിലുള്ള ഫീച്ചറുകള്‍ വാച്ചിലെത്തും. എത്ര ആയാസമുള്ള എക്‌സര്‍സൈസ് ആണ് നടത്തിയതെന്നറിയാന്‍ ഹാര്‍ട്ട് റെയ്റ്റ്സോണ്‍സ് എന്നൊരു ഫീച്ചര്‍ അവതരിപ്പിച്ചു. ട്രയാതലീറ്റ്‌സിനു വേണ്ടിയും പുതിയ ഫീച്ചറുകളുണ്ട്. ബൈക്കിങ്, നീന്തല്‍, ഓട്ടം എന്നിവ മാറിമാറി നടത്തുന്നവര്‍ക്കാണ് ഇതിന്റെ ഗുണം. ഫിറ്റ്‌നസ് ആപ് സമ്മറി, ഹെല്‍ത് ആപ് എന്നിവയില്‍ വിവിധ ആക്ടിവിറ്റികളുടെ വിവരങ്ങള്‍ ലഭിക്കും. അട്രിയല്‍ ഫിബ്രിലേഷന്‍ അസുഖം ഉള്ളവര്‍ക്കുളള ഫീച്ചറുകളും ഉള്‍പ്പെടുത്തി. മരുന്നു കഴിക്കാനുള്ള സമയമായി എന്ന് ഓര്‍മപ്പെടുത്താനുള്ള ഫീച്ചറും വാച്ചിലെത്തും.

 

English Summary: Apple's macOS 13 Ventura with new Stage Manager tool announced at WWDC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com