ADVERTISEMENT

 ഏറ്റവും മികച്ച വയര്‍ലെസ് ഇയര്‍ബഡ്‌സായ എയര്‍പോഡ്‌സ് പ്രോ അവതരിപ്പിച്ച് മൂന്നു വര്‍ഷത്തിനു ശേഷമാണ് ആപ്പിളിന്റെ പുതിയ വേര്‍ഷനെ പരിചയപ്പെടുത്തുന്നത്. ആദ്യ എയര്‍പോഡസ് പ്രോയെക്കാള്‍ അധികം മാറ്റങ്ങള്‍ പ്രതീക്ഷിക്കേണ്ടന്നായിരുന്നു പൊതുവെ പുറത്തുവന്നുകൊണ്ടിരുന്ന സൂചനകള്‍. എന്നാല്‍, എയര്‍പോഡ്‌സ് പ്രോ 2 ല്‍ പ്രധാനമായ ഒരു മാറ്റം ഉണ്ട് - അതിനെ ടച്ച് കൊണ്ട് നിയന്ത്രിക്കാനാകും. വോളിയം അടക്കം ടച്ച് ഉപയോഗിച്ച് ഇയര്‍ബഡ്‌സില്‍ നിന്ന് നേരിട്ടു നിയന്ത്രിക്കാമെന്നാതാണ് പുതിയ പ്രോ മോഡലുകളിലെ മാറ്റങ്ങളിലൊന്ന്.

 

∙ പുതിയ പ്രോസസര്‍

 

ഓഡിയോ പ്രക്ഷേപണ - സ്വീകരണ രീതികളില്‍ വന്‍മാറ്റങ്ങള്‍ക്കാണ് ലോകം ഇപ്പോള്‍ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. എയര്‍പോഡ്‌സ് പ്രോ (2022) ന്റെ കാര്യത്തിലും ഇതു കാണാം. പുതിയ ഇയര്‍ബഡ്‌സില്‍ ശബ്ദം പ്രോസസ് ചെയ്യാനായി പുതിയ പ്രോസസര്‍ ഉള്‍ക്കൊള്ളിച്ചിരിക്കുകയാണ് - എച്2 എന്നാണ് അതിന്റെ പേര്. ആദ്യ മോഡലിനെ അപേക്ഷിച്ച് ഇരട്ടി നോയിസ് ക്യാന്‍സലേഷന്‍ നടത്താന്‍ സാധിക്കുമെന്നാണ് കമ്പനി പറയുന്നത്. ട്രാന്‍സ്പരന്‍സി മോഡും മെച്ചപ്പെടുത്തും. പുതിയ ഓഡിയോ ഡ്രൈവറും ശബ്ദമേന്മ വര്‍ധിപ്പിക്കുന്നതിന് ഗുണകരമായിരിക്കും. സ്‌പെഷല്‍ ഓഡിയോ, ഡൈനാമിക്ഹെഡ് ട്രാക്കിങ് സപ്പോര്‍ട്ട് എന്നിവ ഉണ്ടായിരിക്കും. സ്‌പെഷല്‍ ഓഡിയോ പ്രൊഫൈല്‍ സെറ്റ്-അപ് ചെയ്യാന്‍ ഫോണിന്റെ ക്യാമറ പ്രയോജനപ്പെടുത്തുകയും ചെയ്യാം.

 

എയര്‍പോഡ്‌സ് പ്രോ ഐഒഎസ് 16ല്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിപ്പിച്ചാല്‍ പേഴ്‌സണലൈസ്ഡ് സ്‌പെഷല്‍ ഓഡിയോ കേള്‍ക്കാം. ഇവയിലെ ഇരട്ടി നോയിസ് ക്യാന്‍സലേഷന്‍ സാധ്യമാക്കുന്നത് അത്യാധുനിക കംപ്യൂട്ടേഷണല്‍ വോയിസ് പ്രോസസിങ് ശേഷിയാണ്. അഡാപ്റ്റീവ് ട്രാന്‍സ്പരന്‍സിയും എയര്‍പോഡ്‌സ് പ്രോയില്‍ ഉണ്ട്.

 

∙ കേള്‍വി സമയം വര്‍ധിച്ചു

 

ആക്ടീവ് നോയിസ് ക്യാന്‍സലേഷന്‍ പ്രയോജനപ്പെടുത്തിയാല്‍ പോലും ഒറ്റ ചാര്‍ജില്‍ 6 മണിക്കൂര്‍ വരെ ഓഡിയോ കേള്‍ക്കാമെന്നാണ് ആപ്പിള്‍ പറയുന്നത്. അതേസമയം, സ്‌പെഷല്‍ ഓഡിയോ കേള്‍ക്കുകയാണെങ്കില്‍ 5.5 മണിക്കൂര്‍ നേരം എയര്‍പോഡ്‌സ് പ്രോ ഉപയോഗിക്കാം. എന്നു പറഞ്ഞാല്‍, മുന്‍ വേര്‍ഷനെ അപേക്ഷിച്ച് 33 ശതമാനം വരെ അധികസമയം ലഭിക്കുന്നുവെന്നു കാണാം.

apple-airpods

 

∙ കെയ്‌സില്‍ 30 മണിക്കൂര്‍ ബാറ്ററി

 

പുതിയ എയര്‍പോഡ്‌സ് പ്രോയ്‌ക്കൊപ്പം ലഭിക്കുന്ന ചാര്‍ജിങ് കെയ്‌സില്‍ 30 മണിക്കൂര്‍ സമയം പ്രവര്‍ത്തിപ്പിക്കാനുള്ള ചാര്‍ജ് ഉണ്ടാകും. ആദ്യ മോഡലിനേക്കാള്‍ 6 മണിക്കൂര്‍ അധികമാണിത്.

 

∙ കെയ്‌സ് എങ്ങനെ ചാര്‍ജ് ചെയ്യാം?

 

ആപ്പിള്‍ വാച്ചിന്റെ ചാര്‍ജര്‍, ലൈറ്റ്‌നിങ് കേബിള്‍, മാഗ്‌സെയ്ഫ്, സാധാരണ ക്വി (Qi) ചാര്‍ജറുകള്‍ തുടങ്ങിയവ എല്ലാം ഉപയോഗിച്ച് പുതിയ എയര്‍പോഡ്‌സ് പ്രോ ചാര്‍ജ് ചെയ്യാം. അതേസമയം, ഇപ്പോഴും യുഎസ്ബി-സി ചാര്‍ജിങ് കൊണ്ടുവന്നിട്ടില്ലെന്നുള്ളത് കുറവാണെന്നും പറയുന്നു. 

 

എയര്‍പോഡ്‌സ് പോലെയുള്ള ഇയര്‍ബഡ്‌സിന്റെ ഒരു പ്രശ്‌നം അവ പെട്ടെന്നു നഷ്ടപ്പെടുകയോ മറന്നു വയ്ക്കുകയോ ചെയ്യാമെന്നുള്ളതാണ്. ഇത്തവണ ഫൈന്‍ഡ് മൈ ഉപയോഗിച്ച് മറന്നുവച്ച അല്ലെങ്കില്‍ നഷ്ടപ്പെട്ട ഇയര്‍ബഡ്‌സ് കണ്ടെത്താന്‍ ശ്രമിക്കുമ്പോള്‍ ഓരോ ബഡ്‌സും വോയിസ് കേൾപ്പിക്കും. ചാര്‍ജിങ് കെയ്‌സിലും ഒരു സ്പീക്കര്‍ ഉള്‍ക്കൊള്ളിച്ചു. അതും ഇയര്‍ബഡ്‌സ് വേണ്ടതു പോലെയല്ല വച്ചതെങ്കില്‍ വോയിസ് പുറപ്പെടുവിക്കും.

 

∙ വില

 

ഇവയ്ക്ക് വിലയിട്ടിരിക്കുന്നത് 26,900 രൂപയാണ്. ഇവ സെപ്റ്റംബര്‍ 9 മുതല്‍ ഇന്ത്യ അടക്കം 50 രാജ്യങ്ങളില്‍ ഓര്‍ഡര്‍ ചെയ്യാമെന്ന് ആപ്പിള്‍ പറയുന്നു. എയര്‍പോഡസ് പ്രോ സെപ്റ്റംബര്‍ 23ന് അംഗീകൃത വ്യാപാരികള്‍ വില്‍പനയ്ക്ക് എത്തിച്ചേക്കുമെന്നും കരുതുന്നു.

 

English Summary: Apple AirPods Pro Gen-2 (2022) launched: All you need to know

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com