കാമുകിയെ പിന്തുടരാൻ മുൻ കാമുകൻ എയർടാഗ് ഉപയോഗിച്ചു, ആപ്പിളിനെതിരെ കേസ്

airtag
Photo: Apple
SHARE

ഉപയോക്താക്കൾക്ക് അവരുടെ സാധനങ്ങൾ ട്രാക്ക് ചെയ്യാൻ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആപ്പിൾ എയർടാഗ് അവതരിപ്പിച്ചത്. എന്നാൽ, ഈ ഉപകരണം ചിലർ മറ്റു ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നുണ്ട്. അനധികൃതമായി ആളുകളെ പിന്തുടരാൻ വരെ ഉപയോഗിക്കുന്നു. ചിലർ അവരുടെ മുൻ പങ്കാളികളെ പിന്തുടരാനും ഇത് ഉപയോഗിച്ചതായി പരാതിയുണ്ട്. എയർ ടാഗുകൾ അനധികൃതമായി ഉപയോഗിച്ച നിരവധി കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പക്ഷേ ആപ്പിളിന് ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല.

ബ്ലൂംബെർഗ് റിപ്പോർട്ട് പ്രകാരം മുൻ കാമുകൻ ആപ്പിളിന്റെ എയർടാഗ് ഉപയോഗിച്ച് തന്നെ വേട്ടയാടുന്നുണ്ടെന്ന് കണ്ടെത്തിയ യുവതി ആപ്പിളിനെതിരെ കേസ് ഫയൽ ചെയ്തു എന്നാണ്. മുൻ കാമുകൻ തന്റെ കാറിന്റെ ചക്രത്തിന്റെ ഒരുഭാഗത്ത് എയർടാഗ് സ്ഥാപിച്ചതായി യുവതി കണ്ടെത്തിയിരുന്നു. എയർടാഗ് ഉപയോഗിച്ച് അവൾ എവിടേക്കാണ് പോകുന്നതെന്ന് മുൻകാമുകന് കണ്ടെത്താൻ കഴിഞ്ഞു. കാമുകൻ തന്നെ ശല്യപ്പെടുത്തുന്നതിനാൽ രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നുവെന്ന് പെൺകുട്ടി പറഞ്ഞു.

സമാനമായ സാഹചര്യം നേരിട്ട മറ്റൊരു യുവതിയും ആപ്പിളിനെതിരെ കേസ് ഫയൽ ചെയ്തിരുന്നു. കുട്ടിയുടെ ബാക്ക്‌പാക്കിൽ എയർടാഗ് സ്ഥാപിച്ച് മുൻ ഭർത്താവ് തന്റെ ചലനങ്ങൾ ട്രാക്കുചെയ്യാൻ എയർടാഗ് ഉപയോഗിച്ചുവെന്നാണ് മറ്റൊരു യുവതി ആരോപിച്ചിരുന്നത്. ആപ്പിളിന്റെ എയര്‍ടാഗ്‌സ് വാങ്ങിയ സ്ത്രീകള്‍ ഉൾപ്പെടെയുള്ള ചിലര്‍ക്ക് തുടക്കം മുതല്‍ പലതരം പ്രശ്‌നങ്ങള്‍ നേരിട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇവയില്‍ മിക്കതും സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റുകള്‍ വഴി കമ്പനി പരിഹരിച്ചെങ്കിലും ഇപ്പോള്‍ പുതിയ ഒന്ന് തലപൊക്കിയിരിക്കുകയാണ്. ചില എയര്‍ടാഗ്‌സ് ഉപയോക്താക്കളോട് അവരെ ആരോ പിന്തുടരുന്നുവെന്ന്, ഇല്ലാത്ത, എന്നാല്‍ പേടിപ്പിക്കുന്ന മുന്നറിയിപ്പുകള്‍ നല്‍കുന്നുവെന്നും ആരോപണമുണ്ട്. ഇല്ലാത്ത കാര്യങ്ങളെക്കുറിച്ച് ‘ഫാന്റം അലേര്‍ട്ട്’ നല്‍കുകയാണ് എയര്‍ടാഗ്‌സ് എന്നാണ് മറ്റൊരു റിപ്പോർട്ട്.

∙ എന്താണ് എയര്‍ടാഗ്‌സ്?

ഒരു നാണയത്തിന്റെ വലുപ്പമുള്ള, കൃത്യമായി പറഞ്ഞാല്‍ 1.26 ഇഞ്ച് വലുപ്പമുള്ള ഡിസ്‌ക് ആണ് എയര്‍ടാഗ്‌സ്. ഇതില്‍ ബ്ലൂടൂത്തും ലൊക്കേഷന്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനങ്ങളും ഉണ്ട്. ആപ്പിളിന്റെ ‘ഫൈന്‍ഡ് മൈ’ സംവിധാനത്തിന്റെ ഭാഗമാണ് എയര്‍ടാഗ്‌സും. ഫൈന്‍ഡ് മൈ ഉപയോഗിച്ചാല്‍ ആപ്പിള്‍ ഉപകരണങ്ങള്‍ എവിടെയാണെന്നു മനസ്സിലാക്കാം. എന്നാല്‍, എയര്‍ടാഗ്‌സ് പിടിപ്പിച്ചാല്‍ മിക്കവാറും എന്തും കണ്ടെത്താം. ഉദാഹരണത്തിന് പഴ്‌സ്, താക്കോല്‍, പട്ടിക്കുട്ടി അങ്ങനെ പലതും. മൊത്തം ഐഒഎസ് ഉപകരണ നെറ്റ്‌വര്‍ക്കും പ്രയോജനപ്പെടുത്തിയാണ് സ്വന്തം സ്ഥാനം എവിടെയാണെന്ന് എയര്‍ടാഗ്‌സ് വെളിപ്പെടുത്തുന്നത്. അതുകൊണ്ടുതന്നെ അത് വളരെ കൃത്യമായി തന്റെ സ്ഥാനം അറിയിച്ചുകൊണ്ടിരിക്കും.

airtag-alert

∙ നേരത്തേ വന്ന പ്രശ്‌നങ്ങള്‍

ഇതൊരു സാധ്യതയാണ് എന്നു മനസ്സിലാക്കിയ ആളുകള്‍ മറ്റുള്ളവരെ പിന്തുടരാനായി എയര്‍ടാഗ്‌സിനെ പല വിധത്തില്‍ ഉപയോഗിച്ചു തുടങ്ങുകയായിരുന്നു. എയര്‍ടാഗ്‌സ് വാങ്ങി ഉപയോഗിക്കാത്തവര്‍ക്കു പോലും നിങ്ങളുടെ അടുത്ത് എയര്‍ടാഗ്‌സ് കണ്ടെത്തി എന്ന റിപ്പോര്‍ട്ട് നല്‍കാന്‍ ദുരുദ്ദേശ്യമുള്ളവര്‍ക്ക് സാധിച്ചു. ഇവ നന്നേ ചെറിയ ഉപകരണമായതിനാല്‍ അത് ഒരു വീട്ടിലോ കാറിലോ ഉണ്ടെങ്കിലും കണ്ടെത്തല്‍ ദുഷ്‌കരമായിരുന്നു. ഇത് ഇരകള്‍ക്ക്, പ്രത്യേകിച്ചും സ്ത്രീകള്‍ക്ക് ആശങ്ക വര്‍ധിപ്പിച്ചു. ഇത്തരം അവസരങ്ങളില്‍ പൊലീസിനെ സമീപിക്കണം എന്നാണ് ആപ്പിള്‍ നല്‍കിയിരുന്ന ഉപദേശം. എന്നാല്‍, പൊലീസ് സമയത്തിന് എത്താത്തത് ഇരകള്‍ക്ക് ഇരട്ടി ആഘാതം സമ്മാനിച്ചു. കൂടാതെ, ഇര ഐഫോണല്ല ഉപയോഗിക്കുന്നതെങ്കില്‍ നോട്ടിഫിക്കേഷന്‍ കിട്ടുകയുമില്ല. ഇത്തരം പ്രശ്‌നങ്ങളെല്ലാം ആപ്പിള്‍ ഒരു വിധത്തില്‍ സോഫ്റ്റ്‌വെയര്‍ പാച്ചുകള്‍ അയച്ച് പരിഹരിച്ചു കഴിഞ്ഞു. അപ്പോഴാണ് പുതിയ തലവേദന വന്നിരിക്കുന്നത്.

airtag

∙ പാതിരാത്രി അലേര്‍ട്ട്

സ്ത്രീകൾ ഉൾപ്പെടെയുളള ഉപയോക്താക്കൾക്ക് പാതിരാത്രിയിൽ തങ്ങളെ ആരോ പിന്തുടരുന്നു എന്ന വ്യാജ അലേര്‍ട്ട് എയര്‍ടാഗ്‌സ് നല്‍കുന്നുണ്ടെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. പരിചയമില്ലാത്ത ആരുടെയോ എയര്‍ടാഗ്‌സ് തനിക്കു സമീപമുണ്ടെന്ന അലേര്‍ട്ടും അത് പരിശോധിക്കാനായി ഒരു മാപ്പും നല്‍കുന്നു. എവിടെയാണ് എയര്‍ടാഗ്‌സെന്നും അത് എത്രനേരമായി അവിടെയുണ്ടെന്നുമുള്ള വിവരവും ഉണ്ടാവും. ഇത് ശരിയാണോ എന്ന് അന്വേഷിച്ചു തിരഞ്ഞുചെന്നാൽ കാണാനാവുന്നില്ല എന്നതാണ് തെറ്റായ മുന്നറിയിപ്പാണെന്ന് പറയാന്‍ കാരണം. നിരവധി വരകളും മാപ്പില്‍ കാണാം. ഇത് ആപ്പിളിന്റെ സിസ്റ്റത്തില്‍ പുതിയൊരു ബഗ് കടന്നുകൂടിയിട്ടുണ്ട് എന്നതിന്റെ തെളിവാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

English Summary: Ex-boyfriend uses Apple AirTag to stalk girlfriend, woman sues Apple

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആദ്യമായി ഒരു ഇന്റവ്യൂവിൽ ഇത് പറയുന്നു

MORE VIDEOS