ADVERTISEMENT

ഏറ്റവും മികച്ച വസ്തുക്കള്‍ ഉപയോഗിച്ചുള്ള നിര്‍മാണം, ഡിസൈൻ മേന്മ, ഗംഭീര സാങ്കേതികവിദ്യ ഇവ സമ്മേളിക്കുന്ന ഉപകരണങ്ങളെയാണ് പ്രീമിയം വിഭാഗത്തില്‍ പെടുത്തുന്നത്. ഇത്തരം പല ഉപകരണങ്ങളും ഓരോ വര്‍ഷവും ഇറങ്ങാറുണ്ടെങ്കിലും പലരും ശ്രദ്ധിക്കുന്നത് ഐഫോണ്‍ തുടങ്ങി ഏതാനും ഉപകരണങ്ങളെ മാത്രമാണ്. ഈ വര്‍ഷം ഇറങ്ങിയ അത്ര ശ്രദ്ധ കിട്ടാതെ പോയ ചില ഉപകരണങ്ങളെ പരിചയപ്പെടാം. എന്തിനെന്നാല്‍, വരും വര്‍ഷങ്ങളില്‍ വന്നേക്കാവുന്ന മാറ്റങ്ങളുടെ സൂചന കൂടി ഇവയിലുണ്ട്. മടക്കാവുന്ന ഫോണ്‍ മുതല്‍ നിവര്‍ത്തിയെടുത്താല്‍ ഒറ്റ സ്‌ക്രീനായി ഉപയോഗിക്കാവുന്ന ലാപ്‌ടോപ് വരെയാണ് ഈ ചെറിയ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.  

 

∙ അസൂസ് സെന്‍ബുക്ക് 17 ഫോള്‍ഡ് ഓലെഡ് ലാപ്‌ടോപ്

Photo: Asus
Photo: Asus

 

തയ്‌വാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അസൂസ് മികച്ച ലാപ്‌ടോപ് നിര്‍മാതാവാണെങ്കിലും അവരില്‍ നിന്ന് ഇത്രയേറെ നൂതനത്വം ഉൾക്കൊള്ളുന്ന ഒരു ലാപ്‌ടോപ് ആരും പ്രതീക്ഷിച്ചിരുന്നില്ല. സെന്‍ബുക്ക് 17 ഫോള്‍ഡ് ഓലെഡ് എന്നു പേരിട്ടിരിക്കുന്ന സവിശേഷ ലാപ്‌ടോപ്പിന്റെ ഡിസ്‌പ്ലേ 17.3 ഇഞ്ച് വലുപ്പമുള്ള ഒറ്റ സ്‌ക്രീനാക്കി ഉപയോഗിക്കാം. അതിമനോഹരമായ ടച് സ്‌ക്രീന്‍ ആണിത്. ഇതു നടുവേ മടക്കുമ്പോള്‍ രണ്ട് 12.5 ഇഞ്ച് വലുപ്പമുള്ള സ്‌ക്രീനുകളായി മാറും. ഇത് എക്‌സ്‌റ്റേണല്‍ കീബോഡും മറ്റും പിടിപ്പിച്ച് ഡെസ്‌ക്ടോപ് ആയി ഉപയോഗിക്കാം. ബ്ലൂടൂത് കീബോഡ് പിടിപ്പിച്ച് ലാപ്‌ടോപ് ആക്കാം. അല്ലെങ്കില്‍ സ്‌ക്രീന്‍ മടക്കി രണ്ടാക്കി താഴെയുള്ള ഭാഗത്ത് വെര്‍ച്വല്‍ കീബോഡ് വരുത്തി ചെറിയ ലാപ്‌ടോപ് ആക്കാം. ടാബ് ആക്കാം. സ്‌ക്രീന്‍ മാത്രം ആക്കാം. എന്തിന് ഒരു ഇബുക്ക് റീഡര്‍ പോലും ആക്കാം! വില അൽപം കൂടുതലാണ് - 3,29,990 രൂപ.

galaxy-fold-4-

 

∙ സാംസങ് ഗ്യാലക്‌സി സെഡ് ഫോള്‍ഡ്4

 

മടക്കാവുന്ന ഐഫോണ്‍ ഈ വര്‍ഷം ഇറക്കും അടുത്ത വര്‍ഷം ഇറക്കും എന്നൊക്കെ പറയുന്നതല്ലാതെ എന്നത് പുറത്തിറക്കുമെന്ന് ഇതുവരെ വ്യക്തമല്ല. സാംസങ് തുടങ്ങിയ കമ്പനികള്‍ ഫോള്‍ഡിങ് ഫോണ്‍ നിര്‍മാണം വര്‍ഷങ്ങളായി നടത്തുന്നു. അങ്ങനെ പറഞ്ഞാല്‍ പോര സാംസങ് നാലാം തലമുറയിലേക്ക് കടന്നു കഴിഞ്ഞു. ആപ്പിളിനെ അപേക്ഷിച്ച് സാംസങ്ങിന് ഇക്കാര്യത്തില്‍ ഒരു അനുകൂല ഘടകമുണ്ട് - ലോകത്തിലെ ഏറ്റവും നല്ല ഡിസ്‌പ്ലേ നിര്‍മാണശാലകളിലൊന്ന് സ്വന്തമായി ഉണ്ടെന്നുള്ളതാണത്. ഇതിനു പുറമെ ഇന്ത്യയില്‍ ലഭ്യമായ ഏക ഫോള്‍ഡിങ് എന്ന ആകര്‍ഷണീയതയും സാംസങ് ഗ്യാലക്‌സി സെഡ് ഫോള്‍ഡ് 4ന് ഉണ്ട്. പ്രധാന ഉപയോഗം സ്മര്‍ട് ഫോണിന്റേതു തന്നെയാണെങ്കിലും വിശാലമായ സ്‌ക്രീന്‍ അതിനെ വ്യത്യസ്തമാക്കുന്നു. വലിയ സ്‌ക്രീന്‍ കണ്ടെന്റ് ക്രിയേറ്റര്‍മാര്‍ക്കും മറ്റും കൂടുതല്‍ കാര്യക്ഷമമായി ഉപയോഗിക്കാന്‍ പറ്റും. ഇതിനു പുറമെ അത് വിനോദം, ഗെയിമിങ് തുടങ്ങിയ മേഖലകളിലും മറ്റു ഫോണുകള്‍ക്ക് നല്‍കാനാകാത്ത മികവു സമ്മാനിക്കുന്നു. തുടക്ക വേരിയന്റിന്റെ വില 1,54,999 രൂപ.

 

∙ ഹാവല്‍സ് മെഡിറ്റേറ്റ് എയര്‍ പ്യൂരിഫയര്‍

Apple-Watch-Ultra-Specs

 

വായു ശുദ്ധമാക്കലിന് ബ്രിട്ടൻ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഡൈസണ്‍ കമ്പനിയുടെ ആധിപത്യമാണ് എവിടെയും കാണാനാകുക. അതായത് ഒരു പ്രീമിയം ഉല്‍പന്നമാണ് വേണ്ടതെങ്കില്‍. ഈ ഇടത്തേക്കാണ് ഇന്ത്യന്‍ കമ്പനിയായ ഹാവെല്‍സ് സധൈര്യം കടന്നുവന്നിരിക്കുന്നത്. ഹാവല്‍സ് മെഡിറ്റേറ്റ് എയര്‍ പ്യൂരിഫയര്‍ എന്നു പേരിട്ടിരിക്കുന്ന അവരുടെ ആദ്യത്തെ വായു ശുദ്ധീകരണ യന്ത്രത്തിന് പല ആകര്‍ഷകമായ ഘടകങ്ങളും ഉണ്ട്. ഡിസൈൻ തന്നെ സ്‌പേയ്‌സ് മെഷീനെ അനുസ്മരിപ്പിക്കുന്നു. ഉപയോഗിച്ചിരിക്കുന്ന ടെക്‌നോളജി മൊത്തത്തില്‍ മികവുറ്റതാണെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വയര്‍ലെസ് റിമോട്ട് കണ്ട്രോള്‍ ഇതിനുണ്ട്. വായുവിന്റെ ഗുണമേന്മ പരിശോധിക്കാനുള്ള മോണിട്ടര്‍ ഇതിനുള്ളില്‍ തന്നെ പിടിപ്പിച്ചിട്ടുണ്ട്. ഹാവല്‍സ് മെഡിറ്റേറ്റ് എയര്‍ പ്യൂരിഫയറിന് 6 ലെയറുകളുള്ള ശുദ്ധീകരണ സംവിധാനമാണ് ഉള്ളത്. ഇതിനൊപ്പം പ്രവര്‍ത്തിക്കുന്ന ഒരു ആപ്പും പുറത്തിറക്കിയിട്ടുണ്ട്. ഇത് വോയിസ് അസിസ്റ്റന്റുകളായ ആമസോണ്‍ എക്കോയ്ക്കും ഗൂഗിള്‍ ഹോമിനുമൊപ്പം പ്രവര്‍ത്തിപ്പിക്കാമെന്നു പറയുന്നു. വില 64,900 രൂപ.

 

∙ ഗോപ്രോ ഹീറോ 11 ബ്ലാക് ആക്ഷന്‍ ക്യാമറ

 

ആക്ഷന്‍ ക്യാമറകളുടെ നിര്‍മാണത്തില്‍ നിസ്തുലമായ സ്ഥാനമുള്ള കമ്പനികളിലൊന്നാണ് ഗോപ്രോ. കമ്പനി 2022ല്‍ അവതരിപ്പിച്ച ഏറ്റവും പുതിയ മോഡലായ ഗോപ്രൊ ഹീറോ 11 ബ്ലാക് ഇത്തരം ക്യാമറകളെക്കുറിച്ച് അറിയാവുന്നവരുടെ ശ്രദ്ധ പിടിച്ചുപറ്റിയ ഉപകരണമാണ്. എന്നാല്‍ പ്രീമിയം ആക്ഷന്‍ ക്യാമറയുടെ ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്ന ചിലരെങ്കിലും ഈ മോഡലിനെപ്പറ്റി അറിയാതെ പോയിട്ടുണ്ടാകാം. ഇത്തരം ഒരു ക്യാമറ ആദ്യമായി ഉപയോഗിക്കാന്‍ ഒരുങ്ങുന്നവര്‍ക്കും ഉപയോഗിച്ച് അനുഭവസമ്പത്തു നേടിയിട്ടുള്ളവര്‍ക്കും ഒരേപോലെ പ്രിയങ്കരമാകാന്‍ ഇടയുള്ളതാണ് ഗോപ്രോ ഹീറോ 11 ബ്ലാക്. മൂന്നു പുതിയ നൈറ്റ് ടൈം ലാപ്‌സ് പ്രീസെറ്റുകളാണ് പുതിയതായി നല്‍കുന്ന ഫീച്ചറുകളില്‍ പെടുന്നത്. ലൈറ്റ് പെയിന്റിങ്, സ്റ്റാര്‍ ട്രെയിൽസ്, വാഹനങ്ങളുടെ ലൈറ്റ് ട്രെയിൽസ്. പുതിയ ഒരു 1/1.9-ഇഞ്ച് സെന്‍സറാണ് ഇതിന്റെ കേന്ദ്രത്തില്‍. ഗോപ്രൊ ഹീറോ 11 ബ്ലാക്കിന് 5.3കെ വിഡിയോ, സെക്കന്‍ഡില്‍ 60 ഫ്രെയിം വരെ റെയ്റ്റില്‍ 10-ബിറ്റ് കളര്‍ ഡെപ്‌തോടു കൂടി പിടിച്ചെടുക്കാന്‍ സാധിക്കും. വില 51,500 രൂപ.

 

∙ ആപ്പിള്‍ വാച്ച് അള്‍ട്രാ

 

ഈ ലിസ്റ്റിലെ ഏറ്റവും സുപരിചിതമായ ഉപകരണങ്ങളില്‍ ഒന്നായിരിക്കും ഇത്. അതേസമയം ആപ്പിള്‍ വാച്ച് വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ പുതിയ പ്രീമയം മോഡലിനെ പരിഗണിച്ചേക്കില്ല. കാരണം ഇത് അധിക ദൃഢത വേണ്ടവര്‍ക്കും സാഹസികോദ്യമങ്ങള്‍ക്ക് ഇറങ്ങുന്നവര്‍ക്കും മറ്റുമാണ് ഉചിതമെന്ന തോന്നാലണ് പൊതുവെ. ഇതിനൊക്കെ പുറമെ വിലയും കൂടുതലാണ് എന്ന കാരണത്താല്‍ പലരും ഈ ഉപകരണത്തിന് ശ്രദ്ധ നല്‍കുന്നതു കുറയ്ക്കുന്നു. ഔട്ട്‌ഡോര്‍ സാഹസികതകളില്‍ ഏര്‍പ്പെടുന്നവര്‍ക്കും മാത്രമാണ് ഇത് ഏറ്റവും ഉചിതമെന്നത് സത്യം തന്നെയാണ്. ഈ ഉദ്ദേശത്തോടു കൂടി ആപ്പിള്‍ പുറത്തിറക്കിയ ആദ്യ വാച്ചാണ് ഇതെന്നതാണ് ഈ മോഡലിന്റെ പ്രധാന സവിശേഷത തന്നെ.

 

ആപ്പിള്‍ വാച്ച് ആള്‍ട്രായ്ക്ക് 49എംഎം ടൈറ്റാനിയം കെയ്‌സ് ആണുള്ളത്. ഇക്കാലത്ത് ലഭ്യമായതില്‍ വച്ച് മികവുറ്റ ഡബ്ല്യുആര്‍10 വാട്ടര്‍ റെസിസ്റ്റന്‍സ് ശേഷിയും ഇതിനുണ്ട്. പുതിയ ആക്ഷന്‍ ബട്ടണാണ് സവിശേഷതകളില്‍ മറ്റൊന്ന്. ഇത് വിവിധ കാര്യങ്ങള്‍ക്കായി കസ്റ്റമൈസ് ചെയ്യാം. വര്‍ക്കൗട്ടുകള്‍, കോംപസ്‌വേപോയിന്റ്‌സ് തുടങ്ങി പല കാര്യങ്ങളും ഇതില്‍ ഉള്‍പ്പെടുത്താം. മൈക്രോഫോണുകള്‍ ഉണ്ട്. മള്‍ട്ടി-ബാന്‍ഡ് ജിപിഎസും ട്രാക്ബാക്ക് ഫീച്ചറും ഉണ്ട്. വില 89,900 രൂപ.

 

English Summary: Year in review: Laptops to air purifiers, top five premium gadgets of 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com