ADVERTISEMENT

ഇനിയും സ്മാര്‍ട് വാച്ച് വാങ്ങാത്ത പലരും ചോദിക്കുന്നത് എന്തിനാണ് അനാവശ്യമായി ഒരു ഉപകരണം കൂടി ധരിക്കുന്നത് എന്നാണ്. ഫോണിനോടുള്ള ആശ്രിതത്വം കുറയ്ക്കാം എന്നതാണ് പ്രധാനപ്പെട്ട ഒരു കാര്യം. സ്മാര്‍ട് വാച്ച് ധരിച്ചാലുള്ള പ്രധാന ഗുണങ്ങളിലൊന്ന് ഒരോ നോട്ടിഫിക്കേഷന്‍ വരുമ്പോഴും ഫോണ്‍ എടുക്കാന്‍ പോകേണ്ട എന്നതാണ്. വെറുതെ കൈ തിരിച്ചു നോക്കിയാല്‍ അറിയാനാകും. ഇതിനു പുറമെ മികച്ച സ്മാര്‍ട് വാച്ചുകളില്‍ മികവുറ്റ ആപ്പുകളും കിട്ടും. കലണ്ടര്‍ വിവരങ്ങള്‍ അടക്കം പല വേണ്ടപ്പെട്ട കാര്യങ്ങളും റിസ്റ്റില്‍ നോക്കി അറിയാം.

 

∙ ഇതിനൊന്നുമല്ല മിക്കവരും സ്മാര്‍ട് വാച്ച് വാങ്ങുന്നത്

 

പക്ഷേ, മിക്കവരും ആദ്യ സ്മാര്‍ട് വാച്ച് വാങ്ങുന്നത് ഇതിനൊന്നുമല്ല. മറിച്ച് അവയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ഫിറ്റ്‌നസ് ഫീച്ചറുകള്‍ പ്രയോജനപ്പെടുത്താനാണ്. സ്‌പോര്‍ട്‌സ് ഗൗരവത്തിലെടുക്കുന്നവരും ഫിറ്റ്‌നസ് തല്‍പരരും സ്മാര്‍ട് വാച്ച് വാങ്ങുന്നത് ഗുണം ചെയ്‌തേക്കാം. മികച്ച ഫിറ്റ്‌നസ് ട്രാക്കറുകള്‍ മുന്തിയ സ്മാര്‍ട് വാച്ചുകളില്‍ ഉള്‍പ്പെടുത്തുന്നു. ഇത്തരം പല വാച്ചുകളിലും ജിപിഎസും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഹൃദയമിടിപ്പു നിരീക്ഷണം, എത്ര ചുവടുകള്‍ നടന്നു എന്നുള്ളത് അറിയാനുള്ള ശ്രമം തുടങ്ങിയവ ഒക്കെ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതിനാല്‍ ഫിറ്റ്‌നസ് ട്രാക്കറുകള്‍ക്കു പകരവും ഇവ ഉപയോഗിക്കാം. ( അതേസമയം, കുറച്ചു പണം മുടക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഫിറ്റ്‌നസ് ട്രാക്കറുകളെ ആശ്രയിക്കുന്നതായിരിക്കും നല്ലത്.)

 

∙ ഉചിതമായ സ്മാര്‍ട് വാച്ച് എങ്ങനെ കണ്ടെത്താം?

 

ഒരാള്‍ക്ക് ചേര്‍ന്ന തരം സ്മാര്‍ട് വാച്ച് കണ്ടെത്താന്‍ സഹായകമായ പ്രധാന വിവരങ്ങള്‍ നോക്കാം: 

 

∙ ഫോണുമായി സഹകരിച്ചു പ്രവര്‍ത്തിക്കുമോ?

 

ആദ്യ പരിഗണന സ്വന്തം ഫോണുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതാണോ എന്നതാണ്. എന്നാല്‍, ഒട്ടു മിക്ക വാച്ചുകളും മിക്കവാറും എല്ലാ ഫോണുകളുമായും ബന്ധിപ്പിക്കാം. ഇതിനൊരു അപവാദം ആപ്പിള്‍ വാച്ച് 5 ആണ്. ഇത് ആന്‍ഡ്രോയിഡ് വാച്ച് ഉപയോക്താക്കള്‍ വാങ്ങരുത്. അതേസമയം സാംസങ്, ഫിറ്റ്ബിറ്റ്, ഗാര്‍മിന്‍, വാവെയ് തുടങ്ങിയ കമ്പനികള്‍ പുറത്തിറക്കിയിട്ടുള്ള എല്ലാ വാച്ചുകളും തന്നെ മിക്ക ആന്‍ഡ്രോയിഡ്, ഐഒഎസ് ഫോണുകളുമായി സുഗമമായി സഹകരിക്കാന്‍ രീതിയില്‍ പുറത്തിറക്കിയതാണ്. 

 

∙ ആപ്പുകള്‍

 

എല്ലാ സ്മാര്‍ട് വാച്ചിലും തന്നെ പ്രാഥമിക വിവരങ്ങള്‍ക്കായി ആശ്രയിക്കാവുന്നവ ആയിരിക്കും. കലണ്ടര്‍ വിവരങ്ങള്‍, കാലാവസ്ഥാ മുന്നറിയിപ്പുകള്‍, എത്ര ചുവടു നടന്നു എന്നതിന്റെ കണക്കുകള്‍ അടക്കമുള്ള പലതും ഇത്തരം വാച്ചുകളില്‍ പ്രതീക്ഷിക്കാം. എന്നാല്‍, വാച്ചുകളിലുള്ള തേഡ് പാര്‍ട്ടി ആപ്പുകള്‍ കൂടി പരിഗണിക്കുന്നുണ്ടങ്കില്‍ ആപ്പിള്‍ വാച്ച് (വാച്ച്ഒഎസ്) അല്ലെങ്കില്‍ വെയര്‍ ഒഎസ് (നേരത്തേ ആന്‍ഡ്രോയിഡ് വെയര്‍ എന്ന് അറിയപ്പെട്ടിരുന്ന ഒഎസ്) ഉള്ളവ തിരഞ്ഞെടുക്കുന്നതു ഗുണം ചെയ്യും.

 

സാംസങ് വാച്ചുകളില്‍ ചിലത് ടിസന്‍ ഒഎസിലും ഫിറ്റ്ബിറ്റ് ഒഎസിലും പ്രവര്‍ത്തിക്കുന്ന വാച്ചുകള്‍ തേഡ് പാര്‍ട്ടി ആപ്പുകള്‍ കൂടിയേ കഴിയൂ എന്നുള്ളവര്‍ പരിഗണിക്കുന്നത് കുറവാണ്. (വാച്ച് പ്രവര്‍ത്തിപ്പിക്കാന്‍ തേഡ് പാര്‍ട്ടി ആപ്പുകള്‍ വേണമെന്ന് ഒരു നിര്‍ബന്ധവും ഇല്ല.) ഗാര്‍മിന്‍ വാച്ചുകള്‍ക്കും ഈ പരിമിതി ഉണ്ട്. വാച്ച്ഒഎസിലും വെയര്‍ ഒഎസിലും പ്രവര്‍ത്തിക്കുന്ന വാച്ചുകള്‍ക്ക് ആപ്പിളിന്റെ സിരി ഗൂഗിള്‍ അസിസ്റ്റന്റ് എന്നീ വോയിസ് അസിസ്റ്റന്റുകളുടെ സേവനവും ലഭിക്കും. ടച്ച് ചെയ്യുക പോലും വേണ്ടാതെ പ്രാഥമിക വിവരങ്ങളെല്ലാം അറിയാന്‍ വോയിസ് അസിസ്റ്റന്റുകള്‍ സഹായിക്കുന്നു.

 

∙ സെന്‍സറുകള്‍

 

അടുത്തതായി പരിഗണിക്കേണ്ടത് ഹാര്‍ഡ്‌വെയര്‍ ഫീച്ചറുകളാണ്. ഹാര്‍ട്ട് റെയ്റ്റ് സെന്‍സര്‍ ഉണ്ടോ? എത്ര പടി കയറി എന്നും മറ്റും പരിശോധിച്ചു നോക്കാനായി അള്‍ട്ടിമീറ്റര്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടോ? ദിശ അറിയാനുള്ള കോംപസ് ലഭിക്കുമോ, തുടങ്ങിയ തരത്തിലുള്ള ചോദ്യങ്ങളാണ് ചോദിക്കേണ്ടത്. ഇത്തരം ചോദ്യങ്ങളെല്ലാം നിങ്ങള്‍ വാച്ച് എങ്ങനെ ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും.

apple-watch-se

 

നിങ്ങളുടെ ഓട്ടവും ബൈക്ക് യാത്രകളും കൃത്യമായി രേഖപ്പെടുത്തിയെടുക്കണമെങ്കില്‍ ജിപിഎസ് ഉണ്ടായിരിക്കണം. കോണ്ടാക്ട്‌ലെസ് പെയ്‌മെന്റ് നടത്തണമെന്നുണ്ടെങ്കില്‍ എന്‍എഫ്‌സി വേണം. (അതേസമയം, ഇത് ബാങ്കും സപ്പോര്‍ട്ടു ചെയ്യുന്നുണ്ടെങ്കില്‍ മാത്രമെ നടക്കൂ.) ഒട്ടുമിക്ക വാച്ചുകളിലും നീന്തുന്നതിനെക്കുറിച്ചും ഉറക്കത്തെക്കുറിച്ചുമുളള ഡേറ്റ ശേഖരിക്കാന്‍ കെല്‍പ്പുള്ളവയാണ്. എങ്കിലും എല്ലാ വാച്ചുകളും അവയൊന്നും ഓഫര്‍ ചെയ്യുന്നില്ലെന്നുള്ള കാര്യവും ഓര്‍ത്തിരിക്കണം.

 

∙ ബാറ്ററി ലൈഫ്

 

ഒരു പക്ഷേ ഏറ്റവുമധികം പ്രാധാന്യം നല്‍കേണ്ട ഫീച്ചറുകളിലൊന്ന് ബാറ്ററി ലൈഫ് ആണ്. ഇത് ഒരോ വാച്ചിന്റെ കാര്യത്തിലും വ്യത്യസ്തമാണ്. ഉദാഹരണത്തിന് ഫോസില്‍ സ്‌പോര്‍ട് മോഡല്‍ കഷ്ടി ഒരു ദിവസത്തേക്കേ ഉപയോഗിക്കാന്‍ പറ്റൂ. എന്നാല്‍, ഫിറ്റ്ബിറ്റ് വേര്‍സാ 2ന് അഞ്ചു ദിവസം വരെ ചാര്‍ജ് ലഭിച്ചേക്കാം. ആശ്രയിക്കാവുന്ന ഒരു സ്മാര്‍ട് വാച്ചാണ് വേണ്ടതെങ്കില്‍ മികച്ച ബാറ്ററി ലൈഫിന് പ്രഥമ പരിഗണന നല്‍കണം.

 

∙ പാട്ട് കേള്‍ക്കാനൊക്കുമോ?

 

മ്യൂസിക് പ്രേമിയാണെങ്കില്‍ പാട്ടു സ്ട്രീം ചെയ്യാവുന്ന സേവനങ്ങള്‍ സപ്പോര്‍ട്ടു ചെയ്യുന്ന വാച്ചുകളും പരിഗണിക്കാം. എന്നാല്‍, എപ്പോഴും ഫോണ്‍ ഒപ്പം കൊണ്ടു നടക്കുന്ന വ്യക്തിയാണെങ്കില്‍ ഇതു വേണമെന്നില്ല. എന്നാല്‍, എക്‌സര്‍സൈസ് ചെയ്യുമ്പോഴും മറ്റും ഫോണില്ലെങ്കിലും സംഗീതം കേള്‍ക്കണം എന്നുള്ളവര്‍ക്ക് ഇതും പരിഗണിക്കാം.

 

∙ മികച്ച സ്മാര്‍ട് വാച്ചുകള്‍

 

ഇന്ന് ലഭിക്കാവുന്ന ഏറ്റവും മികച്ച ചില സ്മാര്‍ട് വാച്ചുകളെക്കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്. ഇവയെല്ലാം തന്നെ വില കൂടിയവയാണ്. (വില കുറഞ്ഞ ചില സ്മാര്‍ട് വാച്ചുകളെക്കുറിച്ചുള്ള ലേഖനം ഇവിടെ വായിക്കാം. https://bit.ly/3FCSIxa)

 

∙ ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ഏറ്റവും ഉചിതം

 

എടുത്തു പറയേണ്ട കാര്യമില്ല. ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ഏറ്റവും പറ്റിയത് ആപ്പിള്‍ വാച്ച് തന്നെയാണ്. സീരീസ് 8 ആണ് ഇപ്പോള്‍ വില്‍ക്കുന്നതില്‍ ഏറ്റവും മേന്മയുള്ളത്. ( അതായത് അള്‍ട്രാ പരിഗണിക്കുന്നില്ലെങ്കില്‍.) ആധുനിക സ്മാര്‍ട് വാച്ചില്‍ നിന്നു പ്രതീക്ഷിക്കുന്ന ഫീച്ചറുകളെല്ലാം ഉള്‍ക്കൊള്ളിച്ചു നിര്‍മിച്ചതാണിത്. ആപ്പിള്‍ വാച്ചിന് 18 മണിക്കൂര്‍ വരെയായിരിക്കും പ്രവര്‍ത്തന സമയം ലഭിക്കുക. തുടക്ക വേരിയന്റിന്റെ വില 40,000 രൂപയ്ക്കു മുകളിലാണ്.

 

∙ ആപ്പിള്‍ വാച്ച് എസ്ഇ

 

സീരീസ് 8ന്റെ വില താങ്ങാനാകുന്നില്ല, ആപ്പിള്‍ വാച്ച് തന്നെ വേണമെന്നുള്ളവര്‍ക്ക് ആപ്പിള്‍ വാച്ച് എസ്ഇ പരിഗണിക്കാം. സീരീസ് 8ന്റെ പല ഫീച്ചറുകളും ലഭിക്കും. എന്നാല്‍, ഓള്‍വെയ്‌സ് ഓണ്‍ ഡിസ്‌പ്ലേ, രക്തത്തിലെ ഓക്‌സിജന്റെ അളവ് പരിശോധിക്കല്‍, ഇസിജി ആപ് തുടങ്ങി ചില ഫീച്ചറുകള്‍ ലഭിക്കില്ല. 18 മണിക്കൂര്‍ വരെ ബാറ്ററി ലൈഫ്. വില 30,000 രൂപയ്ക്കു മുകളില്‍ തുടങ്ങുന്നു. ( ഇതെഴുതുന്ന സമയത്ത് 29,000 രൂപയ്ക്ക് ആമസോണില്‍ ലഭ്യമാണ്.)

 

∙ സാംസങ്ങിന്റെ ഏറ്റവും മികച്ച വാച്ച് - ഗ്യാലക്‌സി വാച്ച് 4

 

വെയര്‍ ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഈ വാച്ചിന് മിക്ക ഫീച്ചറുകളും ഉണ്ട്. ഗൂഗിള്‍ പ്ലേ സ്റ്റോര്‍, മാപ്‌സ്, തേഡ് പാര്‍ട്ടി ആപ്പുകള്‍ തുടങ്ങി പലതും. ഇല്ലാത്ത ഫീച്ചറുകളില്‍ പ്രധാനം ഗൂഗിള്‍ അസിസ്റ്റന്റ് ആണ്. ശ്രദ്ധിക്കുക– ഐഫോണുമായി സഹകരിച്ചു പ്രവര്‍ത്തിപ്പിക്കാന്‍ സാധ്യമല്ലാത്ത ആദ്യ സാംസങ് വാച്ചാണിത്. സാംസങ്ങിന്റെ തന്നെ ഫോണുകളോ, ഏതെങ്കിലും ആന്‍ഡ്രോയിഡ് ഫോണോ ഉള്ളവര്‍ക്ക് ഉചിതം. വാച്ച് 4, വാച്ച് 4 ക്ലാസിക് എന്നിങ്ങനെ രണ്ട് വേര്‍ഷനുകള്‍ ഉണ്ട്. വാച്ച് 4 തുടക്ക വേരിയന്റിന് ആമസോണില്‍ 12,040 രൂപയ്ക്ക് വില്‍ക്കുന്നുണ്ട്. എംആര്‍പി 29,999 രൂപ. ക്ലാസിക്ക് 18,089 രൂപയ്ക്കു വില്‍ക്കുന്നു. എംആര്‍പി 37,990 രൂപ. 

 

∙ ഗാര്‍മിന്‍ വെനു 2 പ്ലസ്

 

ദൈനംദിന ജീവിതത്തിന് ഏറ്റവും മികച്ച ഗാര്‍മിന്‍ വാച്ചാണിത്. സ്പീക്കറും മൈക്രോഫോണും അടക്കം ഉണ്ട്. ഫോണിന്റെ വോയിസ് അസിസ്റ്റന്റുമായി സഹകരിച്ചു പ്രവര്‍ത്തിക്കും. മികച്ച ഫീച്ചറുകളില്‍ മിക്കതും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഒരാഴ്ചയോളം ബാറ്ററി ലൈഫ്. വില 47,990 രൂപ. എംആര്‍പി 50,490 രൂപ.

 

∙ ഗ്യാലക്‌സി വാച്ച് 3

 

കൊടുക്കുന്ന കാശു മുതലാകുന്ന ഗ്യാലക്‌സി വാച്ച് എന്ന വിവരണമാണ് ഇതിന ലഭിക്കുന്നത്. വലുപ്പക്കുറവാണ് ഇതിന്റെ ഒരു മേന്മ. മിക്ക ഫീച്ചറുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 56 മണിക്കൂര്‍ വരെ ബാറ്ററി ലൈഫ്. ഐഫോണ്‍ യൂസര്‍മാര്‍ക്കും പരിഗണിക്കാം. തുടക്കവേരിയന്റിന് വില 11,299 രൂപ. എംആര്‍പി 30,999 രൂപ.

 

∙ ഗാര്‍മിൻ ഫീനിക്‌സ് 7

 

പല രീതിയിലും മികച്ച വാച്ച്. എന്നാല്‍ വില കൂടുതലാണ്. മിക്ക ട്രാക്കിങ് സംവിധാനങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇതിന് 14 ദിവസം വരെ ബാറ്ററി ലൈഫും ലഭിക്കും. പക്ഷേ തുടക്ക വില തന്നെ 67,990 രൂപയാണ്. 

 

∙ ഗാര്‍മിന്‍ എപിക്‌സ് ജെന്‍2

 

ഒരു സ്‌പോര്‍ട്‌സ് വാച്ചില്‍ നിന്നു പ്രതീക്ഷിക്കുന്ന ഫീച്ചറുകളെല്ലാം ഉള്‍പ്പെടുത്തിയിരിക്കുന്നു. അവിശ്വസനീയമായ ജിപിഎസ് കൃത്യത, റിയല്‍ടൈം സ്റ്റാമിന ടൂള്‍, മ്യൂസിക് സ്ട്രീമിങ്, തുടങ്ങി ഒട്ടനവധി ഫീച്ചറുകളുടെ സമ്മേളനമാണിത്. ആറു ദിവസം വരെ ബാറ്ററി ലൈഫ്. എംആര്‍പി 89,990 രൂപ.

 

English Summary: What to know about buying smartwatches, best smartwatches -2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com