ADVERTISEMENT

ആദ്യ 'സ്‌പെഷ്യല്‍ കംപ്യൂട്ടര്‍' എന്ന വിവരണത്തോടെ ആപ്പിള്‍ കമ്പനി അവതരിപ്പിച്ച വിഷന്‍ പ്രോ ഹെഡ്‌സെറ്റില്‍ നിരവധി  ആധുനിക സംവിധാനങ്ങളാണുള്ളത് . എന്നാൽ അവയില്‍ അധികമാരും  സംസാരിക്കാതിരുന്ന ഒരു ഫീച്ചർ പരിശോധിക്കാം. ആപ്പിളിന്റെ ആദ്യ3ഡി ക്യാമറാ സംവിധാനം ഉള്‍പ്പെടുത്തിയാണ് വിഷന്‍ പ്രോ അവതരിപ്പിച്ചിരിക്കുന്നത്.

ഐഫോണുകളുടെയും മറ്റു സാധാരണ ക്യാമറകളുടെയും രീതിയില്‍ നിന്നു മാറി, ത്രിമാന  ചിത്രങ്ങളും, വിഡിയോയും,  ഓഡിയോയും പകര്‍ത്താന്‍ കെല്‍പ്പുള്ളതാണ് ഹെഡ്‌സെറ്റിലെ ക്യാമറാ സിസ്റ്റം. ഇങ്ങനെ ചിത്രീകരിക്കുന്ന വിഡിയോ വീണ്ടും കാണുമ്പോള്‍ കൂടുതല്‍  മികച്ച അനുഭവം ലഭിക്കുമെന്ന് കമ്പനി പറയുന്ന . നോക്കുമ്പോള്‍ എവിടെ നിന്നാണോ സ്വരം വരുന്നതെന്നു തോന്നുന്നത്, അവിടെ നിന്നു തന്നെ എന്ന തോന്നലുണ്ടാക്കാന്‍ വിഷന്‍ പ്രോയുടെ സ്‌പേഷ്യല്‍ ഓഡിയോ റെക്കോഡിങിനും സാധിക്കുമെന്നാണ് അവകാശവാദം . 

ഫൊട്ടോഗ്രാഫിയെ  പരിഷ്‌കരിക്കാന്‍ കെല്‍പ്പുള്ള മാറ്റം?

ഭാവിയില്‍ ഇറങ്ങിയേക്കാവുന്ന ഐഫോണുകളിലും വിഷന്‍ പ്രോയില്‍ ഉള്ള രീതിയില്‍ ത്രിമാന സംവിധാനം രേഖപ്പെടുത്തിയെടുക്കാവുന്ന ക്യാമറകള്‍ വന്നേക്കും. ഇക്കാര്യത്തിൽ ആപ്പിള്‍ വിജയിച്ചാല്‍  ഫൊട്ടോഗ്രാഫി സമൂലം മാറിയേക്കുമെന്നും അഭിപ്രായമുണ്ട്.  ചില ആപ്പിള്‍ ആരാധകര്‍ വര്‍ഷങ്ങളായി പറഞ്ഞുവരുന്നത് ആപ്പിള്‍ ആയിരിക്കും പരമ്പരാഗത ഫൊട്ടോഗ്രാഫിയില്‍ നിന്നു ലോകത്തെ മോചിപ്പിക്കുക എന്നാണ്.  

ആപ്പിളിന്റെ ക്യാമറകള്‍ ഐഫോണുകളില്‍ മാത്രമാണ് ഉള്ളത്.  എന്നാല്‍, അധികമാര്‍ക്കും അറിയാത്തഒരു കാര്യമുണ്ട്. 1994 മുതല്‍ 1997 വരെയുള്ള കാലഘട്ടത്തില്‍ ആപ്പിള്‍ ക്വിക്‌ടെയ്ക് എന്ന പേരില്‍ മൂന്നു ക്യാമറകള്‍ ഇറക്കിയിരുന്നു. (ഫൂജിഫിലിം ആയിരുന്നു ഇവ നിര്‍മ്മിച്ചു നല്‍കിയിരുന്നത്.) ക്വിക്‌ടെയ്കിനു ശേഷം ഫൊട്ടോഗ്രാഫിയില്‍ ആപ്പിള്‍ നടത്തുന്ന ഏറ്റവും വലിയ ചുവടുവയ്പ്പാണ് വിഷന്‍ പ്രോയിലെ 3ഡി ക്യാമറ എന്നുവരെ പറയപ്പെടുന്നു. അതേസമയം, ഈ അപാര സാധ്യത വിജയിപ്പിച്ചെടുക്കുക എന്നത് ശ്രമകരമായിരിക്കും എന്നും വാദമുണ്ട്. 

വ്യാപകമായ പരിഹാസം!

വിഷന്‍ പ്രോയുടെ ക്യാമറ മുഖത്ത് അണിഞ്ഞു മാത്രമാണ് ഫോട്ടോ എടുക്കാന്‍ സാധിക്കുക എന്ന കാര്യം പറഞ്ഞ് ആപ്പിളിന് വ്യാപകമായ പരിഹാസവും നേരിടേണ്ടിവന്നു. 'ഡെമോ'യ്ക്കായി ഹെഡ്‌സെറ്റ് അണിഞ്ഞവരില്‍ ചിലര്‍ പോലും ഇക്കാര്യം എടുത്തുപറഞ്ഞിട്ടുണ്ട്. എന്നാല്‍, ഈ സാങ്കേതികവിദ്യ ഐഫോണിലേക്കും മറ്റും എത്തുകയാണെങ്കില്‍ അത് പുതിയൊരു തുടക്കം തന്നെ കുറിച്ചേക്കും. 

താമസിയാതെ 3ഡി ക്യാമറാ സിസ്റ്റം ഐഫോണിലും, മിക്കവാറും ഐപാഡിലും എത്തിയേക്കും. ഇതിനു വേണ്ട സെന്‍സറുകളും, സോഫ്റ്റ്‌വെയറും, ഐഫോണുകളില്‍ ഇപ്പോള്‍ തന്നെയുള്ള ലൈഡാർ സെന്‍സറുകളുമായി സഹകരിച്ചു പ്രവര്‍ത്തിപ്പിച്ചാല്‍, അവയ്ക്കും ത്രിമാന ചിത്രങ്ങളും വിഡിയോയും സ്‌പേഷ്യല്‍ ഓഡിയോയും റെക്കോഡു ചെയ്യാന്‍ സാധിച്ചേക്കും. 

ആപ്പിള്‍ മാത്രമല്ല ഈ മേഖലയില്‍ മുന്നേറ്റത്തിനു ശ്രമിക്കുന്നത്

ത്രിമാനതയുള്ള ഉള്ളടക്കം സൃഷ്ടിക്കാനുള്ള ശ്രമം പുതിയതേയല്ല. സ്റ്റിരിയോസ്‌കോപ്‌സ് (stereoscopes) എന്ന പേരില്‍ നടത്തിവന്ന പരീക്ഷണങ്ങളെ പോലും ഇതിന്റെ ആദ്യ പടിയായി വിശേഷിപ്പിക്കുന്നവരുണ്ട്. 

പോളിക്യാം

ഐഓഎസിലും, ആന്‍ഡ്രോയിഡിലും ഇന്‍സ്‌റ്റാള്‍ ചെയ്യാവുന്ന 3ഡി സ്‌കാനിങ് ആപ്പാണ് പോളിക്യാം. പോളിക്യാമിന്റെ സ്ഥാപകനായ ക്രിസ് ഹെന്റിച് പറയുന്നത് ആപ്പിളിന്റെ സ്‌പേഷ്യല്‍ ഫോട്ടോസ് അപാര സാധ്യതയാണ് തുറന്നിടുന്നത് എന്നാണ്. എന്നാല്‍ ഇപ്പോള്‍ ഏറ്റവും പ്രചാരമുള്ള ക്യാമറകള്‍ക്കു പോലും സ്‌പേഷ്യല്‍ ഫോട്ടോസിനു വേണ്ട ഉള്ളടക്കം സൃഷ്ടിക്കാന്‍ സാധ്യമല്ല. 

പരമ്പരാഗത ക്യാമറകളില്‍ എടുക്കുന്ന ചിത്രങ്ങള്‍ വിഷന്‍ പ്രോ പോലെയുള്ള സംവിധാനങ്ങളില്‍ യാതൊരു പ്രഭാവും സൃഷ്ടിക്കാന്‍ കെല്‍പ്പുള്ളവയല്ല എന്നും ക്രിസ് പറയുന്നു. അതേസമയം, ആപ്പിളിന്റെ സ്‌പേഷ്യല്‍ ഫോട്ടോകളും വിഡിയോകളും ശരിയായ 3ഡി മോഡലുകളല്ലെന്നും, അവ സ്റ്റെറിയോസ്‌കോപിക് ഫോട്ടോകള്‍ മാത്രമാണെന്നും അവയ്ക്ക് ഒരു ത്രിമാനത തോന്നിപ്പിക്കാന്‍ മാത്രമെ സാധിക്കൂ എന്നും ക്രിസ് അവകാശപ്പെടുന്നു. 

വിമര്‍ശനം

ഒട്ടു മിക്ക ഉപയോക്താക്കള്‍ക്കും 3ഡി കണ്ടെന്റ് വെറും തട്ടിപ്പായി തോന്നിയേക്കുമെന്നു വാദിക്കുന്നവരും ഉണ്ട്. മുമ്പ് 3ഡി ടിവി, മോണിട്ടര്‍ തുടങ്ങി പല ഉപകരണങ്ങളും ഇറങ്ങി  പരാജയപ്പെട്ടിട്ടുണ്ട്. അവയുടെ ഗതിയാണോ വിഷന്‍ പ്രോയെ കാത്തിരിക്കുന്നതെന്ന് ഭയക്കുന്നവരും ഉണ്ട്. സ്‌റ്റീരീയൊ ക്യാമറകളും ഇതാദ്യമായല്ല ഉണ്ടാക്കപ്പെടുന്നത് ഫൂജിഫില്‍ം ഫൈന്‍പിക്‌സ് റീയല്‍ 3ഡി ഡബ്ല്യൂ1 അത്തരത്തില്‍ പരാജയപ്പെട്ടവയുടെ പട്ടികയിലാണ് പലരും പെടുത്തിയിരിക്കുന്നത്. 

അതേസമയം, വിഷന്‍ പ്രോ കാര്യമായി ടെസ്റ്റു ചെയ്യുന്നതിനു മുമ്പുതന്നെ, അതാണ് ഭാവി എന്ന രീതിയില്‍ പലരും പ്രചാരണവും തുടങ്ങിക്കഴിഞ്ഞു. എന്തായാലും, ആപ്പിള്‍ പോലെ ഒരു കമ്പനി ത്രിമാനം പുന:സൃഷ്ടിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായതു തന്നെ വന്‍ മുന്നേറ്റത്തിന്റെ തുടക്കമായിരിക്കാമെന്നാണ് അവര്‍ പറയുന്നത്.  

ഐഫോണ്‍ 15ന് 3ഡി ക്യാമറാ സിസ്റ്റം?

സ്വാഭാവികമായും വിഷന്‍ പ്രോയില്‍ ത്രിമാനതയോടെ കാണാവുന്ന ചിത്രങ്ങളും വിഡിയോയും എടുക്കാനുള്ള ശേഷി ഐഫോണ്‍ 15 പ്രോ സീരിസിനെങ്കിലും പ്രതീക്ഷിക്കാവുന്നതാണ്. പക്ഷെ, അതിന് മിക്കവാറും നാലാമത് ഒരു ക്യാമറ കൂടെ വേണ്ടിവന്നേക്കാം. അതു കൂടാതെ, പിന്‍ക്യാമറാ സിസ്റ്റത്തിലെ മൊഡ്യൂളുകള്‍ തമ്മില്‍ അല്‍പ്പം അധികം അകലവും വേണ്ടിവന്നേക്കും. അതിനാല്‍ തന്നെ ഐഫോണ്‍ 15 സീരിസില്‍ ഇതു പ്രതീക്ഷിക്കാതിരിക്കുകയായിരിക്കും ഉചിതമെന്നു വാദമുണ്ട്. എന്നാല്‍, 2024ല്‍ ഇത്തരം ഒരു സിസ്റ്റം ഐഫോണുകളില്‍ വന്നേക്കും. ഐഫോണ്‍ 16 അല്ലെങ്കില്‍ അതിനു ശേഷം ഇറങ്ങുന്ന ഫോണുകളില്‍ ഏതിലെങ്കിലുമായിരിക്കും ഇതുണ്ടാകുകയെന്നാണ് കൂടുതല്‍ പേരും കരുതുന്നത്. 

സ്‌പേഷ്യല്‍ ഫോട്ടോ എടുക്കാന്‍ മികച്ച ഉപകരണമേത്?

വിഷന്‍ പ്രോ തന്നെ ആയിരിക്കുമോ, അതോ ഐഫോണോ ഐപാഡോ ആയിരിക്കുമോ സ്‌പേഷ്യല്‍ ഫോട്ടോ എടുക്കാന്‍ മികച്ച ഉപകരണമെന്ന കാര്യവും ചര്‍ച്ച ചെയ്യപ്പെടുന്നു. ഹെഡ്‌സെറ്റിനെക്കാള്‍ നല്ലത് ഐഫോണ്‍ തന്നെയായിരിക്കുമെന്നും പലരും കരുതുന്നു. അതേസമയം, വിഷന്‍പ്രോയ്ക്ക് ശക്തി പകരുന്നത് ഒരു കംപ്യൂട്ടര്‍ പ്രൊസസര്‍ ആണ്. ഇപ്പോള്‍ വരെയുള്ള ഐഫോണുകള്‍ക്ക് മൊബൈല്‍ പ്രൊസസറും ആണ്. അതിനാല്‍ തന്നെ കൂടുതല്‍ കരുത്തുറ്റ ഹാര്‍ഡ്‌വെയര്‍ വന്നതിനു ശേഷം ത്രിമാന ക്യാമറയും മറ്റും ഫോണില്‍ പ്രതീക്ഷിച്ചാല്‍ മതിയെന്ന വാദവും ശക്തമാണ്. 

English Summary: Applle Vision Pro 3D Camera system Pros and cons.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com