ADVERTISEMENT

ഐഫോണ്‍ 14യുടെ  പകർപ്പുപോലെ ഉണ്ടാക്കിയ ഒരു ഐഫോണ്‍ എസ്ഇ കൈയ്യിലെത്തിയാലോ? പുതിയ അഭ്യൂഹങ്ങള്‍ ശരിയാകുകയാണെങ്കില്‍ അത്തരം ഒരു ഫോണ്‍ ഇപ്പോള്‍ ആപ്പിള്‍ നിര്‍മിച്ചുവരുന്നുണ്ട്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അത് വിപണിയിലെത്തുകയും ചെയ്‌തേക്കും. ഐഫോണ്‍ എസ്ഇ 4 മോഡല്‍ കമ്പനിക്കുളളില്‍ അറിയപ്പെടുന്നത് 'ഡി59' എന്നാണെന്നും, ഡിസൈനിനു പുറമെ ഐഫോണ്‍ 14ല്‍ ഉള്ള അതേ 3,279എംഎഎച് ബാറ്ററിയും ഉണ്ടായിരിക്കുമെന്നും മാക്‌റൂമേഴ്‌സിന്റെ റിപ്പോര്‍ട്ട്പ്രവചിക്കുന്നു.

എസ്ഇ 4 മോഡലില്‍ ഉപയോഗിക്കുന്നത് എ2863 ബാറ്ററിയായിരിക്കും. ഇതാണ് ഐഫോണ്‍ 14 മോഡലിലുള്ളത്. അതിനര്‍ത്ഥം, ഐഫോണ്‍ എസ്ഇ 4നായി വേറെ ബാറ്ററി ഉണ്ടാക്കിയെടുക്കാന്‍ ആപ്പിള്‍ മിനക്കെട്ടിട്ടില്ലെന്നുകൂടെയാണ്. അല്‍പ്പം പണം ലാഭിക്കാനുള്ള ശ്രമമായാണ് ഇതിനെ കാണുന്നത്.

Image Credit: husayno/Istock
Image Credit: husayno/Istock

ഐഫോണ്‍ എസ്ഇ 4ന്റെ പ്രസക്തി

പ്രീമിയം ശ്രേണിയുള്ള പുതിയ ഐഫോണ്‍ വേണമെന്നുള്ളവര്‍ കുറഞ്ഞത് 80,000 രൂപ മുടക്കേണ്ട അവസ്ഥയാണ് ഇന്നുള്ളത്. പിന്നെയുള്ളത് ഐഫോണ്‍ എസ്ഇ 2022 ആണ്. ഇതിനാകട്ടെ ഐഫോണ്‍ 8ന്റേതിനു സമാനമായ രൂപകല്‍പ്പനാ രീതിയുമാണ്. അതൊരു പിന്നോട്ടു പോക്കാണ്. അതിന്റെ 64ജിബി വേരിയന്റിന് ഇതെഴുതുന്ന സമയത്ത് ഫ്‌ളിപ്കാര്‍ട്ടില്‍ 49,900 രൂപയാണ് വിലയും.

അടുത്തിറങ്ങാന്‍ പോകുന്ന ഐഫോണ്‍ എസ്ഇ 4ന് ആധൂനക രൂപകല്‍പ്പനാ രീതി മാത്രമല്ല, യുഎസ്ബി-സി പോര്‍ട്ട്, ആക്ഷന്‍ ബട്ടണ്‍ തുടങ്ങിയവയും ഉണ്ടായിരിക്കും എന്നും പ്രവചിക്കപ്പെടുന്നു. അതേസമയം, ഐഫോണ്‍ 14നെ അപേക്ഷിച്ച് എന്തെല്ലാം കുറവുകളാണ് ഐഫോണ്‍ എസ്ഇ 4ല്‍ ഉണ്ടായിരിക്കുക എന്ന കാര്യത്തില്‍ ഇപ്പോള്‍ വലിയ സൂചനകളൊന്നുമില്ല. താരതമ്യേന പുതിയ പ്രൊസസര്‍ തന്നെയായിരിക്കാം. സ്‌ക്രീന്‍ ടെക്‌നോളജിലും ക്യാമറാ ടെക്‌നോളജിയിലുമായിരിക്കും ആപ്പിള്‍ പിശുക്കുകാണിക്കാന്‍ പോകുന്നത് എന്നാണ് കരുതുന്നത്.

പുതിയ ബാറ്ററി സാങ്കേതികവിദ്യയിലേക്ക് ആപ്പിള്‍

അതേസമയം, അടുത്ത വര്‍ഷം ഇറക്കാന്‍ പോകുന്ന ഐഫോണ്‍ 16 പ്രോ മോഡലുകളില്‍ ഐഫോണുകളില്‍ ഇന്നേവരെ കണ്ടിട്ടില്ലാത്തതരം സാങ്കേതികവിദ്യ ഉപയോഗിച്ചേക്കും എന്നും സൂചനകളുണ്ട്. ഐഫോണ്‍ 15 പ്രോ സീരിസിലെചില ഫോണുകള്‍ അമിതമായി ചൂടാകുന്നു എന്ന ആരോപണം ഉയര്‍ന്നതോടെയാണ് ആപ്പിള്‍ പുതിയ നീക്കം നടത്തിയിരിക്കുന്നത്. തെര്‍മ്മല്‍ ശേഷിയുളള ബാറ്ററി സാങ്കേതികവിദ്യയായിരിക്കും ഐഫോണ്‍ 16 പ്രോ സീരിസിലെത്തുക എന്നാണ് പല സൂചനകളും പറയുന്നത്.

എന്നാല്‍, എസ്ഇ സീരിസിനും ബാറ്ററി വിഭാഗത്തില്‍ മികച്ച ഉത്തേജനം തന്നെയാണ് ആപ്പിള്‍ നല്‍കുന്നത്. ഐഫോണ്‍ എസ്ഇ 3 മോഡലില്‍ ഉള്ളത് എ2863 എന്നറിയപ്പെടുന്ന ബാറ്ററിയാണ്. ഇതിനെ അപേക്ഷിച്ച് 1250എംഎഎച് അധിക ശേഷിയായിരിക്കും എസ്ഇ 4ല്‍ ഉണ്ടാകുകയത്രെ. ഈ വിവരങ്ങളെല്ലാം ഐഫോണ്‍ എസ്ഇ 4ന്റെ പ്രോട്ടോടൈപിനെ ആസ്പദമാക്കിയുള്ളതാണ്. ആപ്പിള്‍ ഔദ്യോഗികമായി ഇത്തരം ഒരു ഫോണ്‍ നിര്‍മ്മിച്ചുവരുന്നതായി പ്രഖ്യാപിക്കാത്തതിനാല്‍ വിവരങ്ങളെല്ലാം ഊഹാപോഹങ്ങളില്‍ അധിഷ്ഠിതമാണ്.

ഇന്ത്യയില്‍ ആപ്പിളിനായി ബാറ്ററി നിര്‍മ്മിക്കാന്‍ പല കമ്പനികള്‍

ചൈനയില്‍ നിന്ന് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പല രാജ്യങ്ങളിലേക്ക് മാറ്റാനുളള ശ്രമത്തിലാണ് ആപ്പിള്‍. ഇതിന്റെ ഭാഗമായി ഇന്ത്യയില്‍ തങ്ങള്‍ക്കു വേണ്ടി ബാറ്ററി നിര്‍മ്മിച്ചെടുക്കാന്‍ പലകമ്പനികളെയും പ്രോത്സാഹിപ്പിക്കുകയാണ് കമ്പനി എന്ന് ഫൈനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നു.

ആപ്പിളിന് ബാറ്ററി നിര്‍മ്മിച്ചു നല്‍കാനായി ജാപ്പനീസ് കമ്പനിയായ ടിഡികെ ഹരിയാനയിലെ മനേസറില്‍ 180 എക്കര്‍ സ്ഥലം ഏറ്റെടുത്തെന്ന് ഐടി വകുപ്പു സഹമന്ത്രി രാജിവ് ചന്ദ്രശേഖര്‍ഏതാനും ദിവസം മുമ്പ് അറിയിച്ചിരുന്നു.

അതിനു പുറമെ ചൈനീസ് കമ്പനിയായ ഡെസായ് (Desay), തയ്‌വനിസ് കമ്പനിയായ സിംപ്ലോ ടെക്‌നോളജി എന്നിവയോടും ഇന്ത്യയില്‍ പുതിയ ബാറ്ററി നിര്‍മ്മാണശാലകള്‍ തുടങ്ങാന്‍ ആപ്പിള്‍ ആവശ്യപ്പെട്ടു എന്നുംഎഫിടി പറയുന്നു. ടിഡികെ പോലെയുള്ള കമ്പനികള്‍ ഉണ്ടാക്കുന്ന ഇലക്ട്രിക് സെല്ലുകള്‍ പാക്കേജ് ചെയ്യുക എന്നതായിരിക്കും മറ്റു രണ്ടു കമ്പനികളുടെയും പണി എന്നാണ് സൂചന. തങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ചൈനയില്‍ നിന്ന് ഇന്ത്യയിലേക്കും വിയറ്റ്‌നാമിലേക്കും മാറ്റാനാണ്ആപ്പിള്‍ ശ്രമിക്കുന്നതെന്നാണ് റോയിട്ടേഴ്‌സ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

Image Credit: X/Shutthiphong Chandaeng
Image Credit: X/Shutthiphong Chandaeng

എഐ ഗോദായിലേക്ക് ആപ്പിളും

ഓപ്പണ്‍എഐ, മൈക്രോസോഫ്റ്റ്, ഗൂഗിള്‍, മെറ്റാ തുടങ്ങിയ കമ്പനികള്‍ എഐയുടെ കാര്യത്തില്‍ സാരമായ പുരോഗതി പ്രദര്‍ശിപ്പിച്ചു കഴിഞ്ഞ ഈ സാഹചര്യത്തിലും, ആപ്പിള്‍ ഈ മേഖലയില്‍ കാര്യമായ സാന്നിധ്യം അറിയിച്ചിട്ടില്ല എന്ന പരാതി കമ്പനിയുടെ ഫാന്‍സും നിക്ഷേപകരും ഉന്നയിച്ചു വരികയായിരുന്നു.

ഇക്കാര്യത്തില്‍ ഇനി ശങ്കയ്ക്ക് കാര്യമില്ലെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. ദി വേര്‍ജിന്റെ പുതിയ റിപ്പോര്‍ട്ട് പ്രകാരം ആപ്പിള്‍ തങ്ങളുടെ സ്വന്തം 'മെഷീന്‍ ലേണിങ് ഫ്രെയിംവര്‍ക്ക്' ഡിവലപ്പര്‍മാര്‍ക്കായി പുറത്തിറക്കിക്കഴിഞ്ഞു.

ആപ്പിളിന്റെ സ്വന്തം പ്രൊസസറുകളില്‍ സുഗമമായി പ്രവര്‍ത്തിക്കാന്‍ പാകത്തിനുള്ള ആപ്പുകളും മറ്റും സൃഷ്ടിക്കാനായിരിക്കും ഇത് ഉപകരിക്കുക. ഡീപ്‌ലേണിങ് മോഡല്‍ ലൈബ്രറിയായ 'എംഎല്‍എക്‌സ് ഡേറ്റ'യാണ്റിലീസ് ചെയ്തിരിക്കുന്നതത്രെ. അതേസമയം, ആപ്പിള്‍ ജനറേറ്റിവ് എഐ ആപ്ലിക്കേഷന്‍സ് സൃഷ്ടിക്കാനല്ല ശ്രമിക്കുന്നത്, മറിച്ച് മെഷീന്‍ ലേണിങിനെ മുന്നില്‍ നിറുത്താനാണ് എന്നതും ശ്രദ്ധേയമാണ് എന്നും കാണാം.

Image: Canva
Image: Canva

എഐ കണ്ടെന്റിന് വാട്ടര്‍ക്ക് ഇടാന്‍ മെറ്റായും

നിര്‍മിത ബുദ്ധിയുടെ കടന്നുവരവോടെ വേണമെങ്കില്‍ ആര്‍ക്കും തെറ്റിധാരണ പരത്താവുന്ന ഉള്ളടക്കം സൃഷ്ടിച്ചെടുക്കാവുന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണ്. ഇത് വന്‍ സാമൂഹിക വിപത്തിലേക്കുനയിച്ചേക്കാം എന്ന മുന്നറിയിപ്പ് എല്ലാ കോണുകളില്‍ നിന്നും മുഴങ്ങിത്തുടങ്ങി. ഇത്തരം ടൂളുകള്‍ നിരോധിച്ചേക്കാനുള്ള സാധ്യത പോലും ഉണ്ട്.

ഇത് മുന്നില്‍ കണ്ട് എഐ സേവനങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ തങ്ങളുടെ ടൂളുകള്‍ ഉപയോഗിച്ചു സൃഷ്ടിക്കുന്ന ചിത്രങ്ങള്‍ക്കും വിഡിയോയ്ക്കും വാട്ടര്‍മാര്‍ക്ക് നല്‍കി തുടങ്ങി. ആദ്യം ഇത് ചെയ്തത് മൈക്രോസോഫ്റ്റും ഗൂഗിളും ആണ്. ആ പാത പിന്തുടരാന്‍ തീരുമാനിച്ചിരിക്കുകയാണ് മറ്റൊരു ടെക്‌നോളജി ഭീമനായ മെറ്റായും.

Image Credit:Nothing
Image Credit:Nothing

നതിങ് ഫോണ്‍ 2എ ഉടന്‍ അവതരിപ്പിച്ചേക്കും

ആന്‍ഡ്രോയിഡ് ഫോണ്‍ നിര്‍മാണത്തിൽ വേറിട്ട വഴി സ്വീകരിച്ച കമ്പനിയായ നതിങ് പുതിയ മോഡല്‍ പുറത്തിറക്കിയേക്കാമെന്ന് അഭ്യൂഹം. നതിങ് ഫോണ്‍ 2എ എന്നായിരിക്കും ഇതിന്റെ പേര്. ഫോണ്‍ ഈ ആഴ്ചപുറത്തിറക്കിയേക്കുമെന്നാണ് സൂചന. നതിങ് ഫോണുകളെ എടുത്തുകാണിക്കുന്ന സുതാര്യ പിന്‍പ്രതലം പുതിയ മോഡലിലും പ്രതീക്ഷിക്കുന്നു.

നതിങ് ഫോണ്‍ 2എക്ക് 6.7-ഇഞ്ച് വലിപ്പമുള്ള അമോലെഡ് ഡിസ്‌പ്ലെ ആയിരിക്കും. സ്‌നാപ്ഡ്രാഗണ്‍ 778ജി ആയിരിക്കും പ്രൊസസര്‍. കമ്പനി ഇപ്പോള്‍ വില്‍ക്കുന്ന ഏറ്റവും മികച്ച മോഡലായ നതിങ് ഫോണ്‍ (2) പ്രവര്‍ത്തിക്കുന്നത് സ്‌നാപ്ഡ്രാഗണ്‍ ജെന്‍ 2 ഉപയോഗിച്ചാണ്. നതിങ് ഫോണ്‍ 2എ പുറത്തിറക്കുമെന്ന അവകാശവാദം നടത്തിയിരിക്കുന്നത് അഭിഷേക് യാദവ് എന്ന പേരില്‍ അറിയപ്പെടുന്ന എക്‌സ് യൂസര്‍ ആണ്.

റെഡ്മി പാഡ് ടാബ് വില കുറച്ചു

ഷഓമി കമ്പനിയുടെ സബ് ബ്രാന്‍ഡ് ആയ റെഡ്മി ഇറക്കിയിരിക്കുന്ന ടാബ്‌ലറ്റ് കംപ്യൂട്ടറുകള്‍ക്ക് വില കുറച്ചു. റെഡ്മി പാഡ് എന്നു വിളിക്കുന്ന ടാബിന് 3ജിബി + 64ജിബി, 4ജിബി + 128ജിബി 6ജിബി + 128ജിബി വേരിയന്റുകളാണ് ഉളളത്. ഇതില്‍ തുടക്ക വേരിയന്റിന്റെ എംആര്‍പി 14,999 രൂപയാണ്. അതിപ്പോള്‍ 13,999 രൂപആയി കുറച്ചിരിക്കുന്നു എന്നാണ് കമ്പനി പറഞ്ഞിരിക്കുന്നത്. എന്നാല്‍, എച്ഡിഎഫ്‌സി, ഐസിഐസിഐ ബാങ്കുകളുടെ ഓഫറുകളും ചേര്‍ത്താല്‍ വില കുറച്ചു വാങ്ങാമെന്നാണ് ഷഓമി പറയുന്നത്. എച്ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാല്‍ 1,500 രൂപ വരെ കുറയ്ക്കാം. എംഐ.കോമിലാണ് ഓഫര്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com