ADVERTISEMENT

ഭൂമിയിലിരുന്ന് ആകാശത്തെ ഗ്രഹങ്ങളെയും മറ്റും മനസ്സിലാക്കാൻ ഇന്നു വലിയ ബുദ്ധിമുട്ടൊന്നുമില്ല. ശാസ്ത്രം അത്രയേറെ വികസിച്ചിരിക്കുന്നു. എന്നാൽ വർഷങ്ങൾക്കു മുന്‍പ്, ടെലസ്കോപ് പോലും കണ്ടുപിടിക്കുന്നതിനു മുൻപ്, ആകാശത്തെ വിശേഷങ്ങൾ കണ്ടെത്തിയ ഒരു കൂട്ടരുണ്ട്– മായൻ വിഭാഗക്കാർ. ഇവർ നിർമിച്ച പിരമിഡുകളിലും പലതരം സ്തൂപങ്ങളിലും വാനനിരീക്ഷണത്തിനുള്ള സംവിധാനങ്ങളുണ്ടായിരുന്നെന്നാണു പറയപ്പെടുന്നത്. ലോകാവസാനം പ്രവചിക്കുന്നതാണു മായൻ കലണ്ടറെന്ന വിശ്വാസത്തിന്റെ പേരിൽ 2012ൽ ലോകം അവസാനിക്കുമെന്നു വരെ കരുതിയവരുണ്ട്. ആ പേരിൽ ഒരു സിനിമ വരെ പുറത്തിറങ്ങി. 

 

ഭൂമിക്കടിയിൽ വരെ കെട്ടിടങ്ങളും മറ്റും നിർമിക്കുന്നതിൽ അഗ്രഗണ്യരായിരുന്നു മായൻ വിഭാഗക്കാർ. എന്നാൽ എട്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഈ സമൂഹം പതിയെ ഇല്ലാതാകാൻ തുടങ്ങി. ഒന്‍പതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ അതിന്റെ വേഗവും കൂടി. കെട്ടിപ്പൊക്കിയ മായൻ നഗരങ്ങളിൽ നിന്ന് ജനങ്ങൾ കൂട്ടത്തോടെ ഒഴിഞ്ഞുപോയി, പലരും രോഗബാധിതരായി. യുദ്ധം, കാലാവസ്ഥാ വ്യതിയാനം, അമിത ജനസംഖ്യ തുടങ്ങിയ കാരണങ്ങളെല്ലാം ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. പക്ഷേ മായന്മാർ ഇല്ലാതായതിനു പിന്നിലെ കാരണം ഇന്നും അജ്ഞാതം. 

 

മെക്സിക്കോയിലെ യുക്കട്ടാൻ പെനിൻസുലയിൽ ഇന്നും മായൻ സംസ്കാരത്തിന്റെ ശേഷിപ്പുകളുണ്ട്. അതിൽപ്പെട്ട ചിച്ചെൻ ഇത്‌സ എന്ന പ്രദേശത്ത് ഇന്നും ആർക്കിയോളജിസ്റ്റുകള്‍ ഗവേഷണം തുടരുകയാണ്. എൽ കാസ്റ്റിജോ എന്ന പേരിൽ ഇവിടെ കെട്ടിപ്പൊക്കിയിരിക്കുന്ന പിരമിഡ് ഇന്നും ഒരു അദ്ഭുതമാണ്. എന്നാൽ അടുത്തിടെ മറ്റൊരു കണ്ടെത്തൽ കൂടി ഈ അദ്ഭുതങ്ങളുടെ പട്ടികയിലെത്തി. ഏഴ് അറകളുള്ള, ഇന്നോളം തുറക്കാത്ത ഒരു ഗുഹ. ഒട്ടേറെ കരകൗശല വസ്തുക്കളും അസ്ഥികളും ദൈവങ്ങൾക്ക് ബലി നൽകിയതിന്റെ തെളിവുകളുമെല്ലാമായിരുന്നു ഗുഹയിൽ. 

mayan-1-JPG

 

എൽ കാസ്റ്റിജോ പിരമിഡിന് 1.7 മൈൽ കിഴക്കു മാറിയായിരുന്നു ഗുഹ കണ്ടെത്തിയത്. സത്യത്തിൽ ഇതൊരു പുതിയ കണ്ടെത്തലല്ല. 50 വർഷം മുൻപേ തന്നെ ഈ ഗുഹയെപ്പറ്റി പ്രദേശവാസികൾ ആർക്കിയോളജിസ്റ്റായ വിക്ടർ സെഗോവിയ പിന്റോയെ അറിയിച്ചിരുന്നു. അദ്ദേഹം ആ ഗുഹാമുഖം മുദ്ര വച്ച് ഒരു റിപ്പോർട്ടും തയാറാക്കി. ഇതു പിന്നീട് എല്ലാവരും മറന്നു. അടുത്തിടെ വീണ്ടും പ്രദേശവാസികൾ ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോഴാണ് പുരാവസ്തു ഗവേഷകർക്കു മുന്നിൽ ഈ അദ്ഭുതലോകം തുറക്കപ്പെട്ടത്. അതിനകത്തെ യാതൊരു വസ്തുവും പിന്റോ അനക്കിയിരുന്നതു പോലുമില്ല. അതിനാൽത്തന്നെ മായൻ സംസ്കാരത്തിന്റെ ഭാഗമായുള്ള ജീവിതചര്യകളുടെ കൃത്യമായ തെളിവായിരുന്നു ഗുഹയ്ക്കകത്തു സംരക്ഷിക്കപ്പെട്ടിരുന്നത്. 

 

ആർക്കിയോളജിസ്റ്റ് ഗ്വില്ലെർമോ ഡി ആൻഡയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇത്തവണ ഗവേഷണത്തിനെത്തിയത്. ഗുഹയിലേക്കു കടക്കും മുൻപ് പ്രാദേശിക വിശ്വാസം അനുസരിച്ചുള്ള ആചാരാനുഷ്നങ്ങളും നടപ്പാക്കി. അതാകട്ടെ ആറു മണിക്കൂറോളം നീണ്ടു. ബാലാംകു എന്ന ചടങ്ങിനു ശേഷം ഗുഹ തുറന്നപ്പോൾ അറകളിലേക്കു കടക്കാൻ നൂണ്ടു നിരങ്ങി പോകേണ്ടി വന്നു. മെക്സിക്കൻ മഴദൈവമായ ട്‌ലലോക്കിനു വേണ്ടിയായിരുന്നു ഗുഹയ്ക്കകത്ത് പ്രധാനമായും പൂജകൾ. ഇവിടെ നരബലി നടത്തിയിരുന്നോയെന്നും പരിശോധിക്കുന്നുണ്ട്. മായൻ വിശ്വാസ പ്രകാരം ദൈവങ്ങൾക്കു ബലി കൊടുക്കപ്പെടുന്നത് ഉദാത്തമായാണു കരുതിയിരുന്നത്. 

 

കുന്തിരിക്കം പുകയ്ക്കാനുള്ള 155 സെറാമിക് പാത്രങ്ങൾ, കളിമണ്‍ പെട്ടികൾ, മറ്റു പാത്രങ്ങൾ തുടങ്ങിയവയും കണ്ടെത്തി. ഇവ പുറത്തേക്കെടുക്കാതെ പരിശോധിക്കാനാണു ഗവേഷകരുടെ തീരുമാനം. ഗ്രേറ്റ് മായ അക്വിഫർ പ്രോജക്ടിന്റെ ഭാഗമായാണ് ഗുഹാപര്യവേഷണം നടക്കുന്നത്.  യുക്കട്ടാൻ പെനിൻസുലയ്ക്കു താഴെയുള്ള ഗുഹാശൃംഖലയെപ്പറ്റി പഠിക്കുന്നതാണ് ഈ പ്രോജക്ട്. കഴിഞ്ഞ വർഷം ഈ പദ്ധതി പ്രകാരം നടത്തിയ അന്വേഷണത്തിലാണ് ലോകത്തിലെ ഏറ്റവും വലിയ അണ്ടർഗ്രൗണ്ട് കേവ് സിസ്റ്റം ഇവിടെ കണ്ടെത്തിയത്. ചിച്ചെൻ ഇത്‌സയുടെ ഇതുവരെയറിഞ്ഞ ചരിത്രം തന്നെ മാറ്റിമറിക്കുന്നതാകും പുതിയ കണ്ടെത്തൽ എന്നാണു ഗവേഷകർ പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com