ADVERTISEMENT

രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തിയ ശേഷം ഭൂമിയിലേക്ക് സുരക്ഷിതമായി തിരിച്ചിറങ്ങുന്ന ദൗത്യം സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ ക്യാപ്‌സ്യൂള്‍ വിജയകരമായി പൂര്‍ത്തിയാക്കി. മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള സ്‌പേസ് എക്‌സിന്റെ പദ്ധതിയുടെ ഭാഗമായുള്ള പരീക്ഷണമാണ് വിജയകരമായി പൂര്‍ത്തിയാക്കിയത്. മുന്‍ നിശ്ചയിച്ച പ്രകാരം അറ്റ്ലാറ്റിക് സമുദ്രത്തിലെ നിശ്ചിത ഭാഗത്തേക്കാണ് ഡ്രാഗണ്‍ ക്യാപ്‌സൂള്‍ പാരച്യൂട്ടുകളുടെ കൂടി സഹായത്തില്‍ സുരക്ഷിതമായി ഇറങ്ങിയത്. 

 

ശബ്ദത്തേക്കാള്‍ വേഗത്തില്‍ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കടന്ന ഡ്രാഗണ്‍ ക്യാപ്‌സ്യൂളിന്റെ വേഗം പാരച്യൂട്ടുകളുടെ സഹായത്തോടെയാണ് പടിപടിയായി കുറച്ചുകൊണ്ടുവന്നത്. ചുവപ്പും വെളുപ്പും നിറത്തിലുള്ള നാല് പാരച്യൂട്ടുകളായിരുന്നു ഡ്രാഗണ്‍ ക്യാപ്‌സ്യൂളില്‍ സജ്ജീകരിച്ചിരുന്നത്. മുന്‍നിശ്ചയിച്ച പ്രകാരം രാവിലെ എട്ടേ മുക്കാലോടെയാണ് (E.T) ഡ്രാഗണ്‍ ക്യാപ്‌സ്യൂള്‍ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കടന്നതെന്ന് ദൗത്യത്തിന്റെ വിജയം കുറിച്ചുകൊണ്ട് നാസ നടത്തിയ ട്വീറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.

 

ആദ്യമായാണ് രാജ്യാന്തര ബഹിരാകാശ നിലയംവരെ ഒരു സ്വകാര്യ കമ്പനിയുടെ വാഹനം എത്തി മടങ്ങുന്നത്. ഫ്‌ളോറിഡയുടെ തീരത്തു നിന്നും 450 കിലോമീറ്റര്‍ അകലെ സമുദ്രത്തിലാണ് മുന്‍ നിശ്ചയിച്ച പ്രകാരം സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ ക്യാപ്‌സ്യൂള്‍ പതിച്ചത്. തൊട്ടടുത്തു തന്നെയുണ്ടായിരുന്ന സ്‌പേസ് എക്‌സിന്റെ ഗോ സെര്‍ച്ചര്‍ റിക്കവറി ബോട്ടുകള്‍ ഡ്രാഗണ്‍ ക്യാപ്‌സ്യൂളിനടുത്തേക്ക് പാഞ്ഞെത്തുന്ന വിഡിയോ നാസ പങ്കുവെച്ചു. 

 

റിപ്ലേ എന്ന് പേരിട്ട ഒരു ഡമ്മി അടക്കമാണ് ഡ്രാഗണ്‍ ക്യാപ്‌സ്യൂള്‍ വെള്ളിയാഴ്ച്ച രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തിയത്. ഭൂമിയില്‍ പതിച്ചതിന്റെ തലേന്ന് രാത്രിയിലാണ് രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ നിന്നും ഡ്രാഗണ്‍ ക്യാപ്‌സ്യൂള്‍ വേര്‍പെടുന്നത്. സ്‌പേസ് എക്‌സ് സിഇഒ ഇലോണ്‍ മസ്‌കിനെയും ഗവേഷകരെയും അതിശയിപ്പിക്കുന്ന കൃത്യതയിലായിരുന്നു ഡ്രാഗണ്‍ ക്യാപ്‌സ്യൂളിന്റെ ഭൂമിയിലേക്കുള്ള തിരിച്ചിറക്കം. 

space-x-dragon

 

എല്ലാം വിചാരിച്ചപോലെ നടക്കാന്‍ സാധ്യതകുറവാണെന്നായിരുന്നു ഇലോണ്‍ മസ്‌ക് പോലും ദൗത്യത്തിന് മുൻപ് പറഞ്ഞിരുന്നത്. ഡ്രാഗണ്‍ ക്യാപ്‌സ്യൂളിന്റെ ഭൂമിയിലേക്ക് തിരിച്ചിറങ്ങുമ്പോഴുണ്ടാകുന്ന അമിത ചൂട് നിയന്ത്രിക്കാനുള്ള ഷീല്‍ഡിന്റെ പ്രാപ്തിയിലായിരുന്നു മസ്‌കിന്റെ സംശം. ശബ്ദത്തേക്കാള്‍ വേഗത്തില്‍ ഭൂമിയിലേക്ക് പതിക്കുന്നതിനിടെ കൃത്യ സമയത്ത് പാരച്യൂട്ട് വിടര്‍ന്നില്ലെങ്കില്‍ ക്യാപ്‌സ്യൂളിന് നാശം സംഭവിക്കുകയോ പ്രതീക്ഷിച്ച സ്ഥലത്ത് ഇറങ്ങാന്‍ സാധിക്കാതെ വരികയോ ചെയ്യുമായിരുന്നു. 

 

നിലവില്‍ നാസ ബഹിരാകാശ യാത്രകള്‍ക്കായി റഷ്യന്‍ റോക്കറ്റുകളെയാണ് ആശ്രയിക്കുന്നത്. ഇത് അവസാനിപ്പിക്കാനായി സ്‌പേസ് എക്‌സിനേയും ബോയിങ്ങിനെയും പോലെയുള്ള സ്വകാര്യ കമ്പനികളെയാണ് നാസ ദൗത്യം ഏല്‍പ്പിച്ചിരിക്കുന്നത്. ഈ വര്‍ഷം തന്നെ സ്‌പേസ് എക്‌സ് ബഹിരാകാശ സഞ്ചാരികളുമായി പറന്നുയരുമെന്നാണ് കരുതപ്പെടുന്നത്. ഇതിന്റെ ഭാഗമായിട്ടായിരുന്നു ഡ്രാഗണ്‍ ക്യാപ്‌സ്യൂളിന്റെ പരീക്ഷണവും. 

16 അടി വലിപ്പമുള്ള ക്യാപ്‌സ്യൂളുമായി സ്‌പേസ് എക്‌സിന്റെ റോക്കറ്റ് ഫ്‌ളോറിഡയിലെ കെന്നഡി ബഹിരാകാശ നിലയത്തില്‍ നിന്നും ശനിയാഴ്ച്ച രാവിലെയാണ് പറന്നുയര്‍ന്നത്. റിപ്ലെ എന്ന ഡമ്മി മാത്രമായിരുന്നു ക്യാപ്‌സ്യൂളിലുണ്ടായിരുന്നു. ഈ ഡമ്മിയുടെ തലയിലും കഴുത്തിലും നട്ടെല്ലിന്റെ ഭാഗത്തും വിക്ഷേപണത്തിന്റെ ആഘാതങ്ങളെക്കുറിച്ചറിയാനായി സെന്‍സറുകള്‍ സ്ഥാപിച്ചിരുന്നു. ഞായറാഴ്ച്ച രാവിലെയായിരുന്നു രാജ്യാന്തര ബഹിരാകാശ നിലയിത്തില്‍ ഡ്രാഗണ്‍ ക്യാപ്‌സ്യൂള്‍ എത്തിയത്. 

 

അമേരിക്കയുടെ സ്‌പേസ് ഷട്ടില്‍ 2011ല്‍ വിരമിച്ച ശേഷം റഷ്യന്‍ റോക്കറ്റായ സോയൂസാണ് നാസയുടെ ബഹിരാകാശ സഞ്ചാരികളെ രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തിക്കുന്നത്. ഓരോ സീറ്റിനും യാത്രക്ക് എട്ടു കോടി ഡോളറാണ് റഷ്യ ഈടാക്കുന്നത്. ഭൂമിയില്‍ നിന്നും 400 കിലോമീറ്റര്‍ ഉയരത്തിലുള്ള ബഹിരാകാശ നിലയത്തിലേക്ക് ഇതിലും കുറഞ്ഞ ചിലവില്‍ സ്‌പേസ് എക്‌സിനും ബോയിങ്ങിനും സഞ്ചാരികളെ കൊണ്ടുപോകാനാകുമെന്നാണ് നാസയുടെ പ്രതീക്ഷ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com